അനുഭവിക്കുന്നവരെ മുറിവേൽപ്പിക്കുന്ന വാക്കാണ് വന്ധ്യത.കടുപ്പമേറിയ യാഥാർഥ്യവും. പരിമിതി അല്ല, മറിച്ച് രോഗാവസ്ഥആയി തിരിച്ചറിഞ്ഞ് വിവേകപൂർവം അതിനു പരിഹാരം തേടുക. കാലമേറെ മാറിയാലും മാറ്റമില്ലാത്ത ദുഃഖമാണ് വന്ധ്യത. മനുഷ്യരെ ദു ർബലരും നിസ്സഹായരുമാക്കുന്ന അ വസ്ഥ. വീണുപോകാത്ത മനസാന്നിധ്യവും പ്രതീക്ഷയും

അനുഭവിക്കുന്നവരെ മുറിവേൽപ്പിക്കുന്ന വാക്കാണ് വന്ധ്യത.കടുപ്പമേറിയ യാഥാർഥ്യവും. പരിമിതി അല്ല, മറിച്ച് രോഗാവസ്ഥആയി തിരിച്ചറിഞ്ഞ് വിവേകപൂർവം അതിനു പരിഹാരം തേടുക. കാലമേറെ മാറിയാലും മാറ്റമില്ലാത്ത ദുഃഖമാണ് വന്ധ്യത. മനുഷ്യരെ ദു ർബലരും നിസ്സഹായരുമാക്കുന്ന അ വസ്ഥ. വീണുപോകാത്ത മനസാന്നിധ്യവും പ്രതീക്ഷയും

അനുഭവിക്കുന്നവരെ മുറിവേൽപ്പിക്കുന്ന വാക്കാണ് വന്ധ്യത.കടുപ്പമേറിയ യാഥാർഥ്യവും. പരിമിതി അല്ല, മറിച്ച് രോഗാവസ്ഥആയി തിരിച്ചറിഞ്ഞ് വിവേകപൂർവം അതിനു പരിഹാരം തേടുക. കാലമേറെ മാറിയാലും മാറ്റമില്ലാത്ത ദുഃഖമാണ് വന്ധ്യത. മനുഷ്യരെ ദു ർബലരും നിസ്സഹായരുമാക്കുന്ന അ വസ്ഥ. വീണുപോകാത്ത മനസാന്നിധ്യവും പ്രതീക്ഷയും

അനുഭവിക്കുന്നവരെ മുറിവേൽപ്പിക്കുന്ന വാക്കാണ് വന്ധ്യത. കടുപ്പമേറിയ യാഥാർഥ്യവും. പരിമിതി അല്ല, മറിച്ച് രോഗാവസ്ഥ ആയി  തിരിച്ചറിഞ്ഞ് വിവേകപൂർവം അതിനു പരിഹാരം തേടുക.

കാലമേറെ മാറിയാലും മാറ്റമില്ലാത്ത ദുഃഖമാണ് വന്ധ്യത. മനുഷ്യരെ ദു ർബലരും നിസ്സഹായരുമാക്കുന്ന അ വസ്ഥ.

ADVERTISEMENT

വീണുപോകാത്ത മനസാന്നിധ്യവും പ്രതീക്ഷയും ശരിയായ ചികിത്സയുമാണ് ഈ മഹാദുഃഖത്തിന്റെ മറുകര കയറാനുള്ള തോണി. ലോകം മുഴുവൻ   അഭിപ്രായങ്ങളും വിമർശനങ്ങളും കൊണ്ട് ആക്രമിച്ചാലും  ലക്ഷ്യബോധത്തോടെ സ്വപ്നത്തിലേക്കു തുഴഞ്ഞു കയറുകയാണു വേണ്ടത്. പ്രതീക്ഷയാണു വിജയത്തിലേക്ക് നമ്മെ എത്തിക്കുക എന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങാം.

ചികിത്സ എപ്പോൾ തുടങ്ങണം?

ADVERTISEMENT

വിവാഹശേഷം ഒരു വർഷം വ രെ യാതൊരു ഗർഭനിരോധന ഉപാധികളും ഉപയോഗിക്കാതെ പതിവായി ലൈംഗിക ബന്ധം പുലർത്തിയിട്ടും ഗർഭമാകുന്നില്ല എങ്കിൽ വന്ധ്യത സംശയിക്കാം. വന്ധ്യത സംശയിച്ചാൽ എത്രയും പെട്ടെന്ന് അതു നേരിടാൻ ഒരുങ്ങുക എന്നതാണ് ആദ്യ പടി.

 മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ദമ്പതിമാരിൽ സ്ത്രീക്ക് മുപ്പത്തിയഞ്ചിനു താഴെ പ്രായമാണെങ്കിൽ ഒരു വർഷത്തിനുള്ളിലും മുപ്പത്തിയഞ്ചു വയസ്സിനു മുകളിലാണെങ്കിൽ ആറു മാസത്തിലും വന്ധ്യതാ ചികിത്സ തുടങ്ങണം. ആർത്തവ ക്രമക്കേട്, ലൈംഗിക താൽപര്യക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ (sexual dysfunction) എന്നിവ ഉണ്ടെങ്കിൽ കാത്തിരിക്കാതെ ത ന്നെ ചികിത്സ തുടങ്ങുക.  

