നെഞ്ചിന്റെ മധ്യഭാഗത്തു വേദന, അമിത വിയർപ്പ്... തിരിച്ചറിയാം ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ
ഹൃദയത്തെ വരിഞ്ഞു മുറുക്കുന്ന അവസ്ഥയാണു ഹൃദയാഘാതം അഥവാ ഹാർട്ടറ്റാക്ക് . പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയാഘാതം മരണത്തിനു വരെ കാരണമാകുന്നു. അമിത രക്തസമ്മർദം, കൂടിയ കൊളസ്ട്രോൾ നില എന്നിവ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇത്തരം ഘടകങ്ങളെ നിയന്ത്രിച്ചാൽ ഹൃദയാഘാതം വരുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും.
ബിപി നിയന്ത്രിക്കണം
ആദ്യമായി ഹൃദ്രോഗം വരുന്നവരിൽ പത്തിൽ ഏഴു പേർക്കും പക്ഷാഘാതം വന്നവരിൽ പത്തിൽ എട്ടുപേർക്കും അമിത രക്തസമ്മർദം ഉള്ളതായി പഠനങ്ങൾ കാണിക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം (Stroke) എന്നിവ തടയാന്‍ പറ്റുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണു രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുക എന്നത്. സ്ഥിരമായി ബിപി 140/ 90 നു മുകളിൽ ആണെങ്കിൽ ചികിത്സ അത്യാവശ്യമാണ്.
കൊളസ്ട്രോൾ കാരണം
സാധാരണ നിലയിൽ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അളവ് 100–130 mg/dl ൽ താഴെയിരിക്കുന്നതാണ് നല്ലത്. ഹൃദ്രോഗം വന്നിട്ടുള്ളവരും പ്രമേഹം ഉള്ളവരും എൽഡി എൽ കൊളസ്ട്രോൾ 70 ൽ താഴെ നിർത്തേണ്ടത് അത്യാവശ്യം ആണ് (50–ൽ താഴെ നിർത്തിയാൽ കൂടുതൽ നല്ലത്).
ഹൃദയാഘാതം വരാതിരിക്കുവാനും വന്നവർക്കു വീണ്ടും ഉണ്ടാകാതിരിക്കാനും ഉള്ള ഏറ്റവും മികച്ച മാർഗമാണു കൊളസ്ട്രോൾ കുറയ്ക്കൽ. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഏറ്റവും പ്രധാന വിഭാഗം മരുന്നുകളാണു സ്റ്റാറ്റിനുകൾ. ചിലരിൽ ഇതോടൊപ്പം മറ്റു മരുന്നുകളും കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി വന്നേക്കാം.
നെഞ്ചുവേദന മുതൽ അമിത വിയർപ്പു വരെ
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണയായി കാണുന്ന ലക്ഷണം നെഞ്ചുവേദന തന്നെയാണ്. അതിന്റെ അർഥം എല്ലാ നെഞ്ചുവേദനകളെയും പേടിക്കണം എന്നല്ല. ഹൃദയാഘാതം കാരണം ഉള്ള നെഞ്ചുവേദനയ്ക്കു ചില പ്രത്യേകതകൾ പലപ്പോഴും കാണാറുണ്ട്.
∙ നെഞ്ചിന്റെ മധ്യഭാഗത്താണു സാധാരണയായി ഹൃദയാഘാതം കാരണമുള്ള വേദന അനുഭവപ്പെടുക. ചിലപ്പോൾ ഇടതു വശത്തോ അപൂർവമായി വലതു വശത്തോ പുറകിലോ വേദന വരുന്നതായി കാണാറുണ്ട്. വേദന ഇടത്തേ അല്ലെങ്കിൽ വലത്തേ കയ്യിലേക്കോ കഴുത്തിലേക്കോ കീഴ്താടിയിലേക്കോ പടർന്നാൽ സൂക്ഷിക്കണം – അതു ഹൃദയാഘാതത്തിന്റെ സൂചനയാവാം.
