ആത്തംകുടി ടൈൽ പോലെയുള്ള ഹാൻഡ്മെയ്ഡ് ടൈൽ നിർമിക്കുന്ന ഫാക്ടറി നമ്മുടെ നാട്ടിലുമുണ്ട്; അധികം ആർക്കും അറിയില്ല എന്നു മാത്രം.

ചാത്തന്നൂരിനടുത്ത് ചിറക്കര വാഴവിള ജംക്‌ഷനിലാണ് കേരളത്തിലെ ഏക ഹാൻഡ്‌മെയ്ഡ് ടൈൽ ഫാക്ടറി. പേര് ലക്സ്ക്രീറ്റ്. ആർക്കിടെക്ട് സുധീഷ് സുധർമനാണ് സാരഥി.

ADVERTISEMENT

250 സ്ക്വയർഫീറ്റോ അതിൽ കൂടുതലോ ആവശ്യമുണ്ടെങ്കിൽ പറയുന്ന ഡിസൈനിലും നിറത്തിലുമുള്ള ടൈൽ നിർമിച്ചു നൽകും. അതിലും കുറച്ച് മതിയെങ്കിൽ നിലവിലുള്ള മോഡലുകളിൽ നിന്ന് തിരഞ്ഞെടുക്കാം. ടൈൽ മാത്രമല്ല, ജാളി, വോൾ ക്ലാഡിങ് മെറ്റീരിയൽ, സിഎസ്ഇബി ഇന്റർലോക്ക് ബ്രിക്, പേവ്മെന്റ് ടൈൽ എന്നിവ‌യും ഇവിടെ നിർമിക്കുന്നുണ്ട്.

മറ്റൊരിടത്തും കാണാത്ത ‍ഡിസൈനിലും മികച്ച ഗുണമേന്മയിലും വീടിന്റെ നിലമൊരുക്കാനുള്ള മാർഗമാണ് ഹാൻഡ്‌മെയ്ഡ് ടൈൽ എന്ന് ലക്സ്ക്രീറ്റ് മാനേജിങ് ഡയറക്ടർ സുധീഷ് സുധർമൻ പറയുന്നു– ‘‌‘മുകൾഭാഗത്ത് അഞ്ച് മുതൽ എട്ട് എംഎം വരെ കനത്തിൽ കളർ പിഗ്‌മെന്റ് വരുന്ന രീതിയിലാണ് ടൈൽ നിർമിക്കുന്നത്. ഇത് പോളിഷ് ചെയ്യാം. എത്ര കാലം കഴിഞ്ഞാലും നിറം മങ്ങുകയുമില്ല.

ADVERTISEMENT

കളർ‌ പിഗ്‌മെന്റിന് അടിയിൽ വരുന്ന ഭാഗത്ത് വൈറ്റ് സിമന്റ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. ഇതുകാരണം നിറത്തിന് കൂടുതൽ തെളിച്ചം ഉണ്ടാകും.

മിശ്രിതങ്ങൾ എല്ലാം കൂട്ടിയോജിപ്പിച്ച ശേഷം കൈകൊണ്ട് അമർത്തിയാണ് ആത്തംകുടി ടൈൽ നിർമിക്കുന്നത്. ഇവിടെ ഹൈഡ്രോളിക് പ്രസ് ഉപയോഗിക്കുന്നതിനാൽ ടൈലിന് ഉറപ്പും ബലവും കൂടുതലായിരിക്കും.

ADVERTISEMENT

ഒരു തവണ റഫ് പോളിഷ് ചെയ്ത് സീലർ അടിച്ചാണ് ടൈൽ പാക്ക് ചെയ്യുന്നത്. വിരിക്കുമ്പോൾ സിമന്റും അഴുക്കു മൊന്നും ടൈലിൽ പിടിക്കില്ല. വിരിച്ച ശേഷം പോളിഷ് ചെയ്യുന്നതോടെ ടൈലിന് നല്ല തിളക്കവും ഫിനിഷും ലഭിക്കും. ആത്തംകുടി ടൈൽ ഇങ്ങനെ പോളിഷ് ചെയ്യാനാകില്ല.’’

12 തൊഴിലാളികളാണ് ഫാക്ടറിയിലുള്ളത്. ഒരാൾ ഒഴികെ ബാക്കിയെല്ലാവരും നാട്ടുകാർ തന്നെയാണ്. ഒരാൾ ഒരു ദിവസം 80 – 85 ടൈൽ നിർമിക്കും.

ടൈൽ നിർമിച്ച് ഉണക്കിയെടുത്തു കഴിഞ്ഞാൽ അന്നു തന്നെ കയറ്റി അയക്കും. അത്രയ്ക്കാണ് ഡിമാൻഡ്. നേരിട്ടെത്തുന്ന വീട്ടുകാർ കൂടാതെ സ്ഥിരമായി വാങ്ങുന്ന ആർക്കിടെക്ടുമാരുടെയും ഡിസൈനർമാരുടെയും നീണ്ടനിരയുമുണ്ട്. കേരളത്തിനു പുറത്തേക്കും ടൈൽ അയക്കാറുണ്ട്.

8 x 8 ഇഞ്ച്,12 x 12 ഇഞ്ച് എന്നീ രണ്ട് അളവിലുള്ള ഫ്ലോർ ടൈലാണ് നിർമിക്കുന്നത്. 20 എംഎം ആണ് കനം. ടൈൽ നിർമിച്ച് എഴ് മുതൽ പത്ത് ദിവസം വരെ വെള്ളത്തിലിട്ട് ‘വാട്ടർ ക്യുവറിങ്’ ചെയ്ത ശേഷം രണ്ടാഴ്ചയോളം തണലിൽ ഉണക്കിയെടുക്കും. അതിനു ശേഷമാണ് വിൽപ്പനയ്ക്ക് നൽകുക. നിറം മങ്ങാത്തതും തിളക്കം നഷ്ടപ്പെടാത്തതുമായ ജർമൻ നിർമിത കളർ പിഗ്‌മെന്റ് ആണ് ടൈൽ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഒാർഗാനിക് കളർ പിഗ്‌മെന്റ് മതിയെങ്കിൽ അത് ഉപയോഗിക്കും.

ചതുരശ്രയടിക്ക് 150 രൂപ മുതൽ വിലയുള്ള ടൈൽ ഇവിടെയുണ്ട്. കസ്റ്റമൈസ്ഡ‍് ഡിസൈനിലുള്ള ടൈൽ ചതുരശ്രയടിക്ക് 250 രൂപ മുതൽക്കു ലഭിക്കും. മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന കസ്റ്റമൈസ്ഡ‍് ഹാൻഡ്‌മെയ്ഡ് ടൈലിന് ചതുരശ്രടിക്ക് 300 രൂപയ്ക്കടുത്ത് വില വരുമ്പോഴാണ് ഇത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ടൈലിനും ചതുരശ്രടിക്ക് 350 രൂപയിലധികം വില വരും.

തനിമയും വർണപ്പകിട്ടുമുള്ള വീട്ടകം സ്വപ്നം കാണുന്നവരുടെ ലക്ഷ്യസ്ഥാനമായി മാറുകയാണ് കേരളത്തിന്റെ സ്വന്തം ടൈൽ ഫാക്ടറി.

ADVERTISEMENT