‘കണ്ണീരുവന്ന് നിറഞ്ഞിരുന്നു കണ്ണുകൾ...എന്റെ ചേട്ടൻ, മോന്റെ രൂപത്തിൽ അതേ യൂണിഫോമിൽ’: ഹൃദയം തൊടും കുറിപ്പ്
ദോഹയിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന സ്റ്റേജ് ഷോയിൽ അവതാരകനും നടനുമായ മിഥുൻ രമേശ് അവതരിപ്പിച്ച പൊലീസ് കഥാപാത്രം, മിഥുന്റെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ രമേശ്കുമാറിനെ ഓർമിപ്പിച്ചുവെന്നും താരത്തിന്റെ അമ്മയും ഇതേ അഭിപ്രായമാണ് തന്നോടു പങ്കുവച്ചതെന്നും ഷോയുടെ ഡയറക്ടർ എൻ.വി. അജിത്. അജിത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
കുറിപ്പ് വായിക്കാം –
മുഴക്കമുള്ള ശബ്ദത്തിൽ അതുവരെ നോൺസ്റ്റോപ്പായി സംസാരിച്ചു കൊണ്ടിരുന്ന മിഥുൻ പെട്ടെന്ന് സൈലന്റായി...
യൂണിഫോമും ക്യാപ്പുമണിഞ്ഞു കുറേനേരം അവൻ കണ്ണാടിയിൽ നോക്കിനിന്നു.
നിശബ്തതയുടെ കാരണം അറിയാമായിരുന്ന ഞാൻ , ആ മൂഡു മാറ്റാനായി പറഞ്ഞു :
അളവെടുത്തില്ലെങ്കിലും സംഗതി ടെയ്‌ലർ മേഡ് തന്നെ...
തലകുലുക്കിയുള്ള മുറുക്കിയൊരു കെട്ടിപ്പിടിത്തത്തിൽ അവന്റെ ഹൃദയം ഞാനറിഞ്ഞു.
ദോഹയിൽ നടന്ന ഹൃദയപൂർവ്വം മോഹൻലാൽ ഷോയിൽ ആങ്കറായി നിശ്ചയിച്ചിരുന്നത് മറ്റൊരു ആർട്ടിസ്റ്റിനെയായിരുന്നു.
ചില സാങ്കേതിക കാരണങ്ങളാൽ അവർക്ക് എത്താനായില്ല. മിഥുനെ വിളിക്കുമ്പോൾ ആ ദിവസം അവനു ചൈനയിലൊരു ഇവന്റുണ്ട്. പകരമിനി ആരെന്നു തലപുകയ്ക്കുമ്പോൾ രാത്രിയൊരു കോൾ : നിങ്ങൾ കൂടോത്രം ചെയ്തതാണോ അണ്ണാ, ചൈനയാത്ര രണ്ടു ദിവസം മാറി. ഞാനുണ്ട് കേട്ടോ...
ഈ ഷോയിലെ ഹൈലൈറ്റ് സെഗ്മെന്റായിരുന്നു ഇന്ത്യൻ കോഫീ ഹൗസ് ആക്റ്റ്. ലാലേട്ടനും സിദ്ധിഖും മനോജ് കെ ജയനും നയിക്കുന്ന പാട്ടുവർത്തമാനത്തിനിടെ ഓരോ കഥാപാത്രങ്ങൾ കടന്നുവരും. അതിലൊരു എൻട്രി ആയിരുന്നു കോടതിയിൽ നിന്ന് മടങ്ങുന്ന വഴി കോഫീ ഹൗസിൽ കാപ്പികുടിക്കാൻ കയറിയ കള്ളനും പോലീസും.
പാട്ടുകാരനായ കള്ളനായി ലക്ഷണം കൊണ്ട് തന്നെ വിധുപ്രതാപിനെ ആദ്യമേ ഉറപ്പിച്ചിരുന്നു. പ്രോഗ്രാമിൽ പാട്ടു തന്നില്ലെങ്കിലും ഈ വേഷം മറ്റാർക്കും കൊടുക്കരുതെന്നവൻ കട്ടായം പറഞ്ഞു. ഇൻസ്പെക്റ്റർ വേഷത്തിൽ ആരെ ഫിക്സ് ചെയ്യുമെന്നുള്ള ആലോചന മിഥുന്റെ വരവോടെ അവസാനിച്ചു.
ലാസ്റ്റ് മിനിട്ട് തീരുമാനമായതിനാൽ അളവെടുത്തുള്ള യൂണിഫോം തയ്ക്കൽ പ്രാക്ടിക്കലായിരുന്നില്ല. സാധാരണ വേഷം പോലെയല്ല പോലീസ് യൂണിഫോം. കറക്ട് ഫിറ്റല്ലെങ്കിൽ കോമഡിയ്ക്ക് വേറെങ്ങും പോകണ്ട. മിഥുൻ പറഞ്ഞ അളവുകളും സുഹൃത്ത് കൂടിയായ അറഫാത്ത് എന്ന മിടുക്കൻ കോസ്റ്റൂമറിന്റെ മനോധർമ്മവും മാത്രമായിരുന്നു അളവുകോൽ.
