മൂന്ന് സെന്റും 30 ലക്ഷം രൂപയും സുഹൃത്തിനെ ഏൽപിക്കുമ്പോൾ ഗൗതം ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല!
മരിക്കുന്നതിനു മുൻപ് ‘ടെറസ് വീട്ടിൽ’ താമസിക്കണം എന്ന അമ്മയുടെ ആഗ്രഹം. പിന്നെ വരാൻ പോകുന്ന വിവാഹം. ബാങ്കിൽ ജോലി ലഭിച്ചതിനൊപ്പം പുതിയ വീട് പണിയാൻ ഗൗതം ഗോവിന്ദ് തീരുമാനിച്ചതിന്റെ കാരണങ്ങൾ ഇതു രണ്ടുമായിരുന്നു.
എൻജിനീയറിങ് പഠനകാലത്തെ സഹപാഠിയും അടുത്ത സുഹൃത്തുമായ ബിബിൻ ബാബു ഡിസൈനിങ് മേഖലയിലായതിനാൽ ആരെ വീടുപണി ഏൽപ്പിക്കും എന്നതിൽ സംശയം ഒന്നും ഉണ്ടായിരുന്നില്ല. 30 ലക്ഷം രൂപ ബിബിനെ ഏൽപ്പിച്ച് ഗൗതം ഇത്രയേ പറഞ്ഞുള്ളൂ– ‘‘ അച്ഛനും അമ്മയ്ക്കും കിടക്കാൻ നല്ലൊരു മുറി വേണം, സഹോദരിയും കുടുംബവും വരുമ്പോൾ അവർക്ക് കഴിയാനും ഒരു മുറി വേണം. ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലെ.’’
രണ്ടല്ല, മൂന്ന് കിടപ്പുമുറികളും ഒന്നാംതരം സൗകര്യങ്ങളുമുള്ള വീട് തന്നെ ഒരുക്കി ബിബിൻ കൂട്ടുകാരന്റെ വിശ്വാസം കാത്തു.
പാലക്കാട് ചിറ്റൂരിനടുത്ത് ദേവാങ്കപുരത്തുള്ള 3.1 സെന്റിലായിരുന്നു ഗൗതമിന്റെ വീട്. പഴയ കെട്ടിടം തീരെ മോശാവസ്ഥയിലായിരുന്നതിനാൽ പൂർണമായും പൊളിച്ചുമാറ്റി.
ആധാരപ്രകാരം 3.1 സെന്റ് ആണ് പ്ലോട്ട്. 0.1 സെന്റിന്റെ പേരിൽ ചെറിയ സ്ഥലത്തെ വീടുകൾക്കുള്ള ഇളവുകൾ മുഴുവൻ നഷ്ടപ്പെട്ടു. പോരാത്തതിന് രണ്ടുവശവും വഴിയുള്ളതിനാൽ രണ്ടിടത്തും മൂന്ന് മീറ്റർ വീതം ഒഴിച്ചിടേണ്ടിയും വന്നു.
വഴിയിൽ നിന്ന് രണ്ട് അടിയോളം പൊക്കത്തിലായിരുന്നു പ്ലോട്ട്. ഇവിടം കെട്ടിത്തിരിച്ചെങ്കിലും മതിൽ പൂർണമായും ഒഴിവാക്കി. പകരം മൂന്ന് അടി പൊക്കത്തിൽ ഇരുമ്പ് ഗ്രിൽ മാത്രം നൽകി സ്ലൈഡിങ് ഗേറ്റും പിടിപ്പിച്ചു. അങ്ങനെ മൂന്ന് മീറ്റർ ഒഴിച്ചിട്ടിടത്ത് മുറ്റവും കാർ പാർക്ക് ചെയ്യാനുള്ള സൗകര്യവുമായി.
ഏഴര മീറ്റർ മാത്രമായിരുന്നു പ്ലോട്ടിന്റെ വീതി! പിന്നിലേക്കുള്ള നീളം 19 മീറ്ററും. രണ്ടുവശത്തും ഒഴിച്ചിടേണ്ടതും ഭിത്തിയുടെ സ്ഥലവും കഴിഞ്ഞാൽ മുറികൾക്ക് പരമാവധി നാല് മീറ്റർ വീതിയേ ലഭിക്കുകയുള്ളൂ.
പരിഹാരമില്ലാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതായിരുന്നു ഡിസൈനർ ബിബിൻ ബാബുവിന്റെ നിലപാട്. വീടിനുള്ളിലേക്ക് കയറുമ്പോൾ വീതികുറവും നീളക്കൂടുതലും തോന്നാതിരിക്കാൻ വേണ്ടതെല്ലാം കൂട്ടിയിണക്കിയായിരുന്നു രൂപകൽപന.
ഉള്ളിലേക്കെത്തിയാൽ ഭിത്തികൾ അധികമായി കണ്ണിൽപ്പെടാത്ത രീതിയിലാണ് വീടിന്റെ ഡിസൈൻ. പ്രധാന വാതിൽ തുറന്നാൽ ലിവിങ്–ഡൈനിങ്–അടുക്കള എന്നിവയ്ക്കു ശേഷം വരുന്ന കിടപ്പുമുറിക്ക് മാത്രമേ ഭിത്തിയുള്ളൂ. അങ്ങനെയെങ്കിലും ലിവിങ്ങിൽ നിന്ന് നേരെ അടുക്കളയിലേക്ക് കാഴ്ചയെത്തുകയുമില്ല! അതാണ് ഡിസൈൻ ടീം ഒരുക്കിയ മാജിക്. ടിവി പിടിപ്പിച്ചിരിക്കുന്ന മെറ്റൽ ഫ്രെയിമാണ് ലിവിങ്– സ്റ്റെയർ ഏരിയ എന്നിവയെ വേർതിരിക്കുന്നത്. സ്റ്റെയറിന്റെ കൈവരികൾ തന്നെയാണ് ഡൈനിങ് സ്പേസിനിടയിലെ പാർട്ടീഷൻ.
സ്റ്റീലും തടിയും ചേർത്തു നിർമിച്ച സ്റ്റെയറിന്റെ രണ്ടാമത്തെ പടി തന്നെ നീണ്ട് ഊണുമേശയുടെ ഇരിപ്പിടമായി മാറുന്നതു പോലെയുള്ള ‘സ്പേസ് സേവിങ് ടെക്നിക്’ ഇഷ്ടം പോലെയുണ്ട് ഇന്റീരിയറിൽ. സ്റ്റെയറിന് അടിയിലുള്ള സ്ഥലം ‘ഹിഡൻ സ്റ്റോറേജ് സ്പേസ്’ ആക്കിയതു പോലെയുള്ള പ്രായോഗിക പ്രതിവിധികളും എല്ലാ മുറികളിലും കാണാം.
സ്ട്രോക്ക് വന്ന അച്ഛന് കാഴ്ചയ്ക്ക് പരിമിതിയുണ്ട്. പ്രായം കാരണം അമ്മയ്ക്ക് കേൾവി കുറവാണ്. ഇവർക്ക് എപ്പോഴും ശ്രദ്ധ കിട്ടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. അടുക്കളയ്ക്ക് തൊട്ടടുത്താണ് ഇവരുടെ കിടപ്പുമുറി. ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവ ഓപ്പൺ രീതിയാലായതിനാൽ ഇവരുടെ ഏതാവശ്യവും പെട്ടെന്ന് മക്കളുടെ കണ്ണിലും കാതിലും പതിയും.
ഡൈനിങ്ങിനോട് ചേർന്ന് ഗ്ലാസ് ഭിത്തിയും, അടുക്കളയോട് ചേർന്ന് സ്ലൈഡിങ് യുപിവിസി–ഗ്ലാസ് വാതിലും നൽകിയതിനാൽ സൈഡിൽ ഒഴിച്ചിട്ട മൂന്ന് മീറ്ററിലെ ലാൻഡ്സ്കേപ്പുമായും വീട് നല്ല കണക്‌ഷനിലാണ്. ഇതുവഴിയെത്തുന്ന കാറ്റും വെളിച്ചവും വീടിനുള്ളിലേക്കെത്തും. നേരെ എതിർവശത്തെ ചുമരിൽ ജനലിന്റെ വലുപ്പത്തിൽ ജാളി പിടിപ്പിച്ചതിനാൽ ‘ക്രോസ് വെന്റിലേഷൻ’ കൃത്യമായി നടക്കും.
രണ്ട് കിടപ്പുമുറികളും ഫാമിലി ലിവിങ്ങുമാണ് മുകളിലെ നിലയിലുള്ളത്. ഡ്രസ്സിങ് ഏരിയയും റീഡിങ് സ്പേസും അടക്കം വിശാലമാണ് കിടപ്പുമുറികൾ രണ്ടും. മൂന്ന് സെന്റിന്റെ പരിമിതികൾക്കൊന്നും ഇവിടെ സ്ഥാനമില്ല.
ചിത്രങ്ങൾ: ജെൻസീർ ഫൊട്ടോഗ്രഫി