‘നമ്മുടെ ഓണനിലാവും പൂക്കളും അകക്കുളിരേകുന്ന പാട്ടുകളും അന്യം നിന്നു പോകാതിരുന്നെങ്കിൽ...’: ടി.പി. മെഹറൂഫ് രാജ് എഴുതുന്നു The Melodies of Onam: A Journey Through Kerala's Festival Songs
കേരളത്തിൻ്റെ ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ഓണപ്പാട്ടുകൾ, സമൃദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിൻ്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണ്. പരമ്പരാഗത നാടൻ ഈണങ്ങൾ മുതൽ പ്രശസ്ത ചലച്ചിത്ര ഗാനങ്ങൾ വരെ, ഈ ഗാനങ്ങൾ സന്തോഷം, നൊസ്റ്റാൾജിയ, ഐക്യം എന്നിവയുടെ വികാരങ്ങൾ ഉണർത്തുന്നു. നിരവധി പ്രഗത്ഭരായ സംഗീതജ്ഞരും ഗാനരചയിതാക്കളും ഓണത്തിൻ്റെ സത്തയെ അവരുടെ സൃഷ്ടികളിൽ പകർത്തിയിട്ടുണ്ട്. കാലങ്ങൾക്കനുസരിച്ച് മാറുമ്പോഴും, ഈ ഗാനങ്ങൾ ഓണത്തിൻ്റെ കൂട്ടായ്മയുടെയും സാംസ്കാരിക ബന്ധത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്നു. ലേഖനം വിവിധ ഓണപ്പാട്ടുകളുടെ വരികളും സംഗീതവും വിശകലനം ചെയ്യുകയും അവയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്യുന്നു. ഓണം, ഈ ഗാനങ്ങളിലൂടെ, സൗഹാർദ്ദപരവും തുല്യവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള കൂട്ടായ സ്വപ്നത്തെയാണ് പ്രതിനിധീകരിക്കുന്നത്.
കേരളത്തിൻ്റെ ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ഓണപ്പാട്ടുകൾ, സമൃദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിൻ്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണ്. പരമ്പരാഗത നാടൻ ഈണങ്ങൾ മുതൽ പ്രശസ്ത ചലച്ചിത്ര ഗാനങ്ങൾ വരെ, ഈ ഗാനങ്ങൾ സന്തോഷം, നൊസ്റ്റാൾജിയ, ഐക്യം എന്നിവയുടെ വികാരങ്ങൾ ഉണർത്തുന്നു. നിരവധി പ്രഗത്ഭരായ സംഗീതജ്ഞരും ഗാനരചയിതാക്കളും ഓണത്തിൻ്റെ സത്തയെ അവരുടെ സൃഷ്ടികളിൽ പകർത്തിയിട്ടുണ്ട്. കാലങ്ങൾക്കനുസരിച്ച് മാറുമ്പോഴും, ഈ ഗാനങ്ങൾ ഓണത്തിൻ്റെ കൂട്ടായ്മയുടെയും സാംസ്കാരിക ബന്ധത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്നു. ലേഖനം വിവിധ ഓണപ്പാട്ടുകളുടെ വരികളും സംഗീതവും വിശകലനം ചെയ്യുകയും അവയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്യുന്നു. ഓണം, ഈ ഗാനങ്ങളിലൂടെ, സൗഹാർദ്ദപരവും തുല്യവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള കൂട്ടായ സ്വപ്നത്തെയാണ് പ്രതിനിധീകരിക്കുന്നത്.