ADVERTISEMENT

ചികിത്സ സ്വീകരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞാൽ വിശ്വാസ്യതയുള്ള ആശുപത്രികളിലെ വന്ധ്യത ചികിത്സാ വിദഗ്ധരെ തന്നെ കാണണം. ഭാര്യയും ഭർത്താവും ഒന്നിച്ചു വേണം ഡോക്ടറെ കാണാൻ. ഇരുവരോടും വിശദമായി  സംസാരിച്ചാൽ മാത്രമേ പ്രശ്നം ശരിയായി പഠിച്ചു മനസ്സിലാക്കാനും വേണ്ട പരിശോധനകൾ കൃത്യമായി നിർണയിക്കാനും നിർദേശിക്കാനും ഡോക്ടർക്ക് സാധിക്കൂ.

ചികിത്സയെക്കുറിച്ചു അറിയേണ്ടതായ കാര്യങ്ങളെല്ലാം  ചോദ്യങ്ങളാക്കി തയാറാക്കുക. അതു മടിയില്ലാതെ ചോദിച്ചു സംശയങ്ങൾ ദൂരീകരിക്കുക.

ചികിത്സ സ്വീകരിക്കും മുൻപ്

വന്ധ്യത പരിഹരിക്കാൻ ചികിത്സ തേടും മുൻപ്  ചെയ്യാവുന്ന ചില മുന്നൊരുക്കങ്ങളുണ്ട്. വന്ധ്യത സമ്മാനിക്കുന്ന പൊതുവായുള്ള ചില സാഹചര്യങ്ങളെ ഒഴിവാക്കുകയാണത്.

അമിത ഭാരം നിയന്ത്രിക്കുക

ആർത്തവ ചക്രത്തിന്റെ ക്രമം തെറ്റുക, ആർത്തവ ക്രമക്കേടുകൾ വരിക, ഗർഭധാരണത്തിലും ഗർഭാവസ്ഥയിലും പ്രസവത്തിലും പ്രശ്നങ്ങളുണ്ടാകുക എന്നീ സാഹചര്യങ്ങളിലേക്കു ശരീരത്തിന്റെ അമിതഭാരം നമ്മളെ നയിക്കും.

ആരോഗ്യകരമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതിന് ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ശരീരഭാരം (ബോഡി മാസ് ഇൻഡക്സ്) ഉണ്ടാകേണ്ടത് ആവശ്യമാണ്. അമിതഭാരം അഞ്ചു ശതമാനം കുറച്ചാൽ തന്നെ ആർത്തവ ചക്രം ക്രമമാകുകയും അണ്ഡോത്പാദനം ശരിയായി നടക്കുകയും സ്വാഭാവിക ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.

പുരുഷന്മാരിൽ അമിത വണ്ണം ബീജത്തിന്റെ എണ്ണം, ഗുണനിലവാരം, ചലനശേഷി ഇവയെ പ്രതികൂലമായി ബാധിക്കും.

ചെയ്യേണ്ടത് : കൃത്യമായ ആഹാരം, സന്തുലിതമായ ആഹാരക്രമം എന്നിവയിലൂടെ ജീവിതശൈലി കൊണ്ടുണ്ടായ അമിതവണ്ണത്തെ നിയന്ത്രിക്കാനാകും. അതിലൂടെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, കൊളസ്ട്രോൾ എന്നിവയും നിയന്ത്രിക്കപ്പെടും.

പ്രമേഹവും കൊളസ്ട്രോളും

പ്രമേഹവും കൊളസ്ട്രോളും ബീജത്തിന്റെ ഗുണനിലവാരവും ഗർഭാശയത്തിൽ പിടിച്ചു വളരാനുള്ള ഭ്രൂണത്തിന്റെ കഴിവും പരിമിതപ്പെടുത്തും.   

ചെയ്യേണ്ടത് : ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, ആവശ്യമെങ്കിൽ മരുന്നുപയോഗിച്ചുള്ള ചികിത്സ ഇവയിലൂടെ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കുക.

മദ്യപാനം, പുകവലി ഒഴിവാക്കുക

മദ്യപാനവും പുകവലിയും അണ്ഡത്തിന്റെയും ബീജത്തിന്റെയും ഇവ ചേർന്നുണ്ടാകുന്ന ഭ്രൂണത്തിന്റെയും ഗുണനിലവാരം കുറയ്ക്കും. നിക്കോട്ടിൻ അടങ്ങിയ വസ്തുക്കളും പല വിധത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വന്ധ്യതയെ ക്ഷണിച്ചു വരുത്തും

ചെയ്യേണ്ടത് : പുകവലിയും മദ്യപാനവും പലവിധ ലഹരി ഉപയോഗവും പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. നിറമുള്ള പച്ചക്കറികൾ, ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഫലവർഗങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരം കൂട്ടും.

നന്നായി ഉറങ്ങുക

നല്ല ഉറക്കം ശാരീരിക പ്രവർത്തനങ്ങളെ മികച്ചതാക്കും. ഉറക്കക്കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഉറക്കത്തിന്റെ നിലവാരമില്ലായ്മ ശരീരഭാരം വർധിപ്പിക്കുക, ക്ഷീണം കൂട്ടുക, ശരിയായ ലൈംഗിക ബന്ധം സാധ്യമാകാതെ വരിക തുടങ്ങിയ അവസ്ഥകളുണ്ടാക്കും.

