ഹൃദയപൂർവത്തിൽ ഞാൻ പാടിയ വരികൾ തിലകൻ സാറിന്റേത്; ‘ലാലേട്ടന്റെ ക്ലൗഡ് കിച്ചൻ സ്റ്റാഫ്’ ടിസ് തോമസ് പറയുന്നു
ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയതാണ് ടിസ് തോമസ്... അവിടുന്നു നേരെ എത്തിയത് ഹൃദയപൂർവം സിനിമയിലെ ‘ലാലേട്ടന്റെ ഹോട്ടലിൽ’. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസ്സിന്റെ വിശേഷങ്ങൾ
‘മുടി’യാണ് കാരണം
ഈ വർഷം ജനുവരിയിലാണ് സംഭവം. എറണാകുളത്തെ ഹോട്ടലിൽ വച്ചു യാദൃച്ഛികമായി അനൂപ് സത്യനെ കണ്ടു. പരിചയപ്പെടാൻ ചെന്നപ്പോഴാണ് അറിയുന്നത് അനൂപേട്ടനും സത്യൻ അന്തിക്കാട് സാറുമൊക്കെ ഞാൻ അഭിനയിച്ച മുടി എന്ന ഷോർട് ഫിലിം കണ്ടിട്ടുണ്ട് എന്ന്. പരിചയപെട്ടു പിരിയുമ്പോൾ ‘എനിക്കു പറ്റിയ റോൾ വല്ലതും ഉണ്ടേൽ പറയണേ’ എന്നു പറഞ്ഞു. സിനിമാമേഖലയിലെ ആരെ കണ്ടാലും ചോദിക്കുന്നതാണിത്. പക്ഷേ, അനൂപേട്ടന്റെ മറുപടി കേട്ടു ഞാൻ വണ്ടറിടിച്ചു വാ പൊളിച്ചു പോയി. ‘ഒരു പരിപാടിയുണ്ട്. നിനക്ക് ഓഡിഷനു വരാൻ താൽപര്യമുണ്ടോ.’ ഓൺലൈനായി ഓഡിഷൻ കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ ഞാൻ സെലക്ടായി എന്നറിയിച്ചു. മൂന്നു മാസത്തിനുള്ളിൽ ഷൂട്ടും തുടങ്ങി. ലാലേട്ടന്റെ കഥാപാത്രം നടത്തുന്ന ക്ലൗഡ് കിച്ചന്റെ ‘എല്ലാമെല്ലാമായ’ സ്റ്റാഫ് ബിപിൻ ബാബു എന്ന കഥാപാത്രം ഇത്രത്തോളം സ്നേഹം നേടുമെന്നൊന്നും അന്നു കരുതിയിരുന്നില്ല.
എൻജിനീയറിങ്ങും ടിക്ടോക്കും
സിനിമയിൽ അഭിനയിക്കണമെന്നതായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, പഠിച്ചേ മതിയാകൂ എന്ന വാശിയായിരുന്നു വീട്ടുകാർക്ക്. അങ്ങനെയാണ് പാലാ സെന്റ് ജോസഫ്സിൽ സിവിൽ എൻജിനീയറിങ്ങിനു ചേർന്നത്. ടിക്ടോക്കിൽ ഞാൻ ഡബ്സ്മാഷ് ചെയ്തു തുടങ്ങിയതും ഈ സമയത്താണ്. അതിൽ ചിലതു വൈറലായത് കണ്ടിഷ്ടപ്പെട്ടാണു മല്ലുഫ്ളിക്സിൽ നിന്നു വിളി വന്നത്. അങ്ങനെ അവരുടെ ഷോർട് ഫിലിമുകളിൽ ഭാഗമായി. മല്ലുഫ്ളിക്സിന്റേതാണ് ‘മുടി’യും.
