ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന സെൽവാനന്ദിനും ആർസിസിയിൽ നഴ്സ് ആയ ഭാര്യ ജയശ്രീക്കും വീടിനെക്കുറിച്ച് ഒരുപാട് കാഴ്ചപ്പാടുകളുണ്ടായിരുന്നു. അവയോടു നീതി പുലർത്തുന്ന രൂപകൽപനയ്ക്കുള്ള അന്വേഷണം എത്തി നിന്നത് ‘ഉർവി സസ്റ്റൈനബിള്‍ സ്പേസസി’ലാണ്. ഉർവി നിർമിച്ച വീട് കണ്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് അവർ അവിടേക്ക് എത്തുന്നത്. പ്രകൃതിയോടിണങ്ങിയതും സുസ്ഥിരവുമായ നിർമാണശൈലിയാണ് ഉർവിയുടെ മുഖമുദ്ര.

പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. ആ വീടിന്റെ ഒാട് പുതിയ വീടിനായി എടുക്കാൻ പറ്റി. മണ്ണ് കൊണ്ടുള്ള വീട് വേണമെന്ന ആഗ്രഹമാണല്ലോ വീട്ടുകാരെ ഉർവിയിലെത്തിച്ചത്. അതിനാൽ ചുമരുകളെല്ലാം റാംഡ് എർത് രീതിയിലാണ് പണിതത്. കുറച്ചു ഭാഗം പ്രബലിത മൺകട്ടകൾ (സിഎസ്ഇബി) കൊണ്ടും നിർമിച്ചു.

ADVERTISEMENT

റാംഡ് എർത്തും മൺകട്ടയും

ആദ്യം പ്ലൈ ബോർഡുകൾ കൊണ്ട് ഷട്ടറുകൾ ഉണ്ടാക്കുന്നു. അതിനു ശേഷം പരിശോധിച്ച് അനുയോജ്യമായത് ആണെന്ന് ഉറപ്പു വരുത്തിയ ചുവന്ന മണ്ണ് അരിച്ച് സ്റ്റെബിലൈസിങ് മിക്സ്ചർ ചേർത്ത് ഷട്ടറിനുള്ളിലേക്ക് ഇടുന്നു. ബലം വർധിപ്പിക്കുകയാണ് സ്റ്റെബിലൈസിങ് മിക്സ്ചറിന്റെ ദൗത്യം. 11 സെമീ ഉയരത്തിൽ മണ്ണ് ഇട്ട് മെഷീൻ കൊണ്ട് ഇടിച്ചുറപ്പിക്കുന്നു. അതിനു ശേഷം വീണ്ടും 11 സെമീ ഉയരത്തിൽ മണ്ണ് ഇട്ടുറപ്പിക്കുന്നു. പല ലെയറുകളായാണ് മണ്ണ് ഇടുന്നത്. മണ്ണ് ഉറച്ചു കഴിയുമ്പോൾ ഷട്ടർ നീക്കം ചെയ്യുന്നു. ഇങ്ങനെയാണ് റാംഡ് എർത് ചുമരുകൾ നിർമിക്കുന്നത്.

ADVERTISEMENT

ഇതേ സാങ്കേതിക വിദ്യയാണ് സിഎസ്ഇബി (Compressed Stabilised Earth Block) നിർമിക്കാനും ഉപയോഗിക്കുന്നത്. മണ്ണ് ഷട്ടറിനുള്ളിൽ നിറയ്ക്കുന്നതിനു പകരം മോൾഡിൽ വച്ച് അമർത്തിയാണ് മൺകട്ട നിർമിക്കുന്നത്. ചുമരുകൾ അതാതു പ്ലോട്ടിൽ തന്നെ കെട്ടുമ്പോൾ കട്ടകൾ ഫാക്ടറിയിലാണ് നിർമിക്കുന്നത്.

ചുമരുകളുടെ ബോർഡറും ബാത്റൂം ചുമരുകളും മാത്രമേ തേച്ചിട്ടുള്ളൂ. ബാക്കിയിടങ്ങൾ മണ്ണിന്റെ സൗന്ദര്യത്തിന് സാക്ഷ്യമേകുന്നു.

