‘എന്ത് പ്രബുദ്ധത...ആരാണ് ഈ നാട്ടിലെ പ്രബുദ്ധർ. മലയാളി കൊട്ടിഘോഷിക്കുന്ന ഈ പ്രബുദ്ധത കൊണ്ട് കടലിലെറിയണം. വിവേകമുള്ളവരായിരുന്നെങ്കിൽ നമ്മുടെ പിഞ്ചുമക്കൾക്ക് ആ ഗതി വരില്ലായിരുന്നു. മലയാളിയുടെ കാമാർത്തിയുടെ പര്യായമാണ് വാളയാറിൽ കണ്ടത്. ചീഞ്ഞളിഞ്ഞ മനസുള്ള മൃഗങ്ങളാണ് അവർ’– ‘വാളയാറിൽ’ കേരളം കത്തിപ്പടരുമ്പോൾ ആ പ്രതിഷേധാഗ്നി സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകളിലും പ്രകടം.

പ്രതിഷേധങ്ങൾ ഹാഷ്ടാഗ് പ്രഹസനങ്ങളാകുന്ന കാലത്ത് ആ കുഞ്ഞുങ്ങൾക്കു വേണ്ടി തെരുവിലിറങ്ങുകയായിരുന്നു പ്രേക്ഷകർക്ക് സുപരിചിതനായ നടൻ സന്തോഷ് കീഴാറ്റൂർ. പെൺമക്കളുണ്ടെങ്കില്‍ ഒളിപ്പിച്ചുവച്ചോ എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ച് സന്തോഷ് എത്തിയപ്പോൾ അത് കേൾക്കാൻ നൂറുകണക്കിന് പേർ അവിടേക്കൊഴുകിയെത്തി. വാളയാറിൽ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹം ചാക്കിൽ ചുമന്ന് പ്രതീകാത്മകമായി സന്തോഷ് എത്തിയപ്പോൾ അത് വേറിട്ട പ്രതിഷേധമായി.  തളിപ്പറമ്പിൽ സന്തോഷ് അവതരിപ്പിച്ച ഏകാംഗ പ്രതിഷേധ നാടകം സമൂഹ മാധ്യമങ്ങളിൽ കത്തിപ്പടരുമ്പോൾ ഇതാദ്യമായി അദ്ദേഹം പ്രതികരിക്കുകയാണ്. അറിവില്ലാ പൈതങ്ങളെ ‘കഴുവേറ്റിയവർക്കെതിരെ’, ഉഭയസമ്മതമെന്ന നാണം കെട്ട ന്യായം പറ‍ഞ്ഞു നടക്കുന്ന അധികാരികൾക്കെതിരെ... ഒരു കലാകാരൻ ഒറ്റയാൾ പട്ടാളമായി മാറിയ കഥ...സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ വനിത ഓൺലൈനിനോട്...

ADVERTISEMENT

അമ്മമാർക്കു വേണ്ടി ആ വേഷം

ഷൂട്ട് കഴിഞ്ഞ് കണ്ണൂരിലെത്തിയതാണ്. ഇടയ്ക്കെപ്പോഴോ ഒരു ചങ്ങാതി അയച്ച വാട്സാപ്പ് സന്ദേശം കണ്ടു. വാളയാറിലെ കുഞ്ഞുങ്ങളെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പാണത്. മലയാളിയെന്നു പറയുന്നതിൽ ലജ്ജ തോന്നിപ്പോയി ആ നിമിഷം. എന്റെ മാധ്യമം സിനിമയാണ്, അതുവഴി ജനങ്ങളോട് ഈ വിഷയത്തെക്കുറിച്ച് സംവദിക്കണമെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. അതുവരെ അക്കാര്യം ആലോചിച്ചിട്ടേയില്ലായിരുന്നു. ഒന്നു രണ്ടു സുഹൃത്തുക്കളെ മാത്രം വിളിച്ചറിയിച്ച് ഞാൻ തെരുവിലേക്കിറങ്ങുകയായിരുന്നു. അവിടെ ഞാൻ കെട്ടിയാടിയ അമ്മ വേഷം, ചൂടും ചൂരും മാറും മുമ്പേ പിച്ചിച്ചിന്തപ്പെടുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്കുള്ള സമർപ്പണമാണ്. ആരാന്റെ കുഞ്ഞിനെ കഴുവേറ്റിയാൽ എനിക്കെന്ത് ഛേദമെന്ന് ചോദിക്കുന്ന സ്വാർത്ഥരായ മലയാളികൾക്ക് നേരെയുള്ള ചൂണ്ടുവിരലാണ്. ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടണം. രാഷ്ട്രീയം നോക്കാതെ കുറ്റക്കാരെ തുറുങ്കിലടയ്ക്കണം.