ചെയ്യേണ്ടത് :  ഉറക്കത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി നിരീക്ഷിച്ച് പരിഹരിക്കുക. പതിവായി വ്യായാമം ചെയ്യുക. ഉറങ്ങുന്നതിനു മുൻപുള്ള മൊബൈൽ ലാപ്ടോപ് ഉ പയോഗം കുറയ്ക്കുക. പിരിമുറുക്കം കുറയ്ക്കുന്നതിനു യോഗ, ധ്യാനം പോലുള്ളവ പിന്തുടരുക.

സ്വാഭാവിക ലൈംഗിക ബന്ധം

പ്ലാൻ ചെയ്ത ലൈംഗിക ബന്ധത്തെക്കാൾ സാധാരണ ലൈംഗിക ബന്ധമാണ് ഗർഭധാരണത്തിനു നല്ലത്. പ്ലാൻ ചെയ്യുമ്പോൾ ശരിയായ ചോദന ഉണ്ടായെന്നു വരില്ല. പിരിമുറുക്കം, അലസത, വിരസത എന്നിവയും അനുഭവപ്പെടാം. ഇതു ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത കുറയ്ക്കും. ഗർഭധാരണ സാധ്യതയെ പരിമിതപ്പെടുത്തും.  

ചെയ്യേണ്ടത് : ലൈംഗികബന്ധം ജീവിതത്തിന്റെ ആവശ്യമാണ്. മറ്റു തിരക്കുകളിൽ പെട്ട് അതു മാറിപ്പോകാതെ ശ്രദ്ധിക്കുക. നല്ല ലൈംഗികജീവിതത്തിന്റെ സമ്മാനമാകണം കുട്ടികൾ.

കാരണം കണ്ടെത്താൻ പരിശോധനകൾ

ദമ്പതികളുമായി വിശദമായി ചർച്ച ചെയ്തു പ്രശ്നം മനസ്സിലാക്കിക്കഴിഞ്ഞാൽ ഡോക്ടർ ആവശ്യമായ പ രിശോധനകൾ നിർദേശിക്കും.

∙ പുരുഷ വന്ധ്യതയുെട കാരണം കണ്ടുപിടിക്കുന്നതിന് ഏറ്റവും എളുപ്പം ചെയ്യാവുന്ന പരിശോധന ബീജ പരിശോധനയാണ്. എന്നാൽ തെറ്റു പറ്റാൻ ഏറെ സാധ്യതയുള്ളതാണിത്. അതിനാൽ അംഗീകൃത ലാബുകളിൽ വിദഗ്ധ പരിശോധകരുടെ മേൽനോട്ടത്തിലാണ് ഇതു ചെയ്യേണ്ടത്.

രണ്ടു മുതൽ മൂന്നു ദിവസം വരെ ബീജം പുറത്തു കളയാതെ വേണം ഈ പരിശോധന നടത്താൻ. ശുക്ലത്തിലെ ബീജാണുക്കളുടെ ആകാരം, എണ്ണം, ചലനശേഷി എന്നിവയാണു പ്രധാനമായും  പ രിശോധിക്കുന്നത്. പരിശോധനാ ഫലം സ്വാഭാവികമല്ലെങ്കിൽ  ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പരിശോധിക്കണം. ഒറ്റ പരിശോധനയിൽ നിന്നു മാത്രം ശരിയായ നിർണയം സാധ്യമായെന്നു വരില്ല. സെമൻ അനാലിസിസ്, ഹോർമോൺ അനാലിസിസ് പോലുള്ള പരിശോധനകളുമുണ്ട്.

∙ സ്ത്രീകളിൽ ആദ്യ പടിയായി ആന്തരിക പരിശോധനയിലൂടെ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ എന്നിവയുണ്ടോ എന്നു കണ്ടെത്തും.

∙ ആർത്തവ ചക്രത്തിന്റെ രണ്ടു – മൂന്നു ദിവസങ്ങളിൽ ഹോർമോൺ പരിശോധന നടത്താം. തൈറോയിഡ്, പ്രോലാറ്റിൻ എന്നീ ഹോർമോണുകളിൽ വ്യതിയാനം ഉണ്ടെങ്കിൽ ആർത്തവ ചക്രത്തെയും അണ്ഡോത്പാദനത്തെയും അതു ബാധിക്കും.

∙ ഗർഭാശയം, അണ്ഡാശയം അനുബന്ധ അവയവങ്ങൾ ഇവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി യോനി വഴിയുള്ള അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യാം. മാസമുറയുടെ രണ്ടു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് ഇതു ചെയ്യേണ്ടത്.  

∙ അണ്ഡോത്പാദനം ക്രമമാണോ എന്നറിയാൻ ഫോളിക്കുലാർ മോണിറ്ററിങ് സ്കാൻ ചെയ്യാം. ആർത്തവത്തിന്റെ ഒൻപതു മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഇടവിട്ടുള്ള സ്കാനിങ്ങിലൂടെയാണ് ഇതു പരിശോധിക്കുന്നത്.

∙ ഓവറികളിലെ അണ്ഡാശയ റിസർവ് അറിയാൻ  ആന്റി മുള്ളേരിയൻ ഹോർമോൺ ടെസ്റ്റ്, ഓവുലേഷൻ ടെസ്റ്റ്, ഫോലോപ്യൻ ട്യൂബുകളുടെയും ഗർഭാശയത്തിന്റെയും കേടുപാടുകൾ കണ്ടെത്താൻ ഹിസ്റ്ററോസാൽപിംകോഗ്രാഫി, ഗർഭപാത്രത്തിന്റെ ആന്തരിക പാളിയും ട്യൂബുകളും നിരീക്ഷിക്കുന്നതിന് സലൈൻ സോണോഹിസ്ട്രോഗ്രാം, ഗർഭാശയമുഖത്തെ അസാധാരണത്വങ്ങൾ അറിയാൻ ഹിസ്റ്ററോസ്കോപ്പി, ലാപ്രോസ്കോപ്പി എന്നിവയും വേണ്ടിവരാം.

