ഈയിടെയായി എന്തൊരു മറവിയാണെന്നോ? സാധനങ്ങൾ വച്ച സ്ഥലം മറക്കുന്നു, എന്തെങ്കിലും ചെയ്യാൻ പോയി പകുതി വഴിയാകുമ്പോൾ അതെന്തായിരുന്നെന്നു മറന്നുപോകും... പരിചയമുള്ള ചില വാക്കുകൾ നാക്കിൻതുമ്പത്തുണ്ടെന്നു തോന്നും...പക്ഷേ,ഒാർമ കിട്ടുന്നില്ല. ശരിയാണ്...നിനക്ക് ഈയിടെയായി മറവി കുറച്ചു കൂടുതലാണ്. മറക്കാതിരിക്കാൻ

ഈയിടെയായി എന്തൊരു മറവിയാണെന്നോ? സാധനങ്ങൾ വച്ച സ്ഥലം മറക്കുന്നു, എന്തെങ്കിലും ചെയ്യാൻ പോയി പകുതി വഴിയാകുമ്പോൾ അതെന്തായിരുന്നെന്നു മറന്നുപോകും... പരിചയമുള്ള ചില വാക്കുകൾ നാക്കിൻതുമ്പത്തുണ്ടെന്നു തോന്നും...പക്ഷേ,ഒാർമ കിട്ടുന്നില്ല. ശരിയാണ്...നിനക്ക് ഈയിടെയായി മറവി കുറച്ചു കൂടുതലാണ്. മറക്കാതിരിക്കാൻ

ഈയിടെയായി എന്തൊരു മറവിയാണെന്നോ? സാധനങ്ങൾ വച്ച സ്ഥലം മറക്കുന്നു, എന്തെങ്കിലും ചെയ്യാൻ പോയി പകുതി വഴിയാകുമ്പോൾ അതെന്തായിരുന്നെന്നു മറന്നുപോകും... പരിചയമുള്ള ചില വാക്കുകൾ നാക്കിൻതുമ്പത്തുണ്ടെന്നു തോന്നും...പക്ഷേ,ഒാർമ കിട്ടുന്നില്ല. ശരിയാണ്...നിനക്ക് ഈയിടെയായി മറവി കുറച്ചു കൂടുതലാണ്. മറക്കാതിരിക്കാൻ

യിടെയായി എന്തൊരു മറവിയാണെന്നോ? സാധനങ്ങൾ വച്ച സ്ഥലം മറക്കുന്നു, എന്തെങ്കിലും ചെയ്യാൻ പോയി പകുതി വഴിയാകുമ്പോൾ അതെന്തായിരുന്നെന്നു മറന്നുപോകും... പരിചയമുള്ള ചില വാക്കുകൾ നാക്കിൻതുമ്പത്തുണ്ടെന്നു തോന്നും...പക്ഷേ,ഒാർമ കിട്ടുന്നില്ല.

ശരിയാണ്...നിനക്ക് ഈയിടെയായി മറവി കുറച്ചു കൂടുതലാണ്. മറക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ലിസ്റ്റ് ചെയ്ത് എഴുതി വയ്ക്ക്...

ADVERTISEMENT

അതും പരീക്ഷിച്ചു...പക്ഷേ, ആ ലിസ്റ്റ് നോക്കാൻ മറന്നുപോകുന്നു എന്നതാണു പുതിയ പ്രശ്നം!!!

അതേ, നിത്യജീവിതത്തിൽ മറവിപ്രശ്നങ്ങൾ അസാധാരണമായ തോതിൽ കൂടുകയാണ്. പ്രായമാകുമ്പോൾ സ്വാഭാവികമായി ചില്ലറ മറവിപ്രശ്നങ്ങളൊക്കെ വരാം. സാധാരണ ഒരു 45 വയസ്സു കഴിയുമ്പോഴാണ് ഇത്തരം ഒാർമക്കുറവുകൾ കണ്ടുവരുന്നത്. പക്ഷേ, നിലവിലുള്ള അവസ്ഥ അതല്ല. ചെറുപ്പക്കാരിൽ പോലും ശ്രദ്ധക്കുറവും മറവിപ്രശ്നങ്ങളും വ്യാപകമാവുകയാണ്. കോവിഡ് വന്ന നാളുകളിൽ ചിലർക്കൊക്കെ ഇത്തരം മറവിപ്രശ്നങ്ങൾ വന്നിരുന്നു. പോസ്റ്റ് കോവിഡ് ബ്രെയിൻ ഫോഗ് എന്നാണ് അതിനെക്കുറിച്ചു വിദഗ്ധർ പറഞ്ഞത്.

