ബ്രേക് ഫാസ്റ്റ് കഴിക്കാതെ സ്കൂളിൽ പോകുന്നോ ? കുട്ടി എനർജറ്റിക് ആയി ക്ലാസിലിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ School kids & Healthy Breakfast replacement
ബ്രേക്ഫാസ്‌റ്റ് കഴിക്കാതെ സ്കൂളിലേക്കു പോകുന്ന കുട്ടികളെക്കുറിച്ചോർത്തു വിഷമിക്കുന്ന ഒട്ടേറെ അമ്മമാർ നമുക്കിടയിലുണ്ട്. വളരെ നേരത്തെ സ്കൂളിലേക്കു പോകേണ്ടതു മാത്രമല്ല, സമയക്കുറവും ആഹാരം കഴിക്കാനുള്ള മടിയും പോലെ ഒട്ടേറെക്കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.
ഇതിന് എന്താണു പരിഹാരം ?
ബ്രേക്ഫാസ്‌റ്റ് കഴിച്ചില്ലെങ്കിലും ബ്രേക്ഫാസ്‌റ്റിലൂടെ ലഭിക്കേണ്ട ഉൗർജവും പോഷകങ്ങളും ഏകദേശം ലഭ്യമാക്കുന്ന ചില ഹെൽതി സ്നാക്കുകൾ കുട്ടികൾക്കു നൽകാം. ഇത് ക്ലാസിൽ ഉൗർജസ്വലതയോടെ ഇരിക്കാനും ശ്രദ്ധയോടെ പഠിക്കാൻ സഹായിക്കും. എന്നാൽ ആവശ്യമായ ശരീരഭാരമില്ലാത്തവരും അമിത ശരീരഭാരമുള്ളവരുമായ കുട്ടികളും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളും ഈ കാര്യത്തിൽ ഡോക്ടറുടെയോ പോഷകാഹാരവിദഗ്ധരുടെയോ നിർദേശം സ്വീകരിക്കേണ്ടതു പ്രധാനമാണ്.
ബ്രേക്ഫാസ്‌റ്റിനു പകരമായി സ്മൂത്തികൾ നൽകാം. അവക്കാഡോ സ്മൂത്തിയും ബനാനാ സ്മൂത്തിയുമൊക്കെ നല്ലതാണ്. അതു ഷേക്കായും നൽകാം. സോയാപാലിലോ പശുവിൻ പാലിലോ തേങ്ങാപ്പാലിലോ നട്സും പഴങ്ങളും ബ്ലെൻഡു ചെയ്തു സ്മൂത്തി തയാറാക്കാം. അതിനൊപ്പം ഒരു പുഴുങ്ങിയ മുട്ട കൂടി കഴിക്കുമ്പോൾ ഹെൽതി സ്നാക്ക് ആയി.
അടുത്ത സ്നാക്ക് മുട്ട ഒാംലെറ്റാണ്. ഒരു മുഴുവൻ മുട്ടയും രണ്ടോ മൂന്നോ മുട്ടയുടെ വെള്ളയും കുറച്ചു പച്ചക്കറികളും ചേർത്തു നന്നായി യോജിപ്പിച്ചാണ് ഇതു തയാറാക്കുന്നത്. ഇതിനൊപ്പം ഒരു പഴവും കഴിക്കാം. കുട്ടികളുടെ ഇഷ്ടമനുസരിച്ചു പഴങ്ങൾ നൽകാം. ഇടത്തരം വലുപ്പമുള്ള ആപ്പിളോ പേരയ്ക്കയോ റോബസ്‌റ്റയോ ഏത്തപ്പഴമോ നൽകാം.
10–15 നട്സും ഒരു ഏത്തപ്പഴവും മുട്ടയും കൂടി കഴിക്കുമ്പോൾ സ്‌റ്റാർച്ചും പ്രോട്ടീനും ലഭിക്കും. കാർബോഹൈഡ്രേറ്റ് കൂടി ലഭിക്കുന്നതിനാണ് പഴം ഉൾപ്പെടുത്തുന്നത്. എങ്കിൽ മാത്രമേ ഉൗർജം കൂടി ലഭിക്കൂ. പ്രോട്ടീനും നാരുകളും സ്നാക്കിൽ നിന്നു ലഭിക്കുന്നുണ്ട് എങ്കിലും ഉൗർജം കൂടി പ്രധാനമാണ്. കാർബ്– പ്രോട്ടീൻ – ഫൈബർ കോമ്പിനേഷൻ ആണ് ഈ സ്നാക്കുകളിലൂടെ ഉദ്ദേശിക്കുന്നത്.
അടുത്തത് അവൽ മിൽക് ആണ്. അവലും പാലും പഴവും നട്സും ചേർത്താണ് ഇതു തയാറാക്കുന്നത്. ഇതു കഴിക്കാനും എളുപ്പമാണ്. അവൽ ഇഷ്ടമല്ലെങ്കിൽ പകരം മില്ലറ്റ് ഫ്ലേക്സ് ചേർക്കാം. പ്ലെയിൻ അല്ലെങ്കിൽ ഫ്ലേവേഡ് യോഗർട്ടിൽ അവലോ ഒാട്സോ ചേർത്തും കഴിക്കാം. അതിനൊപ്പം ഒരു മുട്ടയും കൂടി കഴിക്കുമ്പോൾ പ്രോട്ടീന്റെ കുറവ് അവിടെ പരിഹരിക്കപ്പെടുന്നു. നെയ്യിൽ വറുത്തെടുക്കുന്ന മഖാനയും കുട്ടികൾക്കു നൽകാം. അതിനൊപ്പവും പഴം കഴിക്കാം.
കുട്ടി ബിസ്ക്കറ്റും ചായയും കഴിച്ചാണു സ്കൂളിലേക്കു പോയത് എന്ന് ആശ്വസിക്കുന്ന അമ്മമാരുണ്ട്, എന്നാൽ അത് അത്ര ആരോഗ്യകരമായ ശീലമല്ല. കുട്ടിയുടെ പോഷകാഹാരലഭ്യത ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്. അന്നജവും കൊഴുപ്പുമാണ് എനർജി നൽകുന്നത്. പ്രോട്ടീൻ , പേശികൾ രൂപപ്പെടുത്തുന്നതിനു സഹായിക്കുന്നു. മറ്റു പോഷകങ്ങൾക്കു വേണ്ടി സീഡ്സും വെജിറ്റബിൾസും ചേർക്കുന്നു. ബ്രേക്ഫാസ്‌റ്റ് ഇങ്ങനെ ലഘുവാക്കുമ്പോൾ മറ്റ് ഭക്ഷണനേരങ്ങളിൽ സൂക്ഷ്മപോഷകങ്ങളും മറ്റു പോഷകങ്ങളും ലഭിക്കുന്നതിനായി നോൺവെജും പച്ചക്കറികളും പഴങ്ങളുമെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. മഞ്ജു പി.ജോർജ്
ചീഫ് ഡയറ്റീഷൻ
ലേക്‌ഷോർ ഹോസ്പിറ്റൽ , കൊച്ചി