കുറഞ്ഞ ചെലവിൽ വാഡ്രോബ് പണിയാം; മറക്കരുത് ഈ മൂന്ന് മെറ്റീരിയലുകൾ Cost-Effective Wardrobe Materials
ചെലവ് കുറയുമ്പോള്‍ ഗുണം കുറയരുത്. ഇത് മനസ്സിൽ വച്ചുവേണം വീടുപണിക്കിറങ്ങാന്‍. വീടുപണിയിൽ പോക്കറ്റ് കാലിയാക്കുന്ന ഒന്നാണ് വാഡ്രോബ്. വീട് വൃത്തിയായും അടുക്കോടെയും ഇരിക്കാൻ സ്റ്റോറേജ് മുഖ്യമാണുതാനും. കുറഞ്ഞ ചെലവിൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ വാഡ്രോബ് പണിയാൻ ഇതാ മൂന്ന് മെറ്റീരിയലുകൾ
ഫെറോസിമന്റ്
വാഡ്രോബുകൾക്ക് ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണ് ഫെറോസിമന്റ് തട്ടുകൾ നൽകി അലുമിനിയം വാതിലുകൾ നൽകുക എന്നത്. ഫെറോസിമന്റ് സ്ലാബുകളാണ് തട്ടുകൾക്കായി ഉപയോഗിക്കുന്നത്. വയർമെഷ്, മണൽ, സിമന്റ് എന്നിവയാണ് പ്രധാനമായും ഫെറോസിമന്റിന്റെ ചേരുവകൾ. ആവശ്യമനുസരിച്ച് അളവെടുത്താണ് സ്ലാബുകൾ വാർക്കുന്നത്. ആറിഞ്ച് അകലത്തിൽ കമ്പി കെട്ടി മുകളിൽ മെഷ് വച്ച് വാട്ടർ ലെവലിൽ അടിഭാഗത്ത് സിമന്റ് മാത്രം കലക്കി മിനുസപ്പെടുത്തി 1 x1 അടിയുടെ ചാനൽ വച്ച് ഒായിൽ ചെയ്ത് സിമന്റും മണലും കലക്കി നന്നായി അമർത്തി നിർമിക്കുന്നതിനാൽ നല്ല ഈടും ഉറപ്പുമുണ്ട്.
മൾട്ടിവുഡ്
മിനുസമുള്ള പ്രതലമായതിനാൽ നേരിട്ട് പെയിന്റടിക്കാം എന്നതാണ് മൾട്ടിവുഡിനെ ചെലവു കുറവിനൊപ്പം പ്രിയങ്കരമാക്കുന്നത്. ഈർപ്പം പിടിക്കില്ല, ചിതലിന്റെ ശല്യമുണ്ടാകില്ല. 8 x 4 അടി ഷീറ്റ് അഞ്ച് എംഎം മുതൽ 25 എംഎം വരെ കനത്തിൽ ലഭിക്കുന്നു. വില: ചതുരശ്രയടിക്ക് 180 രൂപ മുതൽ.
ഡബ്ല്യുപിസി
തടിക്കു പകരമായി Wood Plastic Composite (WPC) ഉപയോഗിക്കാം. കരിമ്പിന്റെയും ചോളത്തിന്റെയും ചണ്ടി പ്രത്യേക പോളിമർ സംയുക്തങ്ങളുമായി ചേർത്താണ് നിർമിക്കുന്നത്. കാഴ്ചയിൽ തടി പോലെ തോന്നും, വെള്ളം വീണാൽ കേടു പിടിക്കില്ല, ചിതലരിക്കില്ല, കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കില്ല എന്നതാണ് ഗുണങ്ങൾ. റണ്ണിങ് ഫീറ്റിന് 140 രൂപ മുതലാണ് വില.