നാൽപത് അടിയോളം ഉയരത്തിൽ രാക്ഷസത്തിരമാലകൾ, അതു സുരക്ഷിതമായി കടന്നുകിട്ടിയാൽ എത്തുന്നതോ ഭൂമിയുടെ അറ്റത്ത്... വിസ്മയിപ്പിക്കുന്ന സഞ്ചാര അനുഭവങ്ങളുമായി ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും പങ്കാളി ഗോപികയും
‘സുന്ദരമായൊരു സ്വപ്നത്തിലേക്കെന്ന പോലെ വിമാനം പറന്നുയർന്നു. താഴെ ഹിമാലയനിരകളുടെ മേൽ സൂര്യപ്രകാശം തട്ടിത്തിളങ്ങുന്ന അവർണനീയ ദൃശ്യം പ്രകടമായി തുടങ്ങിയപ്പോൾ അവളെന്റെ കൈകൾ ചേർത്തുപിടിച്ചു. ആ കണ്ണുകളിൽ മുഴുവൻ ഹിമാലയത്തോളം സ്നേഹം ഞാൻ കണ്ടു. അവിടെ മുതൽ ഞങ്ങൾ ജീവിതം തുടങ്ങുകയായിരുന്നു’... നേപ്പാളിലേക്ക്
‘സുന്ദരമായൊരു സ്വപ്നത്തിലേക്കെന്ന പോലെ വിമാനം പറന്നുയർന്നു. താഴെ ഹിമാലയനിരകളുടെ മേൽ സൂര്യപ്രകാശം തട്ടിത്തിളങ്ങുന്ന അവർണനീയ ദൃശ്യം പ്രകടമായി തുടങ്ങിയപ്പോൾ അവളെന്റെ കൈകൾ ചേർത്തുപിടിച്ചു. ആ കണ്ണുകളിൽ മുഴുവൻ ഹിമാലയത്തോളം സ്നേഹം ഞാൻ കണ്ടു. അവിടെ മുതൽ ഞങ്ങൾ ജീവിതം തുടങ്ങുകയായിരുന്നു’... നേപ്പാളിലേക്ക്
‘സുന്ദരമായൊരു സ്വപ്നത്തിലേക്കെന്ന പോലെ വിമാനം പറന്നുയർന്നു. താഴെ ഹിമാലയനിരകളുടെ മേൽ സൂര്യപ്രകാശം തട്ടിത്തിളങ്ങുന്ന അവർണനീയ ദൃശ്യം പ്രകടമായി തുടങ്ങിയപ്പോൾ അവളെന്റെ കൈകൾ ചേർത്തുപിടിച്ചു. ആ കണ്ണുകളിൽ മുഴുവൻ ഹിമാലയത്തോളം സ്നേഹം ഞാൻ കണ്ടു. അവിടെ മുതൽ ഞങ്ങൾ ജീവിതം തുടങ്ങുകയായിരുന്നു’... നേപ്പാളിലേക്ക്
‘സുന്ദരമായൊരു സ്വപ്നത്തിലേക്കെന്ന പോലെ വിമാനം പറന്നുയർന്നു. താഴെ ഹിമാലയനിരകളുടെ മേൽ സൂര്യപ്രകാശം തട്ടിത്തിളങ്ങുന്ന അവർണനീയ ദൃശ്യം പ്രകടമായി തുടങ്ങിയപ്പോൾ അവളെന്റെ കൈകൾ ചേർത്തുപിടിച്ചു. ആ കണ്ണുകളിൽ മുഴുവൻ ഹിമാലയത്തോളം സ്നേഹം ഞാൻ കണ്ടു. അവിടെ മുതൽ ഞങ്ങൾ ജീവിതം തുടങ്ങുകയായിരുന്നു’... നേപ്പാളിലേക്ക് നടത്തിയ മധുവിധുയാത്ര വിശേഷങ്ങളിൽ തുടങ്ങി ഒരുമിച്ച് നടത്തിയ സഞ്ചാരകഥകളുടെ പ്രണയപ്പൊതി തുറക്കുകയാണ് താരദമ്പതികളായ ജി പി എന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും.
