ഗാനഗന്ധർവൻ യേശുദാസിന്റെ മധുരസ്വരത്തിനൊപ്പം മനോഹരമായ ഈണമൊരുക്കിയ നിയോഗത്തെക്കുറിച്ച് പറയുകയാണ് എം. ജയചന്ദ്രൻ. യേശുദാസിന്റെ തൊട്ടടുത്തിരുന്ന് ആ ശബ്ദമാധുരി അനുഭവിക്കാൻ കഴിഞ്ഞതിലെ സൗഭാഗ്യത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷത്തെക്കുറിച്ചും ജയചന്ദ്രൻ വാചാലനാകുന്നുണ്ട്. യേശുദാസെന്ന

ഗാനഗന്ധർവൻ യേശുദാസിന്റെ മധുരസ്വരത്തിനൊപ്പം മനോഹരമായ ഈണമൊരുക്കിയ നിയോഗത്തെക്കുറിച്ച് പറയുകയാണ് എം. ജയചന്ദ്രൻ. യേശുദാസിന്റെ തൊട്ടടുത്തിരുന്ന് ആ ശബ്ദമാധുരി അനുഭവിക്കാൻ കഴിഞ്ഞതിലെ സൗഭാഗ്യത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷത്തെക്കുറിച്ചും ജയചന്ദ്രൻ വാചാലനാകുന്നുണ്ട്. യേശുദാസെന്ന

ഗാനഗന്ധർവൻ യേശുദാസിന്റെ മധുരസ്വരത്തിനൊപ്പം മനോഹരമായ ഈണമൊരുക്കിയ നിയോഗത്തെക്കുറിച്ച് പറയുകയാണ് എം. ജയചന്ദ്രൻ. യേശുദാസിന്റെ തൊട്ടടുത്തിരുന്ന് ആ ശബ്ദമാധുരി അനുഭവിക്കാൻ കഴിഞ്ഞതിലെ സൗഭാഗ്യത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷത്തെക്കുറിച്ചും ജയചന്ദ്രൻ വാചാലനാകുന്നുണ്ട്. യേശുദാസെന്ന

ഗാനഗന്ധർവൻ യേശുദാസിന്റെ മധുരസ്വരത്തിനൊപ്പം മനോഹരമായ ഈണമൊരുക്കിയ നിയോഗത്തെക്കുറിച്ച് പറയുകയാണ് എം. ജയചന്ദ്രൻ. യേശുദാസിന്റെ തൊട്ടടുത്തിരുന്ന് ആ ശബ്ദമാധുരി അനുഭവിക്കാൻ കഴിഞ്ഞതിലെ സൗഭാഗ്യത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷത്തെക്കുറിച്ചും ജയചന്ദ്രൻ വാചാലനാകുന്നുണ്ട്. യേശുദാസെന്ന ശബ്ദ നക്ഷത്രത്തെ ഒന്ന് കാണാൻ കൊതിച്ചതും, ഒന്ന് തൊടാൻ കൊതിച്ചതും മുജ്ജന്മ പുണ്യമാകാമെന്ന വാക്കുകളോടെയാണ് ജയചന്ദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എം ജയചന്ദ്രൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

‘ഓണക്കോടിയുടുത്തൂ മാനം...’ വാക്കുകളുടെ അർത്ഥമോ, ഭാവമോ, രസമോ തിരിച്ചറിയാൻ പാകമായിട്ടില്ലാത്ത കുഞ്ഞാവ പ്രായത്തിൽ ഗ്രാമഫോണിൽ ഞാൻ കേട്ട ഒരു പാട്ടാണ്. ആ പ്രായത്തിലും ഗ്രാമഫോൺ ഡിസ്ക് തിരിയുന്ന കൗതുകത്തിലേറെ ആ പാട്ടുപാടിയ ശബ്ദം മാത്രമാണ് മനസ്സിലേക്ക് വീണ് ഉറഞ്ഞത്. ആരെന്നോ എന്തെന്നോ എന്ന് അന്നറിയില്ല.

എന്റെ കുട്ടിക്കുറുമ്പും വികൃതിയും എല്ലാം പിന്നീട് എത്രവട്ടം ആ ശബ്ദത്തിന് മുന്നിൽ ചലനമറ്റു എന്നും പറയാനാവില്ല. ഒന്നു രണ്ട് പിറന്നാളുകൾ കടന്ന് പോയപ്പോഴേക്കും ആ സ്വരമാധുരിയുടെ സ്വന്തക്കാരൻ ആരെന്ന പേര് കേട്ടു, പറയാനും പഠിച്ചു. യേശുദാസ്. പിന്നീട് ഇന്നുവരെ ഞാൻ ഏറ്റവും കൂടുതൽ ഉച്ചരിച്ച പേരും മറ്റൊന്നാവില്ല, ഉറപ്പ് .

ADVERTISEMENT

ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഒരു വാർത്ത കേൾക്കുന്നു. തിരുവനന്തപുരത്ത് സെനറ്റ് ഹാളിൽ യേശുദാസിന്റെ ഗാനമേള. ദിവസമടുക്കാൻ ഉള്ള കാത്തിരിപ്പ്, ഒടുവിൽ ദൂരെ വേദിയിൽ ഒരു പ്രഭപോലെ തൂവെള്ള വസ്ത്രത്തിൽ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നു. വല്ലാത്തൊരു സാഫല്യമായിരുന്നു. ഒന്ന് നേരിൽ കാണാൻ സാധിച്ചെങ്കിൽ എന്നത് എത്രയോ നാളത്തെ മോഹമായിരുന്നു. എന്റെ കൊതി തീരുവോളം ഞാനദ്ദേഹത്തെ നോക്കിയിരുന്നു...

‘ഇടയകന്യകേ’ എന്ന പാട്ടിൽ തുടക്കം, പിന്നെ അന്നാളുവരെ ഗ്രാമഫോണും റേഡിയോയും മാത്രം കേൾപ്പിച്ചു തന്ന സുന്ദര ഗാനങ്ങളുടെ നീരൊഴുക്ക്. എക്സ്റ്റസി അഥവാ ഹർഷോന്മാദം എന്ന ആനന്ദത്തിന്റെ പരകോടിയിലേക്ക് എന്റെ ബാല്യം പറന്ന് പറന്ന് പോകുന്നു. എന്റെ കൗമാരവും എന്റെ യുവത്വവും എന്റെ ഇന്നലെകളെയും ഇന്ന് ഈ നിമിഷങ്ങളെയും ഉണർത്തിയും ഉത്തേജിപ്പിച്ചും ആ സ്വരധാര ഒഴുകിക്കൊണ്ടേ ഇരിക്കുന്നു.

ADVERTISEMENT

യേശുദാസ് എന്ന ആ ഗന്ധർവനോട് അടുത്ത് ഒന്ന് ചെന്ന് നിൽക്കണം. ഏറ്റവും ചുരുക്കം അദ്ദേഹം ഉള്ള പരിസരത്ത് എവിടെയെങ്കിലും നിന്ന് ആ ശബ്ദം നേരിട്ട് വീണ്ടും വീണ്ടും കേൾക്കണം. ഈശ്വരൻമാരോട് എത്രയോ വട്ടം മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷേ എത്തിപ്പിടിക്കാൻ ആവാത്ത അകലത്തിരുന്ന് അദ്ദേഹം പാടുകയായിരുന്നു. നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ ആഘോഷങ്ങൾ, യാത്രകൾ, ഋതുഭേദങ്ങൾ, സ്നേഹം, ദുഃഖം, കരുണ, പ്രണയം...

അങ്ങനെ ജീവക്രമത്തിന്റെ എല്ലാ താളങ്ങൾക്കും ഒപ്പം ആ ഒരു നാദത്തിന്റെ, ശബ്ദശീലിന്റെ, അനിവാര്യത മുറ്റി നിന്നു. എറണാകുളത്ത് ജയമാമയുടെ വീട്ടിലെ ഗ്രാമഫോണിലൂടെ കൂടുതൽ ഉയർന്ന നിലവാരമുള്ള ശബ്ദലേഖന വിദ്യയുണ്ടായിരുന്ന ബോംബെയിലെ സ്റ്റുഡിയോകളിൽ റെക്കോർഡ് ചെയ്ത അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടുതുടങ്ങിയപ്പോൾ പിന്നേയും പിന്നേയും ആ മാസ്മര സ്വരശുദ്ധിയിലെ ചുഴിയിലേക്ക് ഞാനങ്ങനെ ആണ്ടുപോവുകയായിരുന്നു. ‘തുജോ മേരെ സുർമേ.. ജബ്ദീപ് ജലേ ആനാ..’ എത്ര തവണ ആവർത്തിച്ചു കേട്ടു എന്നതിന് കണക്കില്ല. സംഗീത അഭ്യസനവും, പഠനവുമായി, വർഷങ്ങൾ മുന്നോട്ട് പോയി.

