അതിതീവ്ര വേദന വരുമ്പോഴായിരിക്കും മൂത്രത്തിൽ കല്ലുള്ള കാര്യം അറിയുന്നതു തന്നെ. വൃക്കയുടെ ഭാഗം (Loin) മുതൽ അടിവയർ വരെ വേദന വ്യാപിക്കാം. കഠിനമായ വേദനയുള്ള രോഗികൾക്കു വേദന ശമിപ്പിക്കാനുള്ള മരുന്നുകൾ കഴിക്കാം. പക്ഷേ, വൃക്കയ്ക്കു കേടു വരുത്താത്ത വേദനാസംഹാരികൾ മാത്രമേ ഉപയോഗിക്കാവൂ. സാധാരണ, വേദനയ്ക്കു നൽകുന്ന സ്റ്റിറോയ്ഡ് അല്ലാത്ത (NSAID വിഭാഗത്തിലുള്ള) വേദനാസംഹാരികൾ ഉപയോഗിക്കരുത്. ആന്റി സ്പാസ്മോഡിക് മരുന്നുകൾ നൽകാം. അട്രോപിൻ വിഭാഗത്തിലുള്ള മരുന്നുകളും പാരസിറ്റമോളും സുരക്ഷിതമാണ്.
കല്ലു പെട്ടെന്നു പുറത്തു പോകാൻ ആൽഫ ബ്ലോക്കർ മരുന്നുകളാണു നൽകാറ്. ഇതു മൂത്രാശയ പേശികളെ അയവുള്ളതാക്കി കല്ലു പുറന്തള്ളാൻ സഹായിക്കും. കല്ലിന്റെ ഘടന അനുസരിച്ചു മറ്റു ചില മരുന്നുകളും (potassium citrate, thiazide diuretics, allopurinol) നിർദേശിക്കും. ഇവയിൽ
ചിലതു കല്ലിനെ അലിയിച്ചു കളയുന്നവയാണ്. അണുബാധയുണ്ടെങ്കിൽ ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണ്. മരുന്നിനൊപ്പം ഡോക്ടർ നിർദേശിക്കുന്ന അളവിൽ വെള്ളം കുടിക്കാനും കല്ലു വലുതാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
ശസ്ത്രക്രിയയും പൊടിച്ചു നീക്കലും
ചിലപ്പോൾ കല്ലു നീക്കാൻ ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ശരീരം തുറന്നുള്ള സർജറികൾക്കു പകരം പല തരത്തിൽ കല്ലുകൾ പൊടിച്ചുനീക്കുന്ന ശസ്ത്രക്രിയകൾക്കാണ് ഇന്നു പ്രചാരമുള്ളത്. ഇതു തന്നെ പലതരമുണ്ട്.
∙ യുററ്ററോസ്കോപി (Ureteroscopy)
യുററ്റോസ്കോപ് എന്ന ക്യാമറ ഉള്ള ഉപകരണം ഉപയോഗിച്ചു കല്ലുകൾ കണ്ടെത്തി അവയെ എടുത്തു കളയുകയോ ലേസറിന്റെ സഹായത്താൽ പൊടിച്ചു കളയുകയോ ചെയ്യുന്നു. അനസ്തീസിയ നൽകിയാണ് ഇതു ചെയ്യുന്നതെങ്കിലും മിക്കവാറും ചെയ്ത അന്നു തന്നെ വീട്ടിൽ പോകാം. മൂത്രനാളിയിലെ കല്ലുകൾ നീക്കം ചെയ്യാനാണു സാധാരണ ഈ രീതി ഉപയോഗിക്കാറ്.
