‘പുതിനയില പേസ്റ്റില് അര ടീസ്പൂൺ തേൻ ചേർത്തു പുരട്ടാം’; മുഖക്കുരുവിനും എണ്ണമയം മാറാൻ അഞ്ചു ഫെയ്‌സ്പായ്ക്കുകൾ
എണ്ണമയമുള്ള ചർമമാണ് പലരുടെയും തലവേദന. മുഖക്കുരു കൂടാൻ എണ്ണമയമുള്ള ചർമ്മം ഒരു കാരണമാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന പായ്ക്കുകളാണ് എണ്ണമയം മാറ്റാനുള്ള എളുപ്പവഴി. എണ്ണമയം ഇല്ലാതായാൽ മുഖക്കുരുവും പാടുകളും നീങ്ങി മുഖം സുന്ദരമാകും. എണ്ണമയം ഉള്ളവർക്കായി ഇതാ അഞ്ചു ഫെയ്‌സ്പായ്ക്കുകൾ.
∙ അര സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഏതാനും തുള്ളി നാരങ്ങാനീരും റോസ് വാട്ടറും ഒഴിച്ചു പേസ്റ്റ് രൂപത്തിൽ കുഴച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ ഏതാനും തുള്ളി റോസ് വാട്ടർ ഉപയോഗിച്ചു മുഖം നനയ്ക്കുക. കവിളിലും നെറ്റിയിലും വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
∙ പുതിനയില എടുത്ത് നന്നായി അരയ്ക്കുക. ഇതിൽ അര ടീസ്പൂൺ തേൻ ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. എണ്ണമയം പാടെ മാറും. മുഖക്കുരു ഉള്ളവർക്കും പറ്റിയ ഫെയ്സ് പായ്ക്കാണിത്.
∙ വെള്ളരി ചുരണ്ടിയെടുത്തതിൽ അൽപം തൈരു ചേർത്തു യോജിപ്പിക്കുക. ഇത് ഫ്രിഡ്ജിൽ അര മണിക്കൂർ തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുക. ചർമത്തിനു നല്ല തണുപ്പും ഉണർവും തിളക്കവും കിട്ടും.
∙ പപ്പായ ഏതു ചർമക്കാർക്കും ഉത്തമമായ പായ്ക്കാണ്. നന്നായി പഴുത്ത പപ്പായ ഉടച്ചതിൽ അര ടീസ്പൂൺ മുൾട്ടാണി മിട്ടി ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.
∙ റോസപ്പൂവിന്റെ ഇതളുകൾ അരച്ചതിൽ ഒരു ടീസ്പൂൺ തൈര് ഒരു നുള്ള് മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഇതു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. എണ്ണമയം നീങ്ങി മുഖം മൃദുവാകും. നല്ല നിറം കിട്ടുകയും ചെയ്യും.