കണ്ടെയ്നർ വീടുകളുടെ കാര്യത്തിൽ ഭാവനയ്ക്ക് അതിരുകളില്ല എന്ന് പറയുന്നത് വെറുതെയല്ല! ബെംഗളൂരുവിലെ ഈ ‘ഹൈബ്രിഡ് കണ്ടെയ്നർ ഹോം’ കാണുമ്പോൾ അത് ബോധ്യമാകും. ദേവനഹള്ളിയിൽ രാജ്യാന്തര വിമാനത്താവളത്തിന് അടുത്തായാണ് ‘ദ് ഹബിറ്റൈനർ’ ടീം ഡിസൈൻ ചെയ്ത അടിപൊളി കണ്ടെയ്നർ ഹോം. 1000 ചതുരശ്രയടിയാണ് വിസ്തീർണം.
ഹൈബ്രിഡ് മോഡൽ

ആർക്കിടെയ്നറിന്റെ (കണ്ടെയ്നർ ഉപയോഗിച്ചുള്ള ആർക്കിടെക്ചർ) സാധ്യതകൾ യാഥാർഥ്യമാക്കി കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ടീം ഹബിറ്റൈനർ’ ഈ വീട് നിർമിച്ചത്. ചതുരാകൃതിയും പരുക്കൻ ഭാവവും മാത്രമല്ല, കന്റെംപ്രറി ശൈലിയുടെ ഗരിമയും അഴകും കണ്ടെയ്നർ വീടുകൾക്ക് വഴങ്ങുമെന്നതിന് നേർസാക്ഷ്യമായി അതു പരിണമിച്ചു.
കണ്ടെയ്നറിനൊപ്പം സ്റ്റീൽ, ഗ്ലാസ്, തടി തുടങ്ങിയവ വിവേകപൂർവം ഉപയോഗിക്കുന്ന ‘ഹൈബ്രിഡ്’ നിർമാണശൈലിയാണ് ഇവിടെ പരീക്ഷിച്ചത്. കണ്ടെയ്നറിന്റെ ‘ഐഡന്റിറ്റി’ നിലനിർത്തുന്നതിനൊപ്പം പരിമിതികളെ മറികടക്കാനും ശ്രദ്ധിച്ചു. നിറഞ്ഞു നിൽപ്പുണ്ടെങ്കിലും കണ്ടെയ്നർ മാത്രമല്ല വീട്. സൗന്ദര്യം, സൗകര്യം, ലക്ഷ്വറി എന്നിവയിലൊന്നും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയായിരുന്നു നിർമാണം.
മൂന്ന് കണ്ടെയ്നറുകൾ

20 അടി നീളമുള്ള രണ്ട് കണ്ടെയ്നറും 40 അടി നീളമുള്ള ഒരു കണ്ടെയ്നറും അടക്കം മൂന്ന് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് വീടു നിർമിച്ചത്. സ്റ്റീൽ ഫ്രെയിമുകൾ വഴി കണ്ടെയ്നറുകളെ കൂട്ടിച്ചേർത്തു. സ്റ്റീൽ ഫ്രെയിമുകൾ വരുന്ന ഭാഗവും ക്രിയാത്മകമായി ഡിസൈൻ ചെയ്ത് വീടിന്റെ ഭാഗമാക്കിയതിനാൽ ആവശ്യത്തിനു സ്ഥലം ലഭിച്ചു. സിറ്റ്ഔട്ട്, വിശാലമായ ലിവിങ് സ്പേസ്, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. മുകളിലെ സ്ഥലം റൂഫ് ടോപ്പ് ഡെക്ക് സ്പേസ് എന്ന നിലയിൽ ഉപയോഗിക്കാം.
റോക്ക് വൂൾ മുതൽ സിമന്റ് ബോർഡ് വരെ

കണ്ടെയ്നറിനുള്ളിൽ ഡെക്കിങ് ഷീറ്റ് വിരിച്ച് കനം കുറച്ച് കോൺക്രീറ്റ് ചെയ്ത ശേഷം അതിൽ വുഡൻ പാനൽ, ടൈൽ എന്നിവ വിരിച്ചാണ് ഫ്ലോറിങ് ഒരുക്കിയത്.
ചൂടും ഈർപ്പവും നിയന്ത്രിക്കാൻ ചുമരുകളുടെ ഭാഗത്ത് കണ്ടെയ്നറിൽ റോക്ക് വൂൾ ഷീറ്റ്, പോളിനം ഷീറ്റ് എന്നിവ കൊണ്ട് ‘ഇൻസുലേഷൻ’ െചയ്തു. അതിനു മുകളിൽ സിമന്റ് ബോർഡ്, കാൽസ്യം സിലിക്കേറ്റ് പാനൽ എന്നിവ പിടിപ്പിച്ച് ഭിത്തി തയാറാക്കി. ഇതിൽ പെയിന്റടിച്ച് ഭംഗിയും വരുത്തി.
മേൽക്കൂരയിൽ കണ്ടെയ്നറിനു മുകളിൽ റോക്ക് വൂൾ ഷീറ്റ് വിരിച്ച് ചെറിയ കനത്തിൽ കോൺക്രീറ്റ് ചെയ്ത ശേഷമാണ് ഡെക്കിങ് ഷീറ്റ് പിടിപ്പിച്ചത്. വെയിലടിച്ചുള്ള ചൂടും വീടിനുള്ളിലെത്തില്ല.
സൗകര്യങ്ങളുടെയും സുഖകരമായ അന്തരീക്ഷത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഈ വീട്ടിലില്ല.
ഡിസൈൻ ടീം : ഗൗരവ്, ശിവ്, അരുൺ, കരൺ, ജോൺ, ടീം ദ് ഹബിറ്റൈനർ, ബെംഗളൂരു , www.thehabitainer.com