8.5 ലക്ഷത്തിന് 1000 sqft വീട്; കൃത്യമായ പഠനവും പ്ലാനിങ്ങുമല്ലാതെ മറ്റു രഹസ്യങ്ങളൊന്നുമില്ല Dream Home on a Budget: An Eco-Friendly House in Kerala
വലിയ ചെലവില്ലാതെ, പ്രകൃതിയോടു ചേർന്നു നിൽക്കുന്ന വീട് എന്നതായിരുന്നു കൃഷ്ണരാജിന്റെയും ശ്രുതിയുടെയും സ്വപ്നം. അതുകൊണ്ടുതന്നെ കയ്യിലൊതുങ്ങുന്ന വീടുപണിയേണ്ടതെങ്ങനെ എന്നതിൽ കുറച്ചധികം ഗവേഷണം നടത്തിയ ശേഷമാണ് കൃഷ്ണരാജ് പ്ലാൻ വരയ്ക്കാനിറങ്ങിയത്. 1000 സ്ക്വയർഫീറ്റ് വീട് എട്ടര ലക്ഷം രൂപയ്ക്ക് തീർന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ ഇടയില്ല. പ്ലാൻ മുതൽ നിർമാണ രീതികൾ വരെ തന്റേതായ രീതിയിൽ ക്രമീകരിച്ചാണ് കൃഷ്ണരാജ് ഈ നേട്ടം കയ്യിലൊതുക്കിയത്.
ചെലവ് കുറച്ച സിംപിൾ പ്ലാൻ
കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്താണ് ഈ വീട്. കാഴ്ചയിൽ മാത്രമല്ല പ്രവൃത്തിയിലും പ്രകൃതിയോടു ചേർന്നു നിൽക്കണം, ചെലവ് കഴിവതും കുറയ്ക്കണം, വീടിനുള്ളിൽ കാറ്റും വെളിച്ചവും നന്നായി കിട്ടണം... ഇതിൽ കൂടുതൽ ആഗ്രഹങ്ങളൊന്നും കൃഷ്ണരാജിനും കുടുംബത്തിനും ഉണ്ടായിരുന്നില്ല.
അഞ്ച് സെന്റിൽ ഒതുങ്ങുന്ന വിധത്തിൽ ഒറ്റനിലയായി ഏറ്റവും ലളിതമായ പ്ലാൻ തയാറാക്കിയത് കൃഷ്ണരാജ് തന്നെയായിരുന്നു. ഭിത്തികൾ ഏറ്റവും കുറഞ്ഞ രീതിയിലാണ് പ്ലാൻ വരച്ചത്. ലിവിങ്, ഡൈനിങ് ഏരിയകൾ ഒരു ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. വാതിലുകളുടെ എണ്ണം കുറയ്ക്കാനും ഇഷ്ടികയുടെ എണ്ണവും തേപ്പുമൊക്കെ കുറയ്ക്കാനും ഇത് സഹായിച്ചു. അടുക്കള ഓപ്പൺ ആണെങ്കിലും പെട്ടെന്ന് അകത്തേക്ക് കാണാനാവാത്ത രീതിയിലാണ് ക്രമീകരണം. രണ്ട് കിടപ്പുമുറികളിൽ ഒരെണ്ണം ബാത് അറ്റാച്ഡ് ആണ്. ഡൈനിങ്ങിൽ നിന്നു പ്രവേശിക്കാവുന്ന ഒരു കോമൺ ബാത്റൂമും ഉണ്ട്.
മെറ്റീരിയൽസ് ബുദ്ധിപൂർവം
ചെലവു നിയന്ത്രിക്കാനായതിൽ നിർമാണസാമഗ്രികളുെട തിരഞ്ഞെടുപ്പിന് വലിയ പങ്കുണ്ട്. തേപ്പ് ഒഴിവാക്കാൻ കൂടിയാണ് ഇന്റർലോക്ക് മഡ്ബ്ലോക്ക് തിരഞ്ഞെടുത്തത്. മണ്ണിന്റെ നിറവും ടെക്സ്ചറും ഉണ്ടുതാനും.
ഇന്റർലോക്ക് ബ്ലോക്ക് വാങ്ങിയത് മലപ്പുറം ചേളാരിയിൽ നിന്നാണ്. ഏകദേശം 3000 കട്ടകൾ വേണ്ടിവന്നു. ചേളാരിയിലുള്ള ബിൽഡിങ് ഡിസൈനേഴ്സ് എന്ന കൺസ്ട്രക്‌ഷൻ കമ്പനിയിൽ നിന്നുള്ള പണിക്കാർ വന്ന് സ്ട്രക്‌ചർ വർക്കും റൂഫിനുള്ള മെറ്റൽ സ്ട്രക്‌ചറും ചെയ്തു. മുകളിൽ ചെറിയ പച്ചക്കറിത്തോട്ടത്തിനും വാട്ടർ ടാങ്ക് വയ്ക്കാനുള്ള ഭാഗത്തിനും മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. ബാക്കി ഓടിട്ടു. ഒരെണ്ണത്തിനു 2 രൂപ നിരക്കിൽ പഴയ ഓട് കിട്ടി. 2500 ഓട് വേണ്ടിവന്നു.