‘ഒരു തരത്തിൽ പറഞ്ഞാൽ ഒരു യാത്രയുണ്ടാക്കിയ വിവാഹമാണ് ഞങ്ങളുടേത്. എന്റെ അച്ഛന്റെ സഹോദരി പത്മജ വേണുഗോപാലും ഗോപികയുടെ അച്ഛന്റെ ചേച്ചി ചന്ദ്രികയും സുഹൃത്തുക്കളാണ്. അവർ പരിചയപ്പെട്ടത് വർഷങ്ങൾക്ക് മുൻപ് നടത്തിയ ചാർധാം യാത്രയിലാണ്. അവരുടെ സംസാരത്തിനിടയിലാണ് ഞങ്ങളുടെ വിവാഹക്കാര്യം ചർച്ചയാകുന്നത്. അങ്ങനെ ഈ രണ്ടുകക്ഷികളുടെയും നിർബന്ധപ്രകാരം ഞങ്ങൾ തമ്മിൽ നേരിട്ട് കാണാൻ തീരുമാനിക്കുന്നു. ഗോപിക ഷൂട്ടുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. ഞാൻ അവിടെപോയി, കപാലീശ്വര ക്ഷേത്രത്തിൽ വച്ചാണ് കണ്ടുസംസാരിക്കുന്നത്. ആ സംസാരത്തിൽ തുടങ്ങി, വേണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ച് അവസാനം ഞങ്ങൾ ഒന്നായി. ജി.പി ആവേശത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. വിവാഹശേഷം കസിൻ അരവിന്ദ് വേണുഗോപാലും ഭാര്യ സ്നേഹയും കൂടി ഞങ്ങൾക്കൊരു സമ്മാനം തന്നു, ഒരു ഇന്റർനാഷനൽ ഹണിമൂൺ ട്രിപ്. എവിടെ പോകണം എന്ന് ഞങ്ങൾക്ക് തീരുമാനിക്കാം. ഗോപികയുടെ ആദ്യത്തെ രാജ്യാന്തരയാത്രയാണ്. അതുകൊണ്ട് തീരുമാനം മോശമാകരുതല്ലോ. അങ്ങനെ ഒരുമിച്ചൊരു തീരുമാനത്തിലെത്തി. ഇന്ത്യയുടെ പ്രിയപ്പെട്ട അയൽപക്കവും ബുദ്ധന്റെ നാടുമായ നേപ്പാൾ!
നേപ്പാളിന്റെ മണ്ണിലെ തിരിച്ചറിവുകൾ
‘ഇനി മുന്നോട്ട് എത്രയൊക്കെ രാജ്യങ്ങൾ പോയാലും എനിക്ക് ഏറെ പ്രിയപ്പെട്ടത് ഞങ്ങളുടെ ആദ്യയാത്രയായ നേപ്പാളാണ്. അതിന്റെ കാരണം ഞങ്ങൾ തമ്മിൽ പരസ്പരം മനസ്സിലാക്കുന്നത് ആ സഞ്ചാരദിനങ്ങളിലാണ്. കാലാവസ്ഥ, പ്രകൃതിഭംഗി, ആത്മീയത, സാഹസികത തുടങ്ങി ഒരു സഞ്ചാരിയ്ക്ക് വേണ്ട ചേരുവകളെല്ലാം ഒന്നു ചേർന്ന നാടാണ് നേപ്പാൾ. പാരാഗ്ലൈഡിങ്, റിവർ റാഫ്റ്റിങ് തുടങ്ങിയവയൊക്കെ പരീക്ഷിച്ചു. കഫേയിലിരുന്ന് പരസ്പരം മനസ്സ് തുറന്നു സംസാരിച്ചു. ഹണിമൂൺ യാത്രയ്ക്കിടെ ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ വാലന്റൈൻസ് ഡേ. അങ്ങനെ അതും സ്പെഷലായി.’ ആദ്യയാത്രയുടെ ഓർമകൾ ത്രില്ലോടെ പങ്കുവയ്ക്കുകയാണ് ഗോപിക. നേപ്പാളിന്റെ ആത്മീയമുഖത്തെ വേറിട്ട രീതിയിൽ അടയാളപ്പെടുത്തുന്ന ഇടമായാണ് ഇരുവരും മനസ്സിലാക്കുന്നത്. അതിന്റെ കാരണം ചോദിച്ചപ്പോൾ പശുപതിനാഥക്ഷേത്രദർശനത്തെ കുറിച്ച് ജി പി പറഞ്ഞു.
