മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ട് മൂന്ന് സൈക്കിളുകൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം “വീലി” എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്ന് പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അവിശ്വാസം

മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ട് മൂന്ന് സൈക്കിളുകൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം “വീലി” എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്ന് പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അവിശ്വാസം

മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ട് മൂന്ന് സൈക്കിളുകൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം “വീലി” എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്ന് പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അവിശ്വാസം

മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ട് മൂന്ന് സൈക്കിളുകൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം “വീലി” എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്ന് പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അവിശ്വാസം ജനിപ്പിച്ച ആ സൈക്കിളിന് മുൻപിൽ ചക്രത്തിന്റെ സ്ഥാനം ശൂന്യമായിരുന്നു... അക്ഷരാർഥത്തിൽ ഒറ്റചക്രത്തിലായിരുന്നു ആ സൈക്കിൾ ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്നത്. ആ ചക്രത്തിന്റെ ചലനം നിലച്ചത് അങ്ങ് വടക്ക് കശ്മീരിലെ ഉയരമേറിയ ചുരങ്ങൾ കയറി ഇറങ്ങി തിരികെ കേരളത്തിലേക്ക് വീണ്ടും ഉരുണ്ട ശേഷമായിരുന്നു... ഏകദേശം അയ്യായിരത്തിലധികം കിലോമീറ്ററുകൾ താണ്ടിയ, വിസ്മയിപ്പിക്കുന്ന സാഹസിക സഞ്ചാരം നടത്തിയത് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സനീദ്.

ആദ്യം കേരള റൈഡ്

ADVERTISEMENT

സിവിൽ എൻജിനിയറിങ്ങും ഇന്റിരീയർ ഡിസൈനിങ്ങ് കോഴ്സും പൂർത്തിയാക്കി ജോലിചെയ്തു വരുമ്പോഴാണ് റോഡ്ട്രിപ്പുകളെപ്പറ്റിയുള്ള ആലോചന തുടങ്ങിയത്. കന്യാകമുാരി മുതൽ കശ്മീർ വരെ എന്നത് എക്കാലവും സഞ്ചാരികളുടെ സ്വപ്നവഴികളിലൊന്നാണ്. ബൈക്ക്, കാർ, സൈക്കിൾ എന്നു വേണ്ട നടന്നുപോലും ഈ വഴി സഞ്ചരിച്ചവർ ഏറെ. അവരിൽ നിന്ന് വ്യത്യസ്തമായി, തികച്ചും വേറിട്ട, പുതുമയാർന്ന രീതിയിൽ ആ ട്രിപ്പ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് മുൻപിലെ ചക്രങ്ങൾ അഴിച്ച് വെച്ച് സൈക്കിളോടിക്കുക എന്ന യത്നത്തിലേക്ക് എത്തിച്ചത്. വർഷങ്ങളായി പ്രഫഷനൽ മോട്ടോർസൈക്കിൾ സ്റ്റണ്ടറായി പ്രകടനം നടത്താറുണ്ട്. അതിനാൽ സഞ്ചാരവും സ്റ്റണ്ടും ഒരുമിപ്പിച്ചാലോ എന്നായി ആലോചന. പൊതുനിരത്തിൽ സ്റ്റണ്ട് ശൈലിയിൽ മോട്ടർസൈക്കിൾ ഓടിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാലാണ് സൈക്കിൾ എന്ന ആശയത്തിലേക്ക് എത്തിയത്.

മുൻപിലെ ചക്രങ്ങൾ തറയിൽ നിന്ന് ഉയർത്തി, പിന്നിലെ ചക്രങ്ങളിൽ സൈക്കിൾ ബാലൻസ് ചെയ്ത് വേണം പെഡൽ ചവിട്ടേണ്ടത്. വീലീ എന്നാണ് ഈ അഭ്യാസപ്രകടനത്തിന്റെ പേര്. ഏറെ അധ്വാനവും പരിശീലനവും വേണ്ട സ്റ്റണ്ട് ആണ് ഇത്. അതുപോലെ അപകട സാധ്യതകളും ഒട്ടേറെ.

ADVERTISEMENT

മൂന്നു വർഷത്തെ ആലോചനകൾക്കും പരിശീലനത്തിനും ശേഷമാണ് 2023 ഡിസംബറിൽ കന്യാകുമാരിയിൽ നിന്ന് റൈഡ് ആരംഭിക്കാൻ നിശ്ചയിച്ചത്. അതിനു മുന്നോടിയായി കാസർകോട് നിന്ന് കന്യാകുമാരിയിലേക്ക് ഫ്രണ്ട് ടയർ ഇല്ലാത്ത സൈക്കിളിൽ റൈഡ് നടത്തിയിരുന്നു.

ഇന്ത്യ എന്ന വിസ്മയം

ADVERTISEMENT

മലയാളമല്ലാതെ ഭാഷകളൊന്നും കൈവശമില്ല... ഇംഗ്ലിഷ് കഷ്ടിച്ച് കൈകാര്യം ചെയ്യാം എന്ന ധൈര്യമുണ്ട്. എന്നാൽ ഹിന്ദി ഒട്ടുമേ വശമില്ല. എന്തും നേരിടാം എന്ന ധൈര്യത്തിലാണ് പുറപ്പെട്ടത്. നേരത്തെ ബൈക്കിൽ അഖിലേന്ത്യാ സഞ്ചാരം നടത്തിയിട്ടുള്ള മൂത്ത സഹോദരൻ സവാദ് ഉൾപ്പടെ ഏതാനും ആളുകളോട് ട്രിപ്പിനെപ്പറ്റി അന്വേഷിച്ചു.

മംഗളൂരു വഴി കശ്മീർ ലക്ഷ്യമാക്കിപ്പോകുക എന്നു മാത്രമേ റൂട്ട് തീരുമാനിച്ചിരുന്നുള്ളു. പിന്നീട് ഓരോ ദിവസവും മെച്ചപ്പെട്ട കാഴ്ചകളും നിരത്തുകളും നോക്കി അങ്ങ് ചവിട്ടി. മഹാരാഷ്ട്രയ്ക്ക് അപ്പുറത്ത് മുതൽ ഹിന്ദി നാട് എന്ന ചിന്ത മാറ്റി, ഗുജറാത്തിയും രാജസ്ഥാനിയും പഞ്ചാബിയും ഹിന്ദിയുടെ തന്നെ പല പ്രാദേശിക ഭേദങ്ങളും ഒക്കെ കണ്ടറിഞ്ഞു. ഭാഷ പോലെ തന്നെ ഭക്ഷണം, വസ്ത്രം, പെരുമാറ്റ രീതികൾ... എല്ലാം ഒന്നിനൊന്ന് വേറിട്ടത്.

സഹ്യനിരകൾക്കപ്പുറത്ത് വിന്ധ്യനും സമതലങ്ങളും രാജസ്ഥാനിലെ മരുപ്രദേശവും ഒക്കെ കടന്നാണ് കശ്മീരിന്റെ മണ്ണിൽ കയറിയത്. ചിനാർ മരങ്ങൾ വരിയിട്ട നിരത്തുകൾ താണ്ടി ഹിമാലയത്തിന്റെ താഴ്വരകളും പിന്നിട്ട് എത്രയോ ചുരങ്ങൾ താണ്ടിയാണ് പർവതങ്ങൾക്കിടയിലെ ഗ്രാമങ്ങളിലേക്ക് എത്തിച്ചേർന്നത്... ഓരോ ദിനവും വ്യത്യസ്തമായിരുന്നു എന്നു പറയാം.

പൊതുവെ ടെന്റ് അടിച്ചു താമസിക്കുകയായിരുന്നു ട്രിപ്പിലുടനീളം. എന്നാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പല ഇടങ്ങളിലും പ്രദേശവാസികൾ നിർബന്ധമായി അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടക്കാൻ ഇടം നൽകിയിട്ടുണ്ട്. അതുപോലെ ഭക്ഷണം നൽകി സൽക്കരിച്ചവരും ധാരാളം. ഈ സഞ്ചാരത്തിൽ ലഭിച്ച സൌഹൃദബന്ധങ്ങൾ പറഞ്ഞറിയിക്കാനാകാത്തത്രയുണ്ട്.

വാഗയിലെ പ്രകടനം

ഈ സഞ്ചാരത്തിലെ ഏറ്റവും തിളക്കമേറിയ മുഹൂർത്തങ്ങളിലൊന്നായിരുന്നു വാഗയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പതാകതാഴ്ത്തൽ ചടങ്ങിനു മുൻപ് ചെറു പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചത്. റൈഡ് 200 ദിവസം പിന്നിട്ട ശേഷമാണ് പഞ്ചാബിന്റെ മണ്ണിലെത്തിയത്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും താമസവും ഭക്ഷണവും നൽകുന്ന ഗുരുദ്വാരകൾ ഇവിടത്തെ പ്രത്യേകതകളാണ്. 213ാം ദിവസമായിരുന്നു ശരീരത്ത് രോമങ്ങളോരോന്നും എഴുന്നേറ്റ് നിന്ന ആ അനുഭവം സമ്മാനിച്ച വാഗാ അതിർത്തിയിലെത്തിയത്. അമൃത്സറിൽ നിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ടോടെയാണ് അതിർത്തിയിലെത്തിയത്. ഒരുപക്ഷേ, ആദ്യമായിട്ടാകും മുൻചക്രങ്ങളില്ലാതെ ഒരു സൈക്കിൾ അവിടെത്തിയത്. പട്ടാളച്ചിട്ടയിൽ തീവ്രമായ ആവേശത്തോടെ, വീര്യത്തോടെ പട്ടാളക്കാർ പരേഡ് ചെയ്യുന്ന ആ നിരത്തിൽ എന്നോട് സൈക്കിളിൽ പ്രകടനം നടത്താൻ ആവശ്യപ്പെട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

പരേഡ് കാണാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എത്തിയവർ ആവേശത്തോടെ ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്ന പശ്ചാത്തലത്തിൽ ത്രിവർണ പതാകയുമേന്തി വീലി സ്റ്റണ്ട് നടത്തിയത് ഏത് റിക്കോർഡ് ബുക്കിലും പേര് പതിയുന്നതിനെക്കാൾ വലിയ നേട്ടം തന്നെ.

ഹൻലേയിലെ മണൽക്കാറ്റ്

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഹൻലെ ഗ്രാമത്തിൽ വച്ച് ഒരു അപകടത്തിൽ പെട്ടു. കനത്ത മണൽക്കാറ്റിൽ ഞാൻ താഴെ വീണു. കണ്ണിലെല്ലാം ഇരുട്ട് കയറി, രക്തസമ്മർദം കുറഞ്ഞു. ചുറ്റുമൊന്നും കാണാൻ സാധിക്കുന്നില്ല. ഏകദേശം 40 കിലോമീറ്റർ ചുറ്റളവിൽ വീടുകളോ താമസക്കാരോ ഒന്നുമില്ലാത്ത പ്രദേശം. ശരീരത്തെ ജലാംശം താഴ്ന്നു പോയിരുന്നു. കൃത്യസമയത്താണ് അതുവഴി ഇന്ത്യൻ ആർമിയുടെ വാഹനമെത്തിയത്. അവർ എന്നെ ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തി പട്ടാള ഹോസ്പിറ്റലിൽ എത്തിച്ചു. വേണ്ട ചികിത്സ നൽകിയ ശേഷമേ എന്നെ പുറത്തു പോകാൻ അനുവദിച്ചുള്ളു.

അതുമാത്രമല്ല, ആ പട്ടാളക്കാരുടെ സഹായമില്ലായിരുന്നെങ്കിൽ ഉമിങ് ലാ എന്ന ചുരം കയറാൻ എനിക്ക് സാധിക്കില്ലായിരുന്നു. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള, ഗതാഗത യോഗ്യമായ പാതയാണ് ഉമിങ് ലാ. സ്വപ്ന സാക്ഷാത്കാരമായിരുന്നു സമുദ്രനിരപ്പിൽ നിന്ന് 19024 അടി ഉയരത്തിലുള്ള ചുരം താണ്ടിയത്.

സോജി ലായും ഖർദുങ് ലായും

മറക്കാനാവാത്ത മറ്റൊരു അനുഭവം സോജിലാ പാസ് കടന്നപ്പോഴായിരുന്നു. കശ്മീരിനെ ല-ലഡാക്ക് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് സോജിലാ. ലോകത്തെ ഏറ്റവും അപകടകരമായ പാതകളിലൊന്ന്. 11649 അടി ഉയരത്തിലൂടെ സഞ്ചരിക്കുമ്പോൾ എന്റെ കയ്യിലെ ഭക്ഷണവും വെള്ളവുമൊക്കെ തീർന്നു. കഠിനാധ്വാനവും ഉയരമേറിയ പ്രദേശവും കഠിനമായ ഭൂപ്രകൃതിയും വിശപ്പും എല്ലാംകൂടി വെല്ലുവിളി ഉയർത്തിയ അവസരത്തിൽ ആ വഴി വന്ന ലോറി ഡ്രൈവർ രക്ഷകനായി മാറി. അദ്ദേഹം പങ്കുവച്ച ഭക്ഷണവും വെള്ളവും എനിക്ക് പുനർജൻമമേകി.

17582 അടി ഉയരത്തിലുള്ള ഖർദുങ് ലാ താണ്ടാൻ രണ്ട് ദിവസം വേണ്ടി വന്നു. മലമടക്കുകളിലെ പാതയിലൂടെ ചവിട്ടിക്കയറി മുകളിലെത്തി ടെന്റടിക്കാൻ ശ്രമിച്ചപ്പോൾ പട്ടാളക്കാർ അനുവദിക്കുന്നില്ല. കഠിനമായ തണുപ്പുള്ള, ഓക്സിജന്റെ കുറവ് അനുഭവപ്പെട്ടേക്കാവുന്ന അവിടെ തങ്ങാൻ അനുവദിക്കില്ലത്രേ... പിന്നെ താഴെയുള്ള ഗ്രാമം ലക്ഷ്യമാക്കി റൈഡ് ചെയ്യേണ്ടി വന്നു. ഭക്ഷണവും വെള്ളവും കയ്യിലുണ്ടായിരുന്നെങ്കിലും ആ റൈഡ് എന്റെ മുൻപിൽ കഠിനമായി മാറിയ അവസ്ഥ!

ഇനി ഇബിസിയിലേക്ക്

ഒരു പകൽ കൊണ്ട് 100 കിലോമീറ്റർ റൈഡ് ചെയ്ത ദിവസവും കേവലം അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ പറ്റിയ ദിവസവും ഈ പര്യടനത്തിൽ ഉണ്ടായിരുന്നു. വഴിനീളെ കൌതുകത്തോടെയും സ്നേഹത്തോടെയും സ്വാഗതം ചെയ്തവർ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു. കടൽക്കാറ്റിന്റെ സംഗീതത്തിൽ തുടങ്ങി മഞ്ഞുമലകളെ തഴുകിയെത്തുന്ന കാറ്റിനെ തൊട്ട് മടങ്ങി സഹ്യപർവതം കടന്നപ്പോൾ മുൻപിലത്തെ ചക്രം ഇല്ലെങ്കിലും മുന്നോട്ട് ഉരുണ്ട സൈക്കിൾ അതിന്റെ വൃത്തം പൂർത്തിയാക്കി.

തിരികെ വീട്ടിൽ വന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തടങ്കലിലായതുപോലെ... വീണ്ടും നിരത്തിലേക്ക് ഇറങ്ങാതെ വയ്യ. അതുകൊണ്ട് പുതിയൊരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു... നേപ്പാളിലെ എവറസ്റ്റ് ബെയ്സ് ക്യാംപ്. പുതിയ വഴി, പുതിയ അനുഭവങ്ങൾ... എന്നാൽ പോകുന്നത് പഴയതുപോലെ മുൻ ചക്രമില്ലാത്ത ഒറ്റ വീൽ സൈക്കിളിൽ തന്നെ.

ADVERTISEMENT