നൂറ്റാണ്ടുകളായി നിത്യജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിലും കരിക്കിന്റെ ഗുണങ്ങൾ കൂടുതലായി കണ്ടെത്തിയിട്ട് അധിക നാളുകൾ ആയിട്ടില്ല. ക‍ത്രിമ ഏരിയേറ്റഡ് പാനീയങ്ങൾക്കോ സ്പോർട്സ് പാനീയങ്ങൾക്കോ ഉള്ള ഒരു പകരക്കാരനായി ഉപയോഗിക്കാവുന്നതാണ് കരിക്കിൻ വെള്ളം.

വളരെ രുചികരവും എന്നാല്‍ മറ്റു മധുരപാനീയങ്ങളെ അപേക്ഷിച്ചു കാലറി വളരെ കുറവുമാണ്. പോഷകങ്ങളാൽ സമ്പന്നമാണ്. ധാരാളം ധാതുക്കളും പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. അവശ്യ ഇലക്ട്രോളെറ്റുകൾ, പോഷകങ്ങൾ, തുടങ്ങി ശരീര പ്രവർത്തനത്തിന് അനുയോജ്യമായ പല സംയുക്തങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, കോളിൻ തുടങ്ങിയ വൈറ്റമിനുകളാൽ സമൃദ്ധമാണ്. കരിക്കിന്റെ വെള്ളത്തിൽ നാരുകൾ, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കരിക്കിൻ കാമ്പിൽ പ്രോട്ടീൻ സമൃദ്ധമാണ്.

ADVERTISEMENT

ആരോഗ്യപരമായ മാറ്റങ്ങൾ
പ്രകൃതിയിൽ നിന്നു ലഭിക്കുന്ന കലർപ്പില്ലാത്ത പാനീയമായതിനാലും ഒരു തരത്തിലും ഉള്ള മായം കലരാത്തതിനാലും നിരന്തരം കുടിച്ചാൽ ശരീരത്തിന് ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നു. ശരീരത്തിനെ നിർജ്ജലീകരണത്തിൽ നിന്നും തടയുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധ ശക്തി വർധിപ്പിക്കുകയും മൂത്രവിസർജനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിനു ക്ഷീണം തോന്നുമ്പോൾ അൽപം കരിക്കിൻവെള്ളം കിട്ടിയാൽ ദാഹവും ക്ഷീണവും ഒക്കെ പമ്പ കടക്കും. ഉന്മേഷം തരുക മാത്രമല്ലാത്തതിനാൽ കൂടുതലായി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പാനീയമാണ് കരിക്ക്.

രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ഉള്ള കഴിവ് ഇവയ്ക്കു കൂടുതലാണ്. മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ധാരാളം ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു സ്പോർട്സ് പാനീയമായും ഇവ ഉപയോഗിക്കാം.

ADVERTISEMENT

ക്ഷീണം അകറ്റാൻ
വ്യായാമം ചെയ്തു കഴിഞ്ഞയുടൻ കരിക്കിൻവെള്ളം കുടിക്കുന്നതു ക്ഷീണം അകറ്റുകയും നഷ്ടപ്പെട്ട ഊർജ്ജം ഉടനടി തിരികെ നൽകുകയും ചെയ്യും. ചർമ്മത്തിന്റെ ആരോഗ്യത്തിനും കരിക്ക് നല്ലതാണ്. വരണ്ട ചർമം, മുഖക്കുരു എന്നിവ ഇല്ലാതാക്കി ത്വക്ക് മിനുസമുള്ളതാക്കാൻ ഇവ സഹായിക്കുന്നു.

ഇളം തേങ്ങയിൽ നിന്നെടുക്കുന്ന കരിക്കും കരിക്കിൻവെള്ളവും വേനൽക്കാലത്തെ ക്ഷീണം മാറ്റാൻ കഴിവുള്ളതാണ്. വേനൽക്കാലത്ത് ചൂട് കുറയ്ക്കുന്നതിനും ഉന്മേഷം ലഭിക്കുന്നതിനും കരിക്കിനേക്കാൾ നല്ല മറ്റൊന്നില്ല എന്നു പറയാം. ശരീരം തണുക്കാൻ വളരെയധികം സഹായിക്കുന്നു.

ADVERTISEMENT

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കരിക്കിന്റെ കാമ്പിനു വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കുന്നുണ്ട്. പൂരിത കൊഴുപ്പ് ഉണ്ടെങ്കിലും ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുന്നതിന് കരിക്ക് സഹായിക്കുന്നു. കരിക്കിന്റെ കാമ്പിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം െമച്ചമാക്കുന്നതിന് സഹായിക്കുന്നു. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഒരു പങ്കു വഹിക്കുന്നു.

ഗർഭിണികൾക്ക് ഗുണകരം
ഗർഭിണികൾക്ക് ഓക്കാനം, വിളർച്ച, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുമ്പോൾ കരിക്കുവെള്ളം നല്ലൊരു പ്രതിവിധിയാണ്. കരിക്കിലെ പോഷക ഘടന ഗർഭിണികൾക്ക് ഗുണം ചെയ്യുന്നതാണ്. ശരീരത്തിലെ നീര് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി സ്വഭാവം കരിക്കിൻവെള്ളത്തിനുണ്ട്.

ദോഷങ്ങൾ അറിഞ്ഞിരിക്കാം
ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും ചില ആളുകളിൽ അമിതമായി കുടിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതിനും അലർജി ഉണ്ടാക്കുന്നതിനും കാരണമാണ്. അതുപോലെ തന്നെ വൃക്ക സംബന്ധമായ അസുഖം ഉള്ളവരും കരിക്കിൻവെള്ളവും തേങ്ങാവെള്ളവും ഒഴിവാക്കേണ്ടതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് വില്ലനാകുന്നത്. ഗർഭിണികളും സ്ഥിരമായി കരിക്കിൻവെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രമേഹരോഗികൾ കരിക്കിൻവെള്ളം കുടിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. ഒരു കപ്പ് (240gm) കരിക്കിൻവെള്ളത്തിൽ 44 കാലറി ഊർജവും കാണപ്പെടുന്നു. 75% ഊർജവും കാർബോഹൈ‍ഡ്രേറ്റിൽ നിന്നാണ് ലഭിക്കുന്നത്. കൊഴുപ്പിന്റെ അംശം ഒട്ടും ഇല്ല എന്നുതന്നെ പറയാം.

ADVERTISEMENT