എന്തിനാണ് ഈ ഗ്രാമം മുഴുവൻ മഞ്ഞൾപ്പൊടി വാരി വിതറുന്നത്! കൗതുകത്തിന്റെ കഥകളൊളിപ്പിക്കുന്ന പട്ടൻ കൊഡൊളി
ഒരു നാടുമുഴുവൻ ‘മഞ്ഞ’പൂശി നിൽക്കുന്ന കാഴ്ച വെറുതെ സങ്കൽപ്പിച്ച് നോക്കി. കല്യാണത്തലേന്ന് മണവാട്ടിയും കൂട്ടുകാരും ഹൽദി നടത്തുന്ന പോലെ ഒരു ഗ്രാമം മുഴുവൻ മഞ്ഞയുടെ ചേലണിയുന്നു... യാത്രകളിൽ പങ്കാളിയാകുന്ന സുഹൃത്തിൽ നിന്നാണ് പട്ടൻ കൊഡോളി ഉത്സവത്തെക്കുറിച്ച് അറിയുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ്
ഒരു നാടുമുഴുവൻ ‘മഞ്ഞ’പൂശി നിൽക്കുന്ന കാഴ്ച വെറുതെ സങ്കൽപ്പിച്ച് നോക്കി. കല്യാണത്തലേന്ന് മണവാട്ടിയും കൂട്ടുകാരും ഹൽദി നടത്തുന്ന പോലെ ഒരു ഗ്രാമം മുഴുവൻ മഞ്ഞയുടെ ചേലണിയുന്നു... യാത്രകളിൽ പങ്കാളിയാകുന്ന സുഹൃത്തിൽ നിന്നാണ് പട്ടൻ കൊഡോളി ഉത്സവത്തെക്കുറിച്ച് അറിയുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ്
ഒരു നാടുമുഴുവൻ ‘മഞ്ഞ’പൂശി നിൽക്കുന്ന കാഴ്ച വെറുതെ സങ്കൽപ്പിച്ച് നോക്കി. കല്യാണത്തലേന്ന് മണവാട്ടിയും കൂട്ടുകാരും ഹൽദി നടത്തുന്ന പോലെ ഒരു ഗ്രാമം മുഴുവൻ മഞ്ഞയുടെ ചേലണിയുന്നു... യാത്രകളിൽ പങ്കാളിയാകുന്ന സുഹൃത്തിൽ നിന്നാണ് പട്ടൻ കൊഡോളി ഉത്സവത്തെക്കുറിച്ച് അറിയുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ്
ഒരു നാടുമുഴുവൻ ‘മഞ്ഞ’പൂശി നിൽക്കുന്ന കാഴ്ച വെറുതെ സങ്കൽപ്പിച്ച് നോക്കി. കല്യാണത്തലേന്ന് മണവാട്ടിയും കൂട്ടുകാരും ഹൽദി നടത്തുന്ന പോലെ ഒരു ഗ്രാമം മുഴുവൻ മഞ്ഞയുടെ ചേലണിയുന്നു... യാത്രകളിൽ പങ്കാളിയാകുന്ന സുഹൃത്തിൽ നിന്നാണ് പട്ടൻ കൊഡോളി ഉത്സവത്തെക്കുറിച്ച് അറിയുന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലാണ് പട്ടൻ കൊഡോളി എന്ന ഗ്രാമം. വർഷത്തിൽ നാല് ദിവസം ഇവിടെ ധൻഗർ സമുദായത്തിന്റെ ആരാധകനായ വിറ്റൽ ബിർദേവ് മഹാരാജാവിന്റെ ജന്മദിനം ആഘോഷിക്കുന്ന ചടങ്ങുണ്ട്. ധൻഗർ എന്നാൽ ഇടയസമുദായമാണ്. അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഉത്സവക്കാഴ്ചകൾ പകർത്താൻ തീരുമാനിച്ച് ട്രെയിൻ കയറി. തൃശൂരിൽ നിന്ന് കൊൽഹാപൂരിലേക്ക് നേരിട്ട് ട്രെയിൻ ഇല്ലാത്തതിനാൽ സോലാപ്പൂര്‍ ലക്ഷ്യമാക്കി തിരിച്ചു. ഇവിടെ നിന്ന് കൊൽഹാപൂരിലേക്ക് ബസ്സിലായിരുന്നു യാത്ര.
കൊൽഹാപൂരിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഉത്സവം നടക്കുന്ന ഗ്രാമം. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ ധൻഗർ സമുദായക്കാരെല്ലാം ബിർദേവ് അല്ലെങ്കിൽ ബിരുദേവിനെ അവരുടെ കുടുംബ ദൈവമായി ആരാധിക്കുന്നുണ്ട്. വീടും നാടും മഞ്ഞപ്പൊടിയാൽ മൂടുന്ന ഉത്സവത്തിന്റെ ആവേശത്തിര തേടി ഞങ്ങളും ജനസഞ്ചയത്തിൽ ചേർന്നു.
മഞ്ഞയ്ക്കപ്പുറം മഞ്ഞ
ഗ്രാമത്തിന്റെ കവാടം കടന്നപ്പോൾ മുന്നിൽ സ്വർണം തട്ടി തൂകിയപോലെ മഞ്ഞ നിറം. വീടിന്റെ മേൽക്കൂരകളിലും മരങ്ങളിലും ഇലകളിലും തീർഥാടകരുടെ മുഖങ്ങളിലും കുട്ടികളുടെ ചിരിയിലും സന്തോഷത്തിന്റെ മഞ്ഞ പടർന്നിരിക്കുന്നു. ബിർദേവ് പ്രഭുവിന്റെ വാർഷിക യാത്രയെന്നും ഹൽദി ഫെസ്റ്റിവലെന്നും ഈ ഉത്സവം അറിയപ്പെടുന്നു. സമീപപ്രദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എണ്ണിയാലൊടുങ്ങാത്തത്ര ജനങ്ങളാണ് ഉത്സവത്തിന്റെ ഭാഗമാവാനെത്തുന്നത്. ഗ്രാമത്തിന്റെ കാവലായി ബിർദേവ് മഹാരാജിന്റെ ക്ഷേത്രം. ഉത്സവത്തിന് മാറ്റുകൂട്ടാൻ കാറ്റ് പോലും, ഇടയരുടെ പരമ്പരാഗത ഗാനമായ ധംഗാരി ഓവിയുടെ താളമേറ്റു പാടുന്നു. വിറ്റൽ ബിർദേവിനെ മഹാവിഷ്ണുവിന്റെ അവതാരമായാണ് കരുതപ്പെടുന്നത്.
പഞ്ചാംഗനദിയുടെ അടുത്താണ് ഈ ഗ്രാമം. ഉത്സവകാലത്ത് വാരിവിതറുന്ന മഞ്ഞനിറമുള്ള പൊടി ബണ്ടാര എന്നാണ് അറിയപ്പെടുന്നത്. വിറ്റൽ ബിർദേവന്‍ അനുഗ്രഹം ചൊരിയുന്നു എന്ന വിശ്വാസത്തിലാണവർ പരസ്പരം മഞ്ഞ വിതറുന്നത്. മാത്രമല്ല, ശുദ്ധീകരണത്തിന്റെ പ്രതീകമായും ഇത് അറിയപ്പെടുന്നു.