ശരിയായ ലൈംഗിക ബന്ധം ഉണ്ടാകണം

ശരിയായ ലൈംഗികബന്ധം ഉണ്ടാകാത്തതു കൊണ്ടുഗർഭിണിയാകാതിരിക്കുകയും അതിനെ വന്ധ്യതയായി തെറ്റിധരിക്കുകയും ചെയ്യുന്നവരുണ്ട്. പ്രായപൂർത്തിയായ ഒരാൾ മറ്റെന്ത് അറിവു നേടുന്നതു പോലെയും നേടിയെടുക്കേണ്ട ഒന്നാണ് ലൈംഗികതയെക്കുറിച്ചുള്ള അറിവും.

∙ ആരോഗ്യകരമായ ശരീരവും മനസ്സും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ്. രോഗമില്ലാത്ത അവസ്ഥയിൽ ശരീരത്തെ സൂക്ഷിക്കുക. രോഗമുള്ളവർ അവ പരമാവധി നിയന്ത്രണത്തിലാക്കി നിർത്തുക.

∙ പങ്കാളിയുമായി ഊഷ്മളമായ ബന്ധം രൂപപ്പെടുത്തിയെടുക്കുക. തുറന്നു സംസാരിക്കാനും പ്രശ്നങ്ങൾ പ ങ്കിടാനും ഇതു സഹായിക്കും.

∙ശാരീരിക ബന്ധം എങ്ങനെയാണു വേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക. സംശയങ്ങൾ ഉണ്ടെങ്കി ൽ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെ കണ്ടു മനസ്സിലാക്കുക. അശാസ്ത്രീയമായ വഴിയിലൂടെ അറിവു നേടുന്നത് ഗുണകരമാകില്ല.

∙ ലൈംഗിക അറിവില്ലായ്മ ആത്മവിശ്വാസം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ടും കേട്ടും അറിഞ്ഞും പറഞ്ഞും പ്രവർത്തിച്ചും സമയമെടുത്തു തന്നെയാണ് ഓരോരുത്തരും ശരിയായ ലൈംഗികതയിലേക്ക് എ ത്തുന്നത്.  

സ്ത്രീ വന്ധ്യതയുടെ കാരണങ്ങൾ

തൈറോയ്ഡ്, പ്രോലാറ്റിൻ ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവ് സ്ത്രീ വന്ധ്യതയിൽ പ്രധാന പങ്കുവഹിക്കുന്നു. അവയുടെ ഏറ്റക്കുറച്ചിൽ അണ്ഡോത്പാദനം, അണ്ഡ വിസർജനം, ഗർഭധാരണം എന്നിവയെ ബാധിക്കും. ഹോർമോൺ തെറപ്പിയിലൂടെ പ്രശ്നം പരിഹരിക്കാനാകും.

∙ സ്ത്രീകളിൽ 35 വയസ്സിനു ശേഷം അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം (Overian Reserve) കുറയാൻ തുടങ്ങും. 40നു ശേഷം വളരെയധികം കുറയുന്നു. പ്രായം കൂടുന്നത് അണ്ഡത്തിന്റെ ഗുണം, ഗർഭധാരണശേഷി എന്നിവയും കുറയ്ക്കും. ഗർഭധാരണം നടന്നാൽ ഡൗൺ സിൻഡ്രോം പോലുള്ള ജനിതക വൈകല്യങ്ങളുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടും.

∙ ഗർഭാശയ ഭിത്തിയിലോ അണ്ഡാശയങ്ങളിലോ മുഴകൾ അല്ലെങ്കിൽ വളർച്ചകൾ (ഫൈബ്രോയിഡ്, പോളിപ്സ്) എന്നിവ ഉണ്ടാകുന്നതു ഗർഭിണിയാകുന്നതിനു തടസ്സമാകാറുണ്ട്. വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നായ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ഈ കൂട്ടത്തിൽ പെടുന്നു. മരുന്നു കഴിച്ചും ജീവിതശൈലിയിൽ മാറ്റം വരുത്തിയും പിസിഒഡിയെ നിയന്ത്രണവിധേയമാക്കാം.

∙ ഗർഭാശയ ആവരണത്തിലെ കോശങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് വളർന്നു മുഴയായി രൂപപ്പെടുന്ന അവസ്ഥയായ എൻഡോമെട്രിയോസിസ് വന്ധ്യതയിലേക്കു നയിക്കാം. മരുന്നു കഴിച്ചും ലാപ്രോസ്കോപ്പി ശസ്ത്രക്രിയ വഴിയും ഇതു പരിഹരിക്കാം.

∙ ജനിതകപരമായ രോഗങ്ങൾ മൂലം ഗർഭാശയത്തിന് വരുന്ന അപാകതകൾ വന്ധ്യതയ്ക്ക് കാരണമാകാം.

∙ അണ്ഡവാഹിനി കുഴലിലെ രോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, യോനീ രോഗങ്ങൾ, ലൈംഗിക രോഗങ്ങൾ, മറ്റു രോഗങ്ങൾ എന്നിവ ഗർഭധാരണത്തിന് തടസ്സമാകാം.