ADVERTISEMENT

മേൽക്കൂരയ്ക്ക് ഫില്ലർ സ്ലാബ്

താഴത്തെ നില ഫില്ലർ സ്ലാബ് രീതിയിൽ ഓട് വച്ച് വാർത്തു. സ്ലാബിന്റെ മുകളിലെ ഭാഗത്താണ് പ്രധാനമായും സമ്മർദം അനുഭവപ്പെടുന്നത്. അതിനാലാണ് കോൺക്രീറ്റ് അവിടെ ആവശ്യമായി വരുന്നത്. സ്ലാബിന്റെ അടിഭാഗത്ത് കോൺക്രീറ്റ് ഘടനാപരമായി അത്ര ആവശ്യമില്ലാത്തതിനാൽ അത്തരം ഭാഗങ്ങളിൽ ഭാരം കുറഞ്ഞ ഫില്ലർ മെറ്റീരിയലുകൾ ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഇവിടെ ഓട് ആണ് ഫില്ലർ ആയി ഉപയോഗിച്ചത്. കോൺക്രീറ്റിന്റെയും കമ്പിയുടെയും അളവ് കുറയ്ക്കുന്നതിലൂടെ ചെലവ് കുറയ്ക്കുന്നു, ചൂടിനെ പ്രതിരോധിക്കുന്നു, പരിസ്ഥിതി സൗഹൃദമാണ്, ഭാരം കുറഞ്ഞ ഘടന ആയതിനാൽ അടിത്തറയുടെ ചെലവ് കുറയ്ക്കാം, സീലിങ്ങിന് പ്രത്യേക ഭംഗി നൽകുന്നു എന്നിവയാണ് ഫില്ല‍ർ സ്ലാബിന്റെ ഗുണങ്ങൾ.

മുകളിലെ നില വാർക്കാതെ ജിെഎ ട്യൂബിൽ ഓടിട്ട് ട്രസ്സ് ചെയ്തു. മുകളിൽ പഴയ ഓടും അടിയിൽ സീലിങ് ഓടും നൽകി. ഇത് കാഴ്ചയ്ക്ക് ഭംഗി നൽകുകയും ഒപ്പം ചൂട് കുറയ്ക്കുകയും ചെയ്യുന്നു. അത്യാവശ്യം നല്ല ഉയരത്തിലാണ് മേൽക്കൂര നൽകിയത്.

1990 ചതുരശ്രയടിയിലുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൺ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണുള്ളത്. സ്റ്റെയർകേസിനു താഴെ ചെറിയ കോർട്‌യാർഡ് ഉൾക്കൊള്ളിച്ചു.

വീടിനു മുന്നിൽ കാണുന്ന തേക്കാത്ത കൽചുമരിൽ ഉപയോഗിച്ചിരിക്കുന്നത് പാറയായി മാറുന്നതിനു മുൻപുള്ള മൺകല്ലാണ്.

പ്രകൃതിയെ നോവിക്കാതെ ഉയർന്ന ‘ഗ്രേസ് വില്ല’ സന്തോഷം പകരുന്ന കാഴ്ചയാണ്.‌

Area: 1990 sqft Owner: എം.ജി. സെൽവാനന്ദ് & ജയശ്രീ Location: തിരുവനന്തപുരം Design: Urvi Sustainable Spaces, തിരുവനന്തപുരം Email: inbox@urvi.co

Materials: ഭിത്തി- മണ്ണ്, സിഎസ്ഇബി, ജനലും വാതിലും- സ്റ്റീൽ, ഫ്ലോറിങ്- വിട്രിഫൈഡ് ടൈൽ, മേൽക്കൂര- പഴയ ഓട്, കിച്ചൺ കാബിനറ്റ്-  അലുമിനിയം, കൗണ്ടർടോപ്- ഗ്രാനൈറ്റ്, സ്റ്റെയർ- കോൺക്രീറ്റ്, സ്റ്റീൽ

ചിത്രങ്ങൾ: സ്പേസ്ഫ്രെയിംസ് സ്റ്റുഡിയോ

ADVERTISEMENT