‘നിസ്സാര കാര്യത്തിന് ഇൻഷുറൻസ് തള്ളി, അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ കൈവിട്ട് പോരാൻ തോന്നിയില്ല’: സിദ്ധാർത്ഥ് അനുഭവിച്ചത് അസാമാന്യ വേദന Seema G Nair's Unwavering Support for Cancer Patients
സീമ.ജി.നായർ മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്...മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യം. നടി എന്ന നിലയിൽ മാത്രമല്ല നൻമ വറ്റാത്ത ഒരു മനസ്സിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ പരിമിതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന്, വേദനിക്കുന്ന
സീമ.ജി.നായർ മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്...മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യം. നടി എന്ന നിലയിൽ മാത്രമല്ല നൻമ വറ്റാത്ത ഒരു മനസ്സിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ പരിമിതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന്, വേദനിക്കുന്ന
സീമ.ജി.നായർ മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്...മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യം. നടി എന്ന നിലയിൽ മാത്രമല്ല നൻമ വറ്റാത്ത ഒരു മനസ്സിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ പരിമിതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന്, വേദനിക്കുന്ന
സീമ.ജി.നായർ മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്...മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യം. നടി എന്ന നിലയിൽ മാത്രമല്ല നൻമ വറ്റാത്ത ഒരു മനസ്സിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ പരിമിതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന്, വേദനിക്കുന്ന മനുഷ്യരുടെ ഇരുള്‍ നിറഞ്ഞ ജീവിതത്തിൽ പ്രത്യാശയുടെയും കരുതലിന്റെയും സാന്നിധ്യമാകുന്നു സീമ...രോഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ചുഴികളിലകപ്പെട്ട മനുഷ്യരെ സഹായിക്കാൻ സ്വന്തം അധ്വാനവും സമയവും മാറ്റി വയ്ക്കുമ്പോൾ അവർ പ്രതിഫലമൊന്നും പ്രതീക്ഷിക്കുന്നതേയില്ല...തന്നെക്കൊണ്ടാകുന്നതു ചെയ്യുക...നീറുന്ന മനസ്സുകളിൽ ആശ്വാസത്തിന്റെ ചെറുതെന്നലാകുക...അതാണ് സീമ...കാൻസറിന്റെ പിടിയിലമർന്ന് ദുരിത ജീവിതം നയിച്ച നടി ശരണ്യ ശശിയുടെ ചികിത്സയ്ക്കുൾപ്പടെ സീമയുടെ ഇടപെടലുകൾ വാർത്തയായിരുന്നു.
കഴിഞ്ഞ ദിവസം കാൻസറിന്റെ വേദനയിൽ പിടഞ്ഞ് അകാലത്തിൽ അന്തരിച്ച സീരിയൽ താരം സിദ്ധാർഥ് വേണുഗോപാലിന്റെ ദുരിതത്തിലും സഹായത്തിന്റെ തണലുമായെത്തിയത് സീമയാണ്. 2 വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ സിദ്ധാർത്ഥിനൊപ്പം ആശ്വാസവും പിന്തുണയുമായി സീമയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ മോഹങ്ങൾ അവശേഷിപ്പിച്ച് കടന്നു പോയ ആ ചെറുപ്പക്കാരന്റെ വിയോഗം സീമയിലുണ്ടാക്കിയ വേദന വളരെ വലുതാണ്.
സിദ്ധാർഥിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഐവർമഠത്തിൽ പോയി മടങ്ങും വഴിയാണ് 2 വർഷത്തെ ആ യാത്രയെക്കുറിച്ച് സീമ ‘വനിത ഓൺലൈനോട്’ മനസ്സ് തുറന്നത്.
