Wednesday 26 June 2019 06:05 PM IST

ആ ബന്ധത്തിലെ പ്രതിസന്ധികൾ അതിജീവിച്ചു, ഈ ജീവിതത്തിന് മധുരം അൽപം കൂടുതലാണ്! രുചിയുടെ തന്ത്രികൾ മീട്ടും ‘വീണയുടെ ലോകം’

Priyadharsini Priya

Senior Content Editor, Vanitha Online

veenaas-curry1

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്ന മട്ടിലാണ് യൂട്യൂബിലെ പാചക വ്ലോഗർമാരുടെ പട്ടിക. വിദഗ്ധരെ തട്ടീട്ടും മൂട്ടീട്ടും ബ്രൗസ് ചെയ്യാൻ പറ്റാത്ത അവസ്ഥ. പലരുടെയും വ്യൂസ് ആയിരങ്ങളിൽ ഒതുങ്ങുമ്പോൾ ഇവിടൊരാൾ കൈപ്പുണ്യം കൊണ്ട് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുകയാണ്. തൃശൂര് നിന്ന് ഗൾഫിലേക്ക് ചേക്കേറിയ ‘ക്ടാവ്’ ഇപ്പോൾ യൂട്യൂബിലെ പാചകക്കാരുടെ ഇടയിലെ സൂപ്പർ സ്റ്റാർ. കാഴ്ചകാരുടെ എണ്ണം മില്യണും കടന്നപ്പോൾ യൂട്യൂബ് വിളിച്ചൊരു സമ്മാനവും കൊടുത്തു... ഗോൾഡ് പ്ലേ ബട്ടൺ! പത്തു ലക്ഷം വരിക്കാരുള്ള പ്രസ്ഥാനമായി വളർന്ന ആദ്യ മലയാളി ലേഡി വ്ലോഗായ ‘വീണാസ് കറി വേൾഡ്’ ഒരു ഒന്നൊന്നര സംഭവമായതെങ്ങനെ എന്നു ചോദിച്ചാൽ വീണയുടെ മറുപടി ഒറ്റ വരിയിലാണ്– "മനസ്സിലുള്ള മടി മാറ്റിവച്ചാൽ മാത്രം മതി, പിന്നെ ആഗ്രഹിക്കുന്ന നേട്ടം കൊയ്യാൻ എളുപ്പമാണ്." തൃശൂരെ നാട്ടിൻപുറത്തു നിന്ന് രുചിയുടെ ലോകത്തേക്ക് കടന്നുചെന്ന വീണയുടെ കഥ ഇങ്ങനെ.

ആദ്യം ബ്ലോഗ്, പിന്നെ വ്ലോഗ്

വിവാഹം കഴിഞ്ഞു 2006 നവംബറിൽ ആണ് ദുബായിൽ എത്തിയത്. അന്ന് മോൻ കൈക്കുഞ്ഞായിരുന്നു. അവന് മൂന്നര വയസ്സായപ്പോൾ സ്‌കൂളിൽ ചേർത്തു. അതോടെ വീട്ടിൽ ഞാൻ ഒറ്റയ്ക്കിരുന്നു ബോറടിച്ചു. പുതിയ സ്ഥലം, കൂട്ടുകാരൊക്കെ കുറവായിരുന്നു. സമയം കളയാൻ അമ്മയുടെ പാചക ബുക്കെടുത്ത് ചില പരീക്ഷണങ്ങളൊക്കെ ചെയ്തു നോക്കിത്തുടങ്ങി. ഇതുകണ്ട് ഭർത്താവ് ജാൻ ജോഷിയാണ് ചോദിച്ചത്, നിനക്ക് എന്തുകൊണ്ട് ഒരു ബ്ലോഗ് ചെയ്തുകൂടാ എന്ന്. ആ സമയത്ത് അദ്ദേഹം ബുക്ക് റിവ്യൂ ബ്ലോഗ് ചെയ്തിരുന്നു. 2008 ഒക്ടോബറിൽ ഞാനൊരു പാചക ബ്ലോഗ് തുടങ്ങി. റെസിപ്പി പരീക്ഷിച്ച് കുറേപേർ നല്ല അഭിപ്രായം പറഞ്ഞു. അവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പാചകം വിഡിയോ ആയി ചെയ്യാൻ തുടങ്ങിയത്.