ADVERTISEMENT

വർധിച്ചുവരുന്ന മറവിപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും പിന്നിൽ മറ്റൊരു വില്ലൻ കൂടിയുണ്ടെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. മറ്റാരുമല്ല, അമിത സ്ക്രീൻ ഉപയോഗം തന്നെ. ദിവസവും ഇത്തിരി നേരം ടിവി കാണൽ, മടുപ്പു മാറ്റാൻ ഇൻസ്റ്റ റീൽസ്, യൂട്യൂബ് വിഡിയോ...ഒന്നു റിലാക്സാകാനുള്ള നമ്മുടെ വഴികളാണ് ഇതൊക്കെ. പക്ഷേ, സ്ക്രീൻ ഉപയോഗം അമിതമായാൽ തലച്ചോറിന്റെ ആരോഗ്യത്തിനു പ്രത്യേകിച്ചും ദോഷകരമാണെന്നു പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഡിജിറ്റൽ അമ്നീഷ്യ, സൂം ഫറ്റീഗ്, ഡിജിറ്റൽ മൾട്ടിടാസ്കിങ് പോലെ ഒട്ടേറെ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

ഇതുവരെ നാം പറഞ്ഞിരുന്നത് അമിത സ്ക്രീൻ ഉപയോഗം കുട്ടികളുടെ വളരുന്ന തലച്ചോറിൽ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചായിരുന്നു. പുതിയ പഠനങ്ങൾ പറയുന്നതു മുതിർന്നവരുടെ വളർച്ച പൂർത്തിയായ തലച്ചോറിൽ പോലും ആഴത്തിലുള്ള മാറ്റങ്ങൾ വരുത്താനും ഒാർമപ്രശ്നങ്ങൾ ഉൾപ്പെടെ ഉണ്ടാകാനും സ്ക്രീൻ ഉപയോഗം കാരണമാകുന്നു എന്നാണ്. ഇക്കാര്യത്തിൽ പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ നോക്കാം.

ADVERTISEMENT

∙ ദിവസവും അഞ്ചു മണിക്കൂറിൽ കൂടുതൽ ടിവി കാണുന്ന മുതിർന്നവരിൽ നടത്തിയ പഠനത്തിൽ മറവിരോഗം, സ്ട്രോക്ക് പോലെ തലച്ചോർ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുന്നതായി കണ്ടു. പ്രമേഹരോഗികൾ മധുരം കഴിക്കുന്നതു പോലെയാണു പ്രായമായവരിലെ സ്ക്രീൻ ഉപയോഗം. പ്രായമാകുമ്പോൾ സ്വാഭാവികമായും ഒാർമയിലും ബൗദ്ധികശേഷികളിലുമൊക്കെ കുറച്ച് അപചയം സംഭവിക്കാം. അമിതമായ സ്ക്രീൻ ഉപയോഗം ഈ അപചയത്തിന്റെ ഡോസ് വർധിപ്പിക്കാം.

∙ ജന്മദിനം, ഫോൺ നമ്പർ പോലെയുള്ള വിവരങ്ങൾ ഒാർത്തുവയ്ക്കാനും മറ്റും ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നവരിൽ ഒാർമകളുടെ രൂപീകരണം ദുർബലമാകുന്ന ‘ഡിജിറ്റൽ അമ്നീഷ്യ’ വരാം. തന്മൂലം ഈ വിവരങ്ങൾ ഒാർത്തെടുക്കാൻ പ്രയാസമാകും.

