‘നാട്ടിൽ ജീൻസ് ഇടണ്ട, പാന്റ് ഇട്ടോളൂ...’: ഭർത്താവ് കണ്ണന്റെ ഉപദേശം... ജീൻസ് ട്രെൻഡായ കാലം, ഫാഷന്റെ കഥപറഞ്ഞ് ബീന കണ്ണൻ
Fashion Evolution of Kerala
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച്.അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും.അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം.ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച്.അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും.അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം.ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച്.അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും.അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം.ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച്.അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ?
വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി.
കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.
തമിഴ് സംസ്ക്കാരമുള്ളവരാണു ഞങ്ങൾ. നീളൻ പാവാടയാണു വീട്ടിലണിയുക. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പട്ടു പാവാടയുടുക്കും. തമിഴ് നാട്ടിൽ നിന്നു പട്ടു കൊണ്ടുവന്നു പാവാട തയ്പ്പിക്കുകയാണു പതിവ്. വീട്ടിലും പുറത്തും അമ്മ പട്ടു സാരി മാത്രമേ ഉടുത്തിരുന്നുള്ളൂ.
ക്കാലത്തിനു മുൻപു വരെ കല്യാണങ്ങൾക്കു സാരി ഉപയോഗിച്ചിരുന്നില്ല. നെയ്ത കസവു മുണ്ടും വേഷ്ടിയുമാണ് (സെറ്റ് മുണ്ട്) കല്യാണങ്ങളുടെ വേഷം. ചെറുക്കന്റെ അമ്മയ്ക്കു കച്ചമുറി (പരുത്തി തുണി മുറിച്ച കഷണം) കൊ ടുക്കുന്ന രീതിയുണ്ട്. കല്യാണത്തിനു സാരിയെടുത്തോ എന്നല്ല, പുടവയും കച്ചയുമെടുത്തോ എന്നാണ് എല്ലാവരും ചോദിക്കാറ്. അതൊക്കെ കേട്ട ഓർമയുണ്ട്. പിന്നീടാണു കല്യാണത്തിനു പട്ടു സാരി വരുന്നത്.
എന്റെ ചെറുപ്പകാലത്തു നാട്ടിലിറങ്ങി നടന്നാൽ കാണുക മുണ്ടും ബ്ലൗസും ധരിച്ച പെണ്ണുങ്ങളെയാണ്.കൃഷിപ്പണിക്കും കയറു പിരിക്കാനുമൊക്കെ പോകുന്നവരുടെ വേഷം. പണിയൊക്കെ കഴിഞ്ഞു തിരികെ പോരുമ്പോൾ മാറിൽ മേൽമുണ്ടോ തോർത്തോ ധരിക്കും.
1975 ലൊക്കെ സാധാരണക്കാരായ സ്ത്രീകൾക്കു നൈലക്സ് സാരിയും പുരുഷന്മാർക്കു മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കടയിൽ വിൽപനയ്ക്കു പലയിനത്തിലുള്ള തുണിത്തരങ്ങളും സാരികളുമുണ്ടായിരുന്നു.
സാരിപ്പാവാട മൈ ഫസ്റ്റ് ഫാഷൻ വെയർ
അന്നൊക്കെ പതിമൂന്നു പതിനാലു വയസ്സായാൽ കുട്ടിപ്പാവാടയിടാൻ അനുവദിക്കില്ല. കട്ടിയുള്ള കോട്ടൺ തുണി കൊണ്ടു നീളൻ പാവാട തയ്പ്പിച്ചു ധരിച്ചാണു കുട്ടികൾ ഹൈസ്കൂളിലും കോളജിലും പോകുക. ഞാനതിൽ അൽപം ‘ഫാഷൻ എലമെന്റ്’ വരുത്തുമായിരുന്നു.
