ADVERTISEMENT

പുലിമുരുകനിൽ മോഹൻലാലിന്‍റെ നായിക ആകേണ്ടിയിരുന്നത് അനുശ്രീ. കമാലിനി മുഖർജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം സ്വീകരിക്കാതിരുന്ന കഥ ഈ ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ അനുശ്രീ തന്നെയാണ് വെളിപ്പെടുത്തിയത്. അനുശ്രീയുടെ വാക്കുകൾ–

"ലാലേട്ടനൊപ്പം ‘റെഡ്‌വൈനി’ൽ അഭിനയിച്ചിരുന്നു. പിന്നീട് ‘കനലി’ലേക്കും മറ്റൊരു സിനിമയിലേക്കും ലാലേട്ടനൊപ്പം ചാൻസ് വന്നിട്ട് ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ‘ഒപ്പം’ വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോൾ ലാലേട്ടൻ ചോദിച്ചു, ‘ഒടുവിൽ നീ വന്നു അല്ലേ’ എന്ന്. ‘അതെന്താ സംഗതി’ എന്നു പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇങ്ങനെ, ‘എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.’ ‘തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്’ എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീൻ കൂളായി.

ഒരു ഞരമ്പിന്റെ പ്രശ്നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ‘ഇതിഹാസ’യിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കി ടക്കുകയായിരുന്നു. ‘ചന്ദ്രേട്ടനി’ലേക്ക് വിളിക്കുമ്പോൾ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ, സിദ്ധാർഥേട്ടൻ പറഞ്ഞത് ‘ഇനിയും നാലു മാസമുണ്ട് ഷൂട്ടിങ്ങിന്, ഫിസിയോതെറപ്പി കഴിഞ്ഞ് മിടുക്കിയായി വരൂ’ എന്നാണ്. ഫിസിയോതെറപ്പി ചെയ്ത് കുറച്ച് ഓക്കെയായി. വർക്കിനു ജോയിൻ ചെയ്തിട്ടും ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് പോയി ഫിസിയോതെറപ്പി ചെയ്ത് മടങ്ങിവരുമായിരുന്നു.

ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടം. ‘പുലിമുരുക’നിൽ കമാലിനി മുഖർജി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നതാണ്. കഥ കേൾക്കുമ്പോഴാണ് ആക്‌ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോൾ വലിയ വിഷമമായി." – ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞു. ടെലിവിഷൻ ഷോയിൽ സീരിയൽ നടനുമൊത്തുള്ള പ്രണയകഥയും സങ്കൽപ്പത്തിലുള്ള പുരുഷൻ എങ്ങനെ ആയിരിക്കണം എന്നതും അടക്കമുള്ള കഥകൾ തുറന്നു പറഞ്ഞുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കുക.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT