ആർമിയിലെത്താൻ കൊതിച്ച പയ്യൻ സിനിമയിലെത്തിയതിന്റെ റൂട്ട് മാപ്പിൽ പ്രയന്തവും ഭാഗ്യവും കാത്തിരിപ്പുമെല്ലാമുണ്ട്.

ആർമിയും ഡാൻസും

ADVERTISEMENT

എന്നു മുതലാണു ന‍ൃത്തത്തോടു താൽപര്യം വന്നത്, എങ്ങനെ സ്റ്റേജ് പെർഫോമറായി എന്നൊക്കെ ചോദിച്ചാൽ എങ്ങനെയോ എത്തിപ്പെട്ടു എന്നു പറയാനേ കഴിയൂ... ഞാൻ ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ അച്ഛനാണ് എന്നെ ഡാൻസ് പഠിക്കാൻ ചേർത്തത്. ആ അടിസ്ഥാനം എന്റെ ചുവടുകളിലുണ്ടാകാം.

പ്ലസ് ടുവോടെ പഠനം എനിക്കു പറഞ്ഞിട്ടുള്ളതല്ലെന്നു മനസ്സിലായി. അതോടെ ഡാൻസുമായി മുന്നോട്ടുപോയി. സ്റ്റേജ് പ്രോഗ്രാമുകളും കൊറിയോഗ്രഫിയും ഒപ്പം ആർമിയിൽ ചേരുക എന്ന സ്വപ്നം സ്വന്തമാക്കാനുള്ള ശ്രമവും. ആർമി സിലക്‌ഷനു വേണ്ടി പ്രായപരിധി കഴിയുന്നതിനു മുൻപുള്ള അവസാന അവസരം. അതിൽ ഫിസിക്കലും മെഡിക്കലും പാസായി പരീക്ഷയ്ക്കായി കാത്തിരിക്കുകയാണു ഞാൻ. അപ്പോൾ ദാ, വരുന്നു തമിഴിൽ ഡാൻസ് v/s ഡാൻസ് റിയാലിറ്റി ഷോ. പരീക്ഷ പാസായാൽ റിയാലിറ്റി ഷോ നിർത്തി നേരെ ‘ചലോ ആർമി’ എന്നു തീരുമാനിച്ചുറപ്പിച്ചാണ് തമിഴ്നാട്ടിലേക്കു വണ്ടി കയറുന്നത്. അവിടെ ചെന്നു കഴിഞ്ഞല്ലേ ട്വിസ്റ്റ്.

ADVERTISEMENT

ദൈവത്തിന്റെ പ്ലാൻ

ഡാൻസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ആദ്യ സിനിമ മൂൺവോക്കിൽ അവസരം കിട്ടുന്നത്. സുഹൃത്താണ് ഓഡിഷൻ കോൾ അയച്ചു തന്നത്. സിക്സ് പാക് ഉള്ള ഒരു പയ്യന്റെ ഫോട്ടോയും ‘ആർ യു ദിസ് ഗയ്’ എന്ന കാപ്ഷനുമായിരുന്നു അതിൽ. ഇതു കണ്ടപ്പോൾ തോന്നിയ ഹരമാണ് ഓഡിഷന് അയയ്ക്കാൻ കാരണം. അന്നേ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്ന ആളാണേ ഞാൻ.

ADVERTISEMENT

ഓ‍‍ഡിഷന് എത്തിയെങ്കിലും അഭിനയം അറിഞ്ഞൂടല്ലോ... എന്റെ റീൽസ് കണ്ടിട്ടുള്ളതിനാൽ ഡാൻസിന്റെ കാര്യത്തിൽ സംവിധായകൻ വിനോദ് സാറിന് കോൺഫിഡന്‍സ് ഉണ്ടായിരുന്നു. അതുകൊണ്ട് കൂട്ടുകാർക്കൊപ്പമുള്ള രംഗം അഭിനയിച്ചു കാണിക്കാനേ പറഞ്ഞുള്ളൂ. മൈക്കിൾ ജാക്‌സൺ സ്റ്റൈലും മറ്റും പഠിക്കാനായി എല്ലാവർക്കും രണ്ടു മാസത്തെ വർക് ഷോപ് ഉണ്ടായിരുന്നു. റിയാലിറ്റി ഷോയുടെ ബ്രേക്കിൽ ഞാനും അവർക്കൊപ്പം കൂടും. അന്നത്തെ ഞങ്ങളുടെ സൗഹൃദത്തിന്റെ എക്സ്റ്റൻഷൻ കൂടിയാണ് മൂൺവോക്. അതിനിടെ റിയാലിറ്റി ഷോയിൽ ഞാൻ വിജയിയായി. നാട്ടിലെത്തി പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങി. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ നടന്നില്ല. ആർമി മോഹം പൊലിഞ്ഞതിന്റെ സങ്കടം തെ ല്ലൊന്നുമായിരുന്നില്ല. പിന്നെയല്ലേ, ദൈവത്തിന്റെ പ്ലാൻ വേറെയാണെന്നു മനസ്സിലായത്.

