‘ഇനി നീ വേണം അവനെ നന്നാക്കാൻ’ എന്ന് മരുമകളെ ഉപദേശിക്കുന്ന അമ്മായിയമ്മ; ചില കാഴ്ചകൾ നോർമൽ അല്ല! Gen Z പിള്ളേര് പറയുന്നു
നഗരത്തിൽ നിന്നു നാട്ടിൻപുറത്തേക്കു വിവാഹം കഴിച്ചെത്തിയ രേവതി ഭർത്താവിന്റെ വീട്ടിലെ രീതികൾ കണ്ടൊന്നു ഞെട്ടി. രാവിലെ കുളിച്ചിട്ട് അടുക്കളയിൽ കയറണമത്രെ. ചിട്ട തെറ്റിക്കേണ്ട എന്നു കരുതി നേരം പുലർന്നപ്പോഴേ കുളിമുറിയിൽ ചെന്ന് ഷവർ ഹൻഡിൽ തിരിച്ചു. വെള്ളമില്ല.
ബക്കറ്റിലെടുത്ത വെള്ളം ദേഹത്തേക്കൊഴിച്ചതു മാത്രമേ ഓർമയുള്ളൂ. തണുപ്പു കാരണം ഐസ് നദിയിലേക്ക് കാൽതെന്നി വീണ അവസ്ഥ. അതും ചാടിക്കടന്ന് അടുക്കളയിലെത്തിയപ്പോൾ ദാ, കാത്തുനിൽക്കുന്നു അമ്മായിയമ്മ. ഒരു സ്റ്റീൽ പ്ലേറ്റും ഗ്ലാസുമുണ്ടു കയ്യിൽ. ’ഇനി ഇതു മോൾടെയാണ്’ അഭിമാനത്തോടെ അമ്മ രേവതിയെ നോക്കി ചിരിച്ചു. സ്ഥാനമുറപ്പിക്കലിന്റെ ഭാഗമായി ജയിലിലെ പോലെ ഇവിടെ നമ്പരും ഉണ്ടാകുമോ ഈശ്വരാ എന്നോർത്തു രേവതി കിടുങ്ങി.
മാസങ്ങൾ കടന്നുപോകെ മനസ്സില്ലാമനസ്സോടെ അവൾ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഈ പറഞ്ഞത് ‘ഓ നമ്മളങ്ങ് അഡ്ജസ്റ്റ് ചെയ്യണം’ എന്നു പറയുന്ന നയന്റീസ് കിഡ്സിന്റെ കഥയാണ്. ഇതിനൊന്നും ജെൻസി പിള്ളാരെ കിട്ടില്ല. അവർ വേറെ വൈബ് ആണ്. എങ്ങനെയെങ്കിലും മുന്നോട്ടു പോകാം എന്ന നിലപാടും അവർക്കില്ല. കൃത്യമായ പ്ലാനും റൂട്ട്മാപ്പും ഉള്ള അവരുടെ സ്വരം കേൾക്കാം.
ചില കാഴ്ചകൾ നോർമൽ അല്ല
വളരെ നോർമൽ എന്നു നമുക്കു തോന്നുന്ന പല കാര്യങ്ങളും ഒട്ടും നോർമൽ അല്ലെന്നാണ് മെഡിക്കൽ വിദ്യാർഥികളായ നസ്മൻ ഷാഹിയുടേയും ദേവികയുടേയും അഭിപ്രായം. ഇതിനു പരിഹാരമുണ്ടാകേണ്ടതു വീടുകളിൽ നിന്നാണെന്നും ഇവർ പറയുന്നു.
‘‘സ്ത്രീധന പീഡനം, മാനസിക പീഡനം തുടങ്ങിയ പ്രശ്നങ്ങളുടെ ഫലമായി എത്ര പെൺകുട്ടികളാണു ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്വയം ജീവനെടുത്തത്. പരസ്പര ബഹുമാനം, സ്നേഹം, മര്യാദ തുടങ്ങിയ അടിസ്ഥാന പാഠങ്ങൾ നാം പഠിക്കുന്നതു വീട്ടിൽ നിന്നാണ്.