∙ മാനസികസമ്മർദം വന്ധ്യതയ്ക്ക് കാരണമാണ്. മാനസിക ചികിത്സയിലൂടെ മാറ്റിയെടുക്കാനാകും.

പുരുഷ വന്ധ്യതയുടെ കാരണങ്ങൾ

പുകവലി, മദ്യപാനം, സ്റ്റിറോയിഡുകളുടെ ഉപയോഗം, മയക്കുമരുന്ന് പോലുള്ള ശീലങ്ങൾ ഇവ പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകും. ബീജ സംഖ്യ കുറവ്, ബീജത്തിനു ചലനശേഷി ഇല്ലായ്മ, ബീജവാഹിനി കുഴലുകളിലെ തടസ്സങ്ങൾ, വെരിക്കോസിൽ, കൗമാരപ്രായത്തിലെ മുണ്ടിനീര് തുടങ്ങിയവ ശാരീരിക കാരണങ്ങളിൽ പ്രധാനമായവയാണ്.

ഒരു തകരാർ മാത്രമായോ ഒന്നിലധികം തകരാറുകൾ ഒന്നിച്ചോ ഉണ്ടാകാം.

∙ ഹോർമോൺ തകരാറുകൾ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാണ്. ടെസ്റ്റോസ്റ്റീറോൺ ഹോർമോണിന്റെ തകരാറുകൾ ബീജത്തിന്റെ ഗുണം കുറയ്ക്കും. കുറഞ്ഞ ലൈംഗികാഭിലാഷം പോലുള്ള പ്രശ്നങ്ങൾ ഹോർമോൺ തകരാറുകൾ മൂലം സൃഷ്ടിക്കപ്പെടാം. അമിതവണ്ണമുള്ള പുരുഷന്മാരിൽ സ്ത്രീ ഹോർമോണുകളുടെ അളവ് കൂടുതലായിരിക്കും എന്നതു വന്ധ്യതയ്ക്ക് കാരണമാകും.  ഹോർമോൺ തകരാറുണ്ടോ എന്ന് ശരീര പരിശോധനയിലൂടെയോ രക്തപരിശോധനയിലൂടെ തിരിച്ചറിയാം. ഹോ ർമോൺ തെറാപ്പിയിലൂടെ പരിഹരിക്കാം.

∙ ലൈംഗികാവയവത്തിന്റെ പ്രശ്നങ്ങൾ വന്ധ്യത വരുത്താം. ലൈംഗിക ബന്ധത്തിന് സാധ്യമല്ലാത്ത വിധം ലിംഗത്തിന് വളവുണ്ടായിരിക്കുക, ഉദ്ധരിക്കാതിരിക്കുക, മൂത്രനാളി ലിംഗത്തിനു ചുവട്ടിൽ തുറക്കുന്നതിനാൽ ശുക്ലനാളിയിൽ നിന്നും സ്ഖലനത്തിലൂടെ ബീജം വേണ്ട വിധത്തിൽ പുറത്തു വരാതിരിക്കുക തുടങ്ങിയ അവയവ പ്രശ്നങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകും

∙വൃഷണത്തിന് ഏതെങ്കിലും വിധത്തിൽ ആഘാതമേറ്റിട്ടുള്ളവർക്ക് വന്ധ്യതാ സാധ്യത ഉണ്ട്. വൃഷണങ്ങളിലെ രക്തധമനികൾ (Veins) തടിക്കുന്ന വെരിക്കോസിൽ രോഗത്തിന് ശസ്ത്രക്രിയ ചെയ്തവർ, അപകടങ്ങൾക്ക് ഇരയായവർ, വൃഷണങ്ങളിൽ അണുബാധയുണ്ടായിട്ടുള്ളവർ ഇ വർക്ക് വന്ധ്യതാ സാധ്യത കൂടും.   

∙ ഉദ്ധാരണത്തിനുള്ള പ്രയാസം, സംഭോഗത്തിന് മുൻപ് സ്ഖലനം, സ്ഖലനം സംഭവിക്കാത്ത അവസ്ഥ, എന്നിവയെ ലൈംഗിക കാരണങ്ങൾ എന്നു പറയാം. പ്രമേഹം ഉ ള്ളവർക്കും രക്താതിസമ്മർദത്തിനു മരുന്നു കഴിക്കുന്നവർക്കും ലൈംഗിക അവയവങ്ങളിൽ ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നിട്ടുള്ളതു മൂലമോ ഈ പ്രശ്നങ്ങൾ ഉണ്ടാകാം.

∙ ഉത്ക്കണ്ഠ, ഭയം, വിഷാദം എന്നിവ മൂലം ശീഘ്രസ്ഖലനം, ലൈംഗികബന്ധത്തിനു മുൻപു സ്ഖലനം എന്നീ ലൈംഗിക പ്രശ്നങ്ങൾ പുരുഷന്മാർക്ക് ഉണ്ടാകാറുണ്ട്. ഇതു കൗൺസലിങ്ങും ഔഷധ ചികിത്സയും കൊണ്ടു മാറ്റിയെടുക്കാനാകും.

∙ സ്ത്രീക്കും പുരുഷനും ഇപ്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാതെയും വന്ധ്യത അനുഭവിക്കേണ്ടി വരാറുണ്ട്. അതിനെ വിശദീകരിക്കാനാകാത്ത കാരണങ്ങളാലുള്ള വന്ധ്യത (unexplained infertility) എന്നു പറയുന്നു.

 ഫെർട്ടിലിറ്റി യോഗ

മാനസികസമ്മർദം കുറച്ചു ഗർഭപാത്രത്തെയും അനുബന്ധ അവയവങ്ങളെയും പേശികളെയും ബലപ്പെടുത്തി വഴക്കമുള്ളതാക്കാൻ ഫെർട്ടിലിറ്റി യോഗ സഹായിക്കും.

ജാനു ശിരാസന

തലച്ചോറിനെ ശാന്തമാക്കാനും വിഷാദത്തെ ഇല്ലാതാക്കാനും സഹായിക്കുന്നതാണ് ഈ യോഗാസനം. നട്ടെല്ല്, കരൾ, പ്ലീഹ, മസിലുകൾ എന്നിവയ്ക്ക് ആവശ്യമായ സ്ട്രെച്ച് പ്രദാനം ചെയ്യുന്നു. നിലത്ത് ഒരു കാൽ നീട്ടിയും മറുകാൽ നീട്ടിയ കാലിന്റെ തുടയോട് ചേർത്തു മടക്കി വച്ചും ഇരുന്ന ശേഷം കൈകൾ പാദങ്ങളിൽ ചുറ്റി പിടിക്കുകയും തല മുട്ടിൽ മുട്ടിക്കുകയും ചെയ്യുക.

പശ്ചിമോത്തനാസനം

ഇതു നിങ്ങളുടെ ഇടുപ്പിലെയും കാലുകളിലെയും പിൻഭാഗത്തെ പേശികൾക്ക് അയവു പ്രദാനം ചെയ്യുന്നു. അടിവയറിനെയും പെൽവിക് അവയവങ്ങളെയും ടോൺ ചെയ്യുന്നു. കാലുകൾ നീട്ടി ഇരിക്കുക. കൈകൾ കൊണ്ട് പാദങ്ങളിൽ പിടിക്കുക. കുനിഞ്ഞ് മുഖം മുട്ടിൽ ചേർക്കുക. മാനസികസമ്മർദ്ദം കുറയ്ക്കാനും അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ തുടങ്ങിയ പ്രത്യുത്പാദന അവയവങ്ങളുടെ പ്രവർത്തനശേഷി കൂട്ടാനും ഇതു സഹായിക്കും.

ബദ്ധകോണാസനം

ഉൾത്തുടകൾ, ഇടുപ്പ്, കാൽമുട്ടുകൾ, ജനനേന്ദ്രിയങ്ങ ൾ അവയോടു ബന്ധപ്പെട്ട പേശികൾ എന്നിവയ്ക്കു  അയവും ആരോഗ്യവും പ്രദാനം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും സുഗമമായ ഗർഭധാരണത്തിനും പ്രസവത്തിനും സഹായിക്കുകയും ചെയ്യുന്ന യോഗാസനമാണിത്. നിലത്തിരുന്ന ശേഷം ഇരു പാദങ്ങളും അഭിമുഖമായി വരത്തക്ക വിധം ചേർത്തു വയ്ക്കുക. കൈകൾകൊണ്ട് പാദങ്ങളിൽ പിടിക്കുക. ഇരു തുടകളും സാവധാനം ചലിപ്പിക്കുക. ചലിപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തുടക്കത്തിൽ വെറുതേ ഇരുന്നാലും മതിയാകും. സാവധാനം ചലിപ്പിച്ചു ശീലിക്കുക.

ഭ്രമരി പ്രാണായാമം

 സ്വസ്ഥമായി ചമ്രം പടിഞ്ഞു നിവർന്നിരിക്കുക. ( സാധിക്കാത്തവർക്ക് കസേരയിലോ മറ്റോ നിവർന്നിരിക്കാം) പെരുവിരലുകൾ കൊണ്ട് കാതുകളുടെ ദ്വാരങ്ങളിലേക്ക് തള്ളി നിൽക്കുന്ന ഭാഗം (തരുണാസ്ഥി) പതിയെ അടച്ചു പിടിക്കുക. മറ്റു നാലു വിരലുകൾ കണ്ണുകളടച്ച് കണ്ണ്, മൂക്ക്, ചുണ്ടുകൾക്ക് മുകളിൽ ചുണ്ടുകൾക്ക് ഇരുവശവും വരത്തക്ക വിധം പിടിക്കുക. ശ്വാസം സാവധാനം ഉള്ളിലേക്കെടുത്തു വണ്ടിന്റേതിനു സമാനമായ മൂളക്കത്തോടെ പുറത്തേക്കു വിടുക. ഇതു ശ്വസനം മെച്ചപ്പെടുത്തുകയും മാനസിക പിരിമുറുക്കം, ഉത്ക്കണ്ഠ, കോപം എന്നിവ കുറയ്ക്കുകയും ചെയ്യും.

ബാലാസനം

കൊച്ചു കുട്ടികൾ ചെയ്യുന്ന പതിവുള്ള പൊസിഷൻ ആയതിനാലാണ് ഇതിനു ബാലാസനം എന്നു പേരു നൽകിയിരിക്കുന്നത്. മുതുക്, ഇടുപ്പ്, കാൽമുട്ടുകൾ എ ന്നിവിടങ്ങളിലെ പേശികൾ അയയാനും ആരോഗ്യകരമാക്കാനും സഹായകമാണ് ഈ ആസനങ്ങൾ. ശാരീരിക മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യും. പാദങ്ങൾ പിന്നോട്ട് ഇരിക്കുന്ന അവസ്ഥയിൽ കാൽ മുട്ടിന് താഴേക്കുള്ള ഭാഗം ചേർത്തു വച്ച് അതിലിരിക്കുക. സാവധാനം മുന്നിലേക്ക് കുനിഞ്ഞു തുടകളിൽ വയർ അമർന്നു വരുന്ന രീതിയിൽ കൈകൾ മുന്നോട്ടു നീട്ടി കുമ്പിട്ടു കിടക്കുക.

