ബജറ്റിൽ ഒതുങ്ങുന്ന ഭംഗിയുള്ള അടുക്കളകൾ കൈ എത്താദൂരത്തല്ല; ഗുണമേന്മയുള്ള കബോർഡ് നിർമാണസാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും Aluminum Cabinets: Elegance and Durability
അടുക്കളയുടെ കബോർഡുകൾ നിർമിക്കുമ്പോൾ ഈർപ്പം തട്ടാത്ത മെറ്റീരിയൽ ആയിരിക്കണം തട്ടുകൾ നിർമിക്കാനെങ്കിലും വാട്ടർ റെസിസ്റ്റന്റ് മെറ്റീരിയൽ വേണം.
പുതിയ അടുക്കളകളിൽ സ്ലാബ് നിർമിക്കുന്നതിനു പകരം മെറ്റൽ ഫ്രെയിമിൽ കബോർഡുകളും കൗണ്ടർടോപ്പും ഉറപ്പിക്കുകയാണു പതിവ്. സ്ലാബ് വാർക്കുന്നുണ്ടെങ്കിൽ തട്ടുകൾക്ക് ഫെറോസിമന്റ് ഉപയോഗിക്കുന്നതാണ് ലാഭകരം. ശരിയായി ക്യുവർ ചെയ്യാത്ത സ്ലാബിൽ ഈർപ്പത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന ഭീഷണിയുണ്ടെങ്കിലും അടുക്കളയിൽ അതത്ര പ്രശ്നമല്ല.
അലുമിനിയത്തിന്റെ അഴക്
ഭംഗി, ഈട് ഇതെല്ലാം മികച്ച രീതിയിൽ തരുന്ന അലുമിനിയമാണ് ഇടത്തരക്കാരന്റെ കബോർഡ് സ്വപ്നം പൂർത്തീകരിക്കുന്നത്. ഡബ്യൂപിസി, മൾട്ടിവുഡ് തുടങ്ങിയ ഏത് മെറ്റീരിയലിന്റെയും ഫിനിഷും പൂർണതയും ഇപ്പോൾ അലുമിനിയത്തിലും ലഭിക്കും. വാതിലിനോടൊപ്പം തന്നെയുള്ള പ്രൊഫൈൽ ഹാൻഡിലും അലുമിനിയത്തിൽ ഉണ്ട്. ട്രെൻഡ് ആയ നിറങ്ങൾ മുതൽ തടിയുടെ ഫിനിഷ് വരെ കിട്ടും. തുരുമ്പ് വരാത്തതിനാൽ വാതിലിനു മാത്രമല്ല, കബോർഡ് ബോക്സിനും അലുമിനിയം ഉപയോഗിക്കാം. ചതുരശ്രയടിക്ക് 500 മുതൽ 900 വരെ ഗ്രേഡ് അനുസരിച്ച് വിലവ്യത്യാസം വരും.
പിവിസി/യുപിവിസി കാബിനറ്റുകൾ
ഫിനിഷിന്റെയും ഈടിന്റെയും കാര്യത്തിൽ അത്ര മുന്നിലല്ലെങ്കിലും പിവിസി / യുപിവിസി കാബിനറ്റുകളും ചെലവു കുറവ് ആഗ്രഹിക്കുന്നവർക്കു മുന്നിൽ മികച്ച മാർഗമാണ്. ഈർപ്പം പ്രശ്നമല്ല, ഭാരം കുറവാണ് എന്നിവയാണ് പിവിസിയുടെയും യുപിവിസിയുടെയും ഗുണങ്ങൾ. ഏതു നിറത്തിലും ഫിനിഷിലും കിട്ടും. പിവിസി സ്ക്വയർഫീറ്റിന് 250 രൂപ മുതൽ കിട്ടും.
ഇക്കോ ഫ്രണ്ട്‌ലി ബാംബൂ പ്ലൈ
കബോർഡ് വാതിലുകൾക്കു വേണ്ടി ബാംബൂ പ്ലൈയുടെ ഷീറ്റ് ഉപയോഗിക്കുന്നത് താരതമ്യേന ചെലവു കുറഞ്ഞ മാർഗമാണ്. തടിയേക്കാൾ ചെലവു കുറവ് എന്നേ അവകാശപ്പെടാനാകൂ. ലഭ്യത കുറവാണ് എന്നതാണ് ബാംബൂ പ്ലൈയുടെ പോരായ്മ.
പഴയ തടിപ്പലക കളയേണ്ട
പഴയ തടി ഉരുപ്പടികൾ വിൽക്കുന്ന കടകളിൽ നിന്ന് ജനലിന്റെ പലക കൊണ്ടുവന്നു നിർമിക്കുന്ന തടി കബോർഡുകൾക്ക് താരതമ്യേന ചിലവു കുറവായിരിക്കും. പണിക്കൂലിയാണ് ചെലവു കൂട്ടുന്നതും കുറയ്ക്കുന്നതും.