Friday 01 March 2019 04:40 PM IST : By സ്വന്തം ലേഖകൻ

സിൽക്ക് സ്‌മിതയെ കണ്ടെത്തിയത് വിനു ചക്രവർത്തി; ഓർമയായത് എന്തൊക്കെയോ പറയാൻ ബാക്കിവച്ച്!

silk-vinu

ഒരുകാലത്ത് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ മാദകറാണിയായിരുന്ന സിൽക്ക് സ്മിതയെ പരിചയപ്പെടുത്തിയത് അന്തരിച്ച നടനും സംവിധായകനുമായ വിനു ചക്രവർത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള എല്ലൂര്‍ ഗ്രാമത്തിലെ ഒരു പൊടിമില്ലില്‍ നിന്നുമാണ് വിജയലക്ഷ്മിയെന്ന കറുത്തു മെലിഞ്ഞ സ്മിതയെ വിനു ചക്രവര്‍ത്തി കണ്ടെത്തുന്നത്.

1980-ല്‍ വിനു ചക്രവര്‍ത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ’വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയിൽ ഒരു ബാര്‍ ഡാൻസറുടെ വേഷത്തിലാണ് സ്‌മിതയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി. ആദ്യ സിനിമകളിലെ വിജയത്തിന് ശേഷം സ്മിതയ്ക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കൈനിറയെ പടങ്ങൾ, തെന്നിന്ത്യയില്‍ 450-ഓളം ചിത്രങ്ങളിൽ സിൽക്ക് അഭിനയിച്ചു.

ആദ്യ ചിത്രത്തിനുശേഷം വിനു ചക്രവർത്തിയുടെ കാമുകിയായി മാറിയിരുന്നു സിൽക്ക് സ്മിത. വിനുചക്രവര്‍ത്തി കണ്ടെത്തുമ്പോള്‍ അത്രയൊന്നും ഗ്ലാമറില്ലാത്ത സാധാരണ പെൺകുട്ടിയായിരുന്നു സ്മിത. അവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുകയും ഡാൻസ് പഠിപ്പിക്കുകയും ചെയ്തത് വിനു ചക്രവർത്തി മുൻകൈ എടുത്തായിരുന്നു. എന്നാൽ സിനിമാരംഗത്ത് സ്മിതയുടെ ഗ്രാഫ് ഉയർന്നതോടെ വിനു ചക്രവർത്തിയുമായുള്ള ബന്ധം താരം ഉപേക്ഷിച്ചു.

silk1

സില്‍ക്കിന്റെ ജീവിതകഥയെന്ന രീതിയിൽ 2011 ൽ പ്രദര്‍ശനത്തിനെത്തിയ വിദ്യ ബാലൻ നായികയായ ’ഡേര്‍ട്ടി പിക്ചറിനെ’ സംബന്ധിച്ച് വിനു ചക്രവർത്തി ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്മിതയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ സിനിമയിൽ കാണിക്കുന്നുള്ളൂ എന്നാണ് വിനു ചക്രവർത്തി വെളിപ്പെടുത്തിയത്. സിനിമയിൽ സിൽക്ക് സ്മിതയുടെ കഥ അപൂർണ്ണമാണെന്നും, അവരുടെ യഥാർത്ഥ ജീവചരിത്രം പറഞ്ഞു പുതിയ സിനിമ ചെയ്യാൻ പോകുന്നതായും വിനു ചക്രവർത്തി അറിയിച്ചിരുന്നു.

നായികയായെത്തിയ വിദ്യ ബാലന് സിൽക്കുമായി യാതൊരു സാമ്യവുമില്ലെന്നും, ഡേര്‍ട്ടി പിക്ചറല്ല, താന്‍ എടുക്കുന്ന സിനിമയായിരിക്കും സ്മിതയുടെ യഥാര്‍ത്ഥ ജീവിതകഥ എന്നുമാണ് വിനു ചക്രവര്‍ത്തി അവകാശപ്പെട്ടത്. ഡേര്‍ട്ടി പിക്ചറിലൂടെ പറയാതെ പോയ പല സംഭവങ്ങളും ചിത്രത്തിലുണ്ടാകുമെന്നും സൂചനകൾ നൽകിയിരുന്നു. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചര്‍ വാരിക്കൂട്ടിയത് 114 കോടി രൂപയാണ്. ഇതോടെ സ്മിതയായെത്തിയ വിദ്യാ ബാലന്റെ മാര്‍ക്കറ്റ് വാല്യൂ കൂടിയിരുന്നു.

vinu2

ജീവിതത്തിൽ ഇനിയും എന്തൊക്കെയോ പറയാൻ ബാക്കിവച്ചാണ് വിനു ചക്രവർത്തി (72) വിട പറഞ്ഞത്. ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴകത്തെ പഴയകാല നടന്മാരില്‍ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.

ശബ്ദമായിരുന്നു അദ്ദേഹത്തെ മറ്റുനടന്മാരില്‍നിന്നും വ്യത്യസ്തമാക്കിയ ഒരു പ്രധാനഘടകം. ലേലം, തെങ്കാശിപ്പട്ടണം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പിൽ ആൺ‌വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍.