പൂരിതകൊഴുപ്പും ട്രാൻസ്ഫാറ്റും ചുവന്ന മാംസവും ഉപ്പും അധികമായി ആഹാരത്തിലുണ്ടോ ? ഹൃദയത്തെ തകർക്കുന്ന ആഹാരശീലങ്ങളറിയാം, ഈ ഹൃദയദിനത്തിൽ പുതിയ തീരുമാനങ്ങളെടുക്കാം Healthy Diet & Heart health
കുറേ വർഷങ്ങൾക്കു മുൻപുവരെ ഹൃദ്രോഗബാധിതരിൽ ഭൂരിഭാഗവും മധ്യവയസ്സു പിന്നിട്ടവരും വാർധക്യത്തിലേയ്ക്കു യാത്ര തുടങ്ങിയവരും ആയിരുന്നു. ഇന്ന് 35 വയസ്സു കഴിയുമ്പോൾ തന്നെ ഹൃദ്രോഗം യുവത്വത്തിന്റെ ജീവൻ അപഹരിക്കുന്ന വാർത്തകൾ നമ്മെ ഭീതിയിലാഴ്ത്തുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന കാരണങ്ങളിൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, അനിയന്ത്രിത പ്രമേഹം, പൂരിതകൊഴുപ്പുകളാൽ സമ്പന്നമായ ആഹാരശൈലി എന്നിവയെല്ലാം ഭയാശങ്കകളുണർത്തുന്ന വിഷയങ്ങളാണ്. അതിൽ തന്നെ പ്രധാന പങ്കു നമ്മുടെ ആഹാര ശീലങ്ങൾക്കുണ്ട്. കൊറോണറി ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട് ആഹാരം പ്രധാന ആപത്ഘടകമാണ് എന്നു കാലാകാലങ്ങളിലായി നാം കേൾക്കുന്നു. ചില ആഹാരവിഭാഗങ്ങൾ ഹൃദയത്തിന് അപകടകരമാണെന്നും അവയെ തടയുന്നതിന് ആഹാരശീലങ്ങളിൽ മാറ്റം വരുത്തണമെന്നും നമുക്ക് അറിയാം.എന്നിട്ടും എവിടെയാണു വഴി തെറ്റിയത്? ആഹാരം കരുതലോടെ തിരഞ്ഞെടുത്തു കഴിക്കുന്നതിലാണു കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നത്.
കൊളസ്ട്രോളും ആഹാരവും
ഹൃദ്രോഗത്തെക്കുറിച്ചു പറയുമ്പോൾ ആദ്യം ഉയർന്നു കേൾക്കുന്നതു കൊളസ്ട്രോൾ എന്ന പദമാണ്. ‘‘ വേണ്ട, കൊളസ്ട്രോളാണ്... രുചികരമായ ആഹാരപദാർഥങ്ങൾക്കു നേരെ പാതി മനസ്സോടെ മുഖം തിരിച്ചു പലരും പറയുന്നതു കേട്ടിട്ടില്ലേ? വലിയ ഒരു അപകടകാരിയുടെ പരിവേഷമാണു നാം കൊളസ്ട്രോളിനു നൽകിയിരിക്കുന്നത്. എന്നാൽ കൊളസ്ട്രോളിനു മാന്യമായ ഒരു സ്ഥാനം ഉണ്ട് എന്നതാണു യാഥാർഥ്യം. നമ്മുടെ ഉപാപചയപ്രവർത്തനങ്ങളിൽ വളരെ നിർണായകമായ സാന്നിധ്യമാണു കൊളസ്ട്രോളിന്റേത്. കോശസ്തരങ്ങളുടെ അവിഭാജ്യഘടകവുമാണിത്. നമുക്കാവശ്യമായ കൊളസ്ട്രോൾ നിർമിക്കുന്നതു കരൾ ആണ്. ബാക്കി കൊളസ്ട്രോൾ നാം കഴിക്കുന്ന മൃഗജന്യമായ ആഹാരത്തിൽ നിന്നാണു ശരീരത്തിലെത്തുന്നത്. കൊളസ്ട്രോൾ – രണ്ടു തരമുണ്ട്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) എന്ന ചീത്ത കൊളസ്ട്രോളും ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) എന്ന നല്ല കൊളസ്ട്രോളും.