ലാലേട്ടൻ എനിക്ക് അണ്ണൻ

അങ്ങനെയിരിക്കെ വിനോദ് സാറിന്റെ ഫോൺ കോൾ. ‘നീയൊന്നു ലിജോ ജോസ് പെല്ലിശ്ശേരിയെ പോയി കാണണം’ എന്നു പറഞ്ഞു. ‘മലൈക്കോട്ടൈ വാലിബനി’ലേക്കുള്ള വിളിയായിരുന്നു അത്. ലാലേട്ടന്റെ കഥാപാത്രത്തെ അണ്ണാ എന്നു വിളിച്ച് ഒപ്പം നിൽക്കുന്ന ചിന്നൻ എനിക്കേറെ പ്രിയപ്പെട്ടവനാണ്. പരിചയപ്പെടുന്നതിനിടെ ലാലേട്ടൻ, ‘നാട് എവിടെയണെ’ന്ന് ചോദിച്ചു. പുന്നയ്ക്കാമുകൾ എന്നു പറഞ്ഞപ്പോൾ ‘മുടവൻമുകളിനടുത്തല്ലേ’ എന്നു മറുചോദ്യം. അദ്ദേഹത്തിന്റെ വീടിന് ഒരു കിലോമീറ്റര്‍ ഇപ്പുറമാണ് എന്റെ വീട്. ഷൂട്ട് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ ലാലേട്ടനോട് ചോദിച്ചു, ‘ഞാനും അണ്ണാ എന്നു വിളിച്ചോട്ടെ’. ‘അതിനെന്താ മോനെ, നീ എന്തു വേണേലും വിളിച്ചോ...’ എന്നു ലാൽ ശൈലിയിൽ മറുപടിയും വന്നു. അന്നു മുതൽ ലാലേട്ടൻ എനിക്ക് അണ്ണനാണ്. ഈയടുത്ത് കേരള ക്രിക്കറ്റ് ലീഗ് ആന്തത്തിനു വേണ്ടി അണ്ണന്റെ കൊറിയോഗ്രഫറാകാനും കഴിഞ്ഞു. വാക്കുകളാൽ വിവരിക്കാനാകാത്ത അനുഗ്രഹമാണ് ഇതെല്ലാം.

മുൻപ് നമ്മുടെ നാട്ടിൽ അണ്ണന്റെ ഒരു സിനിമയുടെ ഷൂട്ട് നടന്നപ്പോൾ അച്ഛൻ ഒരു ഫ്രെയിമിൽ മിന്നിമാഞ്ഞു പോയിട്ടുണ്ട്. അന്നു ദൂരെ നിന്ന് അണ്ണനെ കണ്ടതിന്റെ സന്തോഷം അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ അച്ഛന്റെ കയ്യിൽ മോഹൻലാലിനൊപ്പം ചേർന്നു നിൽക്കുന്ന ഫോട്ടോ തന്നെയുണ്ട്.

ഞാൻ ഫാമിലി ബോയി

അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കണം എന്നതാണ് ലക്ഷ്യം. അച്ഛൻ തുടങ്ങി വച്ച വീടുപണി പണമില്ലാത്തതിനാൽ അഞ്ചു വർഷമായി നിർത്തി വച്ചിരിക്കുകയായിരുന്നു. ഡാൻസ് പെർഫോമൻസുകളിൽ നിന്നു കിട്ടിയ തുക കൊണ്ട് കതക്, ജനൽ എന്നിങ്ങനെ ഓരോന്നായി വാങ്ങി സ്വരുക്കൂട്ടി വച്ച് എനിക്കു വീടു പൂർത്തീകരിക്കാനായി. വീട്ടുജോലിക്കു പോയിരുന്ന അമ്മ രാധികയും കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ രാജേന്ദ്രനും ഇപ്പോൾ ആ വീട്ടിൽ വിശ്രമജീവിതത്തിന്റെ സന്തോഷത്തിലാണ്. ചേച്ചി അനിത വിവാഹിതയാണ്.

തലവര മിന്നി

തലവരയിലേക്ക് സംവിധായകൻ അഖിൽ അനിൽ കുമാറാണു വിളിക്കുന്നത്. അര മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ തന്നെ തലവര തെളിഞ്ഞു. എന്റെ കഥാപാത്രത്തിന്റെ പേരു പോലെ ‘മിന്നൽ’ വേഗത്തിൽ ഞാൻ ഇൻ ആയി. കറക്കം എന്ന സിനിമയും ഉടൻ റിലീസിനെത്തും. അഭിനയമാണോ എന്റെ മേഖല എന്ന് ഇപ്പോഴും അറിയില്ല. ചെയ്യുന്നതു നന്നായി ചെയ്യുക എന്നേ മനസ്സിലുള്ളൂ. ഒന്നും പ്രതീക്ഷിക്കാറില്ല, ഒരുപാട് ആഗ്രഹിച്ചാൽ കിട്ടാതെ പോകുമോ എന്നു പേടിയാണ്. എങ്കിലും സിനിമയിൽ കൊറിയോഗ്രഫറാകണമെന്ന സ്വപ്നം ഉള്ളിന്റെയുള്ളിലുണ്ട്. എം ഡാൻസ് സ്റ്റുഡിയോ എന്ന സ്ഥാപനം തുടങ്ങിയിട്ട് ഒരു വർഷമായി എന്ന സന്തോഷവുമുണ്ട്. ബാക്കിയെല്ലാം തലവര പോലെ...! 

ADVERTISEMENT