‘വിഷാദമെന്നത് പ്രത്യേകിച്ചു ഒരു ജോലിയുമില്ലാത്തവർക്ക് വരുന്ന ‘സങ്കടം’ മാത്രമല്ല’: ‘മാനസമിത്രവടകം’ വായിക്കുമ്പോൾ Exploring Manasamiithravadakam: A Deep Dive into Tanuja Bhattathiri's Story
തനൂജ ഭട്ടതിരിയുടെ 'മൺചായയും മറ്റു കഥകളും' എന്ന സമാഹാരത്തിലെ 'മാനസമിത്രവടകം' എന്ന കഥയെക്കുറിച്ചുള്ള പഠനം, പ്രസവാനന്തര വിഷാദം, മാതൃത്വം, ദാമ്പത്യബന്ധം, ലൈംഗികത, കുറ്റബോധം, നഷ്ടം തുടങ്ങിയ തീവ്രമായ വികാരങ്ങളെയും അനുഭവങ്ങളെയും നയന എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗം അനുഭവിക്കുന്നവരുടെ മാനസികാവസ്ഥയെ വൈകാരികമായി അവതരിപ്പിക്കുന്നതിലൂടെ, കഥാകാരി മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ സ്പർശിക്കുന്നു. മാതൃത്വത്തെക്കുറിച്ചുള്ള പൊതുധാരണകളെ ചോദ്യം ചെയ്യുന്നതിനോടൊപ്പം, ഇത്തരം അവസ്ഥകളിൽ പുരുഷന്മാർ അനുഭവിക്കുന്ന നിസ്സഹായതയും കഥ ചർച്ച ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ഈ കഥ, വ്യക്തിബന്ധങ്ങളെയും സ്നേഹത്തെയും മരണത്തെയും വേർതിരിച്ച ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച നൽകുന്നു.
തനൂജ ഭട്ടതിരിയുടെ 'മൺചായയും മറ്റു കഥകളും' എന്ന സമാഹാരത്തിലെ 'മാനസമിത്രവടകം' എന്ന കഥയെക്കുറിച്ചുള്ള പഠനം, പ്രസവാനന്തര വിഷാദം, മാതൃത്വം, ദാമ്പത്യബന്ധം, ലൈംഗികത, കുറ്റബോധം, നഷ്ടം തുടങ്ങിയ തീവ്രമായ വികാരങ്ങളെയും അനുഭവങ്ങളെയും നയന എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗം അനുഭവിക്കുന്നവരുടെ മാനസികാവസ്ഥയെ വൈകാരികമായി അവതരിപ്പിക്കുന്നതിലൂടെ, കഥാകാരി മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ സ്പർശിക്കുന്നു. മാതൃത്വത്തെക്കുറിച്ചുള്ള പൊതുധാരണകളെ ചോദ്യം ചെയ്യുന്നതിനോടൊപ്പം, ഇത്തരം അവസ്ഥകളിൽ പുരുഷന്മാർ അനുഭവിക്കുന്ന നിസ്സഹായതയും കഥ ചർച്ച ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ഈ കഥ, വ്യക്തിബന്ധങ്ങളെയും സ്നേഹത്തെയും മരണത്തെയും വേർതിരിച്ച ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച നൽകുന്നു.
തനൂജ ഭട്ടതിരിയുടെ 'മൺചായയും മറ്റു കഥകളും' എന്ന സമാഹാരത്തിലെ 'മാനസമിത്രവടകം' എന്ന കഥയെക്കുറിച്ചുള്ള പഠനം, പ്രസവാനന്തര വിഷാദം, മാതൃത്വം, ദാമ്പത്യബന്ധം, ലൈംഗികത, കുറ്റബോധം, നഷ്ടം തുടങ്ങിയ തീവ്രമായ വികാരങ്ങളെയും അനുഭവങ്ങളെയും നയന എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗം അനുഭവിക്കുന്നവരുടെ മാനസികാവസ്ഥയെ വൈകാരികമായി അവതരിപ്പിക്കുന്നതിലൂടെ, കഥാകാരി മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ സ്പർശിക്കുന്നു. മാതൃത്വത്തെക്കുറിച്ചുള്ള പൊതുധാരണകളെ ചോദ്യം ചെയ്യുന്നതിനോടൊപ്പം, ഇത്തരം അവസ്ഥകളിൽ പുരുഷന്മാർ അനുഭവിക്കുന്ന നിസ്സഹായതയും കഥ ചർച്ച ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ഈ കഥ, വ്യക്തിബന്ധങ്ങളെയും സ്നേഹത്തെയും മരണത്തെയും വേർതിരിച്ച ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച നൽകുന്നു.
പ്രശസ്ത കഥാകൃത്ത് തനൂജ ഭട്ടതിരിയുടെ 18 കഥകളുടെ സമാഹാരമായ ‘മൺചായയും മറ്റു കഥകളും’ എന്ന പുസ്തകത്തിലെ ‘മാനസമിത്രവടകം’ എന്ന കഥയ്ക്ക് ‘മാനസമിത്ര വടകം : ഉടൽ ഭാഷയും വിവർത്തനവും’ എന്ന പേരിൽ സീജ ജിതേഷ് എഴുതിയ പഠനം വായിക്കാം –
തനൂജ ഭട്ടതിരിയുടെ ‘മൺചായയും മറ്റു കഥകളും’ എന്ന ചെറുകഥാസമാഹാരത്തിലെ പതിനെട്ടു കഥകളിൽ ഒരു കഥയാണ് ‘മാനസമിത്രവടകം’
‘മാനസമിത്രവടകം’ വെറും ഒരു കഥ മാത്രമല്ല, മറിച്ച് പ്രസവാനന്തര വിഷാദം (Postpartum Depression), മാതൃത്വം, ദാമ്പത്യബന്ധം, ലൈംഗികത, കുറ്റബോധം, നഷ്ടം, മരണസ്മൃതി, ഓർമ്മ, കുറ്റബോധം, സാഹചര്യം, ആഗ്രഹം, നഷ്ടം എന്നിവയുടെ ഇരുണ്ട ഇടനാഴികളിലൂടെ നമ്മെ നടത്തുന്ന അസ്വസ്ഥമാക്കുന്ന കഥാവഴിയാണ് .
നയന എന്ന സ്ത്രീയുടെ പ്രസവാനന്തര വിഷാദരോഗവും അതിനെ ചുറ്റിപ്പറ്റിയുള്ള കുടുംബജീവിതവും പ്രമേയമാക്കിയാണ് കഥയുടെ ഇതിവൃത്തം മുന്നോട്ട് പോകുന്നത് .
കഥയുടെ തുടക്കത്തിൽ നമുക്ക് നയന ഒരു രോഗി എന്നതു മാത്രമാണ് മനസ്സിലാകുക.
എന്നാൽ കഥാവഴി വികസിക്കുമ്പോൾ നയനയുടെ രോഗം അവളിൽ യാഥാർത്ഥ്യത്തെ മനസ്സിലാക്കാനാവാത്തവിധം സംഘർഷഭരിതമാണെന്ന് തിരിച്ചറിയാനാവും.
നയന കാണുന്ന നിറങ്ങൾ, ആഴങ്ങളിലേക്ക് വീഴുന്നതിന്റെ അനുഭവം, ശരീരത്തെക്കുറിച്ചുള്ള വികലമായ കാഴ്ചകൾ — എല്ലാം വിഷാദത്തിന്റെ ഭാഷയാണ്.
ഈ രോഗം മനുഷ്യനിൽ നിന്ന് ആദ്യം കവർന്നെടുക്കുന്നത് സന്തോഷമല്ല, സ്വന്തം സ്വത്വമാണ്.
കണ്ണാടിയിൽ നോക്കി ‘ഞാൻ എവിടെപ്പോയി ?’ എന്ന് നയന അന്വേഷിക്കുന്നത് യഥാർത്ഥത്തിൽ നഷ്ടപ്പെട്ട യൗവനത്തെയോ സൗന്ദര്യത്തെയോ അല്ല,അവളെ തന്നെയാണ്.
വിഷാദമെന്നത് പ്രത്യേകിച്ചു ഒരു ജോലിയുമില്ലാത്തവർക്ക് വരുന്ന ‘സങ്കടം’ മാത്രമല്ല, മനുഷ്യനെ സ്വന്തം ശരീരത്തിൽ നിന്ന് അകറ്റി അന്യമാക്കുന്ന രോഗാവസ്ഥയാണെന്ന് കഥ ശക്തമായി അടയാളപ്പെടുത്തുന്നു.