ഇന്നും പല വീടുകളിലും ആൺമക്കളെക്കൊണ്ടു ജോലി ചെയ്യിക്കാൻ അമ്മമാർ തയാറല്ല. ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിക്കുന്നതിലോ ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കുന്നതിലോ വീടു വൃത്തിയാക്കുന്നതിലോ സ്വന്തം തുണികൾ കഴുകുന്നതിലോ ഒന്നും യാതൊരു മടിയും ആവശ്യമില്ലെന്ന് ആൺമക്കളെ പഠിപ്പിക്കണം.’’- നസ്മൻ പറഞ്ഞു.
‘‘ചില സിനിമയിലും സീരിയലുകളിലുമൊക്കെ കാണുന്ന രംഗമാണ് ‘ഇനി നീ വേണം അവനെ നന്നാക്കാൻ’ എന്നു മരുമകളെ ഉപദേശിക്കുന്ന അമ്മായിയമ്മ. നമുക്കു ചുറ്റുമുണ്ടാകും അത്തരം കഥാപാത്രങ്ങൾ.
ഇത്രയും കാലം അവര്‍ ശ്രമിച്ചിട്ടു നടക്കാത്ത കാര്യമാണോ നമുക്കു പറ്റുന്നത്. നമ്മൾ നന്നാക്കിയെടുത്തു വരുമ്പോഴേക്കും രണ്ടുപേരുടേയും മൂക്കിൽ പല്ലു വന്നിട്ടുണ്ടാകും. അതിനേക്കാൾ നല്ലതല്ലേ അമ്മ തന്നെ ആ ജോലിയങ്ങു ചെയ്യുന്നത്.’’ ദേവികയുടെ മറുപടി എല്ലാവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.
വീട്ടിലേക്കുള്ള വഴി
‘‘ ഒരുപാടു പണവും സ്വർണവും നൽകി വിവാഹം കഴിപ്പിക്കുകയല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. കല്യാണം കഴിഞ്ഞ് എന്തു വിഷമം ഉണ്ടായാലും സ്വന്തം വീട്ടിലേക്കു കയറി വരാനുള്ള സ്വാതന്ത്ര്യം നൽകണം.’’ ഐന അൽ നൂറ നയം വ്യക്തമാക്കി.
സാമ്പത്തിക അച്ചടക്കവും വ്യക്തി ശുചിത്വവും വളരെ പ്രധാനമെന്നാണു ലക്ഷ്മിയുടേയും അനുശ്രീയുടേയും അഭിപ്രായം. ‘‘നല്ല ശമ്പളമുണ്ടായിട്ടും സാമ്പത്തിക അച്ചടക്കമില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ഒരുപാടു കുടുംബങ്ങളെ എനിക്കറിയാം. അതുകൊണ്ടു പങ്കാളിയുമായി സംസാരിച്ച് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും. അക്കാര്യത്തിൽ നോ കോംപ്രമൈസ്.
എങ്കിലും സിബിൽ സ്കോർ നോക്കി വിവാഹം വേണ്ടെന്നു വയ്ക്കില്ലാട്ടോ.’’ ചിരിയോടെ അനുശ്രീ പറഞ്ഞു.
‘‘ഇങ്ങനെ ചില നിർബന്ധങ്ങളുണ്ടെങ്കിലും കൂർക്കം വ ലി അനുവിന് ഒരു പ്രശ്നമേ അല്ല കേട്ടോ’’ ഐന കളിയാക്കി. ‘‘അതുശരിയാണ്. ഞാൻ ഉറക്കത്തിൽ സംസാരിക്കും. അപ്പോൾ പിന്നെ കൂർക്കം വലിയൊരു വിഷയമല്ലല്ലോ?’’ അനുശ്രീയുടെ നിഷ്ക്കളങ്ക ഭാവത്തിലുള്ള ഉത്തരം.
എതൂ ഫീൽഡിൽ നിന്നുള്ള വരനെയാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനു മെഡിക്കൽ ഫീൽഡിൽ നിന്നു പങ്കാളിയെ തിരഞ്ഞെടുക്കുകയേ ഇല്ലെന്ന് ഒരേസ്വരത്തിൽ പറയുന്നു അഞ്ചുപേരും.