പ്രിയ കൂട്ടുകാരൻ രാകേഷിന്റെ വീട്ടിലെ കൊച്ചു മുറിയിലെ റെക്കോർഡ്പ്ലെയർ ആയിരുന്നു ആ കാലങ്ങളിലെ കേൾവിത്തുരുത്ത്. നിരവധി പാട്ടുകളുടെ ശേഖരം. ഇതുകേൾക്ക്, എന്ന് പറഞ്ഞ് രാകേഷ് മാറി മാറി പാട്ടുകൾ പ്ലേ ചെയ്യും. പല ഭാഷയിലുളള ഗാനങ്ങൾ, പിന്നെ, തരംഗിണിയുടെ ലളിത ഗാനങ്ങൾ ‘ശരത്പൂർണ്ണിമാ യാമിനിയിൽ.. ശ്രാവണ ചന്ദ്രികാ പുഷ്പം ചൂടിയ.. തുളസി, കൃഷ്ണ തുളസി.. എന്നും ചിരിക്കുന്ന സൂര്യന്റെ...’ യേശുദാസ് സാറിന്റെ സ്വരം ആ കൊച്ചു മുറിയിൽ എനിക്ക് ചുറ്റും മഞ്ഞായും, മഴയായും, കണ്ണീരായും, പൊഴിഞ്ഞ് കൊണ്ടേ ഇരുന്നു. ഓരോ തവണയും അവിടെ നിന്ന് മടങ്ങുമ്പോൾ അത്രയേറെ ഞാൻ നനഞ്ഞിരുന്നു.

ദാസ് സാറിന്റെ പാട്ടുകളങ്ങനെ പല കാലങ്ങളിലായി, ഒന്നിനു പിറകെ ഒന്നായി, ഇടമുറിയാതെ പെയ്തുകൊണ്ടേ ഇരുന്നു. ‘മദകൂജനമാർന്നിണപ്രാക്കളില്ലേ പുലർവേലകളിൽ വയലേലകളിൽ...’ ‘പവിഴം പോൽ പവിഴാധരം പോൽ’ എന്ന പാട്ടിലെ വരികൾ ആ ഗന്ധർവ നാദത്തിൽ കേട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി സംഗീതത്തിന്റെ മായ കാഴ്ചകളുടെ അപൂർവ്വ ലോകത്തേക്ക് കൈപ്പിടിച്ചു നടത്തിയപ്പോൾ! എന്നിലെ സംഗീതജ്ഞനും കൊതിച്ചു, ഒരു പാട്ട് എന്നെങ്കിലും എനിക്കും... ‘വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം’, എന്ന് ദാസ് സാർ പാടിവച്ചതുകൊണ്ട് ഞാനും മോഹിച്ചു . അങ്ങനെ ദാസ് സാറിന്റെ പാട്ടുകൾ കേട്ടുകേട്ട് പിന്നെയും കേട്ടുകേട്ടിരുന്ന എന്നെയും കാലം ഒരു സംഗീത സംവിധായകൻ ആക്കി. ആ ശീലത്തിലേക്ക് എന്നെ നയിച്ചതിന് ഒരൊറ്റ കാരണമേ എനിക്ക് പറയാനുള്ളൂ.. ദാസ് സാറിന്റെ ശബദം!

ആ ശബ്ദം മുന്നിൽ തുറന്നിട്ട ശ്രുതിശുദ്ധി പൂത്ത നടവഴികൾ.. എന്റെ മോഹങ്ങൾ വെറുതെ ആയില്ല. ‘രജപുത്രൻ’ എന്ന സിനിമക്ക് വേണ്ടി യേശുദാസ് സാർ എനിക്കായി പാടി. സ്റ്റുഡിയോ കൺസോളിലെ ചെറിയ സ്പീക്കറിൽ ആ സ്വരം, എനിക്കായി പൊഴിച്ച ഈണം, എന്നിൽ ഉണ്ടാക്കിയ ആന്ദോളനം അനിർവചനീയമാണ്. പിന്നീട് വീണ്ടും വീണ്ടും അദ്ദേഹത്തിന് ഒപ്പം പാട്ടുകൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടായി. പലവട്ടം എന്റെ ഈണങ്ങൾക്ക് ദാസ് സാർ എനിക്കായി സ്വരചന്തം ചാർത്തി തന്നു.