കോളജ് തുറക്കാറാകുമ്പോഴേക്കു പത്തോ ഇരുപതോ ടർക്കോസ അല്ലെങ്കിൽ ടെറാ വോയിൽ സാരികൾ വാങ്ങി പാവാട തയ്പ്പിക്കും. മാച്ചിങ് ബ്ലൗസ് കൂടിയായാൽ ഫാഷനബിളായി. അന്ന് എനിക്കു മാത്രമായി വീട്ടിലൊരു കുട്ടി അലമാരയുണ്ടായിരുന്നു. അഞ്ചടി പൊക്കമുള്ള ആ അലമാരയിൽ വ്യത്യസ്തമായ മാലകളും കമ്മലുകളും സൂക്ഷിച്ചിരുന്നു. പതക്കമുള്ള മാലകളും മുത്തു വച്ച റിങ്ങുകളും ഉണ്ടായിരുന്നു. മുടി ഇരുവശവും പിന്നിക്കെട്ടി സാരി കൊണ്ടുള്ള പാവാടയും ബ്ലൗസും ധരിച്ചു ചേർച്ചയുള്ള മാലയും കമ്മലുമണിഞ്ഞാണു കോളജിൽ പോകുക.കൂടെ പഠിക്കുന്ന കുട്ടികൾ എന്റെ പാവാട കണ്ട് അദ്ഭുതം കൂറും. ഇതെവിടന്നു കിട്ടി എന്നൊക്കെ ചോദിക്കും. അതു കേൾക്കുമ്പോൾ എനിക്കും സന്തോഷം.
കേരളത്തിൽ മുണ്ടുകളല്ലാതെയുള്ള വസ്ത്രം എത്തിയിട്ടു നൂറു വർഷം ആകുന്നേയുള്ളൂ. യൂറോപ്യൻസ് ഒക്കെ മുന്നൂറും നാനൂറും കൊല്ലം മുൻപു തന്നെ മിനി സ്കർട്ടും സ്യൂട്ടുമൊക്കെ ഉപയോഗിച്ചിരുന്നു. അന്നു നമ്മൾ പകുതി മാത്രം വസ്ത്രം ധരിച്ചു നടന്നു. പക്ഷേ, വളരെക്കുറച്ചു കാലം കൊണ്ടു തന്നെ വസ്ത്രധാരണത്തിൽ നമ്മൾ ഏറെ മുന്നിലേക്കു കയറി വന്നു.
മാക്സിയും എലഫന്റ് പാന്റും
എന്റെ കൗമാരകാലത്തും യൗവനകാലത്തും ഫാഷൻ വെയറുകൾ കേരളത്തിൽ വാങ്ങാൻ കിട്ടില്ല. ബാംഗ്ലൂർ അന്നേ വലിയ ഫാഷൻ ഹബ് ആണ്. അവിടെ ഫാഷൻ ടെയ്‌ലറിങ് ഉണ്ട്. വർഷത്തിലൊരിക്കൽ ബാംഗ്ലൂർ കൊമേഴ്സ്യൽ സ്ട്രീറ്റിൽ പോയാണു ഫാഷൻ വെയറുകൾ തയ്പ്പിച്ചു വാങ്ങിയിരുന്നത്. ശരിക്കും ഫാഷനബിൾ വസ്ത്രങ്ങൾ ആദ്യമായി ധരിക്കുന്നത് ഈ വിധത്തിലായിരുന്നു. മാക്സിയും എലഫന്റ് പാന്റും ടോപ്പുമായിരുന്നു അന്നത്തെ ഫാഷൻ. മാക്സി വിത് ജാക്കറ്റൊക്കെ സൂപ്പർ ഫാഷനായിരുന്നു.
തയ്യൽക്കാരുടെ കയ്യിലുള്ള വിദേശ ഫാഷൻ പുസ്തകങ്ങൾ നോക്കി ഇഷ്ടപ്പെട്ട മോഡലുകളിൽ പത്തോ പതിനഞ്ചോ ഡ്രസ് തയ്പ്പിച്ചു വാങ്ങിക്കും. വ്യത്യസ്തമായ മെറ്റീരിയലുകളും ധാരാളമായി കിട്ടുമായിരുന്നു.
