രക്തസമ്മർദവും കൊളസ്ട്രോളും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. 
രണ്ടും ഒറ്റയ്ക്കൊറ്റയ്ക്കു തന്നെ ഹൃദയത്തെ തകർക്കാൻ പര്യാപ്തമാണ്. അതിൽ തന്നെ അമിത ബിപിയാണു കൂടുതൽ അപകടകാരി.

രക്തസമ്മർദം (ബിപി) എന്നു പറയുന്നതു രക്തമൊഴുകുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണ്. എന്തെങ്കിലും കാരണത്താൽ രക്തക്കുഴലുകൾ ചുരുങ്ങുകയോ കട്ടിയുള്ളതാവുകയോ ചെയ്താൽ അതിലൂടെ സുഗമമായി രക്തം ഒഴുക്കാൻ ഹൃദയത്തിനു കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടി വരും. ഹൃദയപേശികൾക്കു കൂടുതൽ ശക്തിയോടെ പ്രവർത്തിക്കേണ്ടിവരും. ഇതു രക്തസമ്മർദം വർധിപ്പിക്കും. 
ഹൃദയത്തിനു നാല് അറകളാണുള്ളത്. ബിപി കൂടിയാൽ ഈ അറകളിലേൽക്കുന്ന മർദവും വർധിക്കാം. തന്മൂലം ഹൃദയപേശികളുടെ വഴക്കം നഷ്ടപ്പെടുകയും മെല്ലെ ഹൃദ്രോഗത്തിലേക്കും ഹൃദയപരാജയത്തിലേക്കും എത്തുകയും ചെയ്യും. 

ADVERTISEMENT

 ∙ അമിത ബിപി, തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തസ്രാവമുണ്ടാക്കി സ്ട്രോക്ക് വരുത്താം. 
∙ ശരീരത്തിലെ പ്രധാന രക്തക്കുഴലായ അയോർട്ടയുടെ ഭിത്തിയെ തകർക്കാനും (Aortic dissection) രക്തം ഉള്ളിലേക്കെത്താനും ഉയർന്ന രക്തസമ്മർദം കാരണമാകാം. 
∙ ഹൃദയം, വൃക്ക, കണ്ണ്, തലച്ചോറ് തുടങ്ങി പ്രധാന അവയവങ്ങളിലെല്ലാം സങ്കീർണതകൾ സൃഷ്ടിക്കാം. 

കൊളസ്ട്രോൾ കൂടിയാൽ
ഹൃദ്രോഗത്തിനു കാരണമാകുന്ന അപായഘടകങ്ങളിൽ മുൻപിൽ തന്നെയുണ്ട് കൊളസ്ട്രോൾ. രക്തത്തിലുള്ള കൊഴുപ്പു കണമായ കൊളസ്ട്രോളിന്റെ അളവ്- പ്രത്യേകിച്ചു ചീത്ത കൊളസ്ട്രോളായ സാന്ദ്രത കുറഞ്ഞ എൽഡിഎൽ അമിതമായാൽ അതു രക്തക്കുഴലിന്റെ ഉൾവശത്ത് അടിഞ്ഞുകൂടാം. കാലങ്ങൾ കൊണ്ട് ഈ കൊഴുപ്പു നിക്ഷേപം വലുതാവുകയും രക്തക്കുഴലുകൾ ഇടുങ്ങിച്ചെറുതായി ഹൃദയാഘാതത്തിലേക്കു പോവുകയും ചെയ്യാം.
എൽഡിഎൽ മാത്രമല്ല പ്രശ്നം. ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പുകണങ്ങളുടെ നിരക്കു വർധിക്കാതെയും ശ്രദ്ധിക്കണം. ധമനികളിൽ പ്ലാക്ക് രൂപപ്പെടാൻ ഉയർന്ന ട്രൈഗ്ലിസറൈഡ് നിരക്കും കാരണമാകും. 
പക്ഷേ, ഉയർന്ന കൊളസ്ട്രോൾ കൊണ്ടു മാത്രം ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്. രക്തക്കുഴലിന്റെ ആരോഗ്യം തകർക്കുന്ന ഘടകങ്ങളായ അമിത ബിപി, പ്രമേഹം,  പുകവലി ശീലം, വ്യായാമരഹിത 
ജീവിതം എന്നിവയിലേതെങ്കിലുമൊക്കെ കൊളസ്ട്രോളിനോടൊപ്പം ചേരുമ്പോഴാണു ഹൃദയാഘാതത്തിലേക്കുള്ള യാത്ര വേഗത്തിലാകുന്നത്.