veenaas-curry6

2014 ൽ വിഡിയോ അത്ര സജീവമായിരുന്നില്ല. എനിക്ക് ക്യാമറ ഫെയ്‌സ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. വിഡിയോ എടുക്കുമ്പോൾ ഞാൻ ചിരിച്ചു തുടങ്ങും. എന്റെ ശബ്ദം റെക്കോഡിങ്ങിലൂടെ കേൾക്കുമ്പോൾ വല്ലാത്ത ഇറിറ്റേഷനായിരുന്നു. അങ്ങനെ നെഗറ്റിവ് ചിന്തകൾ കൂടിവന്ന് എനിക്കിത് പറ്റില്ല എന്ന അവസ്ഥയിലെത്തി. അതേസമയം കുറേപേർ എന്നെ ബൂസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. വീണയ്ക്കിത് പറ്റുമെന്ന് പറഞ്ഞ് അവർ പ്രോത്സാഹിപ്പിച്ചു. അങ്ങനെ എന്തും വരട്ടെയെന്ന് ചിന്തിച്ച് 2015 നവംബർ മൂന്നിനാണ് ആദ്യത്തെ റെസിപ്പി ഞാൻ യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നത്.

‘അണുകുടുംബമെന്തിന്, ഒരാൾക്കൊരാൾ കരുതലാകട്ടെ’; ജോസഫിനും നീനയ്ക്കും ദൈവം കനിഞ്ഞു നൽകിയത് അഞ്ച് മണിമുത്തുകളെ

ഈ മിസ്റ്റർ ഇന്ത്യക്ക് ചാക്കോച്ചനുമായൊരു ബന്ധമുണ്ട്! ബോഡി ബിൾഡിങ്ങിൽ നാടിന് അഭിമാനമായി മറ്റൊരു ചാക്കോച്ചൻ

‘ഉരുക്കു വനിതയെ ഞാനീ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു’; മകളുണ്ടായ സന്തോഷം പങ്കുവച്ച് ബിബിൻ ജോർജ്

veenaas-curry7

വരുമാനം താനേ വന്നോളും

ആദ്യമൊക്കെ എനിക്ക് ക്യാമറ ആങ്കിൾ, ലൈറ്റിങ് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ചെറിയ കുടുംബമായതു കൊണ്ട് നല്ല പാത്രങ്ങളൊന്നും കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെ ആദ്യം കുറേ നെഗറ്റിവ് കമന്റുകൾ കിട്ടിത്തുടങ്ങി. തെറ്റുകൾ ഒന്നൊന്നായി തിരുത്തി. ഒരമ്പത് എപ്പിസോഡ് ആയപ്പോൾ കോൺഫിഡൻസ് വന്നു തുടങ്ങി. ക്യാമറയും വിഡിയോ എഡിറ്റിങ്ങും ഞാൻ തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്. ആരെയും ആശ്രയിക്കരുതെന്ന് ഹസ്ബന്റിനു നിർബന്ധം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും പഠിച്ചെടുത്തത്.

veenaas-curry3

ധാരാളം മെയിലുകളും മെസ്സേജുകളുമൊക്കെ പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. എന്നോടുള്ള സ്നേഹം അവരുടെ വാക്കുകളിൽ തിരിച്ചറിയാം. പുറത്തുപോകുമ്പോൾ ആളുകൾ വീണ ചേച്ചി എന്നുവിളിച്ച് അടുത്തുവരാറുണ്ട്. അവരുടെ കുടുംബത്തിലെ ഒരാളായിട്ടാണ് എന്നെ കാണുന്നത്. കുക്കിങ്ങിനിടെ കുടുംബ വിശേഷങ്ങൾ കൂടി പറയുന്നത് കൊണ്ട് എല്ലാവർക്കും എന്റെ കാര്യങ്ങൾ മനഃപാഠമാണ്. ഇപ്പോൾ ആയിരക്കണക്കിന് പേരാണ് സ്വന്തം കുടുംബം പോലെ കൂടെയുള്ളത്.

എങ്കിലും ചിലർ വളരെ മോശം കമന്റും അശ്ലീലം പറഞ്ഞുമൊക്കെ വരാറുണ്ട്. ആദ്യകാലത്ത് ഇതൊക്കെ കാണുമ്പോൾ ഞാൻ കരഞ്ഞിരുന്നു. ഭർത്താവാണ് ധൈര്യം പകർന്നു കൂടെനിന്നത്. അദ്ദേഹം രാവിലെ നേരത്തെ എഴുന്നേറ്റ് കമന്റുകളൊക്കെ വായിച്ചു ഫിൽറ്റർ ചെയ്യും. മോശം കമന്റുകൾ ഡിലീറ്റ് ചെയ്യും. അന്നൊക്കെ ഇത്തരം കമന്റുകൾ ഞാൻ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഇന്ന് എനിക്കത് കണ്ടു കണ്ട് ശീലമായി. ഇപ്പോൾ ഞാൻ തന്നെ ഡിലീറ്റ് ചെയ്യാറാണ് പതിവ്.

