കാടുകയറിയ മുറ്റത്ത് ഗസീബോ വന്നു, പഴച്ചെടികൾ പൂത്തു; കൂട്ടുകൂടാനും വ്യായാമം ചെയ്യാനും സ്വന്തമായി പാർക്ക് ഉണ്ടെങ്കിലോ! Backyard Transformation: From Overgrown to Oasis
വീടിനു പിന്നിലെ മുറ്റം കാടുപിടിച്ചു കിടക്കുന്നത് മിക്കവർക്കും ഒരു തലവേദനയാകും, പ്രത്യേകിച്ച് വർഷത്തിൽ ആറ് മാസവും മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ. വീടിനു പിന്നിലെ 15 സെന്റ് മനോഹരമായി ലാൻഡ്സ്കേപ് ചെയ്ത് പ്രയോജനപ്പെടുത്തിയത് തൃശൂർ ഇരവ് സ്വദേശി അജീഷും മീരയുമാണ്. ലാൻഡ്സ്കേപ് ഡിസൈൻ ചെയ്തത് തൃശൂർ ഓഡ് കമ്പനിയിലെ ആർക്കിടെക്ട് യാമിനി കൃഷ്ണനും.
വീടിനു പിന്നിലെ കാടുകയറിക്കിടക്കുന്ന ഫ്രൂട്ട് ഗാർഡന്‍ ഭംഗിയാക്കുക എന്ന ഉദ്ദേശ്യവുമായാണ് അജീഷും മീരയും യാമിനിയെ സമീപിച്ചത്. പണ്ട് നട്ട മാവ്, പ്ലാവ്, സപ്പോട്ട, പേര, മാംഗോസ്റ്റീൻ തുടങ്ങിയ മരങ്ങൾ കളയാതെത്തന്നെ ലാൻഡ്സ്കേപ് തയാറാക്കി.
ആകർഷണം ഗസീബോ
കേന്ദ്രഭാഗത്ത് ഓടിട്ട മണ്ഡപം (ഗസീബോ) സ്ഥാപിച്ച് അതിനു ചുറ്റും ചെടികൾ ക്രമീകരിക്കുകയാണ് ചെയ്തത്. വീട്ടുകാർക്കു തന്നെയോ സുഹൃത്തുക്കളുമൊത്തോ സമയം ചെലവിടാൻ ഏറ്റവും യോജിച്ച സ്ഥലമാണ് ഇവിടം. ചെറിയൊരു പാർട്ടി സംഘടിപ്പിക്കാനുള്ള ഇടവുമുണ്ട്. ബാർബിക്യൂ ചെയ്യാനുള്ള ഗ്രില്ലും മറ്റും ഗസീബോയിൽ ക്രമീകരിച്ചിട്ടുണ്ട്.
മാത്രവുമല്ല, യോഗ ചെയ്യുകയോ വെറുതെ പ്രകൃതി കണ്ടിരിക്കുകയോ വായിക്കുകയോ ഒക്കെ ചെയ്യാം. വീട്ടുമുറ്റത്തുനിന്ന് ഗസീബോയെ ചുറ്റിവരുന്ന നടപ്പാത വീട്ടുകാർ പ്രഭാതനടത്തത്തിന് പ്രയോജനപ്പെടുത്തുന്നു.
കല്ലുകൊണ്ട് കസേര
ഗസീബോയുടെ വലതുവശത്ത് തറ കെട്ടി അവിടെ ഇലഞ്ഞി നട്ടു. ഉപയോഗശൂന്യമായി മാറ്റിയിട്ട ബാംഗ്ലൂർ സ്റ്റോൺ ആണ് തറ നിർമിക്കാൻ ഉപയോഗിച്ചത്. കടപ്പയാണ് ഹാർഡ്സ്കേപ്പിങ്ങിന് ഉപയോഗിച്ചത്.ചുറ്റുമുള്ള പ്രകൃതിയുടെ ഭാഗമായി നിൽക്കാൻ കല്ലുകൾ ഇരിപ്പിടത്തിന്റെ ആകൃതിയിൽ സ്ഥാപിച്ചു. പ്ലോട്ടിലുണ്ടായിരുന്ന കിണറിനെയും ലാൻഡ്സ്കേപ്പിന് അനുസൃതമായി മാറ്റിയെടുത്തു. വെള്ളത്തിൽ സൂര്യപ്രകാശം ലഭിക്കാൻ വേണ്ട ഇടം മാത്രം മാറ്റിയിട്ട് കിണർ അടച്ച് മുകളിൽ ചെടികൾ വച്ചു.
പുൽത്തകിടി കൂടാതെ, പൂക്കളുണ്ടാകുന്ന ട്രോപ്പിക്കൽ ചെടികളാണ് ലാൻഡ്സ്കേപിൽ നട്ടത്. പാരിജാതം, ഗുൽമോഹർ, ഫിംഗർ പാം പോലുള്ള മരങ്ങളും മുല്ല, തെച്ചി, രാമച്ചം, അലോക്കേഷ്യ, കലാത്തിയ പോലുള്ള ചെടികളും ഇവിടെ കാണാം. വീടിനെ ലാൻഡ്സ്കേപ്പിൽ നിന്നു വേർതിരിക്കുന്നിടത്ത് ആർച്ച് കൊടുത്ത് ബൊഗെയ്ൻവില്ല കയറ്റിവിട്ടു. അങ്ങനെ ഡൈനിങ് ഏരിയയുടെ ഗ്ലാസ്സിലൂടെ കാണുന്ന ലാൻഡ്സ്കേപ് വീട്ടുകാരുടെ സന്തോഷത്തിന്റെ കാരണങ്ങളിലൊന്നായി.
Contact Details
Ar. Yamini Krishnan, Ode Company, Peringavu, Thrissur
Mail- odecompany.connect@gmail.com
Contact No-7907020425