Saturday 15 September 2018 02:23 PM IST : By സ്വന്തം ലേഖകൻ

ഐ.വി.ശശി യാത്രയായത് അവസാന ചിത്രം എന്ന സ്വപ്നം ബാക്കിയാക്കി! ബേണിങ് വെൽസിൽ കഥാപാത്രങ്ങളായി മനസിൽ കണ്ടിരുന്നത് മമ്മൂട്ടി അടക്കമുള്ള താരങ്ങളെ

iv_sasi_sohan

‘ഒരു സിനിമ കൂടി എനിക്ക് ചെയ്യണം. ബേണിങ് വെൽസ്.. കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുള്ള വലിയ ബജറ്റിലുള്ള ചിത്രമാണത്. രണ്ടു വർഷത്തെ പഠനത്തിനൊടുവിലാണ് കഥയും തിരക്കഥയും തയാറാക്കിയത്. പൂർണമായും കുവൈത്തിലാകും ചിത്രീകരണം. ചിത്രീകരണത്തിന് അവിടുത്തെ സർക്കാരിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷത്തോടെ ചിത്രീകരണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’– രണ്ടാഴ്ച മുൻപ് ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ ഐ.വി.ശശി ‘വനിത ഓൺലൈനു’മായി പങ്കുവച്ച സ്വപ്നമാണിത്.

ഡാം999 സംവിധാനം ചെയ്ത സോഹൻ റോയിയുമായി ചേർന്ന് ഇംഗ്ലീഷിൽ അടക്കം ചിത്രീകരണം നടത്താനായിരുന്നു പദ്ധതി. 162 കോടി രൂപയായിരുന്നു നിർമാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു സുപ്രധാന റോളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബോളിവുഡിലെയും മലയാളത്തിലെയും നിരവധി താരങ്ങള്‍ പ്രോജക്ടിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ‘വനിത ഓൺലൈനോ’ടു പറഞ്ഞിരുന്നു. മരണം അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതത്തിന് വിരാമം ഇടുമ്പോൾ ആ വലിയ ചിത്രമെന്ന സ്വപ്നം അപ്പോഴും ബാക്കിയാകുന്നു.