ഹൃദ്രോഗത്തിന്റെ ആപൽഘടകങ്ങളിൽ കാലങ്ങൾക്കു മുൻപേ കൊളസ്ട്രോൾ സ്ഥാനം നേടിയതാണ്. രക്തത്തിലെ കൊളസ്ട്രോളും ആഹാരവും തമ്മിൽ ബന്ധമുണ്ടെന്നും അതു ഹൃദയധമനീരോഗങ്ങളുടെ കാര്യത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടു, എന്നാൽ കാലം മാറവേ ചില പുതിയ പഠനങ്ങൾ വന്നു. ആഹാരത്തിലെ കൊളസ്ട്രോളിനു രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുന്നതിൽ പ്രസക്തമായ പങ്കില്ല എന്നു ചില പുതിയ പഠനങ്ങൾ വിശദീകരിച്ചതോടെ കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞു.
കാര്യങ്ങളിങ്ങനെയാണെങ്കിലും ഹൃദ്രോഗം വരുത്തുന്നതിൽ ചീത്ത കൊളസ്ട്രോൾ നിരപരാധിയാണെന്ന് ഇന്നു വരെ ഒരു പഠനവും വിശദീകരിച്ചിട്ടില്ല. സമീപകാലത്തെ ചില പഠനങ്ങളിൽ നിന്നു വ്യക്തമാകുന്നതു ചീത്ത കൊളസ്ട്രോളും പൂരിത കൊഴുപ്പുമൊക്കെ അടങ്ങിയ ആഹാരം പതിവായി കഴിക്കുന്ന കുട്ടികളും ഭാവിയിൽ ഹൃദ്രോഗസാധ്യതയിലേക്കു യാത്ര ആരംഭിക്കുന്നു എന്നാണ്.
കൊളസ്ട്രോൾ ഹൃദയത്തെ ബാധിക്കുന്നത്
രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും മറ്റു വസ്തുക്കളുടെയും അളവു നിശ്ചിത പരിധിയിലും വർധിക്കുമ്പോൾ പ്ലാക്ക് എന്ന വസ്തു ധമനീഭിത്തികളിൽ അടിയുന്നു. ഈ പ്ലാക്ക് ധമനിയിലൂടെയുള്ള രക്തപ്രവാഹത്തിനു ഭാഗികമായോ പൂർണമായോ തടസ്സം സൃഷ്ടിക്കുന്നു.ഈ സാഹചര്യമാണ് അതിറോസ്ക്ലീറോസിസ് എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിൽ ഹൃദയത്തിനു കൂടുതൽ ശക്തിയോടെ രക്തം പമ്പു ചെയ്യേണ്ടി വരുന്നു. തുടർന്ന് ഹൃദയം ദുർബലമായി ഹൃദയപരാജയം സംഭവിക്കുന്നു. പിന്നീടു പ്ലാക്ക് പൊട്ടുന്ന സാഹചര്യത്തിൽ രൂപപ്പെടുന്ന രക്തക്കട്ട ധമനിയെ പൂർണമായി തടസ്സപ്പെടുത്തി ഹൃദയാഘാതത്തിലേക്കു നയിക്കുന്നു.
പൂരിതകൊഴുപ്പിന്റെ പങ്ക്
ആഹാരത്തിലെ കൊഴുപ്പുകളെ പൊതുവെ മൂന്നായി തിരിക്കാം– പൂരിത കൊഴുപ്പ്, ഏക അപൂരിത കൊഴുപ്പ്, ബഹു അപൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റുകൾ എന്നിവയാണവ. പൂരിതകൊഴുപ്പുകളെ ചീത്ത കൊഴുപ്പ് എന്നാണു പറയുന്നത്. ഇവ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുന്ന പ്രവണത ഉള്ളവയാണ്. പൂരിത കൊഴുപ്പുകളുടെ പ്രധാന ആഹാര ഉറവിടങ്ങളെ അറിഞ്ഞിരിക്കുന്നത് അവയെ നിത്യജീവിതത്തിലെ ആഹാരത്തിൽ നിയന്ത്രിക്കുന്നതിനു സഹായിക്കും. മൃഗജന്യ ഉൽപന്നങ്ങളിൽ അടങ്ങിയിട്ടുള്ളതു പൂരിത കൊഴുപ്പ് ആണ്. വെണ്ണ, മാംസത്തിൽ നിന്നുള്ള കൊഴുപ്പ് (Lard and Dripping), ബീഫ്, ആട്ടിറച്ചി, ചിക്കന്റെ കൊഴുപ്പടിഞ്ഞ തൊലി, സോസേജ് എന്നിവയിലും വെളിച്ചെണ്ണയിലും പാം ഒായിലിലും പൂരിത കൊഴുപ്പ് ഉണ്ട്. പ്രോസസ്ഡ് ഫൂഡ് അഥവാ സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കളിലും പൂരിതകൊഴുപ്പിന്റെ സാന്നിധ്യമുണ്ട്.