ADVERTISEMENT

മാറണം മലയാളി

ഗ്യാസിന് വിലകൂടുമ്പോഴും ദൈവങ്ങൾക്കു വേണ്ടിയും തെരുവിലിറങ്ങുന്ന അമ്മമാരുടെ നാടാണിത്. എന്നാൽ കേട്ടോളൂ, ഇവിടെ സോഷ്യൽ മീഡിയ പ്രതിഷേധങ്ങളല്ല വേണ്ടത്. നമ്മുടെ കുഞ്ഞിനാണ് ഇങ്ങനെ സംഭവിച്ചെതെന്നോർത്ത് കൊടിയുടെ നിറം നോക്കാതെ അമ്മമാർ തെരുവിലിറങ്ങണം. ഇവിടുത്തെ നിയമസംഹിതകൾ പൊളിച്ചെഴുതും വരെ അതു തുടരണം. കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ പോലും കൂറുമാറുന്ന, തെളിവില്ലെന്ന് പറയുന്ന നരാധമൻമാരുടെ നാടാണിത്. ഇരിട്ടിയിലെ കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവിടെ കൂറുമാറിയത് കുഞ്ഞിന്റെ അമ്മയാണ്. പണവും പദവിയും കൊണ്ട് തുലാഭാരം നടത്തുന്ന നാട്ടിൽ ആരൊക്കെയോ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ആർക്കും ആരെയും എന്തും ചെയ്യാമെന്ന സാഹചര്യം വന്നിട്ടുണ്ട് അതാണ് മാറേണ്ടത്.

ADVERTISEMENT

പാവപ്പെട്ടവന് മാത്രം ഇങ്ങനെയൊക്കെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് ചോദിച്ചേക്കാം. ഒറ്റ ഉത്തരമേയുള്ളൂ ആ കുഞ്ഞുങ്ങളുടെ ദാരിദ്ര്യം. എത്രയൊക്കെ പ്രസംഗിച്ചാലും ആ പാവങ്ങളുടെ ജീവിതം മാത്രം മാറില്ല. പണം കൊണ്ടും പദവി കൊണ്ടും അവരെ ഈ മണ്ണിൽ ചവിട്ടി താഴ്ത്താമെന്ന ബോധ്യമുണ്ട് പലർക്കും. അല്ലെങ്കിൽ തൂങ്ങിമരണം എന്തെന്നറിയാത്ത, ഉഭയ സമ്മതമെന്ന വാക്കു പോലും നേരെ ഉച്ചരിക്കാൻ അറിയാത്ത കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്തു എന്ന് ഇവരൊക്കെ എഴുതിപ്പിടിപ്പിക്കില്ലല്ലോ?

നീതി നടപ്പാകട്ടെ

ആ കുഞ്ഞുങ്ങളുടെ ആർത്തനാദം അശരീരി പോലെ കേൾക്കുന്ന ഈ നാട്ടിൽ മുഖം നോക്കാതെ നടപടിയാണ് വേണ്ടത്. വാളയാർ വിഷയവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഞാൻ കേട്ടു. ഞാനും ഇടതുപക്ഷ സഹയാത്രികനാണ്. അതൊന്നും ചർച്ച ചെയ്യേണ്ട സന്ദർഭമല്ല. ഇതു ചെയ്തവർ ആരായാലും അവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമേയെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. പിന്നെ അലൻസിയർ നടത്തിയിട്ടുള്ള തെരുവ് പ്രതിഷേധങ്ങളോട് എന്റെ പ്രതിഷേധത്തെ ഉപമിക്കുന്നതു കണ്ടു. അദ്ദേഹത്തെ യോജിക്കുന്നുവരും വിയോജിക്കുന്നവരും ഉണ്ടാകും. ഇവിടെ എന്നിലെ അച്ഛനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. ഞാനും ഒരച്ഛനാണ്...കൊല്ലപ്പെട്ടത് നമ്മുടെ കൂടി മക്കളും. അവർക്ക് നീതി വേണം.–സന്തോഷ് പറഞ്ഞു നിർത്തുന്നു.

ADVERTISEMENT