ഒരു ലോഡ് മെസേജുമായി വരുന്ന വാട്സാപ്പ് ഗ്രൂപ്പുകളെ സിംപിളായി നേരിടാം; ഗ്രൂപ്പിൽ ചേർക്കണോ? അനുവാദം വാങ്ങണം!
മൊബൈലിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ, വാട്സാപ്പ്. ആശയവിനിമയത്തിന് ഉപരിയായി തൊഴിൽപരമായും മറ്റും ഫയലുകൾ കൈമാറാൻ ഇന്ന് ഇമെയിലിന് പകരമായി പോലും വാട്ട്സാപ്പാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്.
ഫോർവേഡ് ചെയ്യുന്ന മെസേജുകളുടെ ആധികാരികത മനസ്സിലാക്കാതെയാണ് പലരും തങ്ങൾക്കു ലഭിക്കുന്ന മെസേജുകൾ മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കുന്നത്. ഇത്തരം ഫോർവേഡുകളിലൂടെ വ്യാജ പ്രചാരണം തടയുന്നതിനായിവാട്സാപ്പ് തന്നെ ഒരു മെസേജ് ഒരേ സമയം ഷെയർ ചെയ്യാവുന്നവരുടെ എണ്ണം അഞ്ചായി ചുരുക്കി. എങ്കിലും വാട്ട്സാപ്പിന്റെ ചില ക്ലോൺ ആപ്ലിക്കേഷനുകളായ ജിബി വാട്ട്സാപ്പ് പോലെയുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഈ പരിമിതി മറികടന്ന് ഒട്ടേറെ പേരിലേക്ക് വ്യാജ സന്ദേശങ്ങളും ഗുഡ്മോണിങ് മെസേജുകളും അയയ്ക്കുന്നവരും കുറവല്ല.
വാട്സാപ്പ് ഉപയോഗിക്കുന്നവർ കുറഞ്ഞത് ഒരു ഗ്രൂപ്പിൽ എങ്കിലും അംഗമായിരിക്കും. ചിലപ്പോഴെങ്കിലും ഇത്തരം ഗ്രൂപ്പുകളിലേക്ക് വരുന്ന മെസേജുകളുടെ നോട്ടിഫിക്കേഷൻ നമ്മെ അലോസരപ്പെടുത്തും. ഓണം, വിശേഷാവസരങ്ങൾ വന്നാൽ ആശംസാ മെസേജുകളുടെ പ്രളയം ആകും വാട്ട്സാപ്പിൽ. ഇത്തരത്തിൽ ഒട്ടേറെ മെസേജുകൾ ഫോണിലേക്കു വന്നു ഡൗൺലോഡ് ആകുമ്പോൾ അവ നമ്മുടെ ഫോൺ മെമ്മറിയും കവർന്നെടുക്കും. സ്റ്റോറേജ് സ്പേസ് നിറയുന്നതോടെ ഫോണിന്റെ പ്രവർത്തന വേഗം തന്നെ കുറയും. മാത്രമല്ല, ഒട്ടേറെ മെസ്സേജുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ മൊബൈൽ ഡേറ്റ ഉപയോഗവും വർദ്ധിക്കും.
വാട്സാപ്പിനെ നിയന്ത്രിക്കാം
ഇത്തരം മെസേജുകൾ ഫോണിലേക്കു ഡൗൺലോഡ് ചെയ്യുന്നതു തടഞ്ഞുകൊണ്ട് മൊബൈൽ ഡേറ്റ ഉപയോഗം കുറയ്ക്കാനാകും. ഇതിനായി വാട്ട്സാപ്പിന്റെ സെറ്റിങ്സ് എടുത്ത ശേഷം ഡേറ്റ ആന്റ് സ്റ്റോറേജ് യൂസേജ് ‘when using mobile data’ എന്നുള്ളതിലെ എല്ലാ ചെക്ക് ബോക്സും ഒഴിവാക്കുക. ഇങ്ങനെ ചെയ്താൽ നമ്മൾ മൊബൈൽ ഡേറ്റ ഉപയോഗിക്കുമ്പോൾ നമുക്ക് വരുന്ന മെസേജുകളിൽ നിന്ന് ആവശ്യമുള്ളവ മാത്രം ഡൗൺലോഡ് ചെയ്താൽ മതി. അടുത്ത ഓപ്ഷനായ ‘when connected to wifi’ എന്നതിലേയും ടിക്ക് ഒഴിവാക്കിയാൽ വൈഫൈ ഉപയോഗിച്ചാൽ പോലും ആവശ്യമുള്ളവ മാത്രം ഡൗൺലോഡ് ചെയ്താൽ മതി.
ഗ്രൂപ്പുകൾക്ക് മൂക്കുകയർ
വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഒട്ടേറെ മെസേജുകൾ വരുന്നത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ടാകാറുണ്ട്. ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് ആകാം എന്നുവച്ചാൽ പലപ്പോഴും അത് പരിഭവത്തിനും പരാതിക്കും കാരണമാകും. ഈ അവസരത്തിൽ അത്തരം ഗ്രൂപ്പുകളിൽ നിന്നു പുറത്തു പോകാതെ അവയെ നിശ്ശബ്ദമാക്കാം. ഇതിനായി അത്തരം ഗ്രൂപ്പുകളിൽ വിരൽ കൊണ്ട് ലോങ്പ്രസ്സ് ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ശബ്ദം ഓഫാക്കാനുള്ള (MUTE) ഒരു അടയാളം കാണാം. അത് സെലക്ട് ചെയ്ത് ഒരു വർഷത്തേക്കു വരെ ഗ്രൂപ്പിനെ നിശ്ശബ്ദമാക്കാം.
നമ്മുടെ നമ്പർ അറിയാവുന്ന ആർക്കും നമ്മെ ഏത് വാട്സാപ്പ് ഗ്രൂപ്പിലേക്കും ഉൾപ്പെടുത്താനാകും. എന്നാൽ അടുത്തിടെ വാട്സാപ്പ് കൊണ്ടുവന്ന ഒരു പുതിയ ഫീച്ചറിലൂടെ ഇതും തടയാനാകും. വാട്സാപ്പ് സെറ്റിങ്സിൽ അക്കൗണ്ട് എന്ന ഭാഗത്ത് പ്രൈവസിയിൽ ഗ്രൂപ്പ് എന്നുള്ളത് ‘Nobody’ എന്ന് സെലക്ട് ചെയ്തിരുന്നാൽ അനുവാദം ഇല്ലാതെ നമ്മെ മറ്റ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുന്നത് തടയാം.