‘ആ സമ്മാനം ഞാൻ അമ്മയ്ക്കു കൊടുത്തു, അമ്മ എന്റെ ഭാര്യയ്ക്കും’... മമ്മൂക്കയോടു ചോദിച്ചു വാങ്ങിയ അമൂല്യ നിധി: എ.കെ.സാജൻ പറയുന്നു
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച 10 കൊമേഴ്സ്യൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഏതൊരു പ്രേക്ഷകനും സംശയലേശമന്യേ പറയുന്ന പേരാകും നരസിംഹ മന്നാഡിയാർ. ‘ധ്രുവം’ സിനിമയിലെ ഈ വേഷത്തിനും ‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ, വൈശ്യനോ, ക്ഷൂദ്രനോ ഒന്നുമല്ല,
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച 10 കൊമേഴ്സ്യൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഏതൊരു പ്രേക്ഷകനും സംശയലേശമന്യേ പറയുന്ന പേരാകും നരസിംഹ മന്നാഡിയാർ. ‘ധ്രുവം’ സിനിമയിലെ ഈ വേഷത്തിനും ‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ, വൈശ്യനോ, ക്ഷൂദ്രനോ ഒന്നുമല്ല,
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച 10 കൊമേഴ്സ്യൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഏതൊരു പ്രേക്ഷകനും സംശയലേശമന്യേ പറയുന്ന പേരാകും നരസിംഹ മന്നാഡിയാർ. ‘ധ്രുവം’ സിനിമയിലെ ഈ വേഷത്തിനും ‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ, വൈശ്യനോ, ക്ഷൂദ്രനോ ഒന്നുമല്ല,
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച 10 കൊമേഴ്സ്യൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഏതൊരു പ്രേക്ഷകനും സംശയലേശമന്യേ പറയുന്ന പേരാകും നരസിംഹ മന്നാഡിയാർ.
‘ധ്രുവം’ സിനിമയിലെ ഈ വേഷത്തിനും ‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ, വൈശ്യനോ, ക്ഷൂദ്രനോ ഒന്നുമല്ല, മന്നാടിയാർ ക്ഷത്രിയനാണ്. ക്ഷത്രിയൻ..’, ‘നരസിംഹ മന്നാഡിയാരുടെ ഭാര്യയായി ഇരിക്കാൻ നിനക്ക് സമ്മതമാണോ?’ എന്നിങ്ങനെയുള്ള ഡയലോഗുകൾക്കും ‘തളിർവെറ്റിലയുണ്ടോ...’ ഉൾപ്പെടെയുള്ള പാട്ടുകൾക്കും മമ്മൂട്ടിയുടെ ഇൻട്രോ സീനിനും ലുക്കിനുമൊക്കെ ഇപ്പോഴും സിനിമ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.
‘ധ്രുവം’ മലയാള സിനിമയ്ക്കു സമ്മാനിച്ചത് എ.കെ.സാജൻ എന്ന തിരക്കഥാകൃത്തിനെക്കൂടിയാണ്. ‘ധ്രുവ’ത്തിന്റെ കഥ സാജന്റേതായിരുന്നു. എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ ജോഷിയുടെ സംവിധാനം. കലൂർ ഡെന്നിസ്, എസ്.എൻ.സ്വാമി, ജോൺ പോൾ തുടങ്ങിയ മഹാരഥൻമാരുടെ ആശിർവാദത്തോടെയാണ് മലയാള സിനിമയിലേക്കുള്ള സാജന്റെ വരവ്. അവരിലൂടെയൊക്കെയാണ് മമ്മൂട്ടിയുമായുള്ള പരിചയത്തിന്റെയും തുടക്കവും.
‘ധ്രുവ’മാണ് സാജനെ സിനിമയിലെ തിരക്കുള്ള സാന്നിധ്യമാക്കിയതെങ്കിലും അതിനും മുൻപേ കഥാകൃത്തായും തിരക്കഥാസഹായിയായുമൊക്കെ സാജൻ സജീവമായിരുന്നു. അങ്ങനെയൊരു സിനിമയുടെ ലൊക്കേഷനിൽ വച്ചു മമ്മൂട്ടിയോടു ചോദിച്ചു വാങ്ങിയ ഒരു സമ്മാനം സാജൻ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നു. വിലയേറിയ ആഡംബര വസ്തുവൊന്നുമല്ല, ഒരു സിഗരറ്റ് കൂട്. പക്ഷേ, സാജനെ സംബന്ധിച്ച് അതിന്റെ വില മറ്റൊന്നിനും പകരമാകാത്തതും...