‘‘ന്യൂറോ എൻഡോക്രൈൻ കാർസിനോമ എന്ന അസുഖമായിരുന്നു സിദ്ധാർഥിന്. വളരെ അഗ്രസീവ് ആയ കാൻസർ ആണിത്. അസുഖം ഭേദമായി എന്നു തോന്നും. പക്ഷേ, അവിടുന്നത് മൂർധന്യാവസ്ഥയിൽ എത്തും. ലഭ്യമായ മികച്ച ചികിത്സകളൊക്കെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2 വർഷം മുൻപ് ഒരു വയറു വേദനയുടെ രൂപത്തിലാണ് സിദ്ധാർഥിനെ രോഗം തേടിയെത്തിയത്. അസഡിറ്റിയുടെയോ ഗ്യാസ്ട്രബിളിന്റെയോ ഒക്കെ പ്രശ്നമാകുമെന്നാണ് ആദ്യം കരുതിയത്. പല ഡോക്ടർമാരെയും കാണിച്ചു. കാൻസറാണെന്ന സംശയം വന്നപ്പോൾ നടൻ അരുൺ ഘോഷാണ് എന്നെ വിളിച്ച് ഡോക്ടർ ഗംഗാധരന്റെ ഒരു അപ്പോയിൻമെൻറ് എടുത്തു കൊടുക്കാമോ എന്നു ചോദിച്ചത്. സിദ്ധാർത്ഥിനൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല. മുൻപ് പരിചയവുമില്ല. എന്നിട്ടും ഡോക്ടറെ കാണാന്‍ ഞാനും ഒപ്പം പോയി. ആ യാത്രയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്...’’.– പറഞ്ഞതു പൂർത്തിയാക്കാനാകാതെ സീമയുടെ ശബ്ദം മുറിഞ്ഞു. സങ്കടത്തിന്റെ ഒരു തിര മനസ്സിനെ ഉലച്ചു.
കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ്. കരിയറിലും ജീവിതത്തിലും വലിയ ആഗ്രഹങ്ങളുണ്ടായിരുന്ന ചെറുപ്പക്കാരൻ. രോഗം ഭേദമായി വീണ്ടും അഭിനയരംഗത്തേക്ക് തിരിതെയെത്താനും വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനുമൊക്കെ മോഹിച്ചിരുന്നു. പക്ഷേ, വിധി മറ്റൊന്നായി. എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് സിദ്ധാർത്ഥ് മരണത്തിൽ മറഞ്ഞു.
‘‘നിസ്സാര കാര്യത്തിന് ഇൻഷുറൻസ് തള്ളിയത് സിദ്ധാർത്ഥിന്റെ ചികിത്സയിൽ സാമ്പത്തികമായ ആശങ്കകൾ ഉണ്ടാക്കി. എങ്കിലും അവനെ വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറായില്ല. വിവിധ ആശുപത്രികളിലായി പല ഡോക്ടർമാരുടെ പിന്തുണ മറക്കാവുന്നതല്ല. പക്ഷേ, പോകെപ്പോകെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. ചികിത്സയുടെ തുടക്കത്തിലേ ഈ രോഗം കോംപ്ലിക്കേറ്റഡ് ആണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അസാമാന്യ വേദനയാണ്. പിന്നീട് അസുഖം തലച്ചോറിലേക്ക് സ്പ്രെഡ് ആയി. അപ്പോഴും ഇതൊന്നും ആരെയും അറിയിക്കേണ്ട എന്നായിരുന്നു തീരുമാനം. മരിക്കുന്നതിനു രണ്ടു ദിവസം മുൻപും രക്ഷപ്പെടുമെന്ന വിശ്വസവും പ്രതീക്ഷയും അവനുണ്ടായിരുന്നു. എന്തും സംഭവിച്ചേക്കാം എന്നു ഡോക്ടർ പറഞ്ഞ ശേഷം അവനെ കണ്ടപ്പോൾ, ‘ഡോക്ടർ എന്ത് പറഞ്ഞു ചേച്ചീ ?’ എന്നാണ് അവൻ ചോദിച്ചത്. ആ നിമിഷത്തിലും നല്ലതിനായുള്ള കാത്തിരിപ്പിലായിരുന്നു പാവം...’’– സീമ പറയുന്നു.
കെവിടാൻ തോന്നിയില്ല
‘‘2 വർഷത്തെ അടുപ്പത്തിലൂടെ സിദ്ധാർത്ഥുമായി വലിയ ആത്മബന്ധമുണ്ടായി. അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ കൈവിട്ട് പോരാൻ തോന്നിയില്ല. ശരണ്യയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. അസുഖം ആണെന്നറിഞ്ഞ് കാണാൻ പോയതാണ്. ആ കാഴ്ച അവളെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി. ഇവിടെയും അതാണ് സംഭവിച്ചത്. ഡോക്ടറുടെ അപ്പോയിൻമെൻറ് എടുത്തു കൊടുക്കുക മാത്രം ചെയ്തെങ്കില്‍ അവിടെ തീർന്നേനെ. പക്ഷേ, അവന്റെ ഒപ്പം പോകാനാണ് തോന്നിയത്. ഇതിനൊക്കെ പിന്നിൽ ദൈവത്തിന്റെ ഒരു ആസൂത്രണമുണ്ടാകും. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്’’.