നാട്ടിൽ തയ്ച്ചു കൊണ്ടു വന്ന യൂണിഫോം ദോഹയിലെ ഹോട്ടൽ മുറിയിൽ ട്രയലിനായി മിഥുനു കൊടുക്കുമ്പോൾ ആശങ്കയുണ്ടായിരുന്നു. ശരിയല്ലെങ്കിൽ ഗോവിന്ദ! ഇനിയൊരു മാറ്റിത്തയ്ക്കലിനു സമയമില്ല.
പക്ഷെ യൂണിഫോം കിറുകൃത്യം!
പൊട്ടിച്ചിരികൾക്കും ബഹളങ്ങൾക്കും വിരാമമിട്ട് അന്നേരം വെസ്റ്റ്ഇൻ ഹോട്ടലിലെ എന്റെ മുറിയിലേക്ക് അതിഥിയായെത്തിയ നിശബ്ദതയുടെ കാരണക്കാരൻ, ഡിവൈഎസ്പി രമേശ്കുമാർ എന്ന സമർത്ഥനായ പോലീസ്ഉദ്യോഗസ്ഥനായിരുന്നു....
അക്കാലത്തെ തിരുവന്തപുത്ത് കുറ്റവാളികളുടെ പേടിസ്വപ്നമായിരുന്നു രമേശ്കുമാർ. പാവപ്പെട്ടവരുടെ പ്രീയപ്പെട്ടവൻ. കലാകാരന്മാർക്കാകട്ടെ കളിത്തോഴനും.
മിഥുന്റെ അച്ഛൻ രമേശ്കുമാർ...
ആ വേഷത്തിൽ കുറെ ഫോട്ടോകളെടുത്ത് മൂന്നു പേർക്ക് അപ്പോൾത്തന്നെ അയച്ചു. ഒരാൾ ഞാൻ ചേച്ചിയെന്ന് വിളിക്കുന്ന മിഥുന്റെ അമ്മ. മറ്റൊന്ന് പ്രശസ്ത ഗായകനും മിഥുന്റെ അമ്മാവനുമായ രാധാകൃഷ്ണൻ. പിന്നെ, ലാലേട്ടൻ...
നിമിഷങ്ങൾക്കകം, ലാലേട്ടന്റെ ചിരി, തംപ്സ് അപ് മുദ്രകളെത്തി.
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു:
‘ആ ഫോട്ടോ ഓപ്പൺ ചെയ്യുമ്പോൾ ചുറ്റും കുറച്ച് ബന്ധുക്കൾ ഉണ്ടായിരുന്നു. അവരും ആ ഫോട്ടോ കണ്ടു. എനിയ്ക്ക് കുറച്ച് സമയം ഒന്നും കാണാൻ കഴിയാത്ത തരത്തിൽ കണ്ണീരുവന്ന് നിറഞ്ഞിരുന്നു കണ്ണുകൾ. എന്റെ ചേട്ടൻ, മോന്റെ രൂപത്തിൽ അതേ യൂണിഫോമിൽ, അതേ ഗെറ്റപ്പിൽ, ക്യാപ്പ് പിടിക്കുന്നതുപോലും അതേ മട്ടിൽ... അജിത്ത്, താങ്ക്യൂ മോനെ’
അകാലത്തിൽ ഈ ലോകത്തോട് വിടപറയുകയായിരുന്നു രമേശ്കുമാർ. ആശ്രിത നിയമനം വഴി പിതാവിന്റെ ജോലി മിഥുനു ലഭിച്ചു. അതേ നേരത്ത് തന്നെ ദുബായിലെ ഹിറ്റ് എഫ് എമ്മിൽ നിന്നുള്ള ആർ ജെ ഓഫറുമെത്തി.
പിന്നെയുള്ള കഥകൾ ലോകത്തിനറിയാം.
ഷോ കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങി വരുമ്പോൾ മിഥുൻ പറഞ്ഞു: ചേട്ടാ ഈ യൂണിഫോം ഞാനെടുത്തോട്ടെ….
അങ്ങകലകങ്ങളിലെവിടെയോ ഇരുന്ന്, സ്റ്റേജിൽ ഈ വേഷമണിഞ്ഞ മിഥുനെ അദ്ദേഹം കണ്ടിട്ടുണ്ടാകണം... അദ്ദേഹത്തിന്റെ അനുഗ്രഹം കൂടിയായിരുന്നിരിക്കണം വൈറലായ് മാറിയ ഹൃദയപൂർവം ഷോയുടെ വിജയം.
മിഥുന്റെ കുടുംബത്തിലെ ഹൃദയബന്ധുവായ എനിക്കു കിട്ടിയ മറ്റൊരനുഗ്രഹം...
ചക്കരേ മിക്കൂ , ഈ യൂണിഫോം നിനക്കുള്ളതാണ്...