കേരളത്തിൻ്റെ ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ഓണപ്പാട്ടുകൾ, സമൃദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിൻ്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണ്. പരമ്പരാഗത നാടൻ ഈണങ്ങൾ മുതൽ പ്രശസ്ത ചലച്ചിത്ര ഗാനങ്ങൾ വരെ, ഈ ഗാനങ്ങൾ സന്തോഷം, നൊസ്റ്റാൾജിയ, ഐക്യം എന്നിവയുടെ വികാരങ്ങൾ ഉണർത്തുന്നു. നിരവധി പ്രഗത്ഭരായ സംഗീതജ്ഞരും ഗാനരചയിതാക്കളും ഓണത്തിൻ്റെ സത്തയെ അവരുടെ സൃഷ്ടികളിൽ പകർത്തിയിട്ടുണ്ട്. കാലങ്ങൾക്കനുസരിച്ച് മാറുമ്പോഴും, ഈ ഗാനങ്ങൾ ഓണത്തിൻ്റെ കൂട്ടായ്മയുടെയും സാംസ്കാരിക ബന്ധത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്നു. ലേഖനം വിവിധ ഓണപ്പാട്ടുകളുടെ വരികളും സംഗീതവും വിശകലനം ചെയ്യുകയും അവയുടെ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്യുന്നു. ഓണം, ഈ ഗാനങ്ങളിലൂടെ, സൗഹാർദ്ദപരവും തുല്യവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള കൂട്ടായ സ്വപ്നത്തെയാണ് പ്രതിനിധീകരിക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയമായ ചില ഓണപ്പാട്ടുകളെക്കുറിച്ച് ഡോ. ടി.പി. മെഹറൂഫ് രാജ് ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
മലയാളിയുടെ പ്രകൃതിയുടെയും മനസ്സിന്റെയും ഉത്സവമായ ഓണം ആഗതമാകുകയാണ്...
‘കാലങ്ങളില്‍ അവള്‍ വസന്തം...’
എന്നു തുടങ്ങുന്ന അതി പ്രശസ്ത തമിഴ് ഗാനമുണ്ട്. പി.ബി. ശ്രീനിവാസ് പാടിയത്. ഋതുക്കളില്‍ ഏറ്റവും മികച്ചത് വസന്തകാലമാണെന്ന വസ്തുത, കാമുകിയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കാനായി ഉപയോഗിക്കുകയാണ്, ഈ പാട്ടിൽ.
‘പൂമൊട്ടുകളെ വിടര്‍ത്തി വസന്തം പിന്‍വാങ്ങി’ എന്ന് പറഞ്ഞത് മഹാകവി ടാഗോറാണ്. വസന്തത്തിൽ പൂക്കളായ പൂക്കളൊക്കെ വിരിയുന്നു, പ്രകൃതി പച്ചപ്പണിഞ്ഞ് നവോഢയാകുന്നു.കര്‍ക്കിടകത്തിന്റെ ദുരിതപ്പെയ്ത്തുകള്‍ കഴിഞ്ഞ് ചിങ്ങം പിറക്കുന്ന വേളയാണ് നമ്മുടെ വസന്താരംഭം; പൊന്നിന്‍ ചിങ്ങം. വിളവെടുപ്പിന്റെ കാലമാണ്, പിന്നെ. പത്തായങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ മനസ്സും നിറയുന്നു. ഉണര്‍വ്വിന്റെയും ഊര്‍ജ്ജത്തിന്റെയും കൂടികാലം. കാര്‍ഷിക സംസ്‌കൃതിയിലാണ് മനുഷ്യ സംസ്‌കാരം പൂത്തുലയുന്നത്. പ്രകൃതിയും, മനുഷ്യനും, മറ്റു ജീവജാലങ്ങളും, ഒന്നാകുന്ന ഏകലോകാവസ്ഥയാണത്. അങ്ങനെയാണ് മാനവികമൂല്യങ്ങളും, സമഭാവനയും മനുഷ്യന്‍ സ്വായത്തമാക്കുന്നത്. ചിങ്ങത്തിലാണ് മലയാളിയുടെ മണ്ണിന്റെ, വിണ്ണിന്റെ ഉള്ളിന്റെ ആഘോഷമായ, ഓണമെന്ന കാര്‍ഷികോത്സവം വന്നണയുന്നത്. പൂക്കളിലും നിലാവിലും പുഞ്ചിരിവിടര്‍ത്തി ഓണമെത്തുന്നു.ആ സന്ദര്‍ഭത്തിലെ മൊത്തം പ്രകൃതിയുടെ,സാമൂഹിക മാനവികാവസ്ഥയുടെ പ്രതീകം കൂടിയാണ്,ഓണനിലാവ്.വാത്സല്യം,മമത,പ്രണയപരത എന്നിവയുടെ സ്ത്രൈണ ഭാവ ബിംബ സമൃദ്ധി കൂടിയുണ്ടതിനെന്ന് സങ്കൽപ്പിക്കാമെന്നു തോന്നുന്നു.
ചരിത്രത്തിലേക്കും, ഐതിഹ്യങ്ങളിലേക്കും, പ്രകൃതി പ്രതിഭാസങ്ങളിലേക്കും, അനുഭൂതികളിലേക്കും, മനസ്സ് കുടിയേറുന്ന കാലമത്രെ ഓണം. പ്രകൃതിയുടെ സംഗീതമാണ് വസന്തം, പൂവിന്റെ സംഗീതം അതിന്റെ സുഗന്ധവും.