ADVERTISEMENT

ഉദാഹരണത്തിന്, പുകവലിയുടെ കാര്യമെടുക്കാം. ദിവസം 40 സിഗററ്റ് ഒക്കെ വലിക്കുന്നവരിൽ കൊള
സ്ട്രോൾ കൂടുതലില്ലെങ്കിൽ പോലും ഹൃദയാഘാതം വരാനുള്ള സാധ്യത നാലിരട്ടിയാണ്. പുകയിലയിലെ കാർബൺ മോണോക്സൈഡ്, നിക്കോട്ടിൻ എന്നീ ഘടകങ്ങൾ രക്തക്കുഴലുകളുടെ ഉൾഭാഗത്തുള്ള ആവരണത്തെ നശിപ്പിക്കുന്നതാണു കാരണം. ഇങ്ങനെയുള്ളവരിൽ കൊളസ്ട്രോൾ കുറഞ്ഞിരുന്നാൽ പോലും കൊഴുപ്പുകണങ്ങൾ രക്തക്കുഴലിൽ അടിയാൻ സാധ്യത കൂടുതലാണ്. 
പാരമ്പര്യമായി കൊളസ്ട്രോൾ നിരക്ക് ഉയർന്നു നിൽക്കുന്നവരിൽ മറ്റ് അപായഘടകങ്ങളില്ലെങ്കിലും ഹൃദ്രോഗസാധ്യത വലുതാണ്. ഇവരിൽ എൽഡിഎൽ അളവു വളരെ കൂടുതലായിരിക്കും. അതുകൊണ്ടുമാത്രം രക്തക്കുഴലിനു കേടുവരാനും പെട്ടെന്നു ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ട്.

 ഇരട്ടിയാകും അപകടം
ഒറ്റയ്ക്കു നിൽക്കുമ്പോഴേ കട്ട വില്ലന്മാരായ രണ്ടുപേർ ഒന്നു ചേരുമ്പോ ൾ രണ്ടു പ്രധാന കാര്യങ്ങളാണു 
സംഭവിക്കുന്നത് . 
1. അമിത ബിപി കാരണം ഹൃദയധമനികളുടെ ഭിത്തിക്കു വിള്ളൽ വരാം. ഇതു കൊഴുപ്പടിയാൻ അനുകൂല സാഹചര്യം ഒരുക്കാം. 
2. ആരോഗ്യം കുറഞ്ഞ ഈ രക്തധമനികളിൽ കൊഴുപ്പു നിക്ഷേപങ്ങൾ (പ്ലാക്ക്) അടിയാനും അങ്ങനെ ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കു തടസ്സപ്പെടാനും ഉയർന്ന കൊളസ്ട്രോൾ ഇടയാക്കാം. 

ADVERTISEMENT

ഹാർട്ട് അറ്റാക്ക് എന്നതു രക്തക്കുഴലുകളുടെ രോഗമാണ്. അമിത ബിപി കാരണം നാശം സംഭവിച്ച രക്തക്കുഴലുകളിലൂടെ രക്തമൊഴുകുമ്പോൾ കൊഴുപ്പും രക്തകണങ്ങളും എല്ലാം വിള്ളലുള്ള ഭാഗത്ത് അടിഞ്ഞു രക്തക്കട്ട രൂപപ്പെടാം. ഇതു ഹൃദയത്തിലേക്കു രക്തമെത്താതെ വരാനും നെഞ്ചുവേദനയ്ക്കും (ആൻജൈന) ശ്വാസംമുട്ടലിനും ക്ഷീണത്തിനുമൊക്കെ ഇടയാക്കാം. രക്തക്കട്ട പെട്ടെന്നു പൊട്ടിയാൽ ഹൃദയാഘാതം സംഭവിക്കാം. 
അമിത രക്തസമ്മർദം ഉള്ള വ്യക്തിക്കു ഹൃദയാഘാത മുണ്ടാകാനുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ചു രണ്ടു മുതൽ മൂന്നു മടങ്ങു കൂടുതലാണ്. പക്ഷാഘാതം വരാനുള്ള സാധ്യത നാലു മടങ്ങു കൂടുതലാണ്. അമിത രക്ത സമ്മർദത്തോടൊപ്പം ഉയർന്ന കൊളസ്ട്രോൾ കൂടിയാകുമ്പോൾ ഈ അപായസാധ്യത വീണ്ടും പലമടങ്ങാകും. 
ബിപി കൃത്യമായി നിയന്ത്രിച്ചാൽ ഹൃദയാഘാത സാധ്യത ഒന്നു മുതൽ രണ്ടു മടങ്ങും പക്ഷാഘാത സാധ്യത രണ്ടു മടങ്ങും കുറയ്ക്കാം. ബിപി നിയന്ത്രണത്തോടൊപ്പം കൊളസ്ട്രോൾ സുരക്ഷിത നിരക്കിലേക്കു കുറയ്ക്കുകയും വ്യായാമം പതിവാക്കുകയും ചെയ്താൽ ഒരു രോഗവുമില്ലാത്ത ഒരാൾക്കുള്ള അപായസാധ്യതയേ ബിപി രോഗിക്കും ഉണ്ടാകൂ. 

വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍
ഹൃദ്രോഗവിഭാഗം
എമരിറ്റസ് പ്രഫസര്‍, പുഷ്പഗിരി മെഡി. കോളജ്
കോട്ടയം

ADVERTISEMENT