സ്ട്രച്ചബിൾ പോളിയസ്റ്റർ മെറ്റീരിയലിൽ തയ്പ്പിച്ച മാക്സിയും അതിനോടൊപ്പമണിയാനുള്ള വെള്ള ജാക്കറ്റും എന്റെ പ്രിയപ്പെട്ട വസ്ത്രമായിരുന്നു. കറുത്ത എലഫന്റ് ലെഗ് പാന്റ്സും വശത്തു കെട്ടുള്ള മഞ്ഞ പെപ്പ്‌ലം ടോപ്പും ഏറെ ഇഷ്ടമായിരുന്നു.
കോട്ടയത്തെ അറിയപ്പെടുന്ന ‘സോഷ്യലൈറ്റ്സ്’ ആയിരുന്നു ഞങ്ങൾ. ആർട്ട് സൊസൈറ്റി, തിയറ്റർ, ഫ്ലവർ ഷോ...പ്രമുഖ സ്റ്റേജ് പ്രോഗ്രാമുകളൊക്കെ കാണാനും ആസ്വദിക്കാനും പോകുമ്പോഴായിരിക്കും തയ്പ്പിച്ചു തയാറാക്കിയ ഫാഷൻ വെയറുകൾ ധരിക്കുക.
യേശുദാസിന്റെയും ഉഷ ഉതുപ്പിന്റെയും സംഗീത പരിപാടികൾ, എൻ.എൻ. പിള്ളയുടെ നാടകങ്ങൾ, കലാനിലയം ഡ്രാമാ വിഷന്റെ നാടകങ്ങൾ, സിനിമകൾ, സർക്കസ് തുടങ്ങി വളരെ ഫാഷനബിൾ വസ്ത്രം ധരിച്ചു പോയി കണ്ട പരിപാടികൾ ഇന്നും തിളക്കം നഷ്ടപ്പെടാതെ മനസ്സിലുണ്ട്.
വ്യത്യസ്തമായ കട്ടുകളുള്ള സൽവാറുകൾ ഹിന്ദി സിനിമയിലുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ അതന്നു തീരെ പോപ്പുലർ ആയിരുന്നില്ല. എന്റെ വസ്ത്ര ശേഖരത്തിൽ ഒരു സെറ്റ് സൽവാറുണ്ടായിരുന്നു എന്നാണോർമ.
ജീൻസിന്റെ വരവ്
എൺപതുകളിലാണു ജീൻസ് ഇന്ത്യയിലും കേരളത്തിലും തരംഗമാകുന്നത്. എഴുപതുകളുടെ അവസാനത്തോടെ ഡെനിം ഇന്ത്യൻ സിനിമയിൽ അരങ്ങേറിയിരുന്നു. അമിതാഭ് ബച്ചൻ അവതരിപ്പിച്ച ‘ആങ്ഗ്രി യങ് മാൻ’ കഥാപാത്രങ്ങൾക്ക് ഏറ്റവും ഇണങ്ങുന്നതായിരുന്നു ‘ഡെനിം ലുക്ക്’. ഷോലേയിൽ നീല ജീൻസും ജാക്കറ്റും അമിതാഭ് ധരിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ 1980 ലാണ് ആദ്യമായി ഡെനിം അവതരിക്കുന്നത് ‘ഫ്ലയിങ് മെഷീൻ’ എന്ന ബ്രാൻഡായിരുന്നു ഡെനിം ജീൻസ് അവതരിപ്പിച്ചത്. തുടർന്ന് അരവിന്ദ് മില്ലും.
തൊണ്ണൂറുകളോടെയാണു ഡെനിം ജീൻസ് ഇന്ത്യയിലും കേരളത്തിലും സിനിമയിലും ജീവിതത്തിലും ഫാഷനിൽ കത്തിക്കയറുന്നത്. ജീൻസ് ധരിച്ച ഷാരൂഖ് ഖാന്റെ ദിൽ തോ പാഗൽ ഹെ, കുഛ് കുഛ് ഹോത്താ ഹേ തുടങ്ങിയ സിനിമകൾ ജീൻസിന് റൊമാന്റിക് മുഖം നൽകി.