കാര്‍ഷികോത്സവമായ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍, അകമ്പടിയേകുവാനുള്ള നാടന്‍ കലകളും പാട്ടുരൂപങ്ങളുമുണ്ട്,നമുക്ക് സമൃദ്ധമായി. നാടിന്റെ വ്യത്യസ്തപ്രദേശങ്ങളിലെ സര്‍ഗ്ഗാത്മകവൈവിധ്യങ്ങള്‍ ഓണാഘോഷ സംരംഭങ്ങളിൽ,പാട്ടുകളില്‍ പ്രതിഫലിക്കുന്നുണ്ട്,വേണ്ടുവോളം. നാടന്‍ സംഗീതവും ശീലുകളും യഥേഷ്ടം വിന്യസിക്കപ്പെട്ട നിരവധി ചലച്ചിത്ര-നാടക ഗാനങ്ങളുണ്ട്, മലയാളിക്ക്, ഓണപ്പാട്ടുകളായി. ഏറ്റവും ജനകീയവും, പ്രചാരം നേടുന്നവയുമാണ് സിനിമാനഗാനങ്ങള്‍. ഒരുവേള ഓണത്തിന്റെ സമസ്തഭാവതലങ്ങളും പ്രതിഫലിപ്പിക്കുന്നവയാണീ ഓണപ്പാട്ടുകള്‍.
ഓണപ്പാട്ടുകള്‍ പരാമര്‍ശിക്കുമ്പോള്‍ മിക്ക കേരളീയരും തുടക്കത്തിലേ ഓര്‍ക്കുന്ന ഒരു ഗാനമാണ്,‘പൂവിളി... പൂവിളി... പൊന്നോണമായി,
നീ വരൂ ... നീ വരൂ... പൊന്നോണത്തുമ്പീ...’
എന്നു തുടങ്ങുന്ന പാട്ട്. ഓണത്തിന്റെ അന്തരാര്‍ത്ഥവും, അനുഭൂതികളും ഏറെ വിന്യസിക്കപ്പെട്ടവരികള്‍, ശ്രീകുമാരന്‍ തമ്പിയുടെതാണ്. അതിനെ മികച്ചൊരു ഗാനശില്പമാക്കി മാറ്റുകയാണ് വംഗദേശക്കാരനായ സലീല്‍ ചൗധരി. ഓര്‍ക്കസ്‌ട്രേഷന്‍ എന്ന കലയുടെ അങ്ങേയറ്റം കണ്ട സംഗീത സംവിധായകന്‍. ചിങ്ങപ്പൊന്നോണത്തിന്റെ പ്രസന്നതയും കാന്തിയും, ഉണര്‍വ്വും പ്രതിനിധാനം ചെയ്യാന്‍ സലീല്‍ദാ തന്റെ പ്രിയപ്പെട്ട രാഗങ്ങളിലൊന്നായ കലാവതിയാണ് വിനിയോഗിക്കുന്നത്. സ, ഗ, പ, ധ എന്നീ ശുദ്ധ സ്വരപദ്ധതി നല്‍കുന്ന പ്രഭാവം, കോമള നിഷാധത്തിലേക്ക് വഴുതിയിറങ്ങുമ്പോള്‍ അവിടെ ഒരു ആത്മസ്പര്‍ശം അനുഭവപ്പെടുന്നു. വളരെ ആകര്‍ഷകവും, ഉള്ളം തുടിപ്പിക്കുന്നതുമായ പശ്ചാത്തലസംഗീതമാണ് ഗാനത്തിന്റെ ഉടലിനെ ചേതോഹരമാക്കുന്നത്. ആറ് മാത്രയുള്ള ധാധ്‌രതാളത്തില്‍ പുല്ലാങ്കുഴൽ-ബാഞ്ചോ-മാന്‍ഡൊലിന്‍ കൂട്ടുകെട്ടുകള്‍ ഉതിർക്കുന്ന ചടുലവും പ്രസാദാത്മകവുമായ സംഗീതവും, പാട്ടിന്റെ വോക്കല്‍ സെഗ്‌മെന്റും, തമ്മിലുള്ള സമന്വയം സലീല്‍ദായുടെ മാജിക്കിന്റെ ഒരുത്തമോദാഹരണമാണ്. നേരെ അനുവാചകന്റെ ഉള്ളകങ്ങളിലേക്ക് നിപതിക്കുന്ന,പിന്നെ പൂത്തലയുന്ന ഒരു ‘ചെമ്പാവ്’പാടം പോലെ വിരിഞ്ഞു നില്‍ക്കുന്ന ഒരു പാട്ട്.
ദേവരാജന്‍ മാസ്റ്ററെപ്പോലെ,മലയാളിയുടെ സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ ഭാവപ്പകര്‍ച്ചകള്‍ ഗാനങ്ങളില്‍ ഇത്രമേല്‍ പ്രതിഫലിപ്പിച്ച മറ്റൊരു സംഗീത വിധായകനില്ല. സാഹിത്യകുതുകിയായ സംഗീതജ്ഞന്‍. തന്റെ ഈണ നിര്‍മ്മിതികളില്‍ ശാസ്ത്രീയ/ അര്‍ദ്ധശാസ്ത്രീയ/നാടോടിസംഗീതമൊക്കെ യഥേഷ്ടം പ്രയോഗിച്ചിട്ടുണ്ട് അദ്ദേഹം. കഥാസന്ദര്‍ഭം, വരികളിലെ ആശയം, ഒക്കെ അനുസരിച്ച് സംഗീതം നല്‍കുന്ന മാസ്റ്റര്‍ കര്‍ക്കശക്കാരനും സംഗീതവിശുദ്ധിയുള്ളയാളും കൂടിയായിരുന്നു എന്നു വേണം പറയാന്‍.
‘പാവങ്ങള്‍ പെണ്ണുങ്ങള്‍’ എന്ന ചിത്രത്തില്‍ ഒരൊന്നാന്തരം ഓണപ്പാട്ടുണ്ട്. യേശുദാസും സുശീലയും ചേര്‍ന്നാലപിക്കുന്ന ഒരു യുഗ്മഗാനം.
‘ഒന്നാം പൊന്നോണ പൂപ്പടകൂട്ടാന്‍,
പൂക്കണ്ണി കോരാന്‍, പൂക്കളുതിര്‍ക്കാന്‍
ഓടി വാ തുമ്പീ... പൂത്തുമ്പീ താതെയ്...’
ആകാശംമുട്ടെയുള്ള ഈഞ്ഞാലാട്ടവും, ഓണപ്പന്തു കളിയുമൊക്കെ കടന്നുവരുന്ന വയലാറിന്റെ വരികള്‍. ലാസ്യനടനമാടുന്ന ചടുലതാളത്തില്‍ തികച്ചും മണ്ണിന്റെ മണമുള്ള നാടന്‍ ശീലുകളുടെ,ഗമകങ്ങളുടെ വശ്യമനോഹരമായ ഊർന്നിറക്കങ്ങളും ഒഴുകിക്കയറലുകളും...ഗന്ധര്‍വ്വന്റെയും സുശീലാമ്മയുടെയും ശബ്ദസംയോഗം. സംഘഗായകരുടെ ഏറ്റുപാടല്‍. ആകെക്കൂടെ കേള്‍വിക്കാരനില്‍ മനസ്സിന്റെ നിറവ് സമ്മാനിക്കുന്ന ഒരു ഗാനശില്പം.
‘പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നൂ,
പൂമകളെ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു,
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു,
കളിവഞ്ചിപ്പാട്ടുകളെന്‍ ചുണ്ടില്‍ വിരിഞ്ഞു...’ പ്രണയിനിയുടെ ചിന്തകള്‍ ഉള്ളിലേക്കിരച്ചുകയറുമ്പോള്‍ അവിടെ ചിങ്ങവും, പൂക്കളും, തെങ്ങോലകളും കളിവഞ്ചിയുമൊക്കെ വന്നു നിറയുകയാണ്. നസീറെന്ന ‘നിത്യഹരിത’ന് വേണ്ടി യേശുദാസ് പാടുകയാണ്.
‘ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരും,
ഓമലാളിന്‍ പൂമുഖത്തിന്‍ തിരുമുറ്റത്ത്,
പുണ്യമലര്‍ പുഞ്ചിരിയാം പൂക്കളം കണ്ടു,
നിന്നിലെ പൊന്നോണത്തുമ്പി പറന്നുയരും...’
