Thursday 07 June 2018 04:18 PM IST : By സ്വന്തം ലേഖകൻ

ദിലീപിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഈ അമ്മയും മകളും!

dileep_home

കർക്കടകത്തിനു മുൻപ് നടൻ ദിലീപിന്റെ കൈയിൽ നിന്നു താക്കോൽ വാങ്ങി പുതിയ വീട്ടിലേക്ക് താമസം ഉറപ്പിക്കണമെന്ന അനുഗ്രഹയുടെയും അമ്മ സിനിയുടെയും സ്വപ്നം കൂടിയാണ് ദിലീപ് അറസ്റ്റിലായതോടെ പൊലിയുന്നത്. ദിലീപ് അംഗമായുള്ള ട്രസ്റ്റ് നിർമിച്ചു നൽകിയ വീടിന്റെ നിർമാണം പൂർത്തിയായെങ്കിലും ദിലീപിന്റെ സൗകര്യം അനുസരിച്ച് അദ്ദേഹം കൂടി പങ്കെടുക്കുന്ന ചടങ്ങിൽ ഗൃഹപ്രവേശം നടത്താനായിരുന്നു ഷാബിദാസിന്റെ കുടുംബം ആഗ്രഹിച്ചിരുന്നത്. ഇതിനിടയിലാണ് ദിലീപ് ജയിലിലായത്. 2016 ജൂൺ ഒൻപതിന് കറുകച്ചാൽ സബ് ട്രഷറി ഓഫിസിന് എതിർവശം ബസ് ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടാവുകയും ഒട്ടേറെ ജീവനുകൾ രക്ഷിച്ചു സ്വയം മരണത്തിനു കീഴടങ്ങുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവർ നെടുംകുന്നം ചേലക്കൊമ്പ് പനയംതെങ്ങിൽ ഷാബി ദാസിന്റെ (ജോയി—45) കുടുംബത്തിനായി ദിലീപിന്റെ നേതൃത്വത്തിലാണ് ഏതാനും മാസം മുമ്പ് വീട് നിർമാണം ആരംഭിച്ചത്.

ഷാബിദിസിന്റെ മരണത്തോടെ ഭാര്യ സിനിയും ഏഴ് വയസുകാരിയായ മകൾ അനുഗ്രഹയും വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ കുടുംബ വീട്ടിൽ കഴിയുന്ന ഇവർക്ക് പുതിയ വീടിന്റെ താക്കോൽ ദാനം എട്ടിനു നടക്കുമെന്നായിരുന്നു സംഘാടക സമിതി അറിയിപ്പു നൽകിയിരുന്നത്. ദിലീപിന്റെ നേതൃത്വത്തിൽ സുരക്ഷിത ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷാബിദാസിനായി വീടു നിർമിച്ചത്. നെടുംകുന്നം പഞ്ചായത്തിന്റെ 13–ാം വാർഡിൽ ഷാബിദാസ് കുടുംബസഹായ സമിതി വാങ്ങിയ സ്ഥലത്ത് ജിപി ചാരിറ്റബിൾ ട്രസ്റ്റ്, കേരള ആക്‌ഷൻ ഫോഴ്സ് എന്നിവയുടെ സഹായത്തോടെയാണ് അഞ്ചര ലക്ഷം രൂപ മുതൽ മുടക്കി വീടു നിർമിച്ചത്.

കയറിക്കിടക്കുവാൻ ഒരു തുണ്ടു ഭൂമിപോലും ഇല്ലാതിരുന്ന ഷാബി ദാസിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി പഞ്ചായത്തിന്റെയും ചങ്ങനാശേരി പ്രത്യാശ ടീമിന്റെയും നേതൃത്വത്തിൽ ധന സമാഹാരം നടത്തിയിരുന്നു. ധനസമാഹാരത്തിൽ 585500 രൂപ ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. രണ്ടാഴ്ചക്കകം ദിലീപിന്റെ അഭാവത്തിലും താക്കോൽ ദാനം നടത്താമെന്നു ഭാരവാഹികൾ അറിയിച്ചതായി പഞ്ചായത്ത് അധികൃതരും പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