അമ്മേ വയറു വേദനിക്കുന്നു....എട്ടു വയസ്സുകാരൻ ഒന്നു ചുരുണ്ടുകൂടി മുട്ടു വയറിലേക്ക് അമർത്തിപ്പിടിച്ച് ഇരുന്നുകൊണ്ടു പറഞ്ഞു...അതുകണ്ടതേ അമ്മയ്ക്കു കാര്യം മനസ്സിലായി... കുഞ്ഞു പറയുന്നതു കള്ളമല്ല, സംഗതി വയറുവേദന തന്നെ.

കുട്ടികളുടെ ശരീരനിലയിലെ പ്രത്യേകതകൾ
ചിലപ്പോൾ അവരുടെ ശാരീരിക–മാനസിക ആരോഗ്യനിലയുടെ സൂചനയാകാം. കുട്ടിയുടെ ഇരിപ്പും നിൽപ്പും നടപ്പുമൊക്കെ അവന്റെ നാഡീപരവും അസ്ഥി–സന്ധി–പേശീ സംബന്ധവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ചില വിലയേറിയ തിരിച്ചറിവുകൾ നൽകാം.

ADVERTISEMENT

എന്നാൽ, കുട്ടികളിലെ ഇരിപ്പിലെയും നിൽപ്പിലെയും അപാകതകൾ എപ്പോഴും രോഗസൂചന യാകണമെന്നില്ല. അതു ശീലത്തിന്റെ ഭാഗമോ വളർച്ചാഘട്ടത്തിലെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനമോ ആകാം. ഇതു കുട്ടി വളരുന്നതിനനുസരിച്ചു മാറിക്കൊള്ളും. എങ്കിലും അസ്വാഭാവികമോ, മാറാതെ നിൽക്കുന്നതോ ആയ ശരീരനിലകളിൽ സംശയം തോന്നിയാൽ ഉടനെ ഡോക്ടറെ കാണുക.

ചിലപ്പോൾ ഗൗരവകരമായ പ്രശ്നങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാനും ഫലപ്രദമായി പരിഹരിക്കാനും ഇത്തരമൊരു ജാഗ്രത കൊണ്ടു സാധിക്കും. കുട്ടികളിൽ സാധാരണ കാണുന്ന  പ്രധാന ശരീരനിലകളും അവ നൽകുന്ന സൂചനകളും മനസ്സിലാക്കാം.

ADVERTISEMENT

ഡബ്ളിയു രീതിയിലുള്ള ഇരിപ്പ്
കുട്ടി കാൽമുട്ടു മുൻപോട്ടു മടക്കി കാലുകൾ ഇരുവശത്തേക്കും വച്ചു ഡബ്ളിയു ആകൃതിയിലാണോ ഇരിക്കുന്നത്? സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചോദ്യം ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സാധാരണ  മൂന്നു വയസ്സിനോട് അടുത്താണ് ഈ ഇരിപ്പു കാണുന്നത്.

തറയിൽ ഇരുന്നു കളിക്കാനുള്ള സൗകര്യത്തിനു ചിലപ്പോൾ കുട്ടികൾ ഇങ്ങനെ ഇരിക്കാറുണ്ട്.
കുട്ടിക്കു വളർച്ചയുമായി ബന്ധപ്പെട്ടു മറ്റൊരു പ്രശ്നവുമില്ലെങ്കിൽ ഈ ഇരിപ്പു കണ്ട് ആശങ്കപ്പെടേണ്ടതില്ല. ഇരിപ്പു രീതി മാറ്റാൻ നിർബന്ധിക്കേണ്ടതുമില്ല. വളരുന്നതനുസരിച്ചു താനേ മാറിക്കൊള്ളും.

ADVERTISEMENT

എന്നാൽ, കുട്ടി എപ്പോഴും ഈ രീതിയിലാണ് ഇരിക്കുന്നതെങ്കിലോ വളരുന്നതനുസരിച്ച് ഈ ഇരിപ്പുരീതി മാറ്റുന്നില്ലെങ്കിലോ ശ്രദ്ധ വേണം. ഇടയ്ക്കിടയ്ക്കു വീഴുക, ശരീരനിലയിൽ പ്രശ്നങ്ങൾ, ഗ്രോസ് മോട്ടോർ ശേഷികൾ എത്താൻ താമസം, നടപ്പിൽ പ്രശ്നം വരിക എന്നിവ കൂടിയുണ്ടെങ്കിൽ തീർച്ചയായും ഒരു ശിശുരോഗ വിദഗ്ധനെ കണ്ടു ഗൗരവകരമായ പ്രശ്നങ്ങളില്ല എന്നുറപ്പാക്കണം.

ജന്മനാ ഹിപ് ഡിസ്പ്ലാസിയ പോലെയുള്ള പ്രശ്നമുള്ള കുട്ടികളിൽ ഈ രീതിയിൽ ഇരിക്കുന്നത് ഇടുപ്പു സ്ഥാനചലനത്തിനു കാരണമാകാമെന്നു പറയപ്പെടുന്നു. സെറിബ്രൽ പാൾസി പോലെ പേശികളുടെ വഴക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉള്ള കുട്ടികളിലും ഡബ്‌ളിയു സിറ്റിങ് കാണാറുണ്ട്.