ഭാവനാശലഭങ്ങളുടെ നടനചാരുത വേണ്ടുവോളമുള്ള വരികള്‍, ശ്രീകുമാരൻ തമ്പിയുടേതാണ്. കാമുകിയുടെ പുഞ്ചിരി, പൂക്കളമാകുന്നു. അവളുടെ അകതാരില്‍ നിന്നും പൊന്നോണത്തുമ്പി പറന്നുയരുന്നു. ഓണത്തുമ്പി പ്രസാദാത്മകമായ ചടുലതയുടെ പ്രതീകം തന്നെ. ഈ വരികള്‍ക്ക് അത്യന്തം സമഞ്ജസമായ ഈണം നല്‍കിയത് അര്‍ജ്ജുനന്‍ മാസ്റ്ററാണ്. കൃതഹസ്തനായ സംഗീതസംവിധായകനാണദ്ദേഹം.കാര്‍ഷിക സംസ്‌കൃതിയില്‍ വേരുകളുള്ള ‘പഹാഡി’ രാഗാധിഷ്ഠിതമാണ് പാട്ട്. ആമോദവും കാല്പനികതയും, ശൃംഗാരവുമൊക്കെ സൃഷ്ടിക്കാന്‍ ഇത്രയും അനുയോജ്യമായ മറ്റൊരു രാഗമില്ല. ഫോക്ക് സ്പര്‍ശം വേണ്ടത്രയുള്ള ഒരു രാഗം കൂടിയാണ് ‘പഹാഡി’. പല്ലവിയും, അനുപല്ലവി-ചരണങ്ങളും അനുബന്ധ ആലാപനവുമെല്ലാം ചേര്‍ന്നുള്ള ഒരുമികച്ച കേള്‍വിയനുഭവമാണീപാട്ട്.
പിന്നണിയില്‍ ദാസും, അരങ്ങത്ത് നസീറും എന്ന ചേരുംപടിചേര്‍ച്ചയും കൂടിയാകുമ്പോള്‍ ഗാനം അതിന്റെ ദൗത്യം മനോഹരമായി നിർവ്വഹിക്കുന്നു എന്നു പറയാം.
‘ഓണപ്പൂവേ.... പൂവേ... പൂവേ....
ഓമല്‍പ്പൂവേ....പൂവേ... പൂവേ....
നീ തേടും മനോഹര തീരം,
ദൂരെ മാടി വിളിപ്പൂ....
ഇതാ... ഇതാ.. ഇതാ...’
സലീല്‍ ചൗധരി ഈണമിട്ട് യേശുദാസ് പാടിയ മറ്റൊരു ഓണപ്പാട്ടാണിത്. കേരളീയ നാടന്‍ ശൈലിയോ മണ്ണിന്റെ മണമോ കാര്യമായി നിഴലിക്കുന്നില്ലെങ്കിലും, തന്റെ കരവിരുതിന്റെ കനകകാന്തികൊണ്ട് നല്ല ശ്രവ്യാനുഭവമായി മാറുന്നുണ്ട് ഈ ഗാനം. പാശ്ചാത്യ ശൈലിയിലെ താളപ്രയോഗവും, ഓര്‍ക്കസ്‌ട്രേഷനും, സലീല്‍ ദായുടെ മുഖമുദ്രയാണ്.
‘ഉത്രാടപ്പൂനിലാവേ വാ.... ഉത്രാടപ്പൂനിലാവേ വാ...
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവണിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ... വാ.. വാ...’
‘തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്ക്കുന്നു തെരുവിന്‍ മക്കള്‍,
അവര്‍ക്കില്ലാ പൂമുറ്റങ്ങള്‍, പൂനിരത്തുവാന്‍,
വയറിന്റെ രാഗം കേട്ട് മയങ്ങും വാമനന്മാര്‍,
അവര്‍ക്കോണക്കോടിയായ് നീ വാ... വാ... വാ...’
