സ്റ്റീൽ വളച്ച് ഗോവണിയാക്കാം; എളുപ്പം പണി കഴിയും, കാണാനും സൂപ്പർ! Folded metal staircase for modern houses
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നത് സത്യമാണെന്നാണ് പുതുതലമുറ വിശ്വസിക്കുന്നത്. ജോയിന്റുകളോ കൂട്ടിച്ചേർത്ത അടയാളങ്ങളോ കാണേണ്ട എന്നതാണ് ഇപ്പോഴത്തെ ഇന്റീരിയർ ട്രെൻഡുകളിലെ പൊതുവായ ഘടകം. ഗോവണിയിലും ട്രെൻഡ് ആണ് ഇതേ ആശയം. ഗോവണി സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ അളവെടുത്തു കൊടുത്താൽ പണി തീർന്ന ഗോവണി സൈറ്റിലെത്തും. സ്ഥാപിക്കുക, പെയിന്റടിക്കുക... പണി തീർന്നു. കനം വളരെയധികം കുറവ് (sleek) ആണെന്നതാണ് ഇത്തരം ഫോൾഡഡ് മെറ്റൽ സ്റ്റെയറിന്റെ ഗുണം. ഇന്റീരിയറിൽ സ്ഥലം കൂടുതൽ തോന്നിക്കും. ഗോവണിക്കു വേണ്ടി സ്ഥലം മാറ്റിവയ്ക്കേണ്ടിവരില്ല. ചെറിയ സ്ഥലത്തെ വീടുകളിൽ പ്രയോജനം ചെയ്യും. ഇത്തരം ഗോവണിയുടെ അടിഭാഗം ഉപയോഗപ്പെടുത്താം എന്നതും ഗുണമാണ്. ഗോവണിയുടെ അടിയിൽ വാഷ്ഏരിയയോ സ്റ്റഡി ഏരിയയോ ഒക്കെയാക്കാം.
മൈൽഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഗോവണി നിർമിക്കുന്നത്. 10 എംഎം അല്ലെങ്കിൽ 12 എംഎം സ്റ്റീൽ ആണ് ഫോൾഡഡ് ഗോവണിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. കനം കൂടിയാൽ ആകൃതി വരുത്താൻ എളുപ്പമല്ല. ഉപയോഗിക്കുമ്പോൾ ശബ്ദമുണ്ടാകുമെന്നോ ഇളകുമെന്നോ പേടിക്കേണ്ടതില്ല.അതേസമയം, കനം വളരെ കുറയുന്നത് ഗോവണിയുടെ ബലത്തെ ബാധിക്കാനും സാധ്യതയുണ്ട്.
ഗോവണി പൂർണമായി മെറ്റൽ ഷീറ്റ് കൊണ്ട് നിർമിക്കുമ്പോൾ പിറകിൽ നിന്ന് ഒരു താങ്ങ് വേണ്ടിവരും. ഇതിന് മെറ്റൽ പൈപ്പ് ഉപയോഗിക്കാം. ഗോവണി വായുവിൽ നിൽക്കുന്നതുപോലെ ഫ്ലോട്ടിങ് ഫീൽ ഉണ്ടാക്കാൻ ഇതിനു സാധിക്കും. ‘ഇൻസ്റ്റലേഷൻ’ ശൈലിയിൽ ആർക്കിടെക്ചറൽ കലാസൃഷ്ടിയാക്കി മാറ്റാം. കോൺക്രീറ്റോ മെറ്റൽ ഫ്രെയിമോ ഉപയോഗിച്ച് ഇടയിലെ ലാൻഡിങ് നിർമിച്ച് അതിലേക്ക് ഫോൾഡഡ് ഗോവണി ഉറപ്പിക്കുകയാണ് മറ്റൊരു മാർഗം.
ചവിട്ടുപടികൾ മൂന്നോ നാലോ പീസുകൾ ആയി സൈറ്റിൽ എത്തിച്ച് വെൽഡ് ചെയ്തു ചേർക്കുകയാണ് ചെയ്യുന്നത്. ഗോവണിയുടെ റെയിലിങ് കൂടി ഗോവണിയുടെ ഭാഗമാക്കുകയോ റെയിലിങ് തടിയോ ഗ്ലാസ്സോ ആക്കുകയോ ചെയ്യാം.
പടികളുടെ ഉയരവും വീതിയുമായ റൈസും ത്രെഡും കണക്കാക്കി, നടന്നു കയറാൻ എളുപ്പമാകുന്ന വിധം ലാൻഡിങ്ങിലേക്കുള്ള ചരിവും കണക്കിലെടുത്തുവേണം ഗോവണി സ്ഥാപിക്കാൻ. പിയു പെയിന്റ് ഉപയോഗിച്ച് ഇത്തരം ഗോവണികൾക്ക് നിറം നൽകാം. മോഡേൺ, മിനിമലിസ്റ്റിക് വീടുകളിലേക്കാണ് ഇത് കൂടുതൽ യോജിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ദീപ്തി മുകേഷ്, ആർക്കിടെക്ട്,
അസ്‌ലം ഷാം ആർക്കിടെക്ട്സ്, കോഴിക്കോട്