∙ റിട്രോഗ്രേഡ് സർജറി
ലേസറും എൻഡോസ്കോപും ഉപയോഗിച്ചു ചെയ്യുന്ന ആധുനികമായ ശസ്ത്രക്രിയയാണ് റിട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി. ഈ രീതിയിൽ എൻഡോസ്കോപിന്റെ സഹായത്തോടെ വൃക്കയിലുള്ള കല്ലുകൾ കണ്ടുപിടിച്ചു ലേസർ ഉപയോഗിച്ചു ചെറുതരികളാക്കി പൊടിക്കുന്നു. ഒന്നു രണ്ട് ആഴ്ചകൾ കൊണ്ട് ഈ ചെറുതരികൾ ശരീരത്തിൽ നിന്നും പുറത്തു പോകും. സാധാരണ രണ്ടു സെന്റിമീറ്റർ വരെ വലുപ്പമുള്ള കല്ലുകളാണു പൊടിച്ചു നീക്കുന്നത്. വലിയ കല്ലുകളും ഈ രീതിയിൽ നീക്കാമെങ്കിലും പല ഘട്ടങ്ങളായി ചെയ്യേണ്ടി വരും. വളരെ കുറച്ചു ദിവസത്തെ ആശുപത്രിവാസം മതിയെന്നതും മുറിവിന്റെ ആവശ്യമില്ല എന്നതും ഈ രീതിയുടെ മേന്മകളാണ്.
∙ പിസിഎൻഎൽ ശസ്ത്രക്രിയ
വൃക്കയിലെ വലിയ കല്ലുകൾ നീക്കാൻ ഫലപ്രദമായ സർജറിയാണ് പിസിഎൻഎൽ (Percutaneous Nephro Lithotomy). ആദ്യം ഒരു കറങ്ങുന്ന എക്സ് റേ മെഷീൻ വഴി കല്ലുകൾ കണ്ടെത്തുന്നു. തുടർന്ന് ആ ഭാഗത്തുള്ള ചർമത്തിൽ ചെറിയൊരു മുറിവ് ഉണ്ടാക്കി അതിലൂടെ നെഫ്രോസ്കോപ് എന്ന ഉപകരണം കടത്തി കല്ലു പൊടിക്കുന്നു. പൊടിച്ച കല്ല് ആ ദ്വാരത്തിലൂടെ തന്നെ നീക്കം ചെയ്യാനുമാകും. സാധാരണ, ഈ രീതി സുരക്ഷിതമാണെങ്കിലും ചിലരിൽ അമിത രക്തസ്രാവത്തിന് ഇടയുണ്ട്.
ശസ്ത്രക്രിയ ഇല്ലാതെ വലിയ കല്ലുകൾ പൊടിച്ചു ചെറിയ കഷണങ്ങളാക്കി മൂത്രത്തിൽ കൂടി പുറത്തേയ്ക്കു കളയുന്ന രീതിയാണ് എക്സ്ട്രാ കോർപറൽ ഷോക്ക് വേവ് ലിതോട്രിപ്സി. രണ്ടു സെന്റിമീറ്റർ വലുപ്പമുള്ള കല്ലുകൾ വരെ ഈ രീതിയിൽ പൊടിച്ചു കളയാം. എക്സ് റേയുടെയോ അൾട്രാസൗണ്ട് സ്കാനിന്റെയോ സഹായത്തോടെ കല്ലു കണ്ടെത്തി, ആ ഭാഗം കേന്ദ്രീകരിച്ചു പുറമേ നിന്നും ഷോക്ക് വേവ്സ് നൽകിയാണു കല്ലു പൊടിക്കുക. വേദനാരഹിതമായ ഈ രീതി സുരക്ഷിതമാണ്. അനസ്തീസിയയുടെ പോലും ആവശ്യമില്ല. പൊട്ടിയ കല്ലുകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മൂത്രത്തിലൂടെ പുറത്തു പൊയ്ക്കൊള്ളും.
മൂത്രക്കല്ലുകൾ ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്. നേരത്തെ കണ്ടുപിടിച്ചാൽ ആവശ്യമായ ജീവിതശൈലി മാറ്റങ്ങൾ, ചികിത്സാമാർഗങ്ങൾ എന്നിവയിലൂടെ നിയന്ത്രിക്കാം.
ഡോ. ജോസഫ് കെ. ജോസഫ്, നെഫ്രോളജിസ്റ്റ്, ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, അങ്കമാലി
വെള്ളം കുടി കുറയുന്നതു മുതൽ ഉപ്പ് വരെ–മൂത്രാശയ കല്ലു വരുന്ന വഴി അറിയാം