സ്വന്തം കുഞ്ഞിനോടും ഭർത്താവിനോടും സ്വന്തം ശരീരത്തോടുപോലും കണക്ട് ചെയ്യാൻ കഴിയാതെ പോകുന്ന നയനയുടെ മാനസിക അവസ്ഥ വായനക്കാരി എന്ന നിലയിൽ വേദനയാണ് തരുന്നത്.
കഥാകാരി രോഗത്തെ വൈദ്യശാസ്ത്രഭാഷയിൽ വിശദീകരിക്കുന്നതിനു പകരം രോഗം അനുഭവിക്കുന്ന മനുഷ്യന്റെ ഉള്ളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു.
അതുകൊണ്ടാണ് നയനയുടെ ലോകം നിറങ്ങളും പുകയും കുഴികളും സർപ്പങ്ങളും തീയും നിറഞ്ഞ ഒരു സ്വപ്നലോകം പോലെയാകുന്നത്.
‘പ്രണയം മാത്രം മതിയാകില്ല ചിലപ്പോളെങ്കിലും ജീവിതത്തിനു ചാരിനിൽക്കാൻ’.
കഥയിൽ രോഗം, ദുഃഖം, മാതൃത്വം, മരണം തുടങ്ങിയവ പ്രണയത്തെ പരീക്ഷിക്കുന്ന ശക്തികളാണ്.
ബേബിയും നയനയും അതിന്റെ ഇരകളും
നയന രോഗബാധിതയായ ഒരു സ്ത്രീ മാത്രമല്ല, വിഷാദത്തിന്റെ കറുത്ത മേഘത്തിനുള്ളിൽ കുടുങ്ങിയ മനുഷ്യാത്മാവാണ്. അവളുടെ ഉള്ളിലെ ലോകം കഥാകാരി അതിസുന്ദരമായ രൂപകങ്ങളിലൂടെ അവതരിപ്പിക്കുന്നു. ‘പാതാളക്കുഴിയിലേക്ക് വീഴുന്നത്’, ‘സങ്കടത്തിൽ കുതിർന്ന പട്ടുപുതപ്പ്’, ‘അഴുകിയ മുലകൾ’ തുടങ്ങിയ വിവരണങ്ങൾ അവളുടെ മാനസിക തകർച്ചയുടെ ദൃശ്യമായ സവിശേഷതകളാകുന്നു .
ബേബി മലയാളകഥകളിൽ അപൂർവ്വങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ഒരു പുരുഷകഥാപാത്രമാണ്. സ്നേഹിക്കുകയും കാത്തിരിക്കുകയും സഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആൺതുണ. ഏതൊരു പെണ്ണിനും നിശ്ചയമായും ഉണ്ടാവേണ്ടതായ ഒരു പാർട്ണർ. എന്നാൽ അയാളും ഒരു മനുഷ്യനാണ്, അയാളുടെ സ്നേഹത്തിനുള്ളിൽ കാമവും നിരാശയും ക്ഷീണവും പ്രതീക്ഷയും പരാതിയും ഒളിഞ്ഞിരിക്കുന്നു, അതുകൊണ്ടാണ് ഈ കഥാപാത്രം കൂടുതൽ യാഥാർത്ഥ്യമാകുന്നതും .
ലൈംഗികതയും കുറ്റബോധവും
കഥയിലെ ഏറ്റവും വിവാദപരവും അതേസമയം ഏറ്റവും ശക്തവുമായ ഭാഗമാണ്, ദിയമോളുടെ മരണസമയത്തുണ്ടാകുന്ന ദാമ്പത്യസംഗമം.
ഇവിടെ ലൈംഗികതയെ കഥാകാരി വെറും ശരീരാനുഭവമായി അവതരിപ്പിക്കുന്നില്ല. മരണഭയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മനുഷ്യന്റെ അവസാന ശ്രമമായാണ് അത് വരുന്നത്. ജീവനും മരണവും തമ്മിലുള്ള അതിർത്തിയിൽ നിൽക്കുന്ന രണ്ടു മനുഷ്യർ പരസ്പരം പിടിച്ചുനിൽക്കാനുള്ള ആകുലതയാണ് ആ രംഗത്തിന്റെ ആത്മാവ്.
പക്ഷേ അതേ നിമിഷം കുഞ്ഞ് മരിക്കുന്നു. അതോടെ അവരുടെ സ്നേഹസംഗമം പോലും കുറ്റബോധമായി മാറുന്നു. കഥയുടെ വലിയ ട്രാജഡിയായി രേഖപ്പെടുത്തുന്ന രംഗവും.
തനൂജ ഭട്ടതിരിയുടെ ഭാഷ കവിതാപരവും ദൃശ്യസമ്പന്നവുമാണ്.
‘സങ്കടത്തിൽ കുതിർന്ന ഒരു നേർത്ത പട്ടുപുതപ്പ് അവളെ വ്യാമോഹിപ്പിച്ച് ജീവിതത്തിൽ ചുറ്റിക്കിടക്കുന്നു’
എന്നതുപോലുള്ള വരികൾ വിഷാദത്തെ ഒരു രോഗമെന്നതിലുപരി ഒരു ജീവിച്ചിരിക്കുന്ന സാന്നിധ്യമായി മാറ്റുന്നു.
മുല,പാൽ,പാമ്പ്,വിഷം,തീ,ഇരുട്ട് തുടങ്ങിയ പ്രയോഗങ്ങൾ കഥയിലുടനീളം ആവർത്തിക്കുന്നു. അവ മാതൃത്വത്തിന്റെയും ലൈംഗികതയുടെയും മരണത്തിന്റെയും പരസ്പരബന്ധങ്ങളെ സൂചിപ്പിക്കുന്നു.
എന്നാൽ ചിലയിടങ്ങളിൽ പ്രയോഗങ്ങളുടെ സാന്ദ്രത കൂടുതലാകുന്നു. പ്രത്യേകിച്ച് അവസാനഭാഗത്തെ സർപ്പപ്രതീകങ്ങളും അതിഭാവുകത്വവും ചില വായനക്കാർക്ക് അമിതമായി തോന്നാം.
യാഥാർത്ഥ്യത്തിൽ നിന്ന് മിത്തിലേക്കുള്ള ആ ഭാവനാ നീക്കം എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല.
സാഹിത്യത്തിൽ മാതൃത്വത്തെക്കുറിച്ചുള്ള എഴുത്ത് കുത്തുകൾക്കിടയിലെല്ലാം
അമ്മയെ സാധാരണ ദൈവികവൽക്കരിക്കാറാണ് പതിവ്, അവിടെയാണ് ഈ കഥ വ്യത്യസ്തമാകുന്നതും.
ഇവിടെ കഥാകാരി ‘അമ്മയായാൽ സ്വാഭാവികമായി കുഞ്ഞിനോട് സ്നേഹം വരും’ എന്ന പൊതു സമൂഹത്തിന്റെ മിഥ്യധാരണയെ പൊളിച്ചെഴുതുന്നുണ്ട്. എല്ലാ സ്ത്രീകൾക്കും പ്രസവാനന്തരമാതൃത്വം ഒരേപോലെ അനുഭവിക്കാൻ കഴിയണമെന്നില്ല. നയന കുഞ്ഞിനെ സ്നേഹിക്കുന്നില്ല എന്നല്ല, അവൾക്കു സ്നേഹം പ്രകടിപ്പിക്കാനുള്ള മാനസികശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
വായനക്കാർ നയനയെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുകയെങ്കിലും കഥയിലെ ട്രാജിക് കഥാപാത്രം ബേബിയാണ്. അയാൾക്ക് ഭാര്യയെ നഷ്ടപ്പെട്ടിട്ടില്ല. ഭാര്യ ജീവനോടെയുണ്ട്. എന്നാൽ അവൾ പഴയ നയനയല്ല.
മരിച്ചവരെ ഓർത്ത് കരയാം, പക്ഷേ ജീവനോടെയിരിക്കെ നഷ്ടപ്പെട്ടവരെ എങ്ങനെ ഓർക്കും ? വിചിത്രമായ ദുഃഖമാണ് , നിസ്സഹായതയാണ് അതാണ് ബേബി അനുഭവിക്കുന്നതും .
ജീവിതം തിരികെ ലഭിച്ച നിമിഷം തന്നെ മരണം എത്തുന്നു എന്നതാണ് കഥയുടെ ഏറ്റവും ക്രൂരമായ പരിഹാസം.
ജീവിതം പലപ്പോഴും ഇങ്ങനെയാണ്.
നാം ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളിലേക്കാണ് വലിയ ദുരന്തങ്ങൾ കയറി വരുന്നത്.