നട്ടെല്ല് വശത്തേക്ക് ചരിയുക
നട്ടെല്ല് ഒരു വശത്തേക്കു ചരിഞ്ഞിരിക്കുന്നതു സ്കോളിയോസിസ് എന്ന പ്രശ്നത്തിന്റെ സൂചനയാകാം.  ഇടുപ്പും തോളുമൊക്കെ ഒരേ നിരപ്പിൽ അല്ലാതെ കയറിയിറങ്ങി കാണപ്പെടാം. ചെറിയ വളവേയുള്ളുവെങ്കിൽ കുട്ടിക്കാലത്ത് ഇതു ശ്രദ്ധിക്കപ്പെടണമെന്നില്ല. ഇരിക്കുമ്പോഴും ഡ്രസ്സില്ലാതെ നിൽക്കുമ്പോഴുമൊക്കെയാണല്ലൊ നട്ടെല്ലിലെ വളവു പ്രകടമാകുക. പക്ഷേ, കുട്ടികൾ മുതിരുന്നതനുസരിച്ച് ഇങ്ങനെ ശ്രദ്ധിക്കാനുള്ള അവസരങ്ങളും ലഭിക്കില്ല.

പല കാരണങ്ങളാൽ സ്കോളിയോസിസ് വരാം. പ്രത്യേകിച്ചു കാരണമില്ലാതെ വരുന്നതിന് ഇഡിയോപതിക് സ്കോളിയോസിസ് എന്നു പറയും. പാരമ്പര്യമായി വരുന്നത് ഉദാഹരണം. ഏതു പ്രായത്തിലും വരാം. പക്ഷേ, മിക്കവാറും  പ്രായപൂർത്തി എത്തുന്ന ഘട്ടത്തിലാണു സാധാരണ കാണുക. അതായത്  10 – 18 വയസ്സിൽ.

സ്കൂൾ ബാഗ് പോലെ അമിതഭാരം ചുമലിൽ തൂക്കുന്നതോ കായികപ്രവർത്തികളിൽ ഏർപ്പെടുന്ന
തോ കൗമാരത്തിൽ നട്ടെല്ലിനു ചരിവു വരുത്താമെന്നൊരു ധാരണയുണ്ട്. അതു ശരിയല്ല.
ചില കുട്ടികളിൽ ജനിക്കുമ്പോഴേ സ്കോളിയോസിസ് വരാം. ജനനസമയത്ത് ഇതു തിരിച്ചറിയപ്പെട ണമെന്നില്ല. കൗമാരപ്രായത്തിലെ പെട്ടെന്നുള്ള വളർച്ചാസമയത്താകും ഇതു പ്രകടമാവുക.

ചിലപ്പോൾ നട്ടെല്ലിനു താങ്ങു നൽകുന്ന പേശികളുടെയും നാഡികളുടെയും തകരാറു കൊണ്ടും സ്കോളിയോസിസ് വരാം. (സ്പൈന ബിഫിഡ, മസ്കുലർ ഡിസ്ട്രഫി പോലുള്ള രോഗങ്ങളുടെ ഭാഗമായി വരുന്നത് ഉദാഹരണം).

ചികിത്സ  സർജറിയോ?

സ്കോളിയോസിസ് ഉള്ള എല്ലാവർക്കും ചികിത്സ വേണ്ട. നട്ടെല്ലിനു ചെറിയ ചരിവേ ഉള്ളുവെങ്കിൽ പ്രത്യേകിച്ചു വേദനയോ മറ്റു ലക്ഷണങ്ങളോ ഉണ്ടാകില്ല. ഇവർക്കു ചികിത്സയുടെ ആവശ്യം വരില്ല. എന്നാൽ നട്ടെല്ലിനു നല്ല ചരിവ് ഉണ്ടെങ്കിൽ ശരീരനിലയിൽ തകരാറുകൾ വരാം. വളർന്നു വരുന്നതനുസരിച്ചു നട്ടെല്ലിനു തേയ്മാനം വരാം.  വേദനയ്ക്കും കാരണമാകാം. ഇങ്ങനെയുള്ളവരിൽ ബ്രെയ്സസ് ധരിച്ചുള്ള ചികിത്സയോ ശസ്ത്രക്രിയയോ ഒക്കെ
ആവശ്യം വരാം.