‘മണിക്കുയിലേ’ എന്ന പാട്ട് പാടിത്തീർന്നപ്പോൾ, ദാസ് സാർ വന്ന് എനിക്ക് കൈ തന്നു. ഒരനുഗ്രഹം പോലെ ആയിരുന്നു ആ സ്പർശം. ‘ഹൃദയത്തിൻ മധുപാത്രം’ എന്ന പാട്ട് പാടി ഇറങ്ങി നേരേ വന്ന് എന്റെ ചുമലിൽ തട്ടി ദാസ് സാർ പറഞ്ഞു- ‘വളരെ നന്നായിട്ടുണ്ട്...’

ഈസ്റ്റ് കോസ്റ്റിന്റെ ആൽബത്തിന് വേണ്ടി ചെയ്ത ‘എന്നിണക്കിളിയുടെ നൊമ്പര ഗാനം’ എന്ന പാട്ട് താരംഗിണിയിൽ റെക്കോർഡിങ് കഴിച്ച്, പ്രഭ ചേച്ചിയെ അടുത്തിരുത്തി നാലോ അഞ്ചോ തവണ ആവർത്തിച്ച് കണ്ണടച്ചിരുന്ന് കേട്ടു കൊണ്ടിരുന്ന ദാസ് സാറിന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്. ‘അമ്മ മഴക്കാറ്’ റെക്കോർഡിങ് നടക്കുമ്പോൾ ആ പാട്ടിന്റെ വരികളിലെ ആർദ്ര ഭാവങ്ങളിലേക്ക് ആ ശബ്ദമങ്ങനെ ആണ്ടിറങ്ങി സഞ്ചരിച്ച് പോകെ, അനിയന്ത്രിതമായ കരച്ചിൽ എന്നെ പിടിച്ച് കുലുക്കി. റെക്കോർഡിങ് നിർത്തിവച്ച് പുറത്ത് പോയ ഞാൻ ഉള്ളു വറ്റും വരെ കരഞ്ഞ് തീർത്തു. മറക്കാനാവില്ല എനിക്കാ നിമിഷങ്ങളെ.

യേശുദാസ് സാറിന്റെ സിനിമാ സംഗീത ജീവിതത്തിൽ നാൽപ്പതാം വർഷത്തിലെ ആദ്യത്തെ പാട്ട് ‘ചക്കര മാവിൻ മുന്തിരി കുയിലല്ലേ..’ അത് ചെയ്യാൻ ഭാഗ്യമുണ്ടായപ്പോൾ ആനന്ദിച്ചു. അതേ യാത്രയുടെ അൻപതാം വർഷം ആദ്യ പാട്ട് ‘മല്ലു സിങ്’ എന്ന സിനിമയിലെ ‘ചം ചം’ എന്ന ഗാനം ചെയ്യാനും എനിക്ക് സാധിച്ചപ്പോൾ എനിക്ക് അതൊരു അഭിമാനമായി.

‘ഓണക്കോടിയുടുത്തുമാനം’ എന്ന വരികളെ നെഞ്ചേറ്റിയ ഒരു കുഞ്ഞുകുട്ടിയുടെ സ്വപ്നങ്ങൾ ആ ശബ്ദത്തിന് പിറകേ സഞ്ചരിച്ചതും, ആ ശബ്ദ നക്ഷത്രത്തെ ഒന്ന് കാണാൻ കൊതിച്ചതും, ഒന്ന് തൊടാൻ കൊതിച്ചതും, ജഗദീശ്വരൻ നിഷേധിച്ചില്ല. ഏതോ മുജ്ജന്മപുണ്യമാവാം, അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്നു തന്നെ ആ ശബ്ദമാധുരി അനുഭവിക്കാനും, ആ ഗുരുവരാനുഗ്രഹം നേടാനും കഴിഞ്ഞത്, എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ ഒരു ചെറിയ കുറിപ്പിൽ ഒതുക്കാനാവുന്നതല്ല യേശുദാസ് സാറുമായി ഉള്ള എന്റെ അനുഭവങ്ങളും, അവ സമ്മാനിച്ച അനുരണങ്ങളും. ജനുവരി പത്തിന് പിറന്നാൾ ആഘോഷിച്ച അദ്ദേഹത്തിന് മനസ്സു കൊണ്ടും, വാക്ക് കൊണ്ടും ആശംസകൾ പറയാത്തവരാരും തന്നെ ഇല്ല. അവരിൽ ഒരാളായി ഞാനും ആശംസകളുടെ ആ വലിയ ചിറകുകൾക്ക് ഇടയിൽ എന്റെ ഒരു കൊച്ചു തൂവലും ചേർക്കട്ടെ...’

English Summary:

Yesudas's magical voice is a source of inspiration. This is a heartfelt reflection by M. Jayachandran on his experiences with the legendary singer and the impact of his music.

ADVERTISEMENT