Saturday 06 April 2019 05:04 PM IST

ഈ കൂരയിൽ തെളിഞ്ഞത് അഭിമാന സൂര്യൻ! ശ്രീധന്യ നേട്ടത്തിന്റെ ചുരം കയറിയത് മുൻഗാമികളില്ലാത്ത വഴിയിലൂടെ

V.G. Nakul

Sub- Editor

sree-dhanya-new-1

ശ്രീധന്യ സുരേഷിന്റെ നേട്ടത്തിന് തിളക്കമേറെയാണ്. കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും ചുരം കയറിയാണ് വയനാട്ടിൽ നിന്നുള്ള ഈ ആദിവാസി പെൺകുട്ടി സിവിൽ സർവീസ് പരീക്ഷയിൽ 410 – ാം റാങ്കെന്ന സുവർണ്ണ നേട്ടത്തിലേക്കെത്തിയത്. ചോർന്നൊലിക്കുന്ന കൂരയ്ക്കു മുന്നിൽ നിന്ന്, ചിരിച്ച മുഖവുമായി അവൾ നടന്നു കയറിയത് സ്വപ്നത്തിലേക്കാണ്. അടങ്ങാത്ത ആഗ്രഹവും നേടുമെന്ന ഉറപ്പും ലക്ഷ്യത്തിലേക്കുള്ള പിഴയ്ക്കാത്ത ചുവടുകളുമായി, പിന്നാലെ വരുന്നവർക്കു വേണ്ടി പ്രചോദനത്തിന്റെ കൽവിളക്കു തെളിക്കുകയാണവൾ.

കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസികമായ നേട്ടം കരസ്ഥമാക്കിയത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്ന് രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനുള്ള യാത്ര ഇവിടെത്തുടങ്ങുന്നു.

കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ശ്രീധന്യ. സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയതും സുമനസ്സുകൾ അറിഞ്ഞു നൽകിയതുമായ തുകകൾ കൂട്ടി വച്ച, 40,000 രൂപയുമായാണ് സിവിൽ സർവീസ് ഇന്റർവ്യൂവിനായി ശ്രീധന്യ ഡൽഹിയിലെത്തിയത്. ആ യാത്ര വെറുതെയായില്ല, അവളുടെ നേട്ടം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെടാവുന്നതാണ്...

ഫലമറിഞ്ഞ ശേഷം വിളിയ്ക്കുമ്പോൾ ധന്യ തിരുവന്തപുരത്താണ്. അഭിനന്ദനത്തിന്റെയും അഭിമുഖങ്ങളുടെയും കൂമ്പാരത്തിനിടയിൽ നിന്ന്, ‘വനിത ഓൺലൈനി’ലൂടെ ധന്യ തന്റെ ജീവിതം പറയുന്നു.

അച്ഛന്റെ അടുത്തേക്ക് വാവയും, ബാക്കിയായി ആ സ്നേഹ ചിത്രങ്ങൾ മാത്രം! കരയാതെ കാണാൻ കഴിയില്ല ഈ കാഴ്ച

സ്വർഗത്തിൽ കൈപിടിക്കാൻ അച്ഛനുണ്ടാകും, നാലു വയസ്സുകാരൻ അനുജനെ തനിച്ചാക്കി അവൻ പോയി! തൊടുപുഴയിലെ കുഞ്ഞ് മരണത്തിന് കീഴടങ്ങി

sree-dhanya-new-2

ഈ കൂരയിൽ തെളിഞ്ഞത് അഭിമാന സൂര്യൻ! ശ്രീധന്യ നേട്ടത്തിന്റെ ചുരം കയറിയത് മുൻഗാമികളില്ലാത്ത വഴിയിലൂടെ

‘‘വളരെ സന്തോഷം. കുറച്ചു കൂടി ഉയർന്ന ഒരു റാങ്ക് പ്രതീക്ഷിച്ചിരുന്നു. അതു കിട്ടാത്തതിൽ ചെറിയ സങ്കടമുണ്ടെങ്കിലും ഇവിടെ വരെ എത്തിയതിൽ തൃപ്തിയുണ്ട്. രാഹുൽ ഗാന്ധിയൊക്കെ നേരിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.