വയറു മുൻപോട്ടു തള്ളി നടപ്പ്
അമ്മമാർ ചിലപ്പോൾ മൂന്നു നാലു വയസ്സുള്ള കുട്ടികളെയും കൊണ്ടുവരും. ‘കുട്ടിയ്ക്കു വിരയ്ക്കുള്ള മരുന്നു വേണം, വയറു വീർത്തിരിക്കുന്നു’ എന്നു പറഞ്ഞ്. കഴുത്തിന്റെ ഭാഗത്തോ നട്ടെല്ലിന്റെ താഴ്ഭാഗത്തോ നട്ടെല്ല് അകത്തേക്കു വളഞ്ഞിരിക്കുന്ന അവസ്ഥയായ ലോർഡോസിസിന്റെ സൂചനയാകാമിത്. നട്ടെല്ലിന് ഈ ഭാഗങ്ങളിൽ ശരീരത്തിന് അകത്തേക്കായി സ്വാഭാവികമായ ഒരു വക്രതയുണ്ട്. ഇതിനു ഫിസിയോളജിക്കൽ ലോർഡോസിസ് എന്നു പറയും. കുറച്ചു പ്രായമാകുമ്പോൾ ഇതു താനേ ശരിയായിക്കൊള്ളും.

പക്ഷേ, ചിലപ്പോൾ വളവു സാധാരണയിലു മധികമാകാം. ഇതിനുഹൈപ്പർലോർഡോസിസ് (Swayback) എന്നു പറയുന്നു. അമിതവണ്ണം കാരണമോ പേശികളുടെ ബലക്കുറവു  കൊണ്ടോ പരുക്കുകൾ വന്നു നട്ടെല്ലിന്റെ സ്വാഭാവിക വളവിൽ വ്യതിയാനം സംഭവിച്ചോ ലോർഡോസിസ് വരാം. ജന്മനാലും വരാം.

നട്ടെല്ലിന്റെ അകത്തേക്കുള്ള തള്ളൽ കാരണം ഉദരഭാഗം മുൻപോട്ടു തള്ളാം. ഉദരഭാഗത്തുള്ള തള്ളൽ കൂടാതെ, നടക്കുമ്പോൾ കാലിനു വേദന, ബലക്കുറവ് എന്നുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം.

കൂനു പോലെ കാണുക
നട്ടെല്ല് സാധാരണയിലുമധികം പിന്നാക്കം വളഞ്ഞു നിൽക്കുന്ന അവസ്ഥയാണ് കൈഫോസിസ്. തന്മൂലം കഴുത്തിനും വാരിയെല്ലുകൾക്കും ഇടയിലുള്ള തൊറാസിക് ഭാഗത്തു മുൻപോട്ടു തള്ളൽ വരുന്നു. ഇതാണു കൂനു വരുന്നതിനു കാരണം.

ഗർഭപാത്രത്തിലായിരിക്കുമ്പോൾ നട്ടെല്ലു ശരിയായ വിധം രൂപപ്പെടാതെ ജന്മനാൽ കൈഫോസിസ് വരാം. മിക്കവരിലും കൗമാരകാലത്തു ശരീരനിലയിലെ പ്രശ്നങ്ങൾ കൊണ്ടോ  നട്ടെല്ലിന്റെ ഘടനാപരമായ പ്രശ്നങ്ങളാലോ (ജുവനൈൽ കൈഫോസിസ്/ഷോർമാൻസ് കൈഫോസിസ്) മറ്റോ ആണു കൈഫോസിസ് രൂപപ്പെടുക.

ചെറിയ തോതിലുള്ള കൈഫോസിസ് കാഴ്ചയിലുള്ളതല്ലാതെ മറ്റു വലിയ പ്രശ്നമൊന്നും  ഉണ്ടാക്കാറില്ല. ജന്മനാലുള്ള കൈഫോസിസ് ശസ്ത്രക്രിയ വഴി പരിഹരിക്കാം.
കൗമാരക്കാരിലെ കൈഫോസിസ് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. അവരുടെ വളർച്ച പൂർത്തിയാകുന്നതു വരെ ജാഗ്രത വേണം.

നിവർന്നു നിൽക്കാനും നടക്കാനും പാകത്തിനുള്ള, സ്വാഭാവിക വളവുകളോടെയാണു നമ്മുടെ നട്ടെല്ലു രൂപപ്പെടുത്തിയിരിക്കുന്നത്. ഈ വളവിൽ വലിയ വ്യതിയാനങ്ങൾ വരുമ്പോൾ വളരുന്തോറും പ്രശ്നങ്ങൾ പ്രകടമാകും.  കുറച്ചുനേരം അധ്വാനിക്കുമ്പോഴോ നിൽക്കുമ്പോഴോ നടക്കുമ്പോഴോ ഒക്കെ വേദന അനുഭവപ്പെടാം. ശ്വസനത്തെ പോലും ബാധിക്കാം. അതുകൊണ്ട് മറക്കരുത്, ശരീരനില ശ്രദ്ധിക്കണം.

ഡോ. ആനന്ദകേശവൻ ടി. എം.
അഡീഷനൽ പ്രഫസർ
പീഡിയാട്രിക് വിഭാഗം
ഗവ. മെഡി. കോളജ്, തൃശൂർ

English Summary:

Understanding children's posture can provide valuable insights into their health. Paying attention to unusual postures and seeking timely medical advice can help identify and address potential health issues early on.

ADVERTISEMENT