തൊണ്ണൂറുകളിൽ വിവിധ സിനിമകളിലായി കരിഷ്മ കപൂർ അണിഞ്ഞ ജീൻസുകളും നീല ഡെനിം വെയറുകളും രംഗീലയിൽ ഉർമിള മഡോഡ്കർ ധരിച്ച ഡെനിം ഷോർട്ട്സും ജാക്കറ്റും പെൺകുട്ടികളെ ആകർഷിച്ചു.
നീല ജീൻസ് മാത്രമല്ല, ഡെനിം സ്കർട്ടുകൾ, കാപ്രി, ഷോർട്സ്, സ്കോട്ട്, എന്നിവ തരംഗമായി. വ്യത്യസ്തമായ ഫിറ്റിങ്ങുകളും കട്ടുകളും നിറങ്ങളും പിന്നീടു മാറി മാറി വന്നുകൊണ്ടിരുന്നു. ഇന്നും അതു തുടരുന്നു.
അതിനോടൊപ്പം പോക്കറ്റഡ് പാന്റ്സ്, കാർഗോ തുടങ്ങി പാന്റുകളുടെ ഫാഷനിലും വളരെയേറെ പുതിയ സ്റ്റൈലുകൾ വന്നു. എനിക്കു ജീൻസിടാൻ വളരെ ഇഷ്ടമായിരുന്നു. ജീൻസിടാൻ വേണ്ടി സിംഗപ്പൂർ വരെ പോയിട്ടുണ്ട്. ജീൻസ് വിപണിയിലെത്തിയ കാലത്തു ബോംബെയിലും മദ്രാസിലുമൊക്കെ പോയി അതു സ്വന്തമാക്കിയെങ്കിലും ഇവിടെ ഇട്ടുനടക്കാൻ ഭർത്താവ് കണ്ണൻ സമ്മതിക്കില്ല. ‘ശരീരത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമായതിനാൽ ‘നാട്ടിൽ ജീൻസ് ഇടണ്ട. പാന്റ് ഇട്ടോളൂ.’ എന്നായിരുന്നു കണ്ണന്റെ നിലപാട്. അതുകൊണ്ടു ഞാൻ പാന്റുകൾ തയ്പ്പിച്ച് ഇടുമായിരുന്നു. ജീൻസിടാനുള്ള കൊതി തീർക്കുന്നതു വിദേശ യാത്രകൾ പോകുമ്പോഴാണ്.
എങ്കിലും സ്വന്തം ഷോപ്പിൽ ഇതൊന്നും ധരിക്കാനാകില്ല. സാരി തന്നെയായിരുന്നു അക്കാലത്തെ വേഷം.ഗർഭിണിയായിരുന്നപ്പോൾ പോലും സാരിയാണു ധരിച്ചത്. ഇന്ന് എന്തെല്ലാം സ്റ്റൈലുകളിൽ മെറ്റേണിറ്റി വെയറുകളാണ് ഉള്ളത്. 2001– 02 കാലത്ത് ഒരിക്കൽ വെളുത്ത ജീൻസിട്ടു ഞാൻ മുംബൈയ്ക്കു പർച്ചേസിനു പോയി. സാരി ഒക്കെ ഉടുത്തു ഫ്ലൈറ്റിൽ കയറാനും ഹോട്ടലിൽ പോയി താമസിക്കാനുമൊന്നും എനിക്കിഷ്ടമില്ല.അതുകൊണ്ടാണ് ജീൻസ് ഇടാൻ നിശ്ചയിച്ചത്. ഇതു കണ്ടതും ഞങ്ങളുടെ കൊല്ലംകാരനായ ബോംബെ മാനേജർ അച്ഛനെ വിളിച്ചു പരാതി പറഞ്ഞു. ‘ബീനയെ ഇത്തരം വസ്ത്രമണിയാൻ അനുവദിക്കരുത്’. കണ്ടിട്ടു ബീനയുടെ മോളെ പോലെ ഇരിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതി. വീട്ടിലെത്തിയപ്പോൾ ചിരിച്ചുകൊണ്ട് അച്ഛൻ ചോദിച്ചു, ‘നീ മോളെ പോലെ ഇരുന്നു എന്നാണല്ലോ അയാൾ പറഞ്ഞത്?’ അതു നല്ലതല്ലേ എന്ന് ഞാനും ചോദിച്ചു.