വരുമാനത്തിന് വേണ്ടിയല്ല ചാനൽ തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒരു വർഷത്തോളം മോണിറ്റൈസേഷന് വേണ്ടി അപേക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കളാണ് നിർബന്ധിച്ച് അപ്ലൈ ചെയ്യിപ്പിച്ചത്. മോണിറ്റൈസേഷന് അപേക്ഷിച്ചു മൂന്നു മാസം കഴിഞ്ഞപ്പോഴാണ് എനിക്ക് ആദ്യത്തെ ശമ്പളമായി 13000 രൂപ കിട്ടിയത്. ഇപ്പോൾ അത്യാവശ്യം നല്ല വരുമാനം ലഭിക്കുന്നുണ്ട്. ചാനൽ ഹിറ്റായതോടെ ധാരാളം സ്‌പോൺസർമാർ സമീപിക്കാറുണ്ട്, പക്ഷെ, മറ്റൊരാൾക്ക് പരസ്യം ചെയ്യാൻ വേണ്ടി ഞാനെന്റെ യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ല. മുൻപ് പരസ്യങ്ങൾ കണ്ട് ഞാൻ വഞ്ചിതയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ കാരണം മറ്റൊരാൾക്കും അത്തരമൊരു അനുഭവം ഉണ്ടാകരുത്. സത്യസന്ധമല്ലാതെ പണം ഉണ്ടാക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. പണത്തിനുവേണ്ടി മാത്രം യൂട്യൂബ് ചാനൽ തുടങ്ങുന്നതിനോട് യോജിപ്പുമില്ല.

veenaas-curry8

കുറിപ്പടിയിലെ മരുന്നിനു പകരം മറ്റൊരെണ്ണം; ഡോസ് കൂടി കുഞ്ഞാവ ആശുപത്രിയിൽ; അമ്മമാർ അവഗണിക്കരുത് ഈ കുറിപ്പ്

പൊളിച്ചു കളഞ്ഞില്ല ഓർമ്മകൾ! പുനർജ്ജനിച്ചു 150 വർഷം പഴക്കമുള്ള തറവാട്; ചിത്രങ്ങൾ

veenaas-curry4

തനിനാടൻ രുചിയുടെ റാണി

എന്റെ അമ്മ ടീച്ചറായിരുന്നു. നന്നായി കുക്ക് ചെയ്യുമായിരുന്നു. അമ്മയുടെ രുചിയിൽ നിന്നാണ് പാചകത്തോടുള്ള ഇഷ്ടം തുടങ്ങുന്നത്. ആറിൽ പഠിക്കുമ്പോഴാണ് ആദ്യമായി തമിഴ്‌നാട് സ്റ്റൈലിൽ റവ കിച്ചടി ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കൊടുത്തത്. നന്നായിരുന്നു മോളെ എന്നായിരുന്നു അച്ഛന്റെ പ്രതികരണം. അവിടം തൊട്ടാണ് പാചകം എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയത്.

എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോഴും പാചക പരീക്ഷണങ്ങൾ ചെയ്തിരുന്നു. ഞാൻ തമിഴ്‌നാട് ഡിണ്ടിഗലിൽ നിന്നാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് പാസായത്. എന്നാൽ കോഴ്സ് കഴിഞ്ഞ ശേഷം അതൊരു പ്രൊഫഷനായി എടുത്തില്ല. അന്നും പാചകം തന്നെയായിരുന്നു മനസ്സിൽ. പാചകവും എന്റെ പാഷനായിരുന്നു, ഇപ്പോൾ നല്ലൊരു വരുമാന മാർഗം കൂടിയാണ് എന്നു മാത്രം.

veenaas-curry5

സാധാരണ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറികളാണ് ഞാൻ വ്ലോഗിൽ പരിചയപ്പെടുത്തുന്നത്. പുളിശ്ശേരി, എലിശ്ശേരി, മെഴുക്കുവരട്ടി പോലുള്ള സിമ്പിൾ കറികൾ. വലിയ ഹൈഫൈ ആയിട്ടുള്ള ഡിഷുകളൊന്നും ഞാൻ തിരഞ്ഞെടുക്കാറില്ല. പുതിയ തലമുറയ്ക്ക് നാടൻ കറികൾ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. ചൈനീസും കോണ്ടിനെന്റൽ ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ, ഒരു തൊണ്ണൂറു ശതമാനവും ഞാൻ പരീക്ഷിച്ചു വിജയിച്ച നാടൻ കറികളാണ്.