‘ ലോകപ്രസിദ്ധമായ പശുപതിനാഥക്ഷേത്രം കാണാതെ നേപ്പാൾ യാത്ര പൂർണമാകില്ലല്ലോ. കുട്ടിക്കാലം മുതലുള്ള ക്ഷേത്രദർശനം എന്നാൽ കുളിച്ച് ശുദ്ധിവരുത്തി പോകുക എന്നതാണല്ലോ മനസ്സിൽ പതിഞ്ഞ ചിന്ത. എന്നാല്‍ ഇവിടം ഇരുവശത്തും ആളിക്കത്തുന്ന ചിതകൾക്കിടയിലൂടെയാണ് ക്ഷേത്രത്തിലേക്ക് കയറുന്നത്. പാതിവെന്ത മനുഷ്യമാംസത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. ഒരു മൃതദേഹം സംസ്കരിച്ചുകൊണ്ടിരിക്കുന്നു. തൊട്ടടുത്ത് ഒരെണ്ണം സംസ്കരിക്കാനായി തയാറാക്കുന്നു, ഈ കാഴ്ച കണ്ടാണ് ക്ഷേത്രത്തിലേക്ക് കയറുന്നത്. തലസ്ഥാനനഗരമായ കാഠ്മണ്ഡുവിലാണ് പശുപതിനാഥക്ഷേത്രം. 1979 ൽ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇവിടം ഇടം നേടി. ഭാഗ്മതിനദിയുടെ തീരത്തെ ക്ഷേത്രത്തിൽ പശുപതിനാഥഭാവത്തിലുള്ള ശിവനാണ് പ്രതിഷ്ഠ. അവിടെ വച്ച് കണ്ട പൂജാരിമാരിലൊരാൾ ക്ഷേത്രത്തെ കുറിച്ച് വാചാലനായി. പതിനാലാം നൂറ്റാണ്ടിലോ മറ്റോ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്രമല്ല പുനർനിർമിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. ഇവിടത്തെ പൗരോഹിത്യം പാരമ്പര്യമല്ല. ശ്രീശങ്കരാചാര്യൻ സ്ഥാപിച്ച ശ്യംഗേരിമഠത്തിൽ നിന്ന് ഋഗ്വേദ പാരായണത്തിൽ പ്രാഗദ്ഭ്യം നേടിയവരിൽ നിന്നാണ് ഭട്ട് പുരോഹിതന്മാരെ തിരഞ്ഞെടുക്കുന്നത്. ഇവിടത്തെ ദൈനംദിന പൂജാകർമ്മങ്ങൾക്കായി രണ്ടുകൂട്ടം പുരോഹിതന്മാരാണ് ഉള്ളത്. ഭട്ട് പുരോഹിതന്മാരെ കൂടാതെ രാജ്ഭണ്ഡാരിമാരുമുണ്ട്. പക്ഷേ, ആചാരപ്രകാരം ഭട്ട് പുരോഹിതന്മാർക്ക് മാത്രമേ ശിവലിംഗത്തെ സ്പർശിക്കാനുള്ള അവകാശമുള്ളൂ. അങ്ങനെ ക്ഷേത്രകഥകൾ അറിഞ്ഞു ഞങ്ങൾ കാഴ്ചകളിലേക്ക് ഇറങ്ങി. വാരാണസിയോട് സാമ്യമുണ്ട് ഇവിടത്തെ കാഴ്ചകൾക്കും ആചാരങ്ങൾക്കും എന്ന് തോന്നി. മനുഷ്യജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഈ സന്ദർശനത്തിലൂടെ മനസ്സിലാക്കി. ഇവിടം വന്നു തൊഴുതാൽ അടുത്ത ജന്മവും മനുഷ്യനായി ജനിക്കും എന്നൊരു വിശ്വാസമുണ്ട്. ഗംഗാആരതിയ്ക്ക് സമാനമായി ഭാഗ്മതി നദിയിൽ ആരതിയുഴിയുന്ന ചടങ്ങും ഇവിടെയുണ്ട്.