ഇന്റർലോക്ക് മൺകട്ട ഉപയോഗിച്ചതിനാൽ കട്ടകൾക്കിടയിലെ വിടവുകൾക്കിടയിൽ പോയിന്റ് ചെയ്യണം. എക്സ്റ്റേണൽ പുട്ടിയും ഓക്സൈഡും ചേർത്ത് ഇത് ചെയ്തത് കൃഷ്ണരാജ് തനിയേ ആണ്. അതിനു ശേഷം കട്ടകളിൽ ക്ലിയർകോട്ട് അടിച്ചു.
‘തടി’ കേടാവാതെ തടി
വീടിനു വേണ്ട തടി ഉരുപ്പടികൾ കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. കുമരകത്തിനടുത്തു പഴയ തറവാടുകൾ പൊളിച്ചു വിൽക്കുന്ന ഒരു കടയിൽ നിന്നും വീടിന് വേണ്ട എല്ലാ വാതിലുകളും ജനാലകളും നിരപ്പലകകളും 30,000 രൂപയ്ക്കു താഴെ വിലയ്ക്ക് കിട്ടി. പഴയത് ആയതുകൊണ്ട് എല്ലാം നന്നായിട്ട് ചുരണ്ടി പേപ്പർ പിടിക്കണമായിരുന്നു. ഒഴിവു സമയം പൂർണമായി വിനിയോഗിച്ച് കൃഷ്ണരാജും ശ്രുതിയും മകനും ചേർന്ന് മൂന്ന് മാസം കൊണ്ട് എല്ലാം വൃത്തിയാക്കിയെടുത്തു. കുടുംബസുഹൃത്തായ കണ്ണനും സഹായത്തിനു കൂടെയുണ്ടായിരുന്നു. തടിപ്പണികൾ ചെയ്തതും കണ്ണൻ ആണ്.
അടിപ്പടിക്ക് കേടുള്ളതിനാൽ കടക്കാർ മാറ്റിയിട്ട വാതിലാണ് പ്രധാനവാതിലായി ഉപയോഗിച്ചത്. വീടിനു മുൻവശത്തെ ഭിത്തി തടിപ്പലക കൊണ്ടു നിർമിച്ചതാണ്. ഇതും ഇത്തരത്തിൽ പഴയ തടി വാങ്ങുന്ന സ്ഥലത്തുനിന്ന് ചെറിയ തുകയ്ക്കു വാങ്ങിയതാണ്. ഫർണിച്ചറും പഴയതുതന്നെ ഉപയോഗിച്ചു.
പൈൻ കൊണ്ട് ഇന്റീരിയർ
പൈൻ തടി കൊണ്ടുള്ള, പാഴ്‌സൽ വരുന്ന (പഴയ വീഞ്ഞപ്പെട്ടി) ബോക്സുകൾ വാങ്ങി പൊളിച്ചെടുത്ത തടിയാണ് കബോർഡുകൾക്കും മറ്റ് ഇന്റീരിയർ വർക്കിനും ഉപയോഗിച്ചത്. ഈ തടിയിൽ ബാക്കിവന്ന കഷണങ്ങൾ എടുത്ത് ഇലക്ട്രിക്കൽ ബോക്സുകളും നിർമിച്ചു. ഇലക്ട്രിക്കൽ ജോലികൾ അറിയാവുന്നതിനാൽ കൃഷ്ണരാജ് തന്നെയാണ് വയറിങ് ചെയ്തത്. വീടിനു മുൻവശത്തു കാണുന്ന തൂണുകൾ കൊത്തിയെടുത്തതും വീട്ടുകാരൻ തന്നെ. നിലത്ത് തറയോട് വിരിച്ചു. പോളിഷ് ചെയ്യാത്തതുകൊണ്ട് നിറം മങ്ങിയിരിക്കുമെങ്കിലും മണ്ണിൽ ചവിട്ടി നടക്കുന്ന ഫീൽ ഉണ്ട്.
പതിവു രീതിയിലുള്ള നിർമാണമല്ലാത്തതിനാൽ വീടുനിർമാണസമയത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ട്. സിമന്റ് ഉപയോഗിക്കാത്തതിനാൽ ഭിത്തി മറിഞ്ഞുവീഴും എന്നുവരെ പറഞ്ഞവരുണ്ട്. പക്ഷേ, വിശദമായി പഠിച്ചശേഷം നിർമാണത്തിനിറങ്ങിയതിനാൽ അതിലൊന്നും കൃഷ്ണരാജും കുടുംബവും പതറിയില്ല.
ജോലിസംബന്ധമായി തിരുവനന്തപുരത്തായതിനാൽ വീട്ടുകാര്‍ ആഴ്ചയിൽ ഒരിക്കലേ ഇവിടെ താമസിക്കാൻ എത്തുന്നുള്ളൂ. എന്നിരുന്നാലും, സ്വപ്നവീടിന്റെ തണലിലും തണുപ്പിലും അവർ സന്തുഷ്ടരാണ്.
ചിത്രങ്ങൾ: ഹരികൃഷ്ണൻ