സൽക്കാര ലെയർ ടീയാണ് ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ച ഒരു പാചക പരീക്ഷണം. അതേസമയം ഫ്ലോപ്പായ കുറെ റെസിപ്പികളുണ്ട്. അതിലൊന്നാണ് ചിക്കൻ കടായി. കാരണം ഈ വിഭവം ഓരോ റസ്റ്റോറന്റിലും വ്യത്യസ്ത രീതിയിലാണ് ലഭിക്കുക. ഏതാണ് ശരിയെന്ന് ചിന്തിച്ച് ആകെ കൺഫ്യൂഷനടിക്കാറുണ്ട്.

ഭർത്താവാണ് ഹീറോ

കേരളത്തിൽ തൃശൂർ ആണ് നാട്. പെരിഞ്ഞനം എന്ന ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതുമെല്ലാം. ഇപ്പോൾ ദുബായിലാണ് സ്ഥിര താമസം. ഭർത്താവ് ജാൻ ജോഷി, ബിസിനസ് അനാലിസിസ് മാനേജരായി എമിറേറ്റ്സിൽ ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേർ. മൂത്തയാൾ അവനീത് പത്തിൽ. രണ്ടാമൻ ആയുഷ് നാലിലും. എല്ലാത്തിനും കൂട്ട് ഭർത്താവാണ്. അദ്ദേഹമാണ് ജീവിതത്തിലെ മെന്റർ. അവിടെനിന്ന് കിട്ടുന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് ഇന്ന് ഈ നിലയിലെത്തിയത്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ ഓരോന്നായി മറികടക്കുമ്പോൾ മനസ്സിൽ കോൺഫിഡൻസ് തോന്നാറുണ്ട്. അതായിരിക്കും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിട്ടും ഊർജം നിലനിൽക്കുന്നതിന്റെ കാരണം. നന്നായി ചിരിച്ചാൽ തന്നെ മുഖം തിളങ്ങും.

2002 ലായിരുന്നു എന്റെ ആദ്യ വിവാഹം. അന്ന് മൂന്നൂറു പവൻ സ്വർണ്ണവും കാറുമൊക്കെ കൊടുത്താണ് വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചത്. ദുരിതം നിറഞ്ഞ ജീവിതമായിരുന്നു അത്. മൂന്നു വർഷത്തോളം പരമാവധി അനുഭവിച്ചു. പലപ്പോഴും ആത്മഹത്യയുടെ വക്കിൽ വരെയെത്തി. എങ്കിലും എന്റെ ഭാഗത്തു നിന്ന് ഒരു തെറ്റ് ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരമാവധി ക്ഷമിച്ചു, സഹിച്ചു.

കുഞ്ഞുണ്ടായാൽ എല്ലാം ശരിയാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷെ, അവിടെയും പിഴച്ചു. ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളിൽ നിന്നും കടുത്ത മാനസിക പീഡനം തുടർന്നു. ലേബർ റൂമിൽ പോലും സമാധാനം ഇല്ലാത്ത അവസ്ഥ. പ്രസവശേഷം വീട്ടിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നല്ല. കുഞ്ഞിനെ ഉപദ്രവിക്കുന്നത് വരെയെത്തി കാര്യങ്ങൾ. ഒടുവിൽ എന്റെ കുഞ്ഞിന്റെ ജീവനു വരെ ഭീഷണിയാകുമെന്ന് മനസ്സിലായപ്പോൾ വേർപിരിയാൻ തന്നെ തീരുമാനിച്ചു.

2006 ലാണ് എന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. അന്ന് അഭിമോന് ഒന്നര വയസ്സ് ആയിരുന്നു. ഭർത്താവ് ജാൻ ജോഷിയാണ് എന്റെ ജീവിതം മാറ്റിമറിച്ച വ്യക്തി. ആ വ്യക്തി എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ വീണ എന്നൊരാൾ ഉണ്ടാകില്ല. നഷ്ടപ്പെട്ട സന്തോഷങ്ങൾ ഓരോന്നും എനിക്ക് തിരിച്ചു കിട്ടി. ഇന്ന് ആത്മവിശ്വാസത്തോടെ നിങ്ങളെ നോക്കി പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനു കാരണം ജാനാണ്. അദ്ദേഹത്തോട് ഞാനീ ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നു.