ആ കഥ ഇങ്ങനെ –
കാലം 1986. സാജന്റെ കഥയ്ക്ക് എസ്.എൻ. സ്വാമിയും കലൂർ ഡെന്നിസും ചേർന്നു തിരക്കഥയെഴുതിയ സിനിമയാണ് ‘ഒരു നോക്ക് കാണാൻ’. സാജന്റെ സംവിധാനവും വിജയ മൂവീസിന്റെ നിർമാണവും. തൃശൂർ മിഷൻ കോട്ടേഴ്സിനകത്തെ ഒരു വീട്ടിലാണ് ലൊക്കേഷൻ. അതിനു മുമ്പ് ഒന്നു രണ്ട് സ്ഥലത്തു വച്ച് മമ്മൂട്ടിയെ നേരിൽ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ടെന്നതുമൊഴിച്ചാൽ സാജന് അദ്ദേഹവുമായി വലിയ അടുപ്പമില്ല. ‘ഒരു നോക്ക് കാണാൻ’ സെറ്റിലാണ് കൂടുതൽ ഇടപഴകാനുള്ള അവസരം ലഭിച്ചത്.
ഒരു വെള്ള അംബാസിഡര്‍ എസ്‌റ്റേറ്റ് മോഡൽ കാറിലാണ് മമ്മൂട്ടി ലൊക്കേഷനിലെത്തുന്നത്. അക്കാലത്ത് സ്ഥിരം കാണുന്ന രൂപത്തിലായിരുന്നില്ല അതിന്റെ ഉൾവശം. സാജന്റെ ഓർമ ശരിയെങ്കിൽ അതൊരു കസ്റ്റമൈസ്ഡ് വണ്ടിയായിരുന്നു. കോയമ്പത്തൂരിലെ കോയാസ് തയാറാക്കിയ ബക്കറ്റ് സീറ്റുകള്‍, ഫ്രിഡ്ജ്, ചെത്തിയൊരുക്കിയ മരത്തടിയുടെ ഡിസൈനുള്ള സ്റ്റിയറിങ്, സ്റ്റീരിയോ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളോടെ, ഒരു മിനി കാരവൻ പോലെയാണത്. അങ്ങനെയൊന്ന് അക്കാലത്ത് വലിയ പുതുമയാണ്. ഷൂട്ടിന്റെ ഇടവേളകളിൽ മമ്മൂട്ടി കാറിന്റെ പ്രത്യേകതകള്‍ എല്ലാവർക്കും വിവരിച്ചു കൊടുക്കും. എന്നാൽ സാജനെ ആകർഷിച്ചത് അതൊന്നുമായിരുന്നില്ല, മമ്മൂക്കയുടെ കൈയ്യിൽ എപ്പോഴുമുള്ള ഒരു കറുത്ത ടിന്നാണ്.
അതെന്താണെന്ന് സാജൻ കൗതുകത്തോടെ നോക്കവേ, മമ്മൂട്ടി കാറിൽ നിന്നിറങ്ങി വന്നു സെറ്റിൽ ഒരു കസേരയിൽ ഇരുന്നു. സംവിധായകൻ സാജനോടും ഛായാഗ്രാഹകൻ ആനന്ദക്കുട്ടനോടും സംസാരിക്കുന്നതിനിടെ അദ്ദേഹം ടിൻ തുറന്നു, ഒരു സിഗരറ്റെടുത്തു ചുണ്ടത്തു വച്ചു തീ കൊളുത്തി. അതൊരു സിഗരറ്റ് കൂടാണെന്നത് സാജന്റെ കൗതുകം ഇരട്ടിയാക്കി. ഇത്തരം വസ്തുക്കളിലൊക്കെ അൽപ്പം കമ്പമുള്ള ആളാണ് സാജൻ. അവിടുത്തെ ചർച്ചയ്ക്കു ശേഷം മമ്മൂട്ടി മേക്കപ്പ് റൂമിലേക്കു പോയി. സീൻ വായിച്ചു കൊടുക്കാൻ പിന്നാലെ ചെന്ന കലാധരൻ സാജനെയും ഒപ്പം കൂട്ടി. കലാധരൻ സീന്‍ വായിക്കുന്നു, മമ്മൂട്ടി മേക്കപ്പിനിടെ അതു കേൾക്കുന്നു. അപ്പോഴും സാജന്റെ ശ്രദ്ധ അവിടെ ഒരു മേശപ്പുറത്തിരിക്കുന്ന ആ കറുത്ത പെട്ടിയിലാണ്. അതിൽ ഗോൾഡൻ ലെറ്റേഴ്സിൽ എഴുതിയിരിക്കുന്നത് സാജൻ വായിച്ചു –‘ജോൺ പ്ലെയേഴ്സ് സിഗരറ്റ്’! ജീവിതത്തിൽ അങ്ങനെയൊരു ‘പരിഷ്കാരി സിഗരറ്റ് പാക്കറ്റ്’ ആദ്യം കാണുകയാണ്.