താരങ്ങൾ മാത്രമല്ല, സാധാരണക്കാരായ എത്രയോ മനുഷ്യരും സീമയുടെ കരുതലും നൻമയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പ്രശസ്തരുടെ ജീവിതത്തിൽ സംഭവിക്കുന്നത് വാർത്തയാകുന്നത്ര അവയൊന്നും ചർച്ചയാകുന്നില്ല എന്നേയുള്ളൂ. നന്ദു മഹാദേവ ഉൾപ്പടെ എത്രയെത്ര ഉദാഹരണങ്ങൾ...
‘‘സിദ്ധാർത്ഥിന്റെ വിയോഗത്തെ തുടർന്ന് ഞാൻ അനുഭവിക്കുന്ന വിഷമം മനസ്സിലാക്കി ഒരുപാട് മനുഷ്യർ വിളിച്ചു. ഇനി ആരെയും നെഞ്ചോട് ചേർക്കരുതെന്ന് പലരും പറഞ്ഞു. സഹായിക്കുക, പോകുക. നെഞ്ചോട് ചേർത്താൽ അവരുടെ വേർപാട് താങ്ങാൻ പറ്റില്ല. അതിനാൽ ഉണ്ടാകുന്ന വേദനകൾ വളരെ വലുതാണ്. എന്നോടുള്ള താൽപര്യത്താലാണ് ഇതു പറയുന്നതെന്നറിയാം. പക്ഷേ, എനിക്കതിനാകില്ല. വേദനിക്കുന്നവരെ ജീവിതത്തിന്റെ ഭാഗമാക്കി ഒപ്പം നിൽക്കുന്നതാണ് എന്റെ ശീലം. അതു മാറില്ല. വേദന കണ്ടു നിൽക്കുക എളുപ്പമല്ല. അവർക്കു വേദനിക്കുമ്പോൾ നമുക്കും വേദനിക്കും’’. – സീമ പറയുന്നു.
വേദനിക്കുന്നവരെ സഹായിക്കാനും അവരെ ചേർത്തു പിടിക്കാനും സീമ പഠിച്ചത് അമ്മയിലൂടെയാണ്. മുൻപ് ‘വനിത ഓൺലൈന്’ നൽകിയ ഒരു അഭിമുഖത്തിൽ സീമ അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ –
‘‘വലിയ സാമ്പത്തികമുള്ള കുടുംബം ആയിരുന്നില്ല ഞങ്ങളുടേത്. എന്റെ അമ്മ ചേർത്തല സുമതി ഒരു നാടക നടിയായിരുന്നു. ഒരു ദിവസം അമ്മയ്ക്ക് നൂറു രൂപയാണ് പ്രതിഫലം കിട്ടുന്നതെങ്കിൽ, ആരുടെയെങ്കിലും കൈയിൽ നിന്നു അഞ്ഞൂറോ ആയിരമോ കൂടി കടം വാങ്ങിക്കൊണ്ടാകും അമ്മ വീട്ടിൽ വരുന്നത്. അത് മുഴുവൻ ചെലവാക്കുന്നത് അമ്മയോട് വിഷമം പറയുന്ന മറ്റുള്ള മനുഷ്യർക്ക് വേണ്ടിയാണ്. ഞങ്ങൾക്ക് ഓടിട്ട, രണ്ടു മുറിയെങ്കിലുമുള്ള ഒരു സ്വന്തം വീട് ഉണ്ടാകുന്നത് മുണ്ടക്കയം വിട്ട് പോരുന്നതിന് കുറച്ചു കാലം മുമ്പ് മാത്രമാണ്. അതു വരെ അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ മറ്റുള്ളവരുടെ കല്യാണം നടത്തിക്കൊടുക്കാനും ചികിത്സാച്ചെലവിനും ഒക്കെ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. നമ്മൾ സമ്പാദിക്കുന്നത് നമ്മളുടെ മക്കൾക്ക് അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന് എന്നൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. എന്റെ ചേച്ചിയുടെ കല്യാണത്തിന് കാൽ പവന്റെ സ്വർണം പോലും ഉണ്ടായിരുന്നില്ല. സ്ത്രീധനം ആഗ്രഹിക്കാത്ത, ചോദിക്കാത്ത ഒരാള്‍ വന്നതു കൊണ്ടാണ് അന്ന് ചേച്ചിയുടെ കല്യാണം നന്നായി നടത്തിയത്. ഇതായിരുന്നു അമ്മ. അമ്മയുടെ ആ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്’’.