നാട്ടിലെ സ്വീകാര്യതയും ഫാഷൻ ലോകത്തിന്റെ പോക്കും തമ്മിൽ അന്നൊക്കെ വലിയ അന്തരമുണ്ടായിരുന്നു.ഇന്ന് അതു മിക്കവാറും കുറഞ്ഞു പോയി. പ്രത്യേകിച്ചും മെട്രോ നഗരങ്ങളിൽ. ഇന്നത്തെ കുട്ടികൾ ആഗ്രഹിക്കുന്നത് ‘ഇന്റർനാഷനൽ ലുക്ക്’ ആണ്.
എൺപതുകളിലും തൊണ്ണൂറുകളിലും പാവാടകളിൽ വ്യത്യസ്തമായ നിരവധി സ്റ്റൈലുകൾ പരീക്ഷിക്കപ്പെട്ടിരുന്നു.ഫ്രിൽഡ് സ്കർട്ട്, ഫ്ലെയേർഡ് സ്കർട്ട്, മിനി സ്കർട്ട്, അംബ്രല്ല കട്ട് സ്കർട്ട്, ഡയാന കട്ട് സ്കർട്ട് എന്നിങ്ങനെ പാവാടകൾക്കു ചിറകു വച്ച കാലമാണത്. എൺപതുകളിൽ ഞാൻ പർച്ചേസ് ട്രിപ്പുകളൊക്കെ വ്യാപകമായി പോയി തുടങ്ങിയിരുന്നു. അന്നു മുഴുനീള കഫ്താൻ ഡ്രസ് ശീമാട്ടിയിൽ കൊണ്ടു വന്നത് ഓർക്കുന്നു.
ചുരിദാറിനെ അവഗണിച്ച കാലം
1983 – 84 ലാണ് ‘മൈ സെൽഫ്’ എന്ന പേരിൽ സൽവാറിന്റെ വിഭാഗം കോട്ടയം ശീമാട്ടിയിൽ തുടങ്ങുന്നത്.അതിനു മുൻപു സൽവാറുകൾ ഞാൻ ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും വാങ്ങിക്കൊണ്ടു വയ്ക്കുമായിരുന്നെങ്കിലും ഇവിടെയുള്ളവർ വാങ്ങാൻ തയാറായിരുന്നില്ല. ബാംഗ്ലൂരും മദ്രാസിലും അന്ന് സൽവാറുകൾ വളരെയധികം വിൽപന നടന്നിരുന്നു.
സാരി ഒരേ സമയം സാധാരണ വേഷവും ട്രഡീഷനൽ വെയറും ഫാഷൻ വെയറുമാണ്. എക്കാലവും അതങ്ങനെ തന്നെയായിരുന്നു. ഇനിയും അങ്ങനെ തന്നെയാകും. ബോളിവുഡ് സിനിമകൾ സാരിയുടെ മെറ്റീരിയൽ,ഡിസൈൻ, ഡ്രേപ്പിങ് എന്നിവയിലെല്ലാം ട്രെൻഡ് കൊണ്ടു വന്നിരുന്നു. സിനിമയിലെ ഫാഷൻ കൂടുതൽ പേർ പിന്തുടരുന്നതുകൊണ്ടാകാം ഇന്നു സിനിമയ്ക്കു പുറത്ത് അവതരിപ്പിക്കപ്പെടുന്ന ഡിസൈൻസിനാണ് സാരി ഫാഷനിൽ സ്വീകാര്യത.
