മൂത്രാശയ കല്ലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്നു സാധാരണയായി കാണുന്ന ഒരു പ്രതിഭാസമാണ്. ഇത് അസഹനീയമായ വേദന ഉളവാക്കും. വൃക്കകളിലോ മൂത്രാശയത്തിൽ മറ്റെവിടെയെങ്കിലുമോ ലവണങ്ങൾ അടിഞ്ഞുകൂടി ക്രിസ്റ്റലുകളുടെ രൂപം പ്രാപിക്കുന്നതിനെയാണു മൂത്രാശയ കല്ലുകൾ എന്നു പറയുന്നത്. ഈ അവസ്ഥയെ യൂറോലിത്തിയാസിസ് (Urolithiasis) എന്നു പറയുന്നു. ഈ കല്ലുകൾ വൃക്കയിൽ തന്നെ സ്ഥിതി ചെയ്യുകയോ അല്ലെങ്കിൽ അവിടെ നിന്നും അടർന്നു മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ എത്തുകയും ചെയ്യുന്നു. സ്ഥാനമനുസരിച്ച് അവയെ വൃക്കയിലെ കല്ല് അല്ലെങ്കിൽ മൂത്രാശയ കല്ല് എന്നു പറയുന്നു.
ലക്ഷണമായി വേദന
മൂത്രക്കല്ലിന്റെ വലുപ്പത്തേയും അതു സ്ഥിതി ചെയ്യുന്ന ഭാഗത്തെയും ആശ്രയിച്ചാണു ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചിലപ്പോൾ ചെറിയ കല്ലുകൾ വേദനയില്ലാതെ മൂത്രത്തോടൊപ്പം പുറത്തേക്കു പോകാം. കല്ലുകൾ പല രൂപത്തിലും വലുപ്പത്തിലുമായിരിക്കും. ചെറുതും വലുതും മിനുസമുള്ളതും മിനുസമില്ലാത്തതും ഉണ്ട്. കൂർത്തതും മിനുസമില്ലാത്തതുമായ കല്ലുകളാണു കൂടുതൽ വേദന ഉണ്ടാക്കുന്നത്.
തീവ്രമായ വേദനയാണു പ്രധാന രോഗലക്ഷണം. വൃക്കയുടെ ഭാഗം (Loin) മുതൽ അടിവയർ വരെ വേദന വ്യാപിക്കാം. വേദനയുടെ കൂടെ ഛർദ്ദിയും തലകറക്കവും ഉണ്ടാവാം. പ്രമേഹരോഗികൾക്കു വേദന കുറവായിരിക്കും.
മൂത്രത്തിൽ രക്തം (Hematuria), മൂത്രത്തിനു ചുവപ്പ്, ബ്രൗൺ (Brown) നിറമുണ്ടാകുക എന്നതും കല്ലുകളുടെ ലക്ഷണമാണ്. അണുബാധ ഉണ്ടാകുമ്പോൾ മൂത്രത്തിനു കഞ്ഞിവെള്ളത്തിന്റെ നിറം ആയിരിക്കും. ദുർഗന്ധവും സാധാരണമാണ്.
വെള്ളം കുടി മുതൽ ഉപ്പു വരെ
വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതു പല കാരണങ്ങൾ കൊണ്ടാണ്.
∙ ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കാത്തതു മൂത്രത്തിലെ ധാതുക്കളുടെ (Minerals) കേന്ദ്രീകരണം വർധിപ്പിക്കും. അങ്ങനെ കല്ലുകൾ രൂപപ്പെടും.
∙ ഭക്ഷണശീലങ്ങൾ–കാത്സ്യം, ഓക്സലേറ്റ്, സോഡിയം, പ്രോട്ടീൻ എന്നിവ കൂടുതലുള്ള ഭക്ഷണം മൂത്രക്കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.
∙ ജനിതകമായ കാരണങ്ങൾ–ചില കുടുംബങ്ങളിൽ മൂത്രാശയ കല്ല് കൂടുതലായി കാണപ്പെടുന്നു. കുടുംബത്തിലെ ആർക്കെങ്കിലും മൂത്രാശയ കല്ല് ഉണ്ടെങ്കിൽ മറ്റുള്ളവർക്കും വരാൻ സാധ്യതയുണ്ട്.
∙ ചിലതരം മരുന്നുകൾ (Diuretics)– മൂത്രം കൂടുതൽ പോകാനായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഒരു പാർശ്വഫലമായി കല്ലുകൾ രൂപപ്പെടാറുണ്ട്.
∙ അമിതമായി കാത്സ്യം ഗുളികകൾ കഴിക്കുന്നതു കല്ലുകൾ രൂപപ്പെടാൻ നിമിത്തമാകും.
∙ ഉപ്പ്, കൂടുതൽ ഉപയോഗിക്കുന്നത് കാത്സ്യത്തെ മൂത്രത്തിലേയ്ക്കു പുറന്തള്ളുകയും അങ്ങനെ കല്ലു രൂപപ്പെടുകയും ചെയ്യും. അതിനാൽ ഒരു ദിവസം ആറു ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. പപ്പടം, അച്ചാറുകൾ, ഉപ്പുചേർന്ന മറ്റ് ആഹാരങ്ങൾ എന്നിവയൊക്കെ മിതമായി മാത്രം ഉപയോഗിക്കുക.