∙ വെറുതെ ഫോൺ നോക്കുന്നതുപോലും (Passive watching) വർക്കിങ് മെമ്മറിയെ കുറയ്ക്കുന്നു. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന താൽക്കാലിക ഒാർമയാണ് വർക്കിങ് മെമ്മറി. ഇതിനു വരുന്ന തകരാറുകൾ പഠനത്തെയും തൊഴിലിനെയും സാമൂഹിക ഇടപെടലുകളെയും പെരുമാറ്റത്തെ തന്നെയും ബാധിക്കാം.

∙ എഡിഎച്ച്ഡി ഇപ്പോൾ മുതിർന്നവരിൽ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇവരിൽ എടുത്തുചാട്ടം,
പിരുപിരുപ്പ്, ശ്രദ്ധക്കുറവ് എന്നീ പ്രശ്നങ്ങളുണ്ട്. അമിത സ്ക്രീൻ ഉപയോഗം മറഞ്ഞിരിക്കുന്ന എഡിഎച്ച്ഡി ലക്ഷണങ്ങളെ തീവ്രമാക്കി വെളിച്ചത്തു കൊണ്ടുവരുന്നു.പ്രത്യേകിച്ച് അക്രമം നിറഞ്ഞ രംഗങ്ങൾ കൂടുതൽ കാണുന്നത് ഇവരിൽ അക്രമസ്വഭാവത്തിന് ഇടയാക്കുന്നു.

തലച്ചോർ ക്ഷീണിക്കുമ്പോൾ

അമിത സ്ക്രീൻ ഉപയോഗത്തിൽ സംഭവിക്കുന്നതു
പ്രധാനമായും മൂന്നു കാര്യങ്ങളാണ്.

∙ വിവരങ്ങളുടെ അമിതഭാരം-സ്ക്രീൻ കാണുമ്പോൾ അനുനിമിഷം ഒട്ടേറെ വിവരങ്ങൾ തലച്ചോറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം സംസ്കരിക്കാൻ ശ്രമിച്ചു തലച്ചോർ ക്ഷീണിക്കുന്നു (Brain Fatigue).

∙ ഫോണിലും മറ്റും തുടർച്ചയായി വരുന്ന നോട്ടിഫിക്കേഷനുകളും അപ്ഡേറ്റുകളും ശ്രദ്ധ ഇടയ്ക്കിടെ പാളിപ്പോകാൻ ഇടയാക്കുന്നു. ഇതു തലച്ചോറിനെ ക്ഷീണിപ്പിക്കുകയും ശ്രദ്ധാശേഷി കുറയ്ക്കുകയും ചെയ്യുന്നു. തന്മൂലം പ്രധാന കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാനാകാതെ വരുന്നു.

∙ സ്ക്രീനിൽ ഒരേസമയത്തു പല കാര്യങ്ങൾ ചെയ്തു ശീലിക്കുന്നതു കാരണം ഒരു കാര്യത്തിൽ മാത്രമായി ദീർഘനേരം ഏകാഗ്രതയോടെ മുഴുകാൻ കഴിയുന്നില്ല.

ഒാർമ കെടുത്തും രാത്രി ഉപയോഗം

അമിത ഉപയോഗം മാത്രമല്ല സ്ക്രീൻ എപ്പോൾ കാണുന്നു? എത്രസമയം കാണുന്നു, എന്തു കാണുന്നു എന്നിവയ്ക്കും പ്രാധാന്യമുണ്ട്.

രാത്രി കിടക്കുന്നതിനു തൊട്ടുമുൻപു സ്ക്രീൻ ഉപയോഗിക്കുന്നതാണ് ഏറ്റവും ദോഷകരം. രാത്രി ദീർഘനേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത് ഉറക്കത്തെ സഹായിക്കുന്ന മെലടോണിൻ ഹോർമോണിന്റെ ഉൽപാദനം തടസ്സപ്പെടാനിടയാക്കാം. ഇതു ശരീരത്തിന്റെ സ്വാഭാവികമായ ഉറക്കÐഉണർവു ചക്രത്തെ താളംതെറ്റിക്കുന്നു. കിടക്കുന്നതിനു തൊട്ടുമുൻപു മാത്രമാണു സ്ക്രീൻ ഒാഫ് ചെയ്യുന്നതെങ്കിൽ ഉറക്കം ശരിയാകില്ല. ഇൻസോമ്നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. രാത്രി നല്ല ഉറക്കം ലഭിക്കാത്തതു രാവിലെയുള്ള ഉണർവിനെയും ബാധിക്കും. കിടപ്പുമുറിയിൽ സ്ക്രീനിന്റെ സാന്നിധ്യം ഉള്ള വീടുകളിലെ കുട്ടികളിൽ ഉറക്കം, പെരുമാറ്റം എന്നിവ സംബന്ധിച്ചു പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. തന്നെയുമല്ല വൈകുന്നേരമുള്ള സ്ക്രീൻ കാഴ്ച എഡിഎച്ച്ഡി ഉള്ളവരിൽ ലക്ഷണങ്ങളെ തീവ്രമാക്കുന്നതായും പഠനങ്ങളുണ്ട്.

രാവിലെ ഉണർന്നയുടനെ നോട്ടിഫിക്കേഷനുകളും സോഷ്യൽ മീഡിയയും നോക്കുന്ന ശീലവും ഒഴിവാക്കണം. ഇതു നാഡീവ്യവസ്ഥയെ അനാവശ്യമായ ഒരു ജാഗ്രതാവസ്ഥയിലെത്തിക്കും.

ശ്രദ്ധ കളയും റീലുകൾ

ചെറു വിഡിയോകൾക്കും റീൽസുകൾക്കുമാണല്ലൊ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത്. പക്ഷേ, ദീർഘനേരം റീൽസ് പോലുള്ള ചെറു വിഡിയോകൾ കാണുന്നതു ശ്രദ്ധയേയും ഒാർമയേയും ദോഷകരമായി ബാധിക്കാം. റീൽസ് കാണുമ്പോൾ സെക്കൻഡുകൾ കൊണ്ടു വിഷയങ്ങൾ മാറിമറിഞ്ഞു പോവുകയാണ്. തുടരെയുള്ള ഈ ‘അമിത വിവരഭാരം’ സംസ്കരിക്കാൻ ശ്രമിക്കുന്നതു തലച്ചോറിനെ ക്ഷീണിപ്പിക്കുന്നു. ചെറു വിഡിയോകൾ പതിവായി ദീർഘനേരം കാണുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമനുഭവപ്പെടുന്നുവെന്നും തലച്ചോറിന്റെ ബൗദ്ധികപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും പഠനങ്ങളുണ്ട്.

ഡിജിറ്റൽ മൾട്ടിടാസ്കിങ്- ഒാർമയുടെ ശത്രു

ടാബും ഫോണും ടിവിയുമൊക്കെ പോലെ പലതരം സ്ക്രീനുകൾ ഒരേസമയം മാറിമാറി ശ്രദ്ധിക്കുന്ന ഡിജിറ്റൽ മൾട്ടിടാസ്കിങ് അമിതമായാൽ ദീർഘകാല ഒാർമകളുടെ രൂപീകരണത്തിൽ പ്രശ്നം വരാം. പലതരം സ്ക്രീനുകളിലൂടെ ഒാട്ടപ്രദക്ഷിണം നടത്തുമ്പോൾ ഒരു വിവരവും ആഴത്തിൽ ഒാർമയിൽ പതിയാതെ പോകുന്നു. ഇവർക്ക് ഒരു കാര്യത്തിൽ മാത്രമായി അധിക സമയം ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്താൻ ബുദ്ധിമുട്ടായിരിക്കും.വർക്കിങ് മെമ്മറിയിലും പ്രശ്നങ്ങൾ വരാം. ഒരു കാര്യം മനസ്സിലാക്കി അത് ഒാർമിച്ചു നടപ്പാക്കാനുള്ള ശേഷിയും കുറയാം.

കുട്ടികളിൽ വലിയ ദോഷങ്ങൾ

അമിത സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങളുടെ ഏറ്റവും പ്രധാന ഇരകൾ കുട്ടികളാണ്. മറവിക്കു പുറമെ വൈകാരികപ്രശ്നങ്ങളും ശ്രദ്ധക്കുറവും എടുത്തുചാട്ടവും അവരിൽ വ്യാപകമാകാം. അവർ ഭാവി ജീവിച്ചു തീർക്കേണ്ടിവരുന്നത് ഈ ദോഷങ്ങളും പേറിയാണ്.

