‘രോഗങ്ങളെക്കുറിച്ച് എത്രയേറെ പഠിച്ചാലും, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന നിമിഷത്തെ ഒരിക്കലും പൂർണ്ണമായി പഠിക്കാനാവില്ല’: ഡോ. രജത് ആർ എഴുതുന്നു The Art of Medical Storytelling: Dr. Rajat R's Literary Journey
വൈദ്യശാസ്ത്രലോകത്ത് നിന്നുള്ള അനുഭവങ്ങളെ സൂക്ഷ്മമായ മനുഷ്യനിരീക്ഷണങ്ങളാക്കി മാറ്റുന്ന എഴുത്തുകാരനാണ് ഡോ. രജത് ആർ. അദ്ദേഹത്തിന്റെ ‘ഒന്നാം ഫോറൻസിക് അധ്യായം’, ‘ബോഡി ലാബ്’, ‘സസ്പെൻസ് ജീൻ’, ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ എന്നീ കൃതികൾ മെഡിക്കൽ, ഫൊറൻസിക് രംഗങ്ങളിലെ കൗതുകകരമായ വസ്തുതകളെ ആകർഷകമായ രീതിയിൽ
വൈദ്യശാസ്ത്രലോകത്ത് നിന്നുള്ള അനുഭവങ്ങളെ സൂക്ഷ്മമായ മനുഷ്യനിരീക്ഷണങ്ങളാക്കി മാറ്റുന്ന എഴുത്തുകാരനാണ് ഡോ. രജത് ആർ. അദ്ദേഹത്തിന്റെ ‘ഒന്നാം ഫോറൻസിക് അധ്യായം’, ‘ബോഡി ലാബ്’, ‘സസ്പെൻസ് ജീൻ’, ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ എന്നീ കൃതികൾ മെഡിക്കൽ, ഫൊറൻസിക് രംഗങ്ങളിലെ കൗതുകകരമായ വസ്തുതകളെ ആകർഷകമായ രീതിയിൽ
വൈദ്യശാസ്ത്രലോകത്ത് നിന്നുള്ള അനുഭവങ്ങളെ സൂക്ഷ്മമായ മനുഷ്യനിരീക്ഷണങ്ങളാക്കി മാറ്റുന്ന എഴുത്തുകാരനാണ് ഡോ. രജത് ആർ. അദ്ദേഹത്തിന്റെ ‘ഒന്നാം ഫോറൻസിക് അധ്യായം’, ‘ബോഡി ലാബ്’, ‘സസ്പെൻസ് ജീൻ’, ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ എന്നീ കൃതികൾ മെഡിക്കൽ, ഫൊറൻസിക് രംഗങ്ങളിലെ കൗതുകകരമായ വസ്തുതകളെ ആകർഷകമായ രീതിയിൽ
വൈദ്യശാസ്ത്രലോകത്ത് നിന്നുള്ള അനുഭവങ്ങളെ സൂക്ഷ്മമായ മനുഷ്യനിരീക്ഷണങ്ങളാക്കി മാറ്റുന്ന എഴുത്തുകാരനാണ് ഡോ. രജത് ആർ. അദ്ദേഹത്തിന്റെ ‘ഒന്നാം ഫോറൻസിക് അധ്യായം’, ‘ബോഡി ലാബ്’, ‘സസ്പെൻസ് ജീൻ’, ‘ഫ്രൈഡേ ഫോറൻസിക് ക്ലബ്’ എന്നീ കൃതികൾ മെഡിക്കൽ, ഫൊറൻസിക് രംഗങ്ങളിലെ കൗതുകകരമായ വസ്തുതകളെ ആകർഷകമായ രീതിയിൽ കഥപറച്ചിലുമായി സമന്വയിപ്പിച്ചിട്ടുള്ളവയാണ്. തൃശ്ശൂർ മെഡിക്കൽ കോളജിൽ അനാട്ടമി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന രജത് ആറിന്റെ ഏറ്റവും പുതിയ നോവലാണ് ‘വിഷു എന്ന പെൺകുട്ടി’. ഈ രചനയ്ക്കു പിന്നിലെ അനുഭവങ്ങൾ ഡോ. രജത് ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിക്കുന്ന സന്ദർഭങ്ങളിലൊന്നുമല്ല പ്രണയം നമ്മളിലേക്ക് കടന്നുവരുന്നത്. ഏതാണ്ട് അതുപോലെത്തന്നെയാണ് ഒരു നാളിൽ ‘വിഷു എന്ന പെൺകുട്ടി’ എഴുതിയേ തീരൂ എന്ന തോന്നൽ എനിക്കുണ്ടായതും. കുറ്റാന്വേഷണവും ശാസ്ത്രവുമായിരുന്നു എന്റെ ആദ്യ നാല് പുസ്തകങ്ങളുടെയും പ്രധാന പ്രമേയം. അതിനുശേഷം ഒരു പ്രണയനോവലിലേക്ക് കടക്കുമ്പോൾ, പ്രണയത്തെക്കുറിച്ച് എനിക്ക് എത്രമാത്രം വിശ്വസനീയമായി സംസാരിക്കാനാവുമെന്ന സംശയം സ്വാഭാവികമായും ഉണ്ടായിരുന്നു. എഴുത്തിന്റെ ആദ്യഘട്ടങ്ങളിൽ ആ സംശയം കഥയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്നതായി തോന്നിയിരുന്നു.
ഒടുവിൽ അത്തരം ചിന്തകളെയെല്ലാം പാടെ ഉപേക്ഷിച്ചപ്പോഴാണ് എഴുത്ത് സാധ്യമായത്. ആദിത്യൻ എന്ന ഡോക്ടറും ഒരു പെൺകുട്ടിയും തമ്മിലുണ്ടാവുന്ന അസാധാരണമായ ആത്മബന്ധമാണ് ഈ നോവലിന്റെ കാതൽ. ഒരുമിച്ച്, വളരെ കുറച്ച് സമയം മാത്രം ലഭിക്കുന്ന രണ്ട് മനുഷ്യർ. അതിൽ ഒരാളുടെ ജീവിതത്തിൽ മറ്റെയാൾ എത്രത്തോളം ആഴത്തിൽ പതിയാം എന്ന ചോദ്യമാണ് ഈ കഥയെ മുന്നോട്ട് നയിക്കുന്നത്. സാന്ത്വനശുശ്രൂഷയുടെ പശ്ചാത്തലത്തിൽ വളരുന്ന ഈ ബന്ധത്തിന്റെ വിത്ത് വർഷങ്ങളായി മനസ്സിലുണ്ടായിരുന്നു.
എങ്കിലും ആ കഥയ്ക്ക് ഞാൻ പോലും അറിയാതെ ആത്മാവ് പകർന്നത് രണ്ടുപേരാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്കുള്ള ദീർഘദൂര ബസ് യാത്രകളിൽ ഞാൻ ഏറ്റവുമധികം തവണ റിപ്പീറ്റ് മോഡിൽ കേട്ടിരുന്നത് ശ്രീ. എൻ.എൻ. കക്കാട് എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിതയായിരുന്നു. ജീവിതത്തിന്റെ ക്ഷണികതയെ നിരന്തരം ഓർമ്മിപ്പിക്കുന്ന കവിത! സമയം കൂടുതൽ ഫലവത്തായി ഉപയോഗിക്കുന്നതിലും ലോകത്തെ കൂടുതൽ സൂക്ഷ്മമായി സ്നേഹിക്കുന്നതിലും എനിക്കുള്ള കുറവുകളെ അത് ഇടയ്ക്കിടെ ചൂണ്ടിക്കാട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു ഏപ്രിൽ മാസത്തിൽ, കുറച്ച് ദിവസത്തേക്ക് മാത്രം പൂത്തുലഞ്ഞ കൊന്നപ്പൂക്കൾ ‘വെറും വഴിയോരക്കാഴ്ചകളായി പിറകിലേക്ക് ഓടിമറയുമ്പോൾ’ ചെവിയിൽ അലയടിച്ച ആ വരികളിൽ നിന്നാണ് വിഷു എന്ന പെൺകുട്ടി രൂപംകൊണ്ടത്.
കഥയുടെ രൂപരേഖ പൂർത്തിയായിക്കഴിഞ്ഞതിന് ശേഷമാണ് കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ ഇന്ദുപ്രഭ യാദവിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. ഡ്യൂട്ടിസമയത്തിനു ശേഷവും അദ്ദേഹം പാലിയേറ്റിവ് കെയർ ഒ.പി കൈകാര്യം ചെയ്യുമായിരുന്നു. അദ്ദേഹത്തോടൊപ്പം രോഗീപരിചരണത്തിനായി നടത്തിയ ഹോം വിസിറ്റുകൾ, ചികിത്സ എന്ന വാക്കിലടങ്ങിയിട്ടുള്ള മനുഷ്യസാന്നിധ്യം എത്ര വലുതാണെന്ന് എനിക്ക് പലവട്ടം മനസ്സിലാക്കിത്തന്നു. രോഗത്തിന്റെ കണക്കും മനുഷ്യന്റെ ഏകാന്തതയുടെ കണക്കും വെവ്വേറെയാണെന്ന് അവിടങ്ങൾ വീണ്ടും വീണ്ടും എന്നോട് വിളിച്ചുപറഞ്ഞു. ആ അനുഭവങ്ങൾ ഈ നോവലിലെ കഥാപാത്രങ്ങളെ ഉടച്ചുവാർക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അതോടെ മനുഷ്യജീവിതങ്ങളിലെ അളക്കാനാവാത്ത പല കാര്യങ്ങളെക്കുറിച്ചും ഞാൻ കൂടുതൽ ബോധവാനായി.
രോഗങ്ങളെക്കുറിച്ച് എത്രയേറെ പഠിച്ചാലും, വേദനയെയും സമയത്തെയും അളക്കാൻ ശ്രമിച്ചാലും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന നിമിഷത്തെ ഒരിക്കലും പൂർണ്ണമായി പഠിക്കാനാവില്ല. ആ തിരിച്ചറിവിൽ നിന്നാണ് ഈ നോവൽ എഴുതപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത് ഒരു പ്രണയകഥ മാത്രമല്ല; നഷ്ടത്തെക്കുറിച്ചും സ്മരണയെക്കുറിച്ചും മനുഷ്യന്റെ പരിമിതികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള കഥ കൂടിയാണ്. നമ്മെ കുറച്ചുകൂടി ആവേശത്തോടെ ജീവിക്കാനും കൂടുതൽ ശ്രദ്ധയോടെ സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന രീതിയിലുള്ള വായനകൾ ഈ കഥയ്ക്ക് ലഭിക്കുമെങ്കിൽ, ‘വിഷു എന്ന പെൺകുട്ടി’ ധന്യയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.