പ്രിന്റുകളിൽ പോൾക്ക ഡോട്ട്, ഫോറൽ, പ്ലെയിൻ, ഷീർ സാരികൾ, ഡിസൈനർ സാരി, സ്വിങ്ങിങ് സാരി, ഫ്രിൽഡ് സാരി, ഹെവി ബോർഡർ സാരി, ഹെവിലി എംബ്രോയ്ഡറീഡ് സാരി, കോക്ക്ടെയിൽ സാരി, തുടങ്ങിയവ, ഡ്രേപ്പിൽ സെലസ്റ്റിയൽ ഡ്രേപ്പിങ്, മുംതാസ് സാരി സ്റ്റൈൽ, നിവി ഡ്രേപ്പ് എന്നിങ്ങനെ. മെറ്റീരിയലിന്റെ കാര്യത്തിലാണെങ്കിലോ? ഷിഫോൺ, സിൽക്ക് ഓർഗൻസ, നെറ്റ്, ലേസ് തുടങ്ങി നിരവധി. പ്രീ പ്ലീറ്റഡ് സാരിയും റെഡി ടു വെയർ സാരിയും പുതിയ തലമുറയുടെ സ്വന്തമാണ്. ഇന്നത്തെ സാരി ഫാഷന്റെ പതാക വാഹകർ ടീനേജേഴ്സ് ആണ്. അവരായിരിക്കും ഏറ്റവും ഫാഷനബിൾ സാരി സിലക്റ്റ് ചെയ്യുന്നതും ഉടുക്കുന്നതും.
ടീനേജ് പ്രായക്കാർക്ക് ഫാഷനബിളായും ഫെസ്റ്റീവ് വെയർ ആയും ധരിക്കാവുന്ന മനോഹരമായ വസ്ത്രമാണു ദാവണി. പണ്ടത്തെ ദാവണി തനിമ ചോരാതെ എന്നാൽ റിച്ച് ലുക്കിൽ വീണ്ടും അവതരിപ്പിച്ചത് ശീമാട്ടി ആയിരുന്നു.
കേരളവും യൂറോപ്പും
ഇപ്പോൾ ഓരോ വസ്ത്രത്തിലും ഒരുപാടു ഫാഷൻ എലമെന്റ്സ് കടന്നു വരുന്നുണ്ട്. പാന്റ്സിന്റെ കാര്യം തന്നെയെടുക്കൂ പലാസോ, സിഗററ്റ്, കാർഗോ, മോം ഫിറ്റ്, കൊറിയൻ പാന്റ്സ്, തുടങ്ങി അനേകം. ടോപ്പുകളിൽ ക്രോപ് ടോപ്, ഷോർട്ട് ടോപ്പ്, പെപ്‌ലം, ഹൈ നെക്, സ്വെറ്റ് ടോപ്സ്, കട്ട് ഓഫ് സ്ലീവ്സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വ്യത്യസ്തതകൾ.
അപ്ഡേറ്റഡ് ആയിരിക്കാൻ ഡിസൈനർ എന്ന നിലയിൽ )ഇന്ന് ഏറെ അധ്വാനമുണ്ട്. കാരണം ഏത് ഇന്റർനാഷണൽ ഫാഷനും ഇറങ്ങുന്നത് ആളുകൾക്കറിയാം. അതിവിടെ ഉണ്ടാകണം. നമ്മുടെ ടേസ്റ്റ് അനുസരിച്ചുള്ള മാറ്റങ്ങളോടെ. ഫാഷന്റെ കാര്യത്തിൽ ഇന്നു ലോകം ഒരേ താളത്തിലാണു മുന്നോട്ടു നീങ്ങുന്നത്.യൂറോപ്പും കുഞ്ഞു കേരളവും കൈകോർത്തു പിടിച്ചിരിക്കുന്നു.
ഫാഷനബിൾ ആയിരിക്കുക എന്നതിൽ ഞാൻ അങ്ങേയറ്റം വിശ്വസിക്കുന്നു. സന്തോഷിക്കുന്നു. എന്നാൽ എക്സ്പോസ്ഡ് ആയ ഫാഷൻ എവിടെ വേണം എന്നു തീരുമാനിക്കണം. മോഡറേറ്റ് ആയി വസ്ത്രം ധരിച്ചു പോകേണ്ടയിടത്ത് അങ്ങനെ ചെയ്യുക. നമ്മുടെ ഇഷ്ടം തീർച്ചയായും നമ്മൾ പിന്തുടരണം. എന്നാൽ സമൂഹത്തെയും കുറച്ചു പരിഗണിക്കാതെ പറ്റില്ലല്ലോ.