ബാല്യം പോലെ വളർച്ചയുടെയും വികാസത്തിന്റെയും പ്രധാന സമയത്തുള്ള അമിതമായ സ്ക്രീൻ ഉപയോഗം തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും സ്ഥായിയായ മാറ്റങ്ങൾ വരുത്താം. അമിതമായി സ്ക്രീൻ ഉപയോഗിക്കുന്ന പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ നടത്തിയ എംആർഐ പഠനങ്ങൾ കാണിക്കുന്നതു തലച്ചോറിലെ വൈറ്റ് മാറ്ററിന്റെ നാരുകൾക്കു നാശമോ അപചയമോ വരുന്നുവെന്നാണ്. തലച്ചോറിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതു വൈറ്റ് മാറ്ററാണ്. പ്രത്യേകിച്ചു ഭാഷകളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ. ഈ അപചയം കൊണ്ടു ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും ശരിയായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന എക്സിക്യൂട്ടീവ് ശേഷികൾക്കു തകരാർ വരാം. വികാര നിയന്ത്രണവുമായി ബന്ധപ്പെട്ട ശേഷികൾ, ശ്രദ്ധ എന്നിവയുമായൊക്കെ ബന്ധപ്പെട്ട തലച്ചോർ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുന്നു. കൗമാരക്കാരിൽ വൈകാരികസംസ്കരണ രീതിയിലും വ്യത്യാസങ്ങൾ വരാം. ഇതു വൈകാരികനിയന്ത്രണത്തിൽ പാളിച്ചകൾ വരുത്താം.

സ്ക്രീൻ ഉപയോഗം കൂടുന്നതു കാരണം കുട്ടികളിൽ വായിച്ചു സംഗ്രഹിക്കാനുള്ള ശേഷി കുറയാം. റീലുകളും ഷോർട്സും കണ്ടു ശീലിക്കുന്ന കുട്ടികൾക്ക് 10Ð15 മിനിറ്റിൽ കൂടുതൽ ഏകാഗ്രതയോടെ ഇരിക്കാനാകില്ല. സോഷ്യൽ മീഡിയ ഉപയോഗം കൂടുന്നത് എടുത്തുചാട്ടം കൂട്ടാം. ശ്രദ്ധയില്ലായ്മ, പിരുപിരുപ്പ് എന്നിവയ്ക്കും കാരണമാകുന്നു. ഗെയിമിങ് പോലെയുള്ളവയിൽ ഏർപ്പെടുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ആനന്ദദായക രാസഘടകങ്ങളും എടുത്തുചാട്ടം കൂട്ടാം, ശ്രദ്ധക്കുറവു വരുത്താം.

വർധിക്കുന്ന പഠനവൈകല്യങ്ങൾ

ഇന്നു കുട്ടികളിൽ വർധിച്ചു വരുന്ന പഠനവൈകല്യത്തിനു പിന്നിലെ ഒരു പ്രധാന കാരണം ദീർഘനാളത്തെ അമിത സ്ക്രീൻ ഉപയോഗമാണ്.ഡിസ്‌ലെക്സിയ എന്ന ഭാഷാവൈകല്യം, ഡിസ്കാൽകുലിയ എന്ന ഗണിത വൈകല്യം, ഡിസ്ഗ്രാഫിയ എന്ന എഴുത്തിലെ വൈകല്യം എല്ലാം കൂടുതലാണ്. ഉയർന്ന ഐക്യു ഉള്ള കുട്ടികളിൽ പോലും സ്ക്രീനിന് അടിമയായാൽ ഉയർന്ന ക്ലാസ്സുകളിലേക്കു പോകുമ്പോൾ പഠനത്തിൽ പ്രശ്നങ്ങൾ വരാം.

മറവിപ്രശ്നങ്ങളെ തടയാൻ

സ്ക്രീനുകളുടെ ഉപയോഗം പരിപൂർണമായി ഒഴിവാക്കാനാകാത്ത ഇക്കാലത്തു തലച്ചോറിനെ സജീവമാക്കി നിർത്താൻ നാം ബോധപൂർവം ചെയ്യേണ്ട ചിലതുണ്ട്.