‘‘കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ സീൻ വായിക്കാൻ ചെന്നപ്പോൾ മമ്മൂക്ക പതിവു പോലെ ടിൻ തുറന്നു. നോക്കുമ്പോൾ ഒരു സിഗരറ്റേ അതിലുള്ളൂ. അതെടുത്ത്, അദ്ദേഹം പെട്ടി മാറ്റി വച്ചു. സഹായി പോയി പുതിയതൊരെണ്ണം കൊണ്ടു വന്നു. മേക്കപ്പ് റൂമിലെ മേശപ്പുറത്ത് ഒഴിഞ്ഞ പെട്ടി ഇരിക്കുന്നു. ഉച്ച കഴിഞ്ഞ് അടുത്ത സീനുമായി ചെന്നപ്പോഴും അതവിടെത്തന്നെയുണ്ട്. അപ്പോൾ ഞാനും മമ്മൂക്കയും ഒറ്റയ്ക്കേയുള്ളു. സീൻ വായിച്ച ശേഷം ഞാൻ ചോദിച്ചു, ‘മമ്മൂക്ക ഈ പെട്ടി ഞാൻ എടുത്തോട്ടെ’. എന്നെ ഒന്നു നോക്കിയ ശേഷം, അദ്ദേഹം ‘എടുത്തോ’ എന്നു പറഞ്ഞു.
ഞാനതെടുത്തതും, ‘നീ വലിക്കുമോ’ എന്നു മമ്മൂക്ക ചോദിച്ചു.
‘ഇല്ല’ എന്നു പറഞ്ഞപ്പോൾ, ഒന്നു മൂളി.
ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവരുന്നതാണ് പ്രത്യേക പാക്കറ്റിലുള്ള ആ സിഗരറ്റുകൾ. അതേക്കുറിച്ച് കുറച്ചു നേരം അദ്ദേഹം സംസാരിച്ചു. എനിക്കാകട്ടേ, വലിയ ഒരു സമ്മാനം ലഭിച്ച ആനന്ദവും.
ഷൂട്ട് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആ ടിൻ ഞാൻ എന്റെ അമ്മയ്ക്ക് കൊടുത്തു. അമ്മ വലിയ ദൈവവിശ്വാസിയാണ്. ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കുമൊക്കെയുള്ള വഴിപാടിന്റെ പണം അമ്മ അതിലും ഇട്ട് വയ്ക്കാൻ തുടങ്ങി. കുറേക്കാലം കഴിഞ്ഞപ്പോൾ അമ്മ ആ പെട്ടി മൂത്ത മരുമകളായ എന്റെ ഭാര്യയ്ക്ക് കൊടുത്തു. ഇപ്പോഴും ഒരു പൈതൃകസ്വത്ത് പോലെ അതെന്റെ വീട്ടിലുണ്ട്.
മമ്മൂക്കയുമായി പിന്നീടെത്രയോ അടുത്തു. അദ്ദേഹത്തിനു വേണ്ടി തിരക്കഥകളെഴുതി, നായകനാക്കി സിനിമ സംവിധാനം ചെയ്തു. ഇക്കാലമത്രയും മമ്മൂക്കയെ ഒരു ഇന്ദ്രജാലക്കാരനെപ്പോലെയാണ് ഞാൻ പരിഗണിക്കുന്നത്. പുതിയ പുതിയ കൗതുക വസ്തുക്കൾ കാണിച്ച് നമ്മളിൽ ആകാംക്ഷ ജനിപ്പിക്കുന്ന മാന്ത്രികൻ. അങ്ങനെയോരോന്നും കാണിച്ച് അവയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും. ചിലർ ചിലതൊക്കെ ചോദിക്കും. പരസ്യമായി കൊടുക്കില്ല, ‘ഏയ് ഇല്ല...എനിക്കു വേണം’ എന്നൊക്കെ പറയും. പക്ഷേ, വൈകുന്നേരമാകുമ്പോൾ ആരെയെങ്കിലും ഏൽപ്പിച്ചു കൊടുത്തയയ്ക്കും. അതാണ് മമ്മൂക്ക...
പറഞ്ഞല്ലോ, ഇപ്പോഴും ആ പഴയ സിഗരറ്റ് പെട്ടി ഞാൻ ഓർമകളുടെ ഒരു പേടകം പോലെ എന്റെ വീട്ടിലും ഹൃദയത്തിലും സൂക്ഷിക്കുന്നു... ഓർമകളെ എനിക്കു വലിയ ഇഷ്ടമാണ്...അവയെ താലോലിച്ചു ജീവിക്കുന്നയാളാണ് ഞാൻ...’’.– സാജൻ പറഞ്ഞി നിർത്തി.