പേസ്ട്രികൾ, ബിസ്ക്കറ്റുകൾ, കേക്കുകൾ, കുക്കീസ് പോലെ ബേക്കു ചെയ്തവയിൽ പൂരിത കൊഴുപ്പ് ധാരാളമുണ്ട്. അവയിലെ പഞ്ചസാര ശരീരത്തിലെ ട്രൈഗ്ലിസറൈഡുകൾ വർധിപ്പിച്ച് എച്ച് ഡി എൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇവയിലെ വെണ്ണ കൊളസ്ട്രോൾ വർധിപ്പിക്കാനും കാരണമാകുന്നു. പഞ്ചസാര കൂടുതൽ അടങ്ങിയ മധുര പാനീയങ്ങൾ, ശീതള പാനീയങ്ങൾ, ടിന്നിലടച്ച ജൂസ്, െഎസ്ക്രീമുകൾ എന്നിവയിലും പൂരിതകൊഴുപ്പുണ്ട്. ഉരുളക്കിഴങ്ങു കൊണ്ടുള്ള ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, മറ്റു തരം ചിപ്സുകൾ, വറുത്ത ചിക്കൻ, വറുത്ത മാംസം ഇവയിലെല്ലാം ഉയർന്ന കാലറിയും കൊളസ്ട്രോളും ഉണ്ട്.
ചുവന്ന മാംസത്തിന്റെ ധാരാളിത്തം
മലയാളിയുടെ മാംസ ഉപഭോഗത്തിന്റെ നിരക്കു കൂടുകയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. ദൈനംദിന ആഹാരത്തിനു പുറമെ ചടങ്ങുകളിലും ആഘോഷങ്ങളിലുമെല്ലാം മാംസവിഭവങ്ങളുടെ ധാരാളിത്തം ഇന്നു കാണാനാകും. ചുവന്ന മാംസത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
ബീഫ്, പോർക്ക്, മട്ടൻ എന്നിവയെല്ലാം ചുവന്ന മാംസത്തിന് ഉദാഹരണങ്ങളാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ചുവന്നമാംസം കഴിക്കുമ്പോൾ കൂടുതൽ അപകടകരമാകുന്നു. ഹോട്ട് ഡോഗ്, സോസേജ് പോലെ സംസ്ക്കരിച്ച മാംസഭക്ഷണവും ഒഴിവാക്കാം. റെഡ്മീറ്റ് ഉപയോഗിക്കേണ്ടി വന്നാൽ അതു കൊഴുപ്പു നീക്കിയതും സംസ്ക്കരിക്കാത്തവയും ആണെന്ന് ഉറപ്പു വരുത്തണം. ഇവയുടെ അളവ് ആഴ്ചയിൽ മൂന്നു തവണയായി ചുരുക്കണം. കൊളസ്ട്രോൾ പ്രശ്നത്തിനു മരുന്നു കഴിക്കുന്നവർ കൊഴുപ്പു നീക്കം ചെയ്ത കോഴി ഇറച്ചി ആഴ്ചയിൽ മൂന്നു തവണ കഴിക്കുന്നതിനു കുഴപ്പമില്ല.
മുട്ട കഴിക്കുമ്പോൾ
മുട്ടയിൽ അടങ്ങിയ കൊളസ്ട്രോൾ ഹൃദയത്തെ തകർത്തുകളയുമെന്നു കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് മുട്ട ഹൃദയാരോഗ്യത്തിൽ അപകടകരമായ അധിക കൈകടത്തലുകൾ നടത്തുന്നില്ലെന്നും മുട്ടയും ഹൃദയാരോഗ്യവും തമ്മിൽ ഒരു ന്യൂട്രൽ ബന്ധമാണെന്നും ഗവേഷണങ്ങളെ അധികരിച്ച് വിശദീകരണങ്ങൾ ഉണ്ടായി. ചുരുക്കിപ്പറഞ്ഞാൽ മുട്ട പൊതുജനങ്ങളുടെ ഹൃദയാരോഗ്യത്തെ കുറയ്ക്കുന്നുമില്ല, വർധിപ്പിക്കുന്നുമില്ല എന്ന നിലപാടിലാണ്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുന്നതാണു ഹൃദയാരോഗ്യത്തിനു സുരക്ഷിതം എന്ന അഭിപ്രായത്തിന് ഇന്നും ഉലച്ചിൽ തട്ടിയിട്ടില്ല. മുട്ടയുടെ വെള്ള ധാരാളം കഴിക്കാം. എന്നാൽ മഞ്ഞ ഒഴിവാക്കണമെന്നാണു വിലയിരുത്തൽ. കൊളസ്ട്രോൾ കുറയാൻ മരുന്നു കഴിക്കുന്നവർ മുട്ടയുടെ മഞ്ഞക്കരു ഒന്നു വീതം ആഴ്ചയിൽ രണ്ടു തവണ കഴിക്കുന്നതു സുരക്ഷിതമാണ്.
ട്രാൻസ്ഫാറ്റും വില്ലനാണ്
പൂരിത കൊഴുപ്പിനെപ്പോലെ ട്രാൻസ്ഫാറ്റിനും ‘കുഴപ്പക്കാരൻ ഇമേജാ’ണുള്ളത്. പൂരിതകൊഴുപ്പിനെപ്പോലെ ട്രാൻസ്ഫാറ്റും രക്തത്തിലെ എൽ ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്. നല്ല കൊളസ്ട്രോളായ എച്ച് ഡി എല്ലിനെ കുറയ്ക്കുന്നതിനുള്ള സാധ്യതയും ഇവ ഉയർത്തുന്നു. കാർഡിയോ വാസ്കുലാർ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിൽ സ്ട്രോക്കും ഉൾപ്പെടുന്നുണ്ട്. ഏക അപൂരിതമോ ബഹു അപൂരിതമോ ആയ വെജിറ്റബിൾ ഒായിലുകൾ അഥവാ സസ്യഎണ്ണകൾ ഹൈഡ്രോജെനേറ്റു ചെയ്തു മാർഗറെയ്ൻ, എണ്ണകൾ എന്നിവ രൂപപ്പെടുത്തുമ്പോൾ ട്രാൻസ്ഫാറ്റുകൾ രൂപപ്പെടുന്നുണ്ട്. ഈ എണ്ണകൾ ഡീപ് ഫ്രൈയിങ്ങിനും ബേക് ചെയ്യുന്നതിനും ഉപയോഗിക്കുമ്പോൾ ഹൃദയാരോഗ്യത്തിൽ അപകടകരമായ ഒരു പ്രതിസന്ധി ഘട്ടം ആരംഭിക്കുകയായി. ഇത്തരം ‘വെജിറ്റബിൾ ഫാറ്റുകൾ’ ഇന്നു സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനവുമായി ബന്ധപ്പെട്ടു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചില തരം മാംസങ്ങളിൽ സ്വാഭാവികമായിത്തന്നെ ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ബട്ടറിലും പാലുൽപ്പന്നങ്ങളിലുമെല്ലാം ട്രാൻസ്ഫാറ്റ് ഉണ്ട്. കൃത്രിമമായി ഹൈഡ്രോജനേറ്റു ചെയ്യുന്ന കൊഴുപ്പാണ് ട്രാൻസ്ഫാറ്റ്.
ഒളിഞ്ഞിരിക്കും ഉപ്പ്
ആഹാരത്തിൽ അധികമായി ചേർക്കുന്ന ഉപ്പും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഉപ്പ് അധികമായി അടങ്ങിയ ആഹാരം രക്താതിസമ്മർദത്തിലേക്കു നയിക്കുന്നു. ഇതു ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയും അപകടഘടകങ്ങളെ വർധിപ്പിക്കുകയാണ്. ഒരു ദിവസം ആകെ ഉപയോഗിക്കേണ്ട ഉപ്പിന്റെ പത്തിരട്ടി ഉപ്പ് ദൈനംദിനം ഉപയോഗിക്കുന്നവരാണു നമ്മിൽ പലരും. ആഹാരമേശയിലെ ഉപ്പുപാത്രത്തിൽ നിന്നും പ്രോസസ്ഡ് ആഹാരത്തിൽ നിന്നുമാണ് ഉപ്പിന്റെ കടന്നു വരവ്. മധുരമുള്ളവ കഴിക്കുമ്പോൾ അതിൽ മധുരമല്ലേയുള്ളൂ ഉപ്പില്ലല്ലോ എന്നാണോ ആലോചിക്കുന്നത്? നാം പ്രതീക്ഷിക്കാത്ത അത്രയും അളവിൽ ഉപ്പ് ആ മധുരത്തിന്റെ മറവിൽ ഒളിച്ചിരിപ്പുണ്ട് എന്നതാണു യാഥാർഥ്യം. ആഹാരത്തിലെ ഉപ്പു കുറയ്ക്കാൻ പ്രായോഗികമായി ചെയ്യാവുന്ന കാര്യം, പ്രോസസ്ഡ് ആഹാരവും ഫാസ്‌റ്റ് ഫൂഡും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ആണ്. ഫ്ളേവറിനായി ഹെർബ്സും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചു തുടങ്ങാം.
കരുതലോടെ ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിനു പച്ചക്കറികൾ, പഴങ്ങൾ, എന്നിവ ധാരാളം കഴിക്കാം. ഇവയിലെ നാരുകളും പൊട്ടാസ്യം, ആന്റിഒാക്സിഡന്റുകൾ പോലുള്ള സൂക്ഷ്മ പോഷകങ്ങളും ഹൃദ്രോഗത്തിനെതിരെ സംരക്ഷണം നൽകുന്നു. ഇവ ഫോളേറ്റിന്റെയും പ്രധാന ഉറവിടമാണ്. ഫോളേറ്റ് രക്തത്തിലെ അമിനോ ആസിഡായ ഹോമോസിസ്‌റ്റീനെ രക്തത്തിൽ കുറയ്ക്കുന്നതിനു സഹായിക്കുന്നുവെന്നു ചില പഠനങ്ങൾ പറയുന്നു. ഹോമോസിസ്‌റ്റീൻ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന അപകടഘടകങ്ങളിൽ ഒന്നായാണു വിലയിരുത്തപ്പെടുന്നത്. മുഴുധാന്യങ്ങളിലെ ഉയർന്ന തോതിലുള്ള നാരുകളുടെ സാന്നിധ്യം എൽ ഡി എൽ അഥവാ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതായി പഠനങ്ങൾ വിശദമാക്കുന്നുണ്ട്. അങ്ങനെ ഹൃദ്രോഗ സാധ്യത കുറയുന്നു. അലിയുന്ന നാരുകൾ ഉയർന്ന അളവിൽ അടങ്ങിയ ആഹാരം ടോട്ടൽ കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകമാണ്. ഉദാ. ഒാട്സ്. പയറു വർഗങ്ങൾ, ബാർലി ആരോഗ്യ കൊഴുപ്പുള്ള മത്സ്യങ്ങളായ അയല, ട്യൂണ, മത്തി എന്നിവ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയാണ്. ഈ കൊഴുപ്പുകൾ ട്രൈഗ്ലിസറൈഡുകൾ എന്ന വിഭാഗത്തിലുള്ള കൊഴുപ്പുകളെ കുറയ്ക്കുന്നതായും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതായും ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. രക്തക്കുഴലുകളുടെ ഇലാസ്തികത വർധിപ്പിക്കുന്നതിനും അങ്ങനെ രക്തക്കട്ട രൂപപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത ആഹാരം ഹൃദയത്തെ ആഘാതമേൽക്കാതെ സംരക്ഷിക്കുന്നു. ആരോഗ്യ കൊഴുപ്പുകളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിന്റെ ഭാഗമാക്കുമ്പോൾ നാം പ്രകൃതിയിലേക്കു മടങ്ങുകയാണ്. അവിടെ ഹൃദയാരോഗ്യത്തിന്റെ ആഹാരപാഠം ആരംഭിക്കുന്നു...
വിവരങ്ങൾക്കു കടപ്പാട്
ഡോ. ആനന്ദ് ശ്രീനിവാസൻ
കൺസൽറ്റന്റ് കാർഡിയോളജിസ്‌റ്റ്
കെ.എം. ചെറിയാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