മുണ്ടും ലുങ്കിയും ഒക്കെ ഇനി വെറും കട്ട ലോക്കൽ അല്ല! ലാക്മേ ഫാഷൻ വീക്കിൽ തിളങ്ങുന്ന താരങ്ങൾ ഇവർ Mundu and Lungi: A Fashionable Comeback
മത്തായിച്ചേട്ടാ ‘മുണ്ട്’ ‘മുണ്ട്’... ഉടുമുണ്ട്... എന്നൊക്കെ പറഞ്ഞ് നിലം പതിഞ്ഞ മുണ്ടിന്റെ ഇന്നത്തെ സ്ഥാനം എവിടെന്നോ? അങ്ങ് ലാക്മേ ഫാഷൻ വീക്കിൽ! ഇത്തവണ ഡൽഹിയിൽ നടന്ന ഫാഷന്റെ ആഘോഷത്തിമിർപ്പിൽ ഡിസൈനർമാരായ ഏബ്രഹാം–ഠാക്കൂർ അവതരിപ്പിച്ച ‘വാർപ് ആന്റ് വെഫ്റ്റ്’ ( Warp & Weft) കളക്ഷനിൽ ലുങ്കിയും മുണ്ടുമാണ് കാണികളുടെ മനസ് കവർന്നത്.
നമ്മുടെ തനത് വസ്ത്രങ്ങളായ ലുങ്കിക്കും മുണ്ടിനും ഇവർ പുതുപുത്തൻ ട്വിസ്റ്റാണ് നൽകിയത്. പുതിയ കാലഘട്ടത്തിന്റെ മേൽ വസ്ത്രങ്ങൾക്കൊപ്പം മുണ്ടിനേയും ലുങ്കിയേയും അതിന്റെ ആയാസ സ്വഭാവം നഷ്ടപ്പെടുത്താതെ ട്രെന്റിയാക്കി ഇണക്കിച്ചേർത്തു. പ്രകൃതിക്കിണങ്ങിയതും സുസ്ഥിരഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായുമാണ് ഇവരുടെ വസ്ത്രങ്ങൾ റാമ്പിലെത്തിയത്.
ടെൻസെൽ പോലുള്ള തുണിത്തരങ്ങളിൽ ഇക്കത്ത് അടക്കമുള്ള പരമ്പരാഗത നെയ്ത്ത് രീതികളാണ് വസ്ത്രങ്ങളിൽ കൂടുതലും പ്രത്യക്ഷപ്പെട്ടത്. എന്തുകൊണ്ടാണ് ഏബ്രഹാമിനേയും ഠാക്കൂറിനെയും ‘യുക്തിപരമായ ഇന്ത്യൻ ഫാഷന്റെ മാർഗദർശികൾ’ എന്ന് ഫാഷൻ ലോകം വിളിപ്പേരിട്ട് വിളിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അവരുടെ ഡിസൈനുകൾ.
ന്യൂജെൻ ആളുകൾ ഷോട്ട്സ് ഇട്ട് എവിടെയും പോകാൻ തയ്യാറാകുമ്പോൾ പോലും തനത് വസ്ത്രങ്ങളായ ലുങ്കിക്കും മുണ്ടിനും ഒക്കെ പലപ്പോഴും അവഗണന മാത്രമാണ് ലഭിക്കുക. അത്തരം സമീപനങ്ങൾക്ക് കൂടി ഇനി മുതൽ മാറ്റം വരുമെന്ന് ഫാഷൻ ലോകം പ്രതീക്ഷിക്കുന്നു. ‘റിലാക്സ്ഡ് ലക്ഷ്വറി’ എന്നൊരു വിഭാഗത്തിലേക്ക് ഇനി നാടൻ വസ്ത്രങ്ങൾ കൂടി ഇടം പിടിക്കുന്നൊരു കിനാശേരി നമുക്ക് ഒരുമിച്ച് സ്വപ്നം കാണാം.
വായിച്ച് നിർത്തി കഴിഞ്ഞ് ആ അലമാരയിലേക്ക് ഒന്ന് നോക്കുക... അകത്തേക്ക് നീക്കി വച്ചിരിക്കുന്ന മുണ്ടിനേയും ലുങ്കിയേയും ഒക്കെ വേണ്ട ബഹുമാനം കൊടുത്ത് മുന്നോട്ട് നീക്കി വച്ചാട്ടേ... ആവശ്യം വരും!