∙ പതിവായി മൊബൈൽ ഉപയോഗിക്കുന്നവർ അത്യാവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഒാഫാക്കി വയ്ക്കാം.

∙ സോഷ്യൽമീഡിയ ഉപയോഗത്തിനു ദിവസവും നിശ്ചിതസമയം വച്ച്, അതു പാലിക്കുക.

∙ പൊമൊഡോറോ ടെക്നിക്ക് പരീക്ഷിച്ചു നോക്കാം. ൈർഘ്യമുള്ള ഒരു ജോലി തിരഞ്ഞെടുക്കുക. ബുക്ക് വായിക്കുന്നതാകാം, പഠനമാകാം. അതു തുടർച്ചയായി 25 മിനിറ്റ് നേരത്തേക്കു ചെയ്യുക. എന്നിട്ട് അഞ്ചു മിനിറ്റു വിശ്രമിക്കുക. വീണ്ടും 25 മിനിറ്റ് ജോലി, അഞ്ചു മിനിറ്റ് ഇടവേള...ഇങ്ങനെ നാലു തവണ കഴിയുമ്പോൾ 15Ð20 മിനിറ്റു വിശ്രമിക്കുക. ഏകാഗ്രത മെച്ചപ്പെടുത്താൻ ഇതു നല്ലത്.

∙ ഉറങ്ങുന്നതിനു തൊട്ടുമുൻപും ഉറങ്ങിയെഴുന്നേറ്റ ഉടനെയുമുള്ള സ്ക്രീൻ ഉപയോഗം കുറയ്ക്കുക.

∙ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കു ഫോൺ നൽകരുത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കു ഫോൺ സമയപരിധി വച്ച്, മാതാപിതാക്കൾ ഒപ്പമിരുന്നു വേണം കാണിക്കാൻ.

∙ പുസ്തകങ്ങൾ ഡിജിറ്റലായി അല്ലാതെ വായിക്കുക. വായനാ ഇടം, പുസ്തകത്തിന്റെ ഗന്ധം എന്നിങ്ങനെ വിവിധ ഇന്ദ്രിയാനുഭവങ്ങൾ ചേർന്നു വായിക്കുന്ന കാര്യത്തെ ദീർഘകാല ഒാർമയാക്കാൻ കൂടുതൽ സഹായിക്കുന്നു.

∙ വയോജനങ്ങളിൽ ഡിജിറ്റൽ ഗെയിമുകൾ ഉപയോഗിച്ചുള്ള പരിശീലനം തലച്ചോർ ഭാഗങ്ങളെ ശക്തിപ്പെടുത്തും.

∙ പ്രായമാകുന്നതനുസരിച്ചു തലച്ചോറിനെ ഉണർവോടെ നിർത്താൻ എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാം. രണ്ടു കൈകളും ഉപയോഗിച്ചു ശീലിക്കുന്നത് ഇടതു വലതു തലച്ചോറുകളെ സജീവമാക്കും.

ഡിജിറ്റൽ ഉള്ളടക്കങ്ങളെ വിമർശനബുദ്ധിയോടെ സമീപിക്കുവാനും സ്ക്രീൻ ഉപയോഗത്തിൽ സമയപരിധിയും ചിട്ടയും അച്ചടക്കവും പാലിക്കാനുമായാൽ ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും രക്ഷപെടാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സജികുമാർ ശ്രീധരൻ

അസോ. പ്രഫസർ, ഫിസിയോളജി വിഭാഗം, നാഷനൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ

റിസർച് ഡയറക്ടർ, ദ് ഹെൽതി
ലോങ്ജെവിറ്റി ട്രാൻസ്‌ലേഷനൽ
റിസർച് പ്രോഗ്രാം

 

ഡോ. പി. എ. മുഹമ്മദ് കുഞ്ഞ്

മുൻ പ്രഫസർ& മേധാവി, പീഡിയാട്രിക് ന്യൂറോളജി വിഭാഗം,
ഗവ. മെഡി. കോളജ്, തിരുവനന്തപുരം

ADVERTISEMENT