സമസ്ത ജീവജാലങ്ങളുടെയും സമത്വമാണ് ഓണത്തിന്റെ ആത്മഭാവം. വിഭവശേഷിയില്ലാത്ത, നിസ്സഹായരുടെ പ്രതീക്ഷകളും പ്രത്യാശകളും വരികളില്‍ നിഴലിക്കുന്നു. മുറ്റത്തെ പൂക്കളത്തില്‍, വാടിയ പൂവണികളെ ഇത്തിരി പാല്‍ ചുരത്തി പ്രസാദിപ്പിക്കാനാണ് ഉത്രാടനിലാവിനോടുള്ള ആഹ്വാനം. വയര്‍ നിറഞ്ഞു മയങ്ങുന്ന വാമനരുടെ ലോകത്ത് വിശക്കുന്ന തെരുവിന്‍ മക്കള്‍ക്ക് ഓണക്കോടിയുമായി വരാനുമുണ്ട്, അഭ്യര്‍ത്ഥന. ഓണം എന്ന സര്‍വ്വാശ്ലേഷിതമായ സങ്കല്പമാണിവിടെ പ്രതിഫലിക്കുന്നത്. ഇവിടെ രവീന്ദ്രന്‍ മാസ്റ്റര്‍, ആപാദചൂഢം മധുരമൂറുന്ന ‘ഹംസധ്വനി’ യാണ് ഈ പാട്ടിന്റെ ഈണത്തിനായി വിനിയോഗിച്ചിരിക്കുന്നത്. മിന്നാമിനുങ്ങുകളെപ്പോലെ ഒളിപരത്തി നൃത്തം ചെയ്യുന്നവയാണ് ‘ഹംസധ്വനി’യുടെ സ്വരക്കൂട്ടുകൾ. രവീന്ദ്രന്‍ മാസ്റ്ററുടെ സങ്കീര്‍ണ്ണമായ പശ്ചാത്തല സംഗീത വിന്യാസവും രാഗത്തിന്റെ ഓമനത്തം തുളുമ്പുന്ന ഗമകപദ്ധതികളും തമ്മിലുള്ള ഇഴചേരല്‍ ഈ ഗാനത്തില്‍ വേണ്ടുവോളമുണ്ട്.
‘ആദാമിന്റെ സന്തതികൾ’ എന്ന നാടകത്തിന് വേണ്ടി ശ്രീമൂലനഗരം വിജയൻ രചിച്ച ഒരോണപ്പാട്ടുണ്ട്. നിഷ്‌കളങ്കരും കളിചിരിപ്രായക്കാരുമായ കുട്ടികൾക്ക് അനുയോജ്യമായ ഒന്ന്. ‘ഓണത്തുമ്പീ ഓടി വാ,നാണം കൂടാതടുത്തു വാ,തേനും പാലും പഴവും കൂട്ടിയൊരൂണ് കഴിക്കാം ഓടിവാ...’.‘ഓണക്കോടിയുടുക്കണ്ടേ,നാലും കൂട്ടി മുറുക്കണ്ടേ...ഓണപ്പീപ്പി വിളിക്കണ്ടേ,ഓണക്കുമ്മി കളിക്കണ്ടേ...’ ഇങ്ങനെ പോകുന്ന വരികളെ ലളിതമനോഹരമായ ഈണം കൊണ്ടലങ്കരിച്ചത് ജോബ് മാസ്റ്ററാണ്.ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ‘അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം...’എന്ന പാട്ടിന് സംഗീതം നൽകിയത് അദ്ദേഹമാണ്. പാടിയതാകട്ടെ നാടൻ പാട്ടുകൾക്ക് പറ്റിയ അനുഗൃഹീത ശബ്ദത്തിനുടമയായ സി. ഒ. ആന്റോയെന്ന ഗായകനും.
‘തിരുവോണപ്പുലരിയില്‍,
തിരുമുല്‍ക്കാഴ്ചകാണാന്‍,
തിരുമുറ്റമണിഞ്ഞൊരുങ്ങി,
തിരുമേനിയെഴുന്നള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ’
യശഃശ്ശരീരയായ വാണി ജയറാം ആലപിച്ച ലക്ഷണമൊത്ത ഒരു ഓണപ്പാട്ടാണിത്.
‘ഉത്രാടപ്പൂക്കുന്നിന്നുച്ചിയില്‍ പൊന്‍വെയില്‍
ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി
ഓണക്കിളീ ഓണക്കിളി.....’
എന്തൊരു ഉദാത്തമായ ഭാവനയാണ്. അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈ ഗാന നിര്‍മ്മിതിക്കായി ഉപയോഗിക്കുന്നത് ആകര്‍ഷീണയതയേറെയുള്ള ‘ദേവഗാന്ധാരി’ രാഗമാണെന്ന് തോന്നുന്നു. വളരെ പ്രസാദാത്മകമായ ഒരു രാഗം. പാട്ടിന്റെ ആത്മാവിന് അനുഗുണമായി അനുഗമിക്കുന്ന പുല്ലാങ്കുഴലുമുണ്ട് ഈ ഗാനത്തില്‍. ഈണത്തിലെ കൊത്തുവേലകള്‍ വാണിജയറാമിന്റെ കരങ്ങളില്‍ അതീവസുരക്ഷിതമെന്നേ പറയേണ്ടൂ.