∙ ചുവന്ന മാംസം, മുട്ട പോലുള്ള ഭക്ഷണങ്ങളിലെ പ്രോട്ടീൻ, യൂറിക് ആസിഡിന്റെ അളവു കൂട്ടും. തന്മൂലം കല്ലുകൾ രൂപപ്പെടും.
∙ പ്രമേഹം, ഹൈപ്പർ പാരാതൈറോയിഡിസം, അമിത വണ്ണം എന്നിവയും കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.
∙ ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പും ഒരു കാരണമാണ്.
കല്ലുകൾ പലതരം
മൂത്രക്കല്ലുകൾ വിവിധ തരത്തിൽ ഉണ്ട്. കാത്സ്യം, ഓക്സലേറ്റ് കല്ലുകൾ ആണു കൂടുതൽ കാണപ്പെടുന്നത്. മൂത്രത്തിന്റെ അമ്ലസ്വഭാവം കൂടുമ്പോഴാണു കാത്സ്യം കല്ലുകൾ ഉണ്ടാവുന്നത്. മറ്റൊന്നാണു സ്ട്രൂവൈറ്റ് (Struvite) കല്ലുകൾ–മഗ്നീഷ്യം, അമോണിയം, ഫോസ്ഫേറ്റ് തുടങ്ങിയവ ചേർന്ന കല്ലുകൾ. വൃക്കയിലെ അണുബാധയാണ് ഇത്തരം കല്ലുകൾ ഉണ്ടാകാനുള്ള കാരണം. യൂറിക് ആസിഡ് കല്ലുകൾ മൃഗങ്ങളുടെ മാംസം കഴിക്കുന്നവരിലാണു കൂടുതലും കാണുന്നത്.
കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറപ്പി ചെയ്യുന്നവർക്കു യുറിക് ആസിഡ് കല്ലുകൾ കണ്ടുവരുന്നു. സ്റ്റാഗ്ഹോൺ (Staghorn) കല്ലുകൾ മാനിന്റെ കൊമ്പിന്റെ രൂപത്തിലുള്ളവയാണ്. ഇതിനു വലിയ വേദനയില്ല. അതുകൊണ്ടു രോഗനിർണയം താമസിക്കുകയും വൃക്കയ്ക്കു തകരാർ സംഭവിക്കുകയും ചെയ്യാം.
തടസ്സമുണ്ടായാൽ
കല്ല് മൂത്രനാളിയിൽ ഉടക്കിനിന്നു തടസ്സമുണ്ടാക്കിയാൽ മൂത്രത്തിന്റെ ഒഴുക്കു പെട്ടെന്നു നിൽക്കും. തന്മൂലമുണ്ടാകുന്ന മൂത്രാശയ രോഗബാധ, വൃക്കകൾക്കു താൽക്കാലികമായോ, സ്ഥിരമായോ ഉള്ള കേട് ഉണ്ടാകാൻ കാരണമാകാം. മൂത്രം പോകുമ്പോൾ നീറ്റൽ ഉണ്ടാവുന്നതു രോഗലക്ഷണമാണ്. വയറിളക്കം, ഛർദി, തളർച്ച തുടങ്ങിയവ അനുഭവപ്പെടും. മൂത്രമൊഴിക്കാനുള്ള തിടുക്കം (urgency) കൂടാൻ സാധ്യതയുണ്ട്.
എക്സ് റേയും സ്കാനിങ്ങും
മൂത്ര പരിശോധനയിൽ രക്തം, അണുബാധ, സോഡിയം, ഓക്സലേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടുപിടിക്കാം. അൾട്രാസൗണ്ട് സ്കാൻ വഴി കല്ലിന്റെ സ്ഥാനം, വലുപ്പം എന്നിവയും അറിയാം. കല്ലുകൾ തടസ്സമുണ്ടാക്കുന്നുണ്ടോ എന്ന് അൾട്രാസൗണ്ട് സ്കാൻ വഴിയും എക്സ് റേ പരിശോധന വഴിയും കണ്ടുപിടിക്കാം. സിടി സ്കാൻ കൂടുതൽ കൃത്യമായി രോഗനിർണത്തിനു സഹായിക്കും.
വൃക്കകൾക്കു തകരാർ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ 24 മണിക്കൂർ നേരം മൂത്രം, രക്തം എന്നിവ പരിശോധിക്കണം. ക്രിയാറ്റിനിൻ, ഷുഗർ, ഇലക്ട്രോലൈറ്റ്സ് (ധാതുലവണങ്ങൾ) ഇവയുടെ രക്തത്തിലെ അളവും പരിശോധിക്കണം.
കല്ലു പരിശോധന–പുറത്തേക്ക് വന്ന വൃക്ക–മൂത്രാശയ കല്ലുകളും, പുറത്തെടുക്കുന്ന കല്ലുകളും പരിശോധനയ്ക്കു വിധേയമാക്കി അത് ഏതുതരമാണ് എന്നു മനസ്സിലാക്കണം. അതനുസരിച്ചു ഭക്ഷണം ചിട്ടപ്പെടുത്തണം.
ഡോ. ജോസഫ് കെ. ജോസഫ്
നെഫ്രോളജിസ്റ്റ്
ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, അങ്കമാലി