‘കാവിയും ഷാളും നരയുമായി അലഞ്ഞ കാലം, വീട്ടിൽ ദാരിദ്ര്യമായി, കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു’: നടൻ കവിരാജ്
സിനിമാ- സീരിയലുകളില്‍ വില്ലൻ വേഷങ്ങളിലൂടെ സുപരിചിതനായ നടനാണ് കവിരാജ്. നിറം, കല്യാണരാമൻ തുടങ്ങി അൻപതോളം സിനിമകളിൽ അഭിനയിച്ച കവിരാജ് മാറംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മയുടെ മരണശേഷമാണ് ആത്മീയ വഴി തിരഞ്ഞെടുത്തതെന്ന് കവിരാജ് പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘അമ്മയുടെ ആണ്ട് നടത്തുന്നത് വരെ ഞാൻ വിഷാദരോഗം പോലെയുള്ള അവസ്ഥയിലായി. ഭാര്യ അനു അന്ന് ഗർഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവൾ പ്രസവിച്ചു. കുഞ്ഞുണ്ടായത് സന്തോഷമാണെങ്കിലും ഞാൻ അമ്മയുടെ അടിയന്തരത്തിന്റെ തിരക്കുകളിലായിരുന്നു. ആരും സഹായത്തിനില്ലായിരുന്നു.
പ്രസവിക്കുമ്പോൾ ഞാൻ അടുത്തുവേണമെന്ന് പറഞ്ഞപ്പോൾ വണ്ടി പിടിച്ച് പോയി. കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ് നടക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഭാര്യയെയും കുഞ്ഞിനെയും കണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല. ഞാൻ വീടും പൂട്ടി ഇറങ്ങി, ഹിമാലയം വരെ പോയി അലഞ്ഞു.
ആത്മീയതയിലേക്ക് തിരിഞ്ഞപ്പോൾ വീട്ടിൽ ദാരിദ്ര്യമായി. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ്. ഭാര്യയോടും ഒട്ടും സംസാരിക്കാതെയായി. അങ്ങനെയാണ് അവൾ പോയത്. വീട് പൂട്ടി ഞാനും എന്റെ വഴിക്ക് പോയി. ഭാര്യക്ക് പിന്നീട് തിരിച്ച് വരണമെന്നു തോന്നി. ഞങ്ങൾ വീണ്ടും ഒരുമിച്ചു.
ഞാൻ കാരണം അവൾ ബുദ്ധിമുട്ടുന്നുണ്ടെന്നും നല്ലൊരാളെ കിട്ടിയാൽ അവളെ വിവാഹം കഴിപ്പിക്കാമെന്നും ചിന്തിച്ചിരുന്ന സമയത്താണ് അവള്‍ തിരികെ വന്നത്. അതിനുശേഷം, എന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം കാവി വസ്ത്രം ഉപേക്ഷിക്കുകയും ചെയ്തു.’- കവി രാജ് അഭിമുഖത്തിൽ പറയുന്നു.