മഞ്ഞളിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു. പക്ഷേ, ബണ്ടാര വ്യത്യസ്തമാണ്. ഇതിന് മണമില്ല. ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇടയ സമൂഹം ഉണങ്ങിയ തേങ്ങാ കഷണങ്ങൾ ചേർത്താണ് ദൈവത്തിന് ബണ്ടാര അർപ്പിക്കുന്നത്. വിഗ്രഹത്തെ ചാർത്തുന്ന ബണ്ടാര ശേഖരിച്ച് ഭക്തർ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ശുഭകരമായ അവസരങ്ങളിലും രോഗശമനത്തിനും അവർ ഇത് ഉപയോഗിക്കുന്നു. ബണ്ടാരയോടൊപ്പം ചെമ്മരിയാടിന്റെ രോമവും വിറ്റൽ ബിർദേവിന് അർപ്പിക്കാറുണ്ട്. ആടിന്റെ രോമം കൊണ്ട് നിർമിക്കുന്ന കമ്പിളിപുതപ്പുകൾക്ക് പ്രശസ്തമായ സ്ഥലമാണ് പട്ടൻ കൊഡോളി.
ഉത്സവത്തിൽ കുളിച്ച് ഒരു പകൽ
ഗ്രാമത്തിലെ തെരുവുകളെല്ലാം ഭക്ഷണം, വിനോദം, പ്രാദേശിക കരകൗശല സ്റ്റാളുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ദിവസം മുഴുവൻ നിരവധി ആളുകൾ ചെറിയ ഗ്രൂപ്പുകളായി ഒത്തുകൂടി ഭജനകളും നാടൻ പാട്ടുകളും പാടുന്നു. ഭക്തർ തങ്ങൾ ഇഷ്ടപ്പെടുന്നതോ ആരാധിക്കുന്നതോ ആയ എല്ലാറ്റിലും ബണ്ടാര ചൊരിയുന്നു. ഘോഷയാത്രയുടെ ഉച്ചസ്ഥായിയിൽ കണ്ണിമവെട്ടുന്ന നിമിഷം കൊണ്ട് എല്ലാം മഞ്ഞയായി മാറുന്നു. പ്രധാന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് നടക്കുന്നത്. ഈ സമയം ഘോഷയാത്ര പോകുന്ന വഴിയേ ഗ്രാമത്തിൽ കാലുകുത്താൻ ഇടമുണ്ടാകില്ല. ഹോളിയിൽ നിറങ്ങൾ വാരി വിതറും പോലെ, ബണ്ടാര എല്ലാവരുടെയും മേൽ തൂകുന്നു., ദൂരെ നിന്ന് നോക്കുമ്പോൾ ആ ഗ്രാമം മുഴുവൻ സ്വർണ്ണ പുതപ്പിനാൽ മൂടിയ പോലെ തോന്നും. പരമ്പരാഗതമായി അലങ്കരിച്ച വലിയ കുടകളുമായാണ് ഒരു കൂട്ടം ഭക്തർ എത്തുന്നത്.
ഡ്രം , ബാൻഡ് മേളത്തോടൊപ്പം അവർ ആദ്യം ക്ഷേത്രത്തിലേക്ക് പോകുന്നു. ക്ഷേത്ര ദർശനത്തിനുശേഷം, ആഘോഷം നടക്കുന്ന തുറന്ന സ്ഥലത്ത് ഒത്തുചേരുന്നു. വലിയ കുടകൾ കറക്കി, നാടൻ പാട്ടുകൾ പാടി, നൃത്തവും കായികാഭ്യാസങ്ങളും ചെയ്ത് ഉത്സവാഘോഷത്തിന്റെ ലഹരി ആസ്വദിക്കുന്നു. ഈ വർഷത്തെ ഉത്സവം ഒക്ടോബർ 10 മുതൽ 13 വരെ ആഘോഷിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസം 12 ആണ്. ഈ ദിവസമാണ് ബണ്ടാര അർപണം.
ഭാവി പറയുന്ന ബാബ
സോൾഹാപൂർ ജില്ലയിലെ അഹ്ജംഗൗ ഗ്രാമത്തിൽ നിന്നുള്ള ശ്രീ ഖേലോബ രാജാഭാവു വാഘ്മോഡ് എന്ന ആത്മീയഗുരുവിന്റെ പ്രവചനങ്ങളാണ് ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങ്. ഫറന്ദേ ബാബ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഈ ആത്മീയഗുരു ദൈവത്തിന്റെ ദൂതനെന്ന് വിശ്വസിക്കുന്നു. 17 ദിവസം പദയാത്ര നടത്തിയാണ് അദ്ദേഹം പട്ടൻ കൊഡോളി ഗ്രാമത്തിലെത്തുന്നത്. ഉത്സവത്തിലുടനീളം അദ്ദേഹം ആൽമരത്തിന്റെ ചുവട്ടിലായുള്ള ഒരു ചെറിയ പീഠത്തിൽ ഇരിക്കും. വരും വർഷത്തേക്കുള്ള കാലാവസ്ഥ, വിളകൾ, ബിസിനസ്സ്, ആരോഗ്യം എന്നിവയുടെ ഭാവി പ്രവചിക്കുന്നു. ഇത് അറിയാനായി ലക്ഷക്കണക്കിന് ആളുകൾ പ്രവചന ദിവസം ഗ്രാമത്തിലേക്ക് എത്തുന്നു. ഇതേ ദിവസം വൈകിട്ട് മൂന്നു മണിക്ക്, ബാബ മണ്ഡപത്തിൽ നിന്ന് പുറത്തുവരുന്നു. കുറച്ച് ആചാരങ്ങൾക്ക് ശേഷം പുരോഹിതൻ വിശുദ്ധ വാൾ അദ്ദേഹത്തിന് കൈമാറുന്നു. ഇതോടെ ദൈവം ബാബയിലേക്ക് പ്രവേശിക്കുന്നു എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. തുടർന്ന് മുഴുവൻ ജനക്കൂട്ടവും ക്ഷേത്രത്തിലേക്ക് കടക്കുന്നു. അവിടെ വച്ച് ബാബ പ്രവചനം തുടങ്ങും. തൊഴുകൈകളോടെ ഭക്തർ ദൈവം തങ്ങളോട് സംസാരിക്കുന്നത് കേൾക്കുന്നു.
ഒരു പ്രത്യേക ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ആ സന്ദേശം വിവർത്തനം ചെയ്ത് പുരോഹിതൻ ജനങ്ങളോട് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ 90% പ്രവചനങ്ങളും സത്യമാണെന്ന് തദ്ദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഉത്സവത്തിന്റെ അവസാനം ഫറന്ദേ ബാബ വിശുദ്ധവാളു പിടിച്ച് ഹെഡം എന്ന നൃത്തം ചെയ്യുന്നു. ദൈവിക ആനന്ദത്തിന്റെ പ്രതീകമായാണ് ഈ നൃത്തം അറിയപ്പെടുന്നത്.
അത്രനേരം ക്യാമറകണ്ണിലൂടെയായിരുന്നു ഉത്സവം കണ്ടത്. ഓരോ നാടിനും വിശ്വാസവും ജീവിതവും ഇഴചേരുന്ന സാംസ്കാരിക വൈവിധ്യമുണ്ട്. വരും കാലത്തെ സൂക്ഷിപ്പായി പട്ടൻ കഡോളിയിലെ ഓരോ ചിത്രങ്ങളും എന്റെ കയ്യിൽ അവശേഷിക്കട്ടെ. മഴ പെയ്ത് കഴിഞ്ഞ അന്തരീക്ഷത്തിൽ പെയ്യാൻ വിതുമ്പിനിൽക്കുന്ന മരങ്ങളില്ലേ! അതു പോലെയാണ് ബണ്ടാരയ്ക്ക് ശേഷമുള്ള പട്ടൻ കഡോളി. എവിടെ നോക്കിയാലും ബാക്കിയാവുന്നത് സന്തോഷത്തിന്റെ മഞ്ഞ നിറം.