‘പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകൾ വേണം...
കുന്നത്തെക്കാവില്‍ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചല്‍മൂളിപ്പോരുന്നുണ്ടേ... മൂളിപ്പോരുന്നുണ്ടേ...’
ഓ.എന്‍.വി.യുടേതാണ് വരികള്‍. കാവ്, വേല, പൂരം, വാള്, ചിലമ്പ്, നാവേറ് തുടങ്ങി ഗതകാല ആചാരാടയാളബിംബസമൃദ്ധിയുള്ള രചന.'മദ്ധ്യമാവതി'രാഗാധിഷ്ഠിതമാണെങ്കിലും തികച്ചും നാടന്‍ ഗതിവിഗതകിളും അതിനനുസൃതമായ ഗമകക്കൂട്ടുകളും കൊണ്ട് അലങ്കരിച്ച സംഗീതം. ജോണ്‍സണ്‍മാസ്റ്റര്‍ എന്ന പ്രതിഭാശാലിയാണ് കംപോസര്‍. കേള്‍വിമാത്രയില്‍ നാമേതോ നാട്ടിന്‍പുറത്തെ ഉത്സവമുറ്റത്തെത്തിപ്പോകുന്നതരം താളവാദ്യവിന്യാസം - ഗന്ധര്‍വ്വന്റെ സ്വതസിദ്ധമായ ആലാപനം.
ഓണക്കോടിയുടുത്തു മാനം
മേഘക്കസവാലേ വെണ്‍
മേഘക്കസവാലേ...
മഴവില്ലിന്‍ മലര്‍മുടിയില്‍ ചൂടി
മധുഹാസം തൂകി അവള്‍
മധുഹാസം തൂകി....’.
ഭൗതികശാസ്ത്രതത്വങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും ഭാവനാവിലാസം ചാര്‍ത്തി അത്യനുഭൂതി പകരുന്ന വരികളാക്കി മാറ്റാന്‍ ശ്രീകുമാരന്‍ തമ്പിക്കുള്ള സിദ്ധിവിശേഷം അനന്യമാണ്.
മേഘക്കസവിനാല്‍ ഓണക്കോടിയുടുത്ത വിണ്ണ്, അവള്‍ മഴവില്ല് മുടിയില്‍ ചൂടി മന്ദഹസിക്കുന്നു.
വലിച്ചെറിഞ്ഞ കര്‍ക്കിടകത്തിന്റെ കറുത്ത ചേലകള്‍,
കന്നിക്കൊയ്ത്തിനുള്ള നെല്‍പ്പാടങ്ങള്‍, മണ്ണിന്‍ മനസ്സില്‍ ചിരിച്ചു നില്‍ക്കുന്ന വിടര്‍ന്ന കതിരുകള്‍...തികച്ചും വസന്തത്തിന്റെ ഉണര്‍ത്തുപാട്ട് തന്നെ.ഒപ്പം ദക്ഷിണാമൂര്‍ത്തിയെന്ന മികവും തികവുമൊത്ത സംഗീതജ്ഞനേകിയ കുതിരക്കുളമ്പടിത്താളവും അനുരൂപമായ പശ്ചാത്തല സംഗീതവും കൂടിച്ചേർന്നപ്പോൾ ഈ ഓണപ്പാട്ട് കാലാതിവര്‍ത്തിയായി മാറിയെന്നതാണ് വസ്തുത.
ശ്രീകുമാരന്‍ തമ്പിയും അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്നൊരുക്കിയ ശ്രുതിമധുരമായ ഒരു ഗാനമാണ് പി.സുശീല പാടിയ
‘പൊന്നും ചിങ്ങമേഘം വാനിൽ പൂക്കളെപ്പോലാടീ,
വെള്ളിരഥമേറി വന്നൂ വെണ്ണിലാവു പാടീ...’
‘വെള്ളിനിലാ വെണ്മണി തൻ പുഷ്യരാഗമാല
തുള്ളിയാടും നേരത്ത് കെട്ടഴിഞ്ഞുപോയി
ആ രത്‌നമണികളെല്ലാം താരങ്ങളായി
ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി...’