ഭൂമിയുടെ അറ്റത്ത്, ഉഷ്വായയിൽ
ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള നഗരമാണ് ഉഷ്വായ. അതെ, ഞങ്ങളെ ഭൂമിയുടെ അറ്റം സ്വാഗതം ചെയ്തിരിക്കുന്നു. അന്റാർട്ടിക്കയിലേക്കുള്ള ക്രൂസ് ട്രിപ് തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഇതുവരെ പോയ ഇടങ്ങളിൽ മനസ്സിൽ കാന്തം പോലെ ഒട്ടിപ്പിടിച്ച ഇടം ഉഷ്വായയാണ്. സ്വർഗതുല്യമായ നാട്. അർജന്റീനയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെൽഫ്യുയെഗോയുടെ തലസ്ഥാനമാണ് ഇവിടം. പർവതങ്ങൾ, കടൽ, ബീഗിൾ ചാനൽ എന്നിവയാൽ സമ്പന്നമായ സ്ഥലം. ഇതിനപ്പുറം അന്റാർട്ടിക്കയാണ്. അങ്ങനെ നോക്കിയാൽ മനുഷ്യവാസമുള്ള അവസാനയിടം എന്നും ഉഷ്വായയെ അടയാളപ്പെടുത്താം.
ഇവിടത്തെ പ്രധാന ആകർഷണം ‘ഭൂമിയുടെ അറ്റത്തേക്ക് പോകുന്ന ട്രെയിൻ ടൂർ’ ആണ്. അവസാനനഗരത്തിലെ അവസാനത്തെ ട്രെയിനിൽ കയറുക എന്ന കൗതുകത്തോടെയാണ് യാത്ര ആരംഭിച്ചത്. പണ്ടുകാലത്ത് ഈ ട്രെയിൻ സർവീസ് കുറ്റവാളികളെ കൊണ്ടുപോകാനായിരുന്നത്രേ ഉപയോഗിച്ചിരുന്നത്. സിനിമയിലെ ഓരോ ഫ്രെയിമും മാറുന്ന പോലെ പ്രതീക്ഷിക്കാത്ത കുറേ സുന്ദരദൃശ്യങ്ങൾ. ട്രെയിൻ യാത്രയ്ക്ക് ശേഷം ഉഷ്വായയിലെ നാഷനൽ പാർക്കിൽ ട്രെക്കിങ്ങിനു പോയി. ശേഷം ബീഗിൾ ചാനലൂടെ നീങ്ങി ലോകത്തിന്റെ അറ്റത്തെ ലൈറ്റ് ഹൗസ് കണ്ടു. ഉഷ്വായ സന്ദർശിച്ച ഓർമ്മയ്ക്കായി പാസ്പോർട്ടിൽ സ്റ്റാമ്പ് പതിച്ചു. ഇവിടുത്തെ പോസ്റ്റ് ഓഫിസിൽ നിന്ന് കത്തയയ്ക്കാനുള്ള അവസരവും ഉണ്ട്. നോർവീജിയൻ സ്റ്റാർ എന്ന ആഢംബര ക്രൂസിലാണ് ഇനിയുള്ള യാത്ര, അന്റാർട്ടിക്കയിലേക്ക്. വലിയൊരു ഐസ് ബർഗില്‍ ഹൃദയത്തിന്റെ ആകൃതിയൊരുക്കി പ്രണയപൂർവം അന്റാർട്ടിക്ക ഞങ്ങള്‍ക്ക് സ്വാഗതമരുളി. അന്റാർട്ടിക്കയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഡ്രേക്ക് പാസേജ് എന്ന ഭീകരത കടക്കണം. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ കടൽപ്പാതകളിലൊന്നാണ് ഡ്രേക്ക് പാസേജ്. ശക്തമായ കാറ്റിൽ 40 അടിയോളം ഉയരത്തിൽ വരെ രാക്ഷസത്തിരമാലകൾ രൂപംകൊള്ളും എന്നതിനാലാണ് ഇവിടം അത്രമേൽ കഠിനമാകുന്നത്. ചില സന്ദർഭത്തിൽ കപ്പൽ ആടിയുലയും. ഞങ്ങൾ കപ്പലിന്റെ ഏറെ മുകളിലെ ഡെക്കിലായതിനാൽ ആ ഭീകരത വലിയ രീതിയിൽ അനുഭവിക്കേണ്ടി വന്നില്ല. കടലിന്റെ സ്വഭാവം പോലെയാണ് അന്റാർട്ടിക്കയിലേക്കുള്ള സഞ്ചാരത്തിന്റെ നീളം. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഉഷ്വായയിൽ നിന്ന് അന്റാർട്ടിക്കയിലെത്താം. പാരഡൈസ് ബേ എന്ന ഇടത്തേക്കാണ് ആദ്യം പോയത്. ക്രൂസിലെ ഹെലിപാഡിൽ നിന്നുകൊണ്ട് പാരഡൈസ് ബേയുടെ സൗന്ദര്യം ആസ്വദിച്ചു. അതിനുശേഷം എലിഫന്റ് ഐലൻഡിൽ പോയി. തണുപ്പ് പോലും വിറയ്ക്കുന്ന തണുപ്പാണ് ചുറ്റിലും...
