ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം ആളുകൾ ഐക്യത്തോടെ താമസിക്കുന്നിടം, ഫ്രഞ്ച് ശേഷിപ്പുകളുടെ മണ്ണിലേക്ക്
പുതുച്ചേരി എന്നൊക്കെ പേരുമാറ്റി ൈസ്റ്റലാവാൻ നോക്കിയെങ്കിലും പറഞ്ഞു പറഞ്ഞു മനസ്സിൽ പതിഞ്ഞതിനാലാവും ‘പോണ്ടിച്ചേരി’ ഇന്നും അങ്ങനെ തന്നെ അറിയപ്പെടുന്നത്. ഫ്രഞ്ച് സംസ്കാരം ഉറങ്ങിക്കിടക്കുന്ന മണ്ണ് തേടിയാണ് യാത്ര. മുൻകൂട്ടി യാതൊരു പ്ലാനുമില്ലാതെ ചുരുങ്ങിയ ബജറ്റിനുള്ളിൽ ലക്ഷ്വറികാഴ്ചകൾ സമ്പാദിക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ മൂന്ന് അധ്യാപകരാണ് ഞങ്ങൾ. കേന്ദ്രഭരണപ്രദേശമെങ്കിലും ഭൂമിശാസ്ത്രപരമായി പോണ്ടിച്ചേരി മൂന്നുസംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ കാരയ്ക്കൽ, ആന്ധ്രയിലെ യാനം.
മാഹിയിൽ നിന്നു രാത്രി 7.40 നുള്ള ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്രയാരംഭിച്ചു. കടുംമഞ്ഞനിറങ്ങളിലുള്ള കെട്ടിടങ്ങളും മതിലിൽ ഭംഗിയായി വെട്ടിയൊതുക്കി നിർത്തിയ ബോഗൻവില്ല ചെടികളും, മണിയടിച്ച് മുന്നോട്ടുപായുന്ന റിക്ഷകളും കടലിന്റെ ചേലും ഫ്രഞ്ച് രുചികളുടെ മാജിക്കും... തുടങ്ങി വായനയിലൂടെ ചിത്രങ്ങളിലൂടെ കണ്ട പോണ്ടിച്ചേരി, ട്രെയിനിലെ നേരംപോക്ക് ചർച്ചയായി. ഇരുട്ടിനെ കീറിമുറിച്ച് ട്രെയിൻ മുന്നോട്ട് കുതിച്ചു.
അരബിന്ദോ ആശ്രമക്കാഴ്ചകൾ
റൂം മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ എങ്ങോട്ടു പോവും എന്നറിയാതെ േസ്റ്റഷന് പുറത്തിറങ്ങി . പോണ്ടിച്ചേരി പരിചയമുള്ള സുഹൃത്തിനെ വിളിച്ചു. വിനായകർ കോവിൽ പരിസരങ്ങളിൽ ബജറ്റിൽ ഒതുങ്ങുന്ന മുറികിട്ടുമെന്നും ഓട്ടോ വിളിക്കുന്നെങ്കിൽ വില പേശൽ നടത്തിയിട്ടേ പോകാവുള്ളൂ എന്നും ഉപദേശം കിട്ടി. മൂന്ന് കിലോമീറ്റർ ദൂരത്തിനു 150 രൂപ പറഞ്ഞ ഓട്ടോക്കാരനോട് 50 രൂപക്ക് പോകാമോ എന്ന് ചോദിച്ചു. ഒടുവിൽ, 70 രൂപയ്ക്ക് ഓട്ടമുറപ്പിച്ചു.ശിൽപങ്ങളാലും ചുവർചിത്രങ്ങളാലും മനോഹരമാണ് ക്ഷേത്രത്തിന്റെ അകവും പുറവും.
റോഡിൽ നിൽക്കുന്ന പോലീസുകാരനോട് റൂമിനെ കുറിച്ചു അന്വേഷിച്ചു. ഒപ്പം അവിടെ കാണേണ്ട സ്ഥലങ്ങളെ കുറിച്ചും. തൊട്ടടുത്തു അരബിന്ദോ ആശ്രമമുണ്ടെന്നും രാഷ്ട്രപതി വരുന്നതിനാൽ രാവിലെ 11 മണി വരെയേ പ്രവേശനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം കണ്ടശേഷം റൂം അന്വേഷിക്കാമെന്ന് ഉറപ്പിച്ച് അങ്ങോട്ട് നടന്നു.
പലതരത്തിലും നിറത്തിലുമുള്ള അനേകം പൂച്ചെടികൾ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു. പൂർണമായും നിശബ്ദമായ അന്തരീക്ഷം. അരബിന്ദോയുടെ സ്മൃതികുടീരം കാണാനാണ് ആദ്യം പോയത്. ലളിതമായ ജീവിതത്തിന്റെ മൂല്യം പ്രചരിപ്പിച്ച അരബിന്ദ ഘോഷിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്ത് നിലകൊള്ളുന്ന സ്മാരകത്തിൽ വിദേശികളടക്കം നിരവധിപ്പേർ ധ്യാനത്തിലിരിക്കുന്നുണ്ടായിരുന്നു. അരബിന്ദോയുടെ ദർശനങ്ങളെ അതിന്റെ വ്യാപ്തിയെ മൗനമായി മനസിലാക്കാൻ പറ്റിയൊരിടമാണ് ഈ ആശ്രമം.
സ്വർഗം പോലൊരു കടൽത്തീരം
ഫ്രഞ്ച് ഭരണത്തിന്റെ ശേഷിപ്പുകൾ നിറഞ്ഞ പോണ്ടിച്ചേരി തെരുവിലൂടെ മുന്നോട്ട് നടന്നു. ഒടുവിൽ വെൽവെറ്റ് വില്ല ഹെറിറ്റേജ് ഹോം എന്ന ഹോംേസ്റ്റയിൽ കുറഞ്ഞ ബജറ്റിൽ പ്രഭാത ഭക്ഷണമടക്കം ഒരു എസി റൂം കിട്ടി. ഫ്രഞ്ച് പാരമ്പര്യം വിളിച്ചോതുന്ന സ്വീകരണ മുറിയോട് ചേർന്നായിരുന്നു ബെഡ്റൂം. യാത്രാക്ഷീണം മാറ്റിയ ശേഷം വീണ്ടും പോണ്ടിയുടെ നഗരപാതയിലൂടെ നടന്നു. ബസ് സ്റ്റാൻഡിൽ നിന്ന് പാരഡൈസ് ബീച്ചിലേക്കുള്ള ബസ്സുകയറി .
കടലിലൂടെ കുറച്ചുദൂരം ബോട്ട് യാത്ര ചെയ്ത് വേണം ബീച്ചിലെത്താൻ. നേരെ ടിക്കറ്റ് കൗണ്ടറിനെ ലക്ഷ്യമാക്കി നടന്നു. നീണ്ട ക്യുവിൽ നിന്ന് കടലിനു നടുവിലായി സ്ഥിതി ചെയ്യുന്ന ബീച്ചിലേക്ക് ആളൊന്നിന് 300 രൂപ കൊടുത്തു ടിക്കറ്റെടുത്തു. ഇളം കാറ്റേറ്റ് രസകരമായ ചെറിയ ബോട്ടുയാത്ര ശരിക്കും ആസ്വദിച്ചു. വൃത്തിയുള്ള പഞ്ചസാര മണൽ നിറഞ്ഞ സ്വർഗം പോലൊരു ബീച്ച്. കളിച്ചും കുളിച്ചും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ പറ്റിയ ഇടം. അഞ്ചുമണിയോടെ അവിടെ നിന്ന് മടങ്ങി.
അംബേദ്‌കർ സ്മാരകവും ഫ്രഞ്ച് യുദ്ധസ്മാരകവും കണ്ട് ആദ്യദിനത്തെ യാത്ര അവസാനിപ്പിച്ചു.
ഓറോവിൽ എന്ന അദ്ഭുതം
പിറ്റേന്ന് ഭാരതി ഗവൺമെന്റ് പാർക്കിലേക്കാണ് ആദ്യം പോയത്. പാർക്കിലെ ആയിമണ്ഡപം പോണ്ടിച്ചേരിയിലെ ജല വിതരണ ചരിത്രത്തിന്റെ സ്മാരകമാണ്. പോണ്ടിച്ചേരി മ്യൂസിയത്തിലേക്കാണ് പിന്നീട് പോയത്. ഫ്രഞ്ച്ഭരണകാലത്തെ കോടതിയാണ് മ്യൂസിയമാക്കി മാറ്റിയതെന്നാണ് അവിടെനിന്ന് അറിഞ്ഞു. ഫോസിലുകളെകുറിച്ച് പല തവണ ക്ലാസ്സെടുത്തിട്ടുണ്ട് ഫോസിൽ ചിത്രങ്ങളും കണ്ടിട്ടുണ്ട്. എങ്കിലും ആദ്യമായി ഇവിടെ വച്ചാണ് മരങ്ങളുടെ ഫോസിൽ നേരിട്ട് കാണുന്നത്. അവിടുന്നിറങ്ങി പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കിനടന്നു.
22 ഏക്കർ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം. കുട്ടികൾക്കായുള്ള തീവണ്ടി, ജലധാരായന്ത്രം, ജപ്പാനീസ് റോക്ക്, അലങ്കാരമത്സ്യ പ്രദർശനം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനകാഴ്ചകൾ. അടുത്ത ലക്ഷ്യ സ്ഥാനം ഒറോവില്ല ഗോൾഡൻ ഗ്ലോബും ടൗൺ ഷിപ്പും ആയിരുന്നു. 1968 ൽ ദി മദർ എന്നു വിളിക്കുന്ന അരബിന്ദ ഘോഷിന്റെ സഹപ്രവർത്തരയായിരുന്ന മിറ അൽഫാസ ഒരു പരീക്ഷണാർഥം സ്ഥാപിച്ചതാണ് ഓറോവിൽ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. മാനുഷികഐക്യം സാക്ഷാത്കരിക്കുക എന്നതാണ് ടൗൺഷിപ്പിന്റെ ലക്ഷ്യം. പോണ്ടിച്ചേരിടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരെയാണ് ഓറോവിൽ ഈ ടൗൺഷിപ്പിന്റെ മധ്യഭാഗത്തുള്ള മാതൃമന്ദിർ കാണാൻ ഒട്ടറെ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. .ഒരു കിലോമീറ്റർ മനുഷ്യ നിർമ്മിത വനത്തിലൂടെ നടന്നു. ഉച്ചകഴിഞ്ഞതിനാൽ ഗോൾഡൻ ഗ്ലോബ് ദൂരേ നിന്ന് കാണാനേ കഴിഞ്ഞുള്ളൂ.
ഓറോവില്ല ബീച്ചിലെ കാഴ്ചകൾ കണ്ട ശേഷം യാത്ര അവസാനിപ്പിച്ചു. സൂര്യൻ കടലിൽ അസ്തമയച്ചുവപ്പ് വീഴ്ത്തി. ആഘോഷങ്ങളിൽ മുങ്ങിനീരാടുന്ന പോണ്ടിച്ചേരി വൈബ്സ് തേടി ഒരിക്കൽകൂടി വരാം എന്ന് ഉറപ്പിച്ച് മടങ്ങി.