∙ നെഞ്ചിൽ തിക്കുമുട്ടൽ പോലെയോ വരിഞ്ഞു മുറുക്കിയതു പോലെയോ ഭാരം കയറ്റിവച്ച പോലെയോ കഴയ്ക്കുന്നതുപോലെയോ എരിയുന്ന പോലെയോ ഒക്കെയാണു സാധാരണ ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടുക. സൂചി കൊണ്ടു കുത്തുന്ന പോലെയുള്ളതോ കൊളുത്തിപ്പിടിക്കുന്നതു പോലെയുള്ളതോ ആയ വേദന ഹൃദ്രോഗം കാരണമാകാനുള്ള സാധ്യത കുറവാണ്.
∙ വേദനയോടൊപ്പം അമിതമായി വിയർക്കുക, ഛർദിക്കുക, മലമൂത്ര വിസർജനം ചെയ്യണം എന്നു തോന്നുക എന്നീ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ അപായസൂചനകളാണ്.
∙ നെഞ്ചുവേദനയോടു കൂടിയോ അല്ലാതെയോ ശ്വാസംമുട്ടൽ, ബോധക്ഷയം എന്നിവ ഉണ്ടായാൽ ഗുരുതരാവസ്ഥയായി കണക്കാക്കണം.
ജീവിതശൈലി മാറ്റാം, ഹൃദയാഘാതം തടയാം
ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അതിൽ പ്രധാനമാണു പുകവലി ശീലം ഉപേക്ഷിക്കുക എന്നത്. പുകയിലയിലെ നിക്കോട്ടിൻ രക്തസമ്മർദം വർധിപ്പിക്കും. ഹൃദയാഘാതത്തിന്റെ പ്രധാന ആപത് ഘടകമാണ് അമിത രക്തസമ്മർദം. മാത്രമല്ല ഹൃദയരക്തധമനികളിൽ രക്തക്കട്ടകൾ രൂപപ്പെടാനുള്ള സാഹചര്യവുമൊരുക്കുന്നു. നിഷ്ക്രിയ പുകവലിയും അപകടം തന്നെയാണ്. അതോടൊപ്പം മദ്യപാനവും ഒഴിവാക്കുന്നതാണ് ഉത്തമം.
ആരോഗ്യകരമായ ഭക്ഷണക്രമം വേണം. ചുവന്ന മാംസം ഒഴിവാക്കണം. മധുര പലഹാരങ്ങൾ, ഫാസ്റ്റ് ഫൂഡ്, ബേക്കറി, എണ്ണ പലഹാരങ്ങൾ, പൂരിത കൊഴുപ്പ് അടങ്ങിയ വിഭവങ്ങൾ, മൈദ എന്നിവയെല്ലാം നിയന്ത്രിക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട കഴിക്കാം. പാചകത്തിന് എണ്ണയുെട ഉപയോഗം നിയന്ത്രിക്കണം.
ഹൃദയാഘാതം തടയാനുള്ള മറ്റൊരു പ്രധാനപ്പെട്ട മാർഗമാണു വ്യായാമം. ദിവസം കുറഞ്ഞതു 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. നടത്തം, ജോഗിങ്, ഓട്ടം പോലെയുള്ള എയ്റോബിക് വ്യായാമങ്ങൾ പരിശീലിക്കാം. തുടർച്ചയായുള്ള ഇരിപ്പും ഒഴിവാക്കണം. ഇരുന്നു ജോലി െചയ്യുന്നവർ ഇടയ്ക്കു
ബ്രേക്ക് എടുക്കണം. മാനസികസമ്മർദം ഹൃദയാഘാത കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. പിരിമുറുക്കം വരുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
തയാറാക്കിയത്
ഡോ. െജയിംസ് തോമസ്
സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്
മാർ സ്ലീവാ മെഡിസിറ്റി, പാലാ, കോട്ടയം