കുട്ടിക്കാലം മുതൽ സിവിൽ സർവീസ് എന്ന സ്വപ്നം മനസ്സിലുണ്ട്. പക്ഷേ, എങ്ങനെയാണ് അതിലേക്കെത്തിപ്പെടുക എന്നൊന്നുമറിയുമായിരുന്നില്ല. പി.ജി കഴിഞ്ഞ ശേഷമാണ് അതിന്റെ വഴികളെക്കുറിച്ചൊക്കെ കൃത്യമായ ഒരു ധാരണ കിട്ടിയത്.

പഠന വഴികളില്‍ പതറാതെ

പ്ലസ് ടു വരെ നാട്ടിലാണ് പഠിച്ചത്. കരിയോട് നിർമ്മല ഹൈ സ്കൂളിലായിരുന്നു പത്ത് വരെ. പ്ലസ് വൺ, പ്ലസ് ടു കരിയോട് സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഡിഗ്രിയും കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നിന്ന് പി.ജിയുമെടുത്തു. ഡിഗ്രി സുവോളജിയിലും പി.ജി അപ്ലൈഡ് സുവോളജിയിലുമാണ്.

ഇറങ്ങിയാൽ ഇതും കൊണ്ടേ തിരിച്ചു കയറൂ

sree-dhanya-new-3

പി.ജി കഴിഞ്ഞ ശേഷമാണ് സിവിൽ സർവീസ് കോച്ചിങ്ങിനുള്ള ഒരു സ്പാർക്ക് കിട്ടിയത്. വീട്ടിൽ നിന്നുള്ള പിന്തുണയുണ്ടായിരുന്നു. അധ്യാപകരും കൂട്ടുകാരുമൊക്കെ ഒപ്പം നിന്നു. സാമ്പത്തികമായ പ്രതിസന്ധികളൊക്കെയുണ്ടെങ്കിലും ഇറങ്ങിയാൽ ഇതും കൊണ്ടേ തിരിച്ചു കയറൂ എന്ന തീരുമാനത്തിലായിരുന്നു ഞാൻ. പിന്നീട് ഡിപ്പാർട്ടുമെന്റിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമൊക്കെ സഹായം ലഭിച്ചു. അങ്ങനെയാണ് കോച്ചിങ്ങിനായി തിരുവന്തപുരത്തെത്തിയത്.

ദുരിതങ്ങൾക്കിടയിൽ

അച്ഛന് നാട്ടിൽ തന്നെ കൂലിപ്പണിയാണ്. അമ്മ തൊഴിലുറപ്പിന് പൊകുന്നുണ്ട്. ഒരു ചേച്ചിയും അനിയനുമാണെനിക്ക്. ചേച്ചി ഒറ്റപ്പാലം കോടതിയിൽ ലാസ്റ്റ് ഗ്രേഡ് ക്ലർക്കാണ്. അനിയൻ വയനാട് തന്നെ പോളി ടെക്നിക്ക് പഠിക്കുന്നു. ഇപ്പോൾ താമസിക്കുന്ന വീട് മൊത്തം പൊളിഞ്ഞ അവസ്ഥയിലാണ്. ഇനിയതിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഏതു സമയവും തറയിൽ വീഴാം.

പ്രചോദനമാകണം

ഞാൻ വരുന്ന സമൂഹത്തിന് എന്റെ വിജയം ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. നമുക്കും ഇതു സാധിക്കുമെന്നു തെളിയിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. പ്രവർത്തന മേഖല ഏതാണെങ്കിലും എന്റെ വിഭാഗത്തിന്റെ പ്രശ്നങ്ങൾ കൂടി അഡ്രസ് ചെയ്ത് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.

ശ്രീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ വയറിങ് പോലും ഇപ്പോഴും ശരിയാക്കിയിട്ടില്ല. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ കൈയ്ക്കു ഷോക്കേറ്റു ശ്രീധന്യ തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണ് ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്....