ആരും കൊതിക്കും ഇങ്ങനൊരു നടുമുറ്റം. കാറ്റുകൊണ്ടിരിക്കാൻ മാത്രമല്ല, ലിഫ്ടിനും പൂജാമുറിക്കും ഇടമൊരുക്കുന്നതും ഇവിടം തന്നെ.
നടുമുറ്റമാണ് കോഴിക്കോട് ചേവായൂരിലെ ‘കിഡ്സൺ’ വീടിന്റെ ഹൈലൈറ്റ്. ഡബിൾഹൈറ്റിലുള്ള വിശാലമായ നടുമുറ്റം
തെക്കുപടിഞ്ഞാറൻ കാറ്റിനെ എല്ലാ മുറികളിലേക്കും സ്വീകരിച്ചാനയിക്കും വിധമാണ് വീടിന്റെ ഡിസൈൻ. കാറ്റിനൊരുക്കിയ വഴിയിലൂടെ വെളിച്ചവും വീടിനുള്ളിലെത്തും. അതുകാരണം എസിയും ഫാനും ഇല്ലാത്തപ്പോഴും ഇളംതണുപ്പുള്ള സുഖകരമായ അന്തരീക്ഷമാണ് വീടിനുള്ളിൽ.
വീടിനു നടുവിൽ, താഴത്തെ നിലയിലെ ഡൈനിങ് സ്പേസിനും മുകളിലെ ഫാമിലി ഏരിയയ്ക്കും നേരെ പിന്നിലായാണ് ഡബിൾ ഹൈറ്റിലുള്ള നടുമുറ്റം. രണ്ടു വശങ്ങളിലായി നാല് കിടപ്പുമുറികളും നടുമുറ്റത്തിന് അഭിമുഖമായി വരുന്നു. നടുമുറ്റത്തിന്റെ പുറത്തേക്ക് തുറക്കുന്ന ഭാഗത്ത് മുഴുവനായി സ്റ്റീൽ ഫ്രെയിമിൽ ഇരുമ്പ് ഗ്രിൽ ഇട്ടു. മുകളിൽ ഗ്ലാസ്സും പിടിപ്പിച്ചു.
ആകെയുള്ള അഞ്ച് കിടപ്പുമുറികളിൽ നാലിന്റെയും ഒരു ചുവർ മുഴുവൻ നടുമുറ്റത്തേക്ക് തുറക്കുന്ന രീതിയിലാണ്. ഇവിടെ നൽകിയിരിക്കുന്ന ജനലുകളും ഗ്ലാസ് വിൻഡോയും കാറ്റും കാഴ്ചകളും വീടിനുള്ളിലെത്തിക്കും.
ഡൈനിങ് സ്പേസിനോട് ചേർന്ന ഭാഗത്ത് ഗ്ലാസ് കൊണ്ടുള്ള സ്ലൈഡിങ് വാതിലാണ്. ഇതു തുറന്നാൽ നടുമുറ്റവും വീടിന്റെ ഭാഗമാകും. ഡെക്ക് ഫ്ലോർ രീതിയിലാണ് നടുമുറ്റത്തിന്റെ നിലം. പഴയ കപ്പൽ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച തടി ഇതിനായി ഉപയോഗിച്ചു. ദീർഘകാലം ഈടുനിൽക്കുമെന്നതാണ് പ്രത്യേകത. രാവിലെയും സായാഹ്നങ്ങളിലും വർത്തമാനം പറഞ്ഞിരിക്കാനും കാപ്പി കുടിക്കാനുമൊക്കെയായി വീട്ടുകാരുടെ പ്രിയ ഇടമാണ് നടുമുറ്റം. ഇവിടെയാണ് പൂജാമുറി. മുകൾനിലയിലേക്ക് എളുപ്പത്തിൽ എത്താനുള്ള ലിഫ്റ്റിന്റെ സ്ഥാനംഡൈനിങ് സ്പേസിനും നടുമുറ്റത്തിനും ഇടയിലായാണ്.
ഇരുമ്പ് ഗ്രില്ലിന് പിന്നിലായി അതിരിനോട് ചേർന്ന് നിരയായി മുള പിടിപ്പിച്ചതിനാൽ നടുമുറ്റത്ത് അധികം വെയിൽ ഉണ്ടാകില്ല, സ്വകാര്യതയും ലഭിക്കും. മുളഞ്ചില്ലകൾക്കിടയിലൂടെ വരുന്ന തണുത്ത കാറ്റ് എല്ലാ മുറികളിലും എത്തുംവിധമാണ് ‘ക്രോസ് വെന്റിലേഷൻ’ ക്രമീകരണങ്ങൾ.
ആർക്കിടെക്ട് ബിജു ബാലനാണ് വീട് രൂപകൽപന ചെയ്തത്.