പഠനശേഷം കുറച്ചു നാൾ ജോലിക്കു പോയെങ്കിലും മനസ്സ് അഭിനയത്തിലായിരുന്നു. അങ്ങനെ ജോലി വിട്ടു. സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ കൂടുതലായി ചെയ്തു തുടങ്ങി. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. സത്യം പറയാമല്ലോ നിരാശയുണ്ടായിരുന്നില്ല. എന്നെങ്കിലും സിനിമയിൽ എത്തും എന്നു വിശ്വസിച്ചിരുന്നു.
ആ വരികൾ തിലകൻ സാറിന്റേത്
സിനിമയിൽ ഒരു സീനിലെങ്കിലും അഭിനയിച്ചാൽ മതിയെന്നു മോഹിച്ച എനിക്കു കയ്യിൽ കിട്ടിയത് സത്യൻ അന്തിക്കാട്–മോഹൻലാൽ സിനിമ. ഹൃദയപൂർവം സിനിമയിലെ എന്നല്ല, സിനിമാ കരിയറിലെ തന്നെ എന്റെ ആദ്യ ഷോട്ട് ലാൽ സാറിനൊപ്പമായി എന്നതും എത്ര വലിയ ഭാഗ്യമാണ്.
ഈ സിനിമയിലെ ഒരു സീനിൽ തറ തുടയ്ക്കുമ്പോൾ ഞാൻ പാടുന്ന ‘ആലപ്പുഴ അരൂർ റോട്ടിൽ പുന്നകൾ പൂത്തു...’ എന്ന പാട്ടില്ലേ, അതു പണ്ടു സത്യൻ സാറിന്റെ സൗഹൃദ സദസ്സിൽ പിറന്നതാണ്.
ആ വരികൾ അന്നു പാടിയത് ആരെന്നോ... തിലകൻ സാർ. സത്യൻ സാർ പറഞ്ഞും പാടിയും തന്നു ഈ പാട്ട്. തിലകൻ സാറിനെ കൊണ്ടു തന്നെ ഈ പാട്ട് സിനിമയിൽ പാടിക്കണമെന്നായിരുന്നു സത്യൻ സാറിന്റെ ആഗ്രഹം എന്നു കൂടി കേട്ടപ്പോൾ എന്റെ ഭാഗ്യത്തിനു കിട്ടിയ ബോണസ് ആയത്.
ഇതെല്ലാം ചേർക്കാൻ ‘ഐ’
എന്റെ പേരിന്റെ അർഥമെന്താണെന്നു പലരും ചോദിക്കാറുണ്ട്. പപ്പ തോമസ് സക്കറിയുടെ T, അമ്മ ശുഭയുടെ S, അപ്പച്ചൻ സ്കറിയയുടെ S ഇതെല്ലാം ചേർക്കാൻ ഒരു I. അതായത് ഈ ഞാൻ. ഇങ്ങനെയാണ് എനിക്ക് പേരിട്ടതെന്നാണു പപ്പ പറഞ്ഞത്. പ്രത്യേകിച്ചു വേറെ അർഥമൊന്നുമില്ല
കോട്ടയം പുതുപ്പള്ളിയിലാണു വീട്. ഒരു അനിയത്തിയുണ്ട് ട്വിങ്കിൾ. അവൾ നഴ്സാണ്. പപ്പ ഖാദി ബോർഡിൽ നിന്നു റിട്ടയറായി. അമ്മ അയർലൻഡിൽ നഴ്സിങ് കെയറര്‍ ആണ്. അമ്മ അവധിക്കു വന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി സിനിമ കാണാൻ പോയിരുന്നു.
നവംബറിൽ അടുത്ത സിനിമയുടെ ഷൂട്ട് തുടങ്ങും. മറ്റു ചില സിനിമകളുടെ ചർച്ചയും നടക്കുന്നുണ്ട്. മോഹിച്ചതിനപ്പുറം സിനിമ തന്നതുകൊണ്ട് പ്രതീക്ഷയോടെ മുന്നോട്ടു പോകുകയാണ്.