എന്തൊരു അനവദ്യസുന്ദരഭാവം? ഇവിടെയും ‘പഹാഡി’ രാഗമാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഉപയോഗിച്ചിരിക്കുന്നത്. ഓണ നിലാവിനെ പ്രതിബിംബിക്കാൻ ‘പഹാഡി’ യേക്കാൾ മികച്ച മറ്റൊരു രാഗമില്ല. കാറ്റത്താടുന്ന സാരിത്തലപ്പുകളെ ഓര്‍മ്മിപ്പിക്കുന്ന പഹാഡിയുടെ ഗമകഞൊറികള്‍ ഏറെയുണ്ടീ പാട്ടില്‍.
‘തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടില്‍
മലരോണപ്പാട്ട്...
മാവിന്‍കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
വരവായാല്‍ ചൊല്ല്...’
പുതുതലമുറയുടെ സംഗീതാഭിരുചിക്കനുസരിച്ച് തയ്യാറാക്കപ്പെട്ട ഒരു ഓണപ്പാട്ടാണ്. നാടന്‍ ഓണശീലുകളുടെ സ്പര്‍ശമുള്ള ഈണം. എന്നാല്‍ ആധുനിക ശൈലിയിലുള്ള താളക്രമവും ഓര്‍ക്കസ്‌ട്രേഷനും... എന്തുകൊണ്ടും പുതിയ കാലത്തിന്റെ നവചൈതന്യം തുടിക്കുന്ന ഓണപ്പാട്ട് തന്നെ. മനു മൻജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതമേകിയിരിക്കുന്നു.
കാലം പോകെപ്പോകെ കാര്‍ഷിക സംസ്‌കൃതി മിക്കവാറും പോയ് മറഞ്ഞു കഴിഞ്ഞു.മനസ്സിലോണം എന്ന സുഭിക്ഷതയുടെ കാലവും താഥൈവ. കമ്പോളവത്ക്കരണവും, അതിഭൗതികകതയും മനുഷ്യനെ പ്രകൃതിയില്‍ നിന്നും മണ്ണില്‍ നിന്നും അകറ്റിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും, മനുഷ്യന്റെ അത്യാചാരങ്ങളും, ആസക്തികളും, പുകള്‍പെറ്റ നമ്മുടെ പ്രകൃതിയേയും പച്ചപ്പിനേയും വ്രണിതമാക്കിയിട്ടുമുണ്ട്. പൊയ്‌പ്പോയ കാലം തിരിച്ചു പിടിക്കാനും കാര്‍ഷികവൃത്തിയിലേക്ക് മടങ്ങിപ്പോകാനും നമുക്കാവില്ല.
ഓണം എന്നാല്‍ സത്യത്തിൽ സമൂഹ മനസ്സിന്റെ ഉത്സവമാണ്.സമത്വവും, സാഹോദര്യവും,പരസ്പര സ്‌നേഹവുമൊക്കെ ഉള്‍ച്ചേരുന്ന ഒന്ന്. സമൂഹം ശൈഥില്യത്തിനടിപ്പെടുകയും, മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ ഉയരുകയും ചെയ്യുന്നതാണ് കാലം. അതിനിടയില്‍
ഓണം ഒരു ഷോപ്പിംഗ് ഫെസ്റ്റിവലും, കെട്ടുകാഴ്ചകളുമൊക്കെയായി മാറുന്നുമുണ്ട്.
അങ്ങനെയൊക്കെയാണെങ്കിലും സര്‍ഗ്ഗാത്മകവും, പ്രസന്നവും, സമത്വസുന്ദരവും,സമാധാനപൂര്‍ണ്ണവുമായ ഒരു സമൂഹം സ്വപ്നം കാണാതിരുന്നു കൂടാ.
ആസുരഭാവങ്ങളെ ഉന്മൂലനം ചെയ്ത് മാനവിക മൂല്യങ്ങളെ ഉള്ളില്‍ കുടിയിരുത്താനുള്ള ഒരു സങ്കല്പമാകേണ്ടതുണ്ട്, മലയാളിക്ക് ഓണം. നമ്മുടെ ഓണനിലാവും പൂക്കളും അകക്കുളിരേകുന്ന പാട്ടുകളും അന്യം നിന്നു പോകാതിരുന്നെങ്കിൽ...