ശവാസനം

ഉത്ക്കണ്ഠ, പിരിമുറുക്കം തുടങ്ങിയവ കുറയ്ക്കാനും ശാന്തമായ മനോനില വീണ്ടെടുക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണു ശവാസനം. നീണ്ടു നിവർന്നു കൈകാലുകൾ അൽപം അകറ്റി വച്ചു വിശ്രമാവസ്ഥയിൽ കിടക്കുക. കണ്ണുകൾ അടച്ച് ഓരോ ശരീരഭാഗങ്ങളായി ശ്രദ്ധിച്ചുകൊണ്ട് ഓരോ ഭാഗത്തെയും വിശ്രമാവസ്ഥയിലേക്കു കൊണ്ടുവരിക. ശരീരം മുഴുവൻ അയഞ്ഞ അവസ്ഥയിൽ ശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്  അഞ്ചു മിനിറ്റു മുതൽ പത്തു മിനിറ്റു വരെ കിടക്കുക.

വിവരങ്ങൾക്ക് കടപ്പാട്: പ്രീതി ഷേണായ്, യോഗ എക്സ്പർട്ട്, റേ ഓഫ് ലൈറ്റ് ബൈ പ്രീതി, കൊച്ചി

ചികിത്സകൾ അറിയാം

സ്ത്രീക്കും പുരുഷനും ഉള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷവും സ്വാഭാവിക ഗർഭധാരണം സാധ്യമല്ലാതെ വന്നാൽ കൃത്രിമ ഗർഭധാരണ ചികിത്സകൾ  അവലംബിക്കേണ്ടി വരും. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നിക്ക് (ART) എന്നാണ് ഈ ചികിത്സയുടെ പേര്. പ്രധാനപ്പെട്ട ART ചികിത്സകൾ ഇവയാണ്.

ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ(IUI)

അണ്ഡോത്പാദനം നടക്കുന്ന സമയത്തു ലാബിൽ വേർതിരിച്ചെടുത്ത ഗുണനിലവാരമുള്ള ബീജം ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ. ഗർഭാശയത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷവും സ്വാഭാവിക ഗർഭധാരണം നടക്കാത്തവരിലും സ്ഖലനത്തിൽ ബീജത്തിന്റെ എണ്ണം കുറവുള്ളവരിലും ബീജത്തിനു ചലനശേഷിക്കുറവുള്ളവരിലും ഗർഭാശയത്തിനകത്ത് ബീജത്തിന്റെ പ്രവർത്തനം കുറഞ്ഞു പോകുന്നവരിലും ഈ ചികിത്സ ഗുണകരമാകും. ചെറിയ ട്യൂബ് വഴിയാണു ബീജത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്.

ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF)

പ്രത്യേകം സജ്ജീകരിച്ച ഐവിഎഫ് ലാബിൽ അണ്ഡവും ബീജവും സങ്കലനം നടത്തി ഭ്രൂണത്തെ ഗർഭാശയത്തിലേക്കു നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണിത്. IUI കൊണ്ടു ഗർഭധാരണം നടക്കാത്തവർക്ക് അടുത്ത പടിയായി സ്വീകരിക്കാവുന്ന ചികിത്സയാണിത്. ഒവേറിയൻ റിസർവ് കുറവുള്ള സ്ത്രീകൾ, അണ്ഡത്തിനു ഗുണനിലവാരം കുറവുള്ളവർ, ബീജത്തിന്റെ എണ്ണം കുറവുള്ളവർ എന്നിവരിൽ വിജയസാധ്യതയുള്ള ചികിത്സയാണ്. നിക്ഷേപിക്കപ്പെട്ട ഭ്രൂണം ആരോഗ്യത്തോടെ വളരുന്നതിനായി  ഹോർമോൺ ചികിത്സയും ചെയ്യേണ്ടി വരും.

ഇൻഫെർട്ടിലിറ്റി മരുന്നുകൾ

അണ്ഡോത്പാദന വൈകല്യങ്ങൾക്കും ബീജോത്പാദനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മരുന്നുകൾ ഉപയോഗിച്ച് ചികിത്സ ചെയ്യാനാകും. പിസിഒസ്, എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ ചികിത്സ വേണ്ടി വരാം. ഐയുഐ, ഐവിഎഫ് വിജയ സാധ്യത കൂട്ടുന്നതിന് ഇൻഫെർട്ടിലിറ്റി മരുന്നു ചികിത്സയും ഹോർമോൺ കുത്തിവയ്പ്പും കൂടി വേണ്ടി വരാം.

തലവേദന, ഓക്കാനം, സ്തനങ്ങളുടെ ഭാരം കൂടുക, മൂ ഡ് മാറ്റങ്ങൾ, അമിത വണ്ണം  എന്നിവയുണ്ടാകാം. മരുന്നുകളും ഇൻജക്ഷനുകളും അണ്ഡോത്പാദനം കൂട്ടുന്നതിനാൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കൂടും.