അമ്മ എന്ന പാഠം
ഇപ്പോൾ എന്നെക്കുറിച്ച് എന്റെ കൂട്ടുകാർ പറയുന്നത്, ‘സീമാ, നിന്നെക്കുറിച്ച് ഓർക്കുമ്പോൾ ഞങ്ങൾക്ക് ഇതൊന്നും ഒരു അൽഭുതമായി തോന്നുന്നില്ല’ എന്നാണ്. എന്റെ കൂട്ടുകാരി മേബിളിനെ ന്യൂസിലൻഡിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ച് സംസാരിക്കുന്നതിനിടെ, എന്നെക്കുറിച്ച് യാദൃശ്ചികമായി പറഞ്ഞത്രേ – ‘ആ സീമ ജി നായർ കുറേയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലേ...’ എന്ന്. അപ്പോൾ മേബിൾ പറഞ്ഞത്, ‘സീമയെക്കുറിച്ച് നിങ്ങൾക്കാണ് അൽഭുതം തോന്നുന്നത്. ഞങ്ങൾക്ക് അതില്ല’ എന്നാണ്. കാരണം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എനിക്കു കിട്ടുന്ന ചെറിയ ചെറിയ പോക്കറ്റ് മണി മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ചെലവാക്കുമായിരുന്നു. അതൊക്കെ എന്റെ സുഹൃത്തുക്കൾക്ക് അറിയാം. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുമ്പോഴും ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടിയിട്ടുണ്ട്. അപ്പോൾ അമ്മ പറഞ്ഞിട്ടുണ്ട്, ‘എന്തു ചെയ്യും എന്റെ മോനെ നിന്നെക്കൊണ്ട്’ എന്ന്. അപ്പോള്‍ എന്റെ മറുപടി, ‘അമ്മയെ കണ്ടല്ലേ ഞാൻ പഠിച്ചത്’ എന്നായിരുന്നു. അതേ മറുപടിയാണ് എന്റെ മോൻ ഇപ്പോൾ എന്നോട് പറയുന്നത്. പല കാര്യങ്ങളും അവൻ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ ഞാൻ ചോദിക്കും, ‘അപ്പൂ നീ എന്താ ഇങ്ങനെ...അമ്മ ഒറ്റയ്ക്ക് വേണ്ടേ കഷ്ടപ്പെടാൻ എന്ന്’. അപ്പോ അവൻ പറയുന്നത് ‘അമ്മ കാണിക്കുന്നത് കണ്ടല്ലേ ഞാൻ പഠിക്കുന്നത്’ എന്നാണ്.
വലിയ വരുമാനമുള്ള ആളല്ല ഞാൻ. അത്യാവശ്യം ജീവിച്ചു പോകാവുന്നത്ര പ്രതിഫലമൊക്കെയേ ഉള്ളൂ. അതിനുള്ളിൽ നിന്നാണ് ഇത്രയൊക്കെ ചെയ്യുന്നത്. എന്നാൽ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്പോൾ ഒക്കെയും മറക്കും. അവരെ എങ്ങനെ സഹായിക്കാം എന്ന് ആലോചിക്കും. ഓരോ മാസവും എത്രയെത്ര പേർക്കാണെന്നോ മരുന്നിനും മറ്റും സഹായങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്. പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്, ‘സീമ ദൈവമൊന്നുമല്ല. ദൈവത്തിനു പോലും എല്ലാവരുടെയും കാര്യങ്ങൾ ഒന്നിച്ച് നോക്കാൻ പറ്റില്ല. അപ്പോൾ ഒരു സാധാരണ സ്ത്രീയായ സീമയ്ക്ക് എല്ലാവരുടെയും ആവശ്യം നിറവേറ്റാന്‍ സാധിക്കില്ല. ആ നിർബദ്ധബുദ്ധിയും ശരിയല്ല. സീമയ്ക്ക് പറ്റുന്നതെങ്കിൽ ചെയ്യുക. അല്ലെങ്കിൽ വിടുക’ എന്ന്. പക്ഷേ, എന്റെ മനസ്സ് അതിനനുവധിക്കില്ല.
എന്നെക്കൊണ്ടാകുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും. അതിനിടെ ഇത്തരം വേദനകളും ആരോപണങ്ങളുമൊന്നും ഞാൻ പരിഗണിക്കുന്നില്ല. ഈ മനുഷ്യജീവിതത്തിന്റെ ഏക നേട്ടം ഇതൊക്കെയാണല്ലോ....