ഏറെ പ്രിയപ്പെട്ട കൂട്ട്
‘ഞങ്ങളുടെ യാത്രകളെല്ലാം തന്നെ പെട്ടെന്നു സംഭവിക്കുന്നതാണ്. മുൻകൂട്ടി പ്ലാൻ ചെയ്ത് എങ്ങും പോകാറില്ല. രണ്ടുപേരുടെയും പ്രഫഷൻ അങ്ങനെയായതിനാൽ ഒരു മാസം മുൻപ് സഞ്ചാരം പദ്ധതിയിടുകയെന്നത് നടക്കാത്ത കാര്യമാണ്. സമയം കിട്ടുമ്പോഴെല്ലാം എവിടെയെങ്കിലുമൊക്കെ പോകും. ഏതു ട്രിപ്പും സുന്ദരമാക്കുന്നത് ലക്ഷ്യസ്ഥാനമോ കാഴ്ചകളോ അല്ല. മറിച്ച് കൂടെ വരുന്ന ആളുകളാണ്. ഇപ്പോൾ എന്റെ യാത്രകളുടെ പ്രിയപ്പെട്ട കൂട്ട് പ്രിയ പത്നി തന്നെ. യാത്രകളിൽ എന്തെങ്കിലുമൊക്കെ ത്രില്ല് വേണം എന്നാണ് എന്റെ പക്ഷം. ഗോപികയ്ക്ക് പക്ഷേ, ആ ത്രില്ല് ടെൻഷനാണ്. വിമാനത്താവളത്തിൽ നേരത്തെ ഹാജറാകുന്ന ടൈപ്പാണ് കക്ഷി. ഞാനാവട്ടെ അവസാനനിമിഷം ഓടിക്കയറി വന്ന് ഫ്ലൈറ്റ് പോയോ എന്ന് ചോദിക്കുന്ന ആളും.
വിവാഹത്തിന് മുൻപ് കോവിഡ് കാലത്ത് എല്ലാ രാജ്യങ്ങളും അതിർത്തികൾ അടച്ച് വിനോദസഞ്ചാരം നിർത്തിയിരുന്നല്ലോ! ആ സമയത്ത് പട്ടാമ്പിയിലെ വീട്ടിൽ ചടഞ്ഞിരുന്ന് മടുത്ത് എവിടേക്ക് പോകാനാകും എന്ന് നോക്കി, അതാ റഷ്യ സ്വാഗതമരുളുന്നു. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല നേരെ ഡൽഹി അവിടെ നിന്ന് റഷ്യ. ഈ ട്രിപ്പിലെ ഏറ്റവും സാഹസികമായ കാര്യം പട്ടാമ്പി നിന്നും കൊച്ചി വരെ എങ്ങനെ എത്തി എന്നതാണ്. പ്രഫഷന്റെ ഭാഗമായാണ് കൂടുതൽ യാത്രകളും നടത്തിയത്. ചിലത് ബന്ധുക്കൾക്കൊപ്പവും.’ ജിപിയുടെ സംസാരത്തിനിടയിൽ ഗോപിക മറ്റൊരു സന്തോഷം പങ്കുവയ്ക്കാനെത്തി.
‘വിവാഹം കഴിഞ്ഞ ഇക്കാലയളവിൽ നേപ്പാൾ, ഹോങ്കോങ്, മക്കാവു, മലേഷ്യ, യുഎഇ, ഓസ്ട്രേലിയ, യുഎസ്എ, അർജന്റീന, ബ്രസീൽ, അന്റാർട്ടിക്ക, ഫോക്‌ലൻഡ് ദ്വീപ്, പരാഗ്വേ, ഉറുഗ്വേ, ചിലി തുടങ്ങിയിടങ്ങളിലെല്ലാം പോയി. ഒപ്പം എടുത്തുപറയേണ്ട സന്തോഷം, