ഹരിഹർ ഫോർട്ടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലൊരു ചിത്രം! മുൻപ് എവിടെയോ കണ്ട, അത്രമേൽ അതിശയിപ്പിച്ച ആ ചിത്രത്തിന്റെ വേരുതപ്പിയാണ് ഈ സഞ്ചാരം. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ റിസർവ് ഫോറസ്റ്റിനുള്ളിലെ പർവതമലയായിരുന്നു ആ അതിശയമല. റിസർവ് ഫോറസ്റ്റിനുള്ളിൽ നിലകൊള്ളുന്ന ഈ മല ട്രെക്കിങ് പ്രേമികളുടെ ഏറെ

ഹരിഹർ ഫോർട്ടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലൊരു ചിത്രം! മുൻപ് എവിടെയോ കണ്ട, അത്രമേൽ അതിശയിപ്പിച്ച ആ ചിത്രത്തിന്റെ വേരുതപ്പിയാണ് ഈ സഞ്ചാരം. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ റിസർവ് ഫോറസ്റ്റിനുള്ളിലെ പർവതമലയായിരുന്നു ആ അതിശയമല. റിസർവ് ഫോറസ്റ്റിനുള്ളിൽ നിലകൊള്ളുന്ന ഈ മല ട്രെക്കിങ് പ്രേമികളുടെ ഏറെ

ഹരിഹർ ഫോർട്ടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലൊരു ചിത്രം! മുൻപ് എവിടെയോ കണ്ട, അത്രമേൽ അതിശയിപ്പിച്ച ആ ചിത്രത്തിന്റെ വേരുതപ്പിയാണ് ഈ സഞ്ചാരം. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ റിസർവ് ഫോറസ്റ്റിനുള്ളിലെ പർവതമലയായിരുന്നു ആ അതിശയമല. റിസർവ് ഫോറസ്റ്റിനുള്ളിൽ നിലകൊള്ളുന്ന ഈ മല ട്രെക്കിങ് പ്രേമികളുടെ ഏറെ

ഹരിഹർ ഫോർട്ടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലൊരു ചിത്രം! മുൻപ് എവിടെയോ കണ്ട, അത്രമേൽ അതിശയിപ്പിച്ച ആ ചിത്രത്തിന്റെ വേരുതപ്പിയാണ് ഈ സഞ്ചാരം. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ റിസർവ് ഫോറസ്റ്റിനുള്ളിലെ പർവതമലയായിരുന്നു ആ അതിശയമല. റിസർവ് ഫോറസ്റ്റിനുള്ളിൽ നിലകൊള്ളുന്ന ഈ മല ട്രെക്കിങ് പ്രേമികളുടെ ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കാരണം, 26 കിലോമീറ്റർ കാട്ടിനുള്ളിലൂടെ ട്രെക്ക് ചെയ്ത് വേണം മല കയറിയിറങ്ങാൻ. പൂർവഘട്ടത്തിന്റെ ഭാഗമായ ജവാദു മലയുടെ ഒരു ശാഖയായി, തെൻമാദിമംഗലം, കടലാടി എന്നീ ഗ്രാമങ്ങളുടെ അതിർത്തിയായി ഏകദേശം 5500 ഏക്കറിൽ പരന്നു കിടക്കുകയാണ് പർവതമല. സമുദ്രനിരപ്പിൽ നിന്ന് 4560 അടി ഉയരമുള്ള പർവതമല തിരുവണ്ണാമലയേക്കാൾ ഉയരം കൂടിയതാണത്രേ. പൗർണ്ണമി ദിനം ഈ മലചുറ്റിയാൽ കൈലാസം ചുറ്റി വന്ന ഫലം കിട്ടുമെന്നാണ് ഐതിഹ്യം. തമിഴ് കലണ്ടർ പ്രകാരം പുരട്ടസി മാസം (സെപ്റ്റംബർ - ഒക്ടോബർ) വളരെ പ്രത്യേകതകൾ ഉള്ളതാണ്. ഭക്തിയും, ആത്മശുദ്ധിയും കൊണ്ട് മഹാവിഷ്ണുവിനെ ആരാധിക്കാൻ പറ്റിയ കാലമായാണ് ഈ മാസം കണക്കാക്കുന്നത്. ചില തമിഴ് പ്രദേശങ്ങളിൽ പുരട്ടാസി മാസത്തിൽ ശിവക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കാറുണ്ട്, കാരണം, ഈ മാസത്തെ സത്ത്വഗുണം കൂടുതലാണ് എന്ന് കരുതുന്നു. പുരട്ടസി മാസത്തിലെ ശനിയാഴ്ചകളിൽ ഉപവാസമെടുത്ത് പർവതമല കയറാനെത്തുന്നത് നിരവധി വിശ്വാസികളാണ്.

ഐതിഹ്യത്തോളം ഉയരത്തിൽ

ADVERTISEMENT

പർവതമല ട്രെക്കിങ് നടത്താന്‍ രണ്ടു പാതകളുണ്ട്. തെൻമാദിമംഗലം വഴിയും, കടലാടി വഴിയും. കടലാടി വഴിയുള്ളത് ചെറുതും പക്ഷേ, കുത്തനെയുള്ള സാഹസിക പാതയുമാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ തെൻമാദിമംഗലം വഴി തിരഞ്ഞെടുത്തു. ആയിരത്തി മുന്നൂറു പടികള്‍ കയറുന്ന പാതയാണിത്. സ്ഥിരമായി ഭക്തര്‍ പോകുന്ന വഴി ആയതിനാല്‍ ട്രെക്കിങ് റൂട്ട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഈ വഴി തെറ്റാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ, മാര്‍ഗമധ്യേ രണ്ടുവഴികളും ഒന്നിച്ചിട്ടാണ് മുകളിലേക്ക് പോകുന്നത്.

പര്‍വതമലയെ ചുറ്റിപറ്റി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. ശ്രീപരമേശ്വരൻ തിരുവണ്ണാമലയിൽ ദർശനം കൊടുക്കും മുൻപ് കൈലാസത്തിൽ നിന്ന് ആദ്യ കാലടി വച്ചത് പർവതമലയിലാണെന്ന് സ്ഥലപുരാണത്തിൽ പരാമർശിക്കുന്നു.

ADVERTISEMENT

ത്രേതായുഗത്തിൽ രാമ–രാവണ യുദ്ധത്തിൽ പരിക്കേറ്റ ലക്ഷ്മണന് വേണ്ടി മൃതസഞ്ജീവനി തേടി പോയ ഹനുമാൻ മരുത്വാമലകൊണ്ടു പോകുമ്പോൾ താഴെ വീണുപോയ ഒരു കഷണമാണത്രേ പർവതമല.

വേറൊരു ഐതിഹ്യ പ്രകാരം സിലതർ എന്ന മുനിയുടെ പുത്രനായ നന്ദി, തന്നെ പരമേശ്വരന്റെ വാഹനമാക്കണമെന്നഭ്യർഥിച്ച് ശ്രീശൈലത്തിൽ തപസ്സു തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സഹോദരനായ പർവതൻ താൻ ഭഗവാനെ ചുമക്കുന്ന മലയാകണമെന്ന് അപേക്ഷിച്ച് തപസ്സ് ചെയ്ത് പർവതമലയായിയത്രേ.

ADVERTISEMENT

തെൻമാദിമംഗലത്ത് നിന്ന് ഞങ്ങള്‍ ഷെയര്‍ ഓട്ടോ കയറി. പെച്ചിയമ്മന്‍ കോവിലിനു മുന്‍പില്‍ രാവിലത്തെ അന്നദാനം നടക്കുകയാണ്. വയറു നിറയെ ഇഡലിയും, ദോശയും കഴിച്ച ശേഷം അടുത്തുള്ള ഫോറസ്റ്റ് ചെക്ക്‌ പോസ്റ്റിലേക്ക് നടന്നു. ചെക്ക്‌ പോസ്റ്റിലെ ബാഗ് പരിശോധന കഴിഞ്ഞാല്‍ ഒരു ആഞ്ജനേയ ക്ഷേത്രമുണ്ട്. അതു കഴിഞ്ഞാല്‍ പിന്നെ പാതയ്ക്കിരുവശവും ഇടതൂര്‍ന്ന കാടാണ്. 150ൽ പരം അപൂര്‍വ ഔഷധ സസ്യയിനങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇരുപത് മിനിറ്റ് നടന്നു വീരഭദ്ര ക്ഷേത്രത്തിനടുത്ത് എത്തി. ഇവിടെയും അന്നദാനമുണ്ട്.

1300 പടികൾക്ക് മുകളിലെ അദ്ഭുതം

വീരഭദ്രക്ഷേത്രം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ 1300പടികള്‍ കണ്ട് തുടങ്ങും. പടികള്‍ക്കിരുവശവും ഇടതൂര്‍ന്ന കാടാണ്. മുകളിലേക്ക് പോകുന്നതിനിടയില്‍ ചെറിയ നീര്‍ച്ചാലുകള്‍ കടക്കേണ്ടതുണ്ട്. കുറച്ുച ദൂരം പിന്നിട്ടാൽ നാട്ടുകാര്‍ നടത്തുന്ന ചെറിയ കടകള്‍ കാണാം. വെള്ളവും ലഘു ഭക്ഷണവും ഇവിടെ കിട്ടും. പക്ഷേ, ഉയരും കൂടും തോറും ഭക്ഷണ സാധനങ്ങളുടെ വിലയും കൂടും എന്നു മാത്രം.

ആദ്യം പടികളിലൂടെ കയറുമ്പോള്‍ , തീർത്ഥാടകർ ദൈവനാമം ജപിക്കുന്ന ശബ്ദങ്ങൾക്കൊപ്പം ഞങ്ങളുടെ ചുവടുകളും കൂടി ചേർന്നുപോയി. പതിയെ പതിയെ പടികൾ അവസാനിക്കുമ്പോൾ, വഴികൾ മാറി തുടങ്ങി. ഇനി കല്ലിലും വേരുകളിലും പിടിച്ചു കയറേണ്ട പ്രയാണമാണ്. പ്രയാസമെങ്കിലും ഉള്ളിൽ നിന്നൊരു ശക്തി മുന്നോട്ട് വിളിച്ചുകൊണ്ടിരുന്നു.

പടികള്‍ക്ക് ശേഷമാണ് യഥാര്‍ഥ ട്രെക്കിങ് പാത തുടങ്ങുന്നത്. നിരപ്പില്ലാത്ത പാറക്കെട്ടുകള്‍ നിറഞ്ഞ വഴിയിലൂടെ വേണം മുന്നോട്ട് പോകാന്‍. ഇടയ്ക്ക് കുത്തനെയുള്ള കയറ്റങ്ങള്‍. മലയിലൂടെ കയറുമ്പോൾ പാറക്കെട്ടുകൾക്കിടയിൽ കാണുന്ന ഗുഹകൾപണ്ട് സിദ്ധന്മാർ താമസിച്ചിരുന്ന സ്ഥലങ്ങൾ എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. വെള്ളിയാംഗിരി മല, കൊല്ലിമല, സുരുളി മല, ചതുരഗിരി മല, തിരുവണ്ണാമല പോലെ നിരവധി സിദ്ധൻമ്മാർ തപസ്സനുഷ്ഠിച്ചിരുന്ന മലയാണത്രേ പർവതമലയും. അവരുടെ ധ്യാനശക്തിയും ആത്മവിദ്യയും ഇന്നും മലയുടെ വായുവിൽ കലർന്നിരിക്കുന്നു എന്ന് തോന്നുന്നു. ഭഗവാനെ പൂജിക്കാനായി യംഗങ്ങൾക്ക് മുൻപ് സിദ്ധൻമ്മാർ നിർമ്മിച്ചതാണ് മുകളിലെ ക്ഷേത്രമെന്നാണ് പരക്കെത്തയുള്ള വിശ്വാസം. പിന്നീട് മൂന്നാം നൂറ്റാണ്ടിൽ പാല്‍കുന്രകൂട്ടം ഭരിച്ചിരുന്ന നന്നൻ എന്ന നാട്ടുരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് ഇവിടെ വന്ന് ഭഗവാനെ ദർശിച്ചതായി പറയപ്പെടുന്നു. മൃതസഞ്ജീവനി പോലെയുള്ള നിരവധി ഔഷധ സസ്യങ്ങൾ ഈ മലയിലും റിസർവ് ഫോറസ്റ്റിലുമായി ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.

അതിസാഹസികം കടപ്പാറൈ കുന്ന്

ഈ ട്രെക്കിങ്ങിന്റെ ഏറ്റവും സാഹസികവും, ആകര്‍ഷണങ്ങളിലൊന്നുമാണ് കടപ്പാറൈ കുന്ന്. ഹരിഹർ ഫോർട്ട്‌ തോന്നിപ്പിക്കും വിധം ഒരു വലിയ പാറയാണിത്. കടപ്പാറൈ എന്നാല്‍ തമിഴില്‍ കല്ലുകുഴിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് വടി എന്നാണ് അര്‍ഥം. രണ്ടു വലിയ പാറകള്‍ അടുത്തായി നിൽക്കുന്നു. ഒന്നു മുകളിലേക്ക് കയറാനും മറ്റൊന്നും താഴേക്ക് ഇറങ്ങാനും. ഈ പാറകൾക്ക് 60-70 ഡിഗ്രി ചരിവുണ്ട്. അതിന്റെ പേര് പോലെ പാറകളില്‍ തുരന്ന ഇരുമ്പ് ദണ്ഡുകളും, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പ് ചങ്ങലകളുമുണ്ട്. കുത്തനെയുള്ള കയറ്റം കയറി മുന്നിലെത്തിയാല്‍ രണ്ടു കുന്നുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലം കടക്കണം. ഇത് കടന്നെത്തുന്നിടത്ത് ഒരു കല്‍മണ്ഡപത്തിലേക്കാണ്. ട്രെക്കിങ്ങിന്റെ അവസാന ഭാഗത്തെ ഇടുക്കുപാറൈ എന്നു വിളിക്കുന്നു. തമിഴില്‍ ഇടുക്ക് എന്നാല്‍ ഇടുങ്ങിയ വിടവ് എന്നാണ് അര്‍ഥം. പാറകളില്‍ വെട്ടിയെടുത്ത പടികളിലൂടെയാണ് മുകളിലേക്ക് കയറേണ്ടത്.ചില ഭാഗങ്ങളില്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ കടന്നുപോകാന്‍ സാധിക്കൂ. ഇടുക്കുപര കടന്നാല്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന പര്‍വത മല ക്ഷേത്രം കാണാന്‍ സാധിക്കും.

മലമുകളിലെ മല്ലികാര്‍ജുനന്‍

‘അരിൾമിഗു ബ്രഹ്മരാംബികേ സമേധ മല്ലികാർജുന സ്വാമി തിരു കോവിൽ’ എന്നാണ് പര്‍വത മലയിലെ ക്ഷേത്രം അറിയപ്പെടുന്നത്. തിരുവണ്ണാമലൈ ജില്ലയിൽ പർവത മലയുടെ മുകളിലെ ഒറ്റ കല്ലിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ശിവൻ മല്ലികാർജുനൻ എന്നും പാർവതി ബ്രഹ്മരാംബിക എന്ന പേരിലുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൈലാസയാത്രയ്ക്ക് തുല്യമാണ് ഈ മലയിലുള്ള ഭഗവത് ദർശനം എന്ന് ക്ഷേത്ര സ്ഥല പുരാണത്തിൽ പരാമർശിച്ചിരിക്കുന്നു. റിസർവ് ഫോറസ്റ്റായ പർവതമലയ്ക്ക് പാവങ്ങളുടെ കൈലാസം, മേഘങ്ങൾ വിശ്രമിക്കുന്നയിടം, ത്രിശൂലഗിരി, നവിരമല, തെക്കിന്റെ ഹിമാലയം, സഞ്ജീവനി മല, മല്ലികാർജുന മല, കന്ത മല, തെൻ കൈലാസം എന്നിങ്ങനെ പല പേരുകളുണ്ട്. രാത്രിയിലും പകലും തുറന്നിരിക്കുന്ന ക്ഷേത്രത്തിന് വാതിലോ പൂജാരിയോ ഇല്ല എന്നുള്ളതാണ് പ്രത്യേകത. ശ്രീശൈലം ക്ഷേത്രത്തിലേതു പോലെ ഭക്തർക്ക് നേരിട്ട് ഭഗവാന് പൂജ ചെയ്യാവുന്ന ക്ഷേത്രം കൂടിയാണ് പർവത മലയിലെ മല്ലികാർജുന ക്ഷേത്രം. .ആദി ശങ്കരാചാര്യർ ഇവിടെ വന്ന് ഈ മലയെ ശിവലിംഗമായി ദർശിച്ചതിനാൽ മലയിൽ കയറാതെ ഗിരി വലം ചെയ്ത് പോയതായി പറയപ്പെടുന്നു.

മലകളുടെ രൂപങ്ങൾ

പർവതമല “മലകളുടെ റാണി” എന്ന് ഇന്നാട്ടുകാർ വിളിക്കുന്നത് വെറുതെയല്ല. എട്ട് ദിക്കുകളിൽ നിന്ന് നോക്കുമ്പോൾ, എട്ടുതരം രൂപങ്ങളായി തോന്നുന്നു. കൊടുമുടിയായി, ചിറകു വിരിച്ച കഴുകനായി, ചിലപ്പോൾ ശിവലിംഗമായി. പ്രകൃതിയുടെ ദർശനങ്ങളിൽ ശിവന്റെ അനന്തരൂപങ്ങൾ പോലെ... പൂർണമായി ഗിരിവലം പൂർത്തിയാക്കാൻ 13 കിലോമീറ്റർ കയറുകയും, 13 കിലോമീറ്റർ ഇറങ്ങുകയും വേണം. പർവതമലയിലേക്കുള്ള യാത്ര ഒരു ആത്മീയ തീർത്ഥാടനമാണ്. ഓരോ അടിയിലും പ്രകൃതിയും ദൈവവും ചേർന്നൊരുക്കിയ മഹത്തായ സംഗീതത്തിന്റെ താളമാണ് കേൾക്കുന്നത്. അവിടെ ചെലവഴിച്ച സമയങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുമെന്നത് തീര്‍ച്ച

ADVERTISEMENT