ഇക്സി

ഇക്സി അഥവാ ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ വേർതിരിച്ചെടുത്ത ഗുണമുള്ള ബീജങ്ങളെ ഇക്സി മെഷീൻ ഉപയോഗിച്ച് അണ്ഡത്തിലേക്കു സന്നിവേശിപ്പിച്ചു ഭ്രൂണമാക്കിയെടുക്കുന്ന ചികിത്സയാണ്. വളരെക്കുറച്ച് കൗണ്ട് ഉള്ളവർക്ക് പോലും ഫലപ്രദമാണ്.

ബീജത്തിന് ചലനശേഷി കുറവ്, അസ്വാഭാവികമായ ആകൃതി, ബീജ സംഖ്യയിൽ വളരെയധികം കുറവ്, വൃഷണങ്ങളിൽ നിന്ന് ബീജം കുത്തിയെടുക്കേണ്ടി വരുന്ന അവസ്ഥ ഐവിഎഫ് പരാജയപ്പെടുന്ന അവസ്ഥ എന്നീ അവസരങ്ങളിൽ ഇക്സി ചികിത്സ ഫലപ്രദമാകും.

സർജിക്കൽ സ്പേം റിട്രീവൽ

ബീജങ്ങൾ വൃഷണങ്ങളിൽ നിന്നോ എപ്പിഡിഡിമസിൽ നിന്നോ കുത്തിയെടുക്കുന്ന രീതിയാണ് സർജിക്കൽ സ്പേം റിട്രീവൽ. ഇങ്ങനെ ലഭിക്കുന്ന ബീജങ്ങളെ ഇക്സിയിലൂടെയാണു ഭ്രൂണമാക്കി മാറ്റി ഗർഭത്തിൽ നിക്ഷേപിക്കുന്നത്. ബീജത്തെ സ്ഖലനത്തിൽ ശ്രവിപ്പിക്കാൻ കഴിയാത്ത അവസ്ഥയുള്ളവർക്ക് ഈ ചികിത്സ ഫലപ്രദമാണ്. ബീജവാഹിനിക്കുഴൽ ഇല്ലാതിരിക്കുക, ബീജവാഹിനിക്കുഴലിൽ തടസ്സമുണ്ടാകുക, വൃഷണ സംബന്ധമായ തകരാറുകൾ ഇവയ്ക്കെല്ലാം പരിഹാരമാണിത്.

എംബ്രിയോ ഫ്രീസിങ്

ഇക്സി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്നിലധികം നല്ല ഭ്രൂണങ്ങളെ തയാറാക്കിയെടുക്കാറുണ്ട്. ഇവയെ ശീതീകരിച്ചു സൂക്ഷിച്ചു വയ്ക്കുന്നതാണ് എംബ്രിയോ ഫ്രീസിങ്. ആദ്യ ഭ്രൂണം ഗർഭത്തിൽ വളരുന്നതിൽ പരാജയപ്പെട്ടാലോ രണ്ടാമതായി മറ്റൊരു കുട്ടി കൂടി വേണ്ടി വരുമ്പോഴോ വീണ്ടും ഐവിഎഫ്/ ഇക്സി ചെയ്യാതെ തന്നെ ഗർഭിണിയാകാം എന്നതാണ് പ്രയോജനം.

ചികിത്സ ചെലവേറിയതാണോ ?

70 ശതമാനം രോഗികളിലും വന്ധ്യത ഏറെ ചെലവില്ലാതെ തന്നെ പരിഹാരിക്കാൻ സാധിക്കും. പ്രശ്നം സങ്കീർണമാണെങ്കിൽ ആനുപാതികമായി ചികിത്സാ ചെലവേറും.  

അണ്ഡോത്പാദനത്തിനായുള്ള മരുന്നുകളും ഗർഭം സംരക്ഷിക്കുന്നതിനുള്ള കുത്തിവയ്പുകളും അനുബന്ധ ചികിത്സകളും ചെലവേറിയതാണ്. ഐവിഎഫ് പോലുള്ള ചികിത്സാരീതികൾ അവലംബിക്കേണ്ടി വന്നാൽ സർക്കാർ ആശുപത്രികളിലായാലും ചെലവു കൂടുതലായിരിക്കും.

മറ്റു പല രോഗങ്ങളും പോലെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണ് വന്ധ്യത സങ്കീർണമാകാതിരിക്കാനും ചെലവേറാതിരിക്കാനുമുള്ള വഴി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ മിതമായ ചെലവിൽ വന്ധ്യത ചികിത്സ ചെയ്യാനാകും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. റെജി മോഹൻ, അസിസ്റ്റന്റ് പ്രഫസർ, കൺസൽറ്റന്റ് റീപ്രൊഡക്റ്റീവ് മെഡിസിൻ & സർജറി, ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ, മെഡിക്കൽ കോളജ്, തിരുവന്തപുരം. ഡോ. അജയകുമാർ, അഡിഷനൽ പ്രഫസർ ഫെർട്ടിലിറ്റി യൂണിറ്റ് ഡിപാർട്മെന്റ് ഓഫ് ഒബ്സ്ട്രിക്സ് & ഗൈനക്കോളജി, മെഡിക്കൽ കോളജ് കോട്ടയം

Understanding Infertility: A Medical Condition, Not a Limitation:

Infertility is a painful reality for those who experience it, but it should be recognized as a medical condition rather than a limitation, and solutions should be sought wisely. While the world may attack with opinions and criticism, it is important to move forward with a sense of purpose towards your dreams, recognizing that hope is what will lead you to success.