‘അവൾ മരിച്ച സമയം നമ്മൾ രതിമൂർച്ഛയിലായിരുന്നു അല്ലേ?’
ഈ ഒറ്റവരി കഥയുടെ ഹൃദയമാണ്. ഇത് ഒരു ചോദ്യം മാത്രമല്ല.
ഒരു ജീവിതകാലം മുഴുവൻ ചുമക്കേണ്ട കുറ്റബോധത്തിന്റെ ജനനമാണ്. യുക്തിപരമായി നോക്കിയാൽ അവർക്ക് അതിൽ ഒരു കുറ്റവുമില്ല, പക്ഷേ മനുഷ്യഹൃദയം യുക്തി കേൾക്കാറില്ല, അതിനാലാണ് ആ വാചകം വായിച്ചുകഴിഞ്ഞാൽ വായിക്കുന്നയാളും നിശ്ശബ്ദതയിലേക്ക് പോകുന്നത് നയനയിൽ യാഥാർത്ഥ്യവും ഓർമ്മയും തമ്മിലുള്ള അതിർത്തി നഷ്ടപ്പെടുന്നു.
ദിയ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അവൾ വിശ്വസിക്കുന്നു.
ഇത് വെറും ഭ്രാന്തല്ല. സഹിക്കാനാവാത്ത ദുഃഖത്തിൽ നിന്ന് മനസ്സ് സൃഷ്ടിക്കുന്ന സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ്.
ചില നഷ്ടങ്ങൾ അംഗീകരിക്കുന്നതിനേക്കാൾ അവ ഇല്ലെന്ന് വിശ്വസിക്കുന്നതാണ് എളുപ്പം.
‘മാനസമിത്രവടകം’ എന്ന തലക്കെട്ടിനെ കുറിച്ച് പറഞ്ഞാൽ അതൊരു ആയുർവേദ ഔഷധത്തിന്റെ പേരാണ്.
ഓർമ്മക്കും മാനസികാരോഗ്യത്തിനുമായി ഉപയോഗിക്കുന്ന ഒരു മരുന്ന്. പക്ഷേ കഥയിൽ മരുന്നിനുള്ള പങ്ക് എന്താണെന്ന് വായനക്കാർക്ക് വിടുന്നു.
കഥയിൽ നയനയുടെ അമ്മയുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണന്ന് തോന്നുന്നു. മകളെ നോക്കുന്നു, കൊച്ചുമകളെ വളർത്തുന്നു, മരുന്ന് കൊടുക്കുന്നു, മകളുടെ വീട്ടിലെ താങ്ങായി നിൽക്കുന്നു. കേരളത്തിലെ പല കുടുംബങ്ങളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ കുടുംബാംഗങ്ങളുടെ പരിചരണത്തിലൂടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അതിന്റെ പ്രതിഫലനം കഥയിൽ കാണാം. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തവരുടെ പ്രസവാനന്തരകാലം സംഭവബഹുലമായിരിക്കാനും സാധ്യതയില്ലാതില്ല.
ഈ കഥ വായിച്ചുകഴിഞ്ഞാൽ നമുക്ക് നയനയെയോ ബേബിയെയോ കുറ്റപ്പെടുത്താൻ കഴിയില്ല.
ആരും കുറ്റക്കാരല്ലാത്തത്കൊണ്ട് തന്നെ ഈ കഥയൊരു ‘പ്രസവാനന്തര വിഷാദരോഗിയുടെ കഥ’ എന്ന പരിധി കടക്കുന്നു. ഒരുപക്ഷെ അത് തന്നെയാവാം കഥയുടെ പരിമിതിയും.
സ്നേഹ പരാജയങ്ങളെക്കുറിച്ചും, മാതൃത്വത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ചും, മരണത്തോടൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതയെക്കുറിച്ചുമുള്ള ഒരു ദുഃഖഗാഥയാണിത്.
‘ഇനിയും വേണ്ടത്ര പരിഗണന ലഭിക്കാത്ത മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള’ കഥയാണ്.
ചിലപ്പോൾ, സ്നേഹവും, പരിചരണവും, മരുന്നും, കാത്തിരിപ്പും ഒന്നിനും ഒരു കുറവുകളുണ്ടാവില്ല, എന്നിട്ടും ചില മുറിവുകൾ സുഖപ്പെടില്ല. ആ ബോധ്യത്തിന്റെ വേദനയാണ് ‘മാനസമിത്രവടകം’ വായിച്ചു തീർന്നിട്ടും മനസ്സിൽ ഏറെ നേരം തട്ടി നിൽക്കുന്നത്.
‘അമ്മ വന്ന് എന്നെ കൂടെ കൊണ്ടുപോവോ ?’ എന്ന ഒരു കുഞ്ഞിന്റെ ചോദ്യം മനസ്സിൽ നിന്നും മായുന്നില്ല...അതാകാം ഈ കഥയുടെ ഏറ്റവും വലിയ നേരും .
ഈ കഥ ഏതാണ്ട് 2020 - 2021 കാലഘട്ടത്തിലെ കേരളത്തെ മാത്രമല്ല, ലോകം മുഴുവൻ നേരിട്ട മഹാവിപത്തിനെയും ഓർമ്മിപ്പിക്കുന്നു. ആ കാലത്ത്കോവിഡ് ഭീതി പരമാവധി ആയിരുന്നു. ആശുപത്രികളിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾ, ഒറ്റപ്പെടലുകൾ, ഏകാന്തതയും മാനസിക സമ്മർദ്ദവും മൂലമുണ്ടാകുന്ന ആത്മഹത്യകൾ, ഇവയൊക്കെ കൂടുതൽ രേഖപ്പെടുത്തിയിരുന്നു .
ഈ കഥയുടെ ഏറ്റവും പ്രധാനപ്പെട്ട പുറംപശ്ചാത്തലവും കോവിഡ് എന്ന മഹാമാരിയാണ്. ലോക്ക്ഡൗൺ, ഐസലേഷൻ, ആംബുലൻസിന്റെ സൈറൺ, മരണഭീതി, മനുഷ്യർ തമ്മിലുള്ള അകലം — ഇതെല്ലാം കഥയുടെ അന്തരീക്ഷത്തെ നിർമിക്കുന്നു.
കോവിഡ് കാലത്ത് പല കുടുംബങ്ങളും അനുഭവിച്ച ഒരു യാഥാർത്ഥ്യമുണ്ടായിരുന്നു: രോഗികളെ നേരിട്ട് കാണാനാകാത്ത അവസ്ഥ. ആശുപത്രിയിലേക്ക് കൊണ്ടുപോയവരെ വീണ്ടും ജീവനോടെ കാണുമോ എന്ന ഭയം. മരണശേഷം പോലും ശരീരം കാണാനാകാത്ത സാഹചര്യം, പ്രസവിച്ച സ്ത്രീകൾക്ക് പരിരക്ഷ കുറവ്, ആ കാലഘട്ടത്തിന്റെ ഒരുകൂട്ടം ഓർമ്മകളെ സ്പർശിക്കുന്നതാണ് ഈ കഥ.
കോവിഡ് ഒരു ചരിത്രസംഭവം മാത്രമല്ല, അത് ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്. മനുഷ്യരെ പരസ്പരം വേർതിരിക്കുന്ന ഒരു ക്രൂരശക്തിയുടെ പ്രതീകം. അമ്മയെയും കുഞ്ഞിനെയും, ഭാര്യയെയും ഭർത്താവിനെയും, ജീവനെയും മരണത്തെയും, എല്ലാം വേർതിരിച്ച കാലം.
ആംബുലൻസ് വന്ന് ദിയമോളെ കൊണ്ടുപോകുന്ന രംഗം. കുഞ്ഞിന്റെ കാൽവിരലിൽ ഒരുമ്മ കൊടുക്കാൻ പോലും കഴിയാതെ പോകുന്ന അച്ഛൻ. മകളെ അവസാനമായി ജനലിലൂടെ കാണുന്ന അമ്മ. വായിക്കുമ്പോൾ ഒരു കുഞ്ഞിനെ മാത്രമല്ല കൊണ്ടുപോകുന്നത്, ആ കുടുംബത്തിന്റെയും നമ്മുടെയൊക്കെയും സമാധാനവും പ്രതീക്ഷയെയും കൂടിയാണ് കൊണ്ടുപോകുന്നത് എന്ന് തോന്നും. കോവിഡ് ഇവിടെ വെറും പശ്ചാത്തലമായിരുന്നത് മാറി കഥയുടെ ദുരന്തത്തെ നിർണ്ണയിക്കുന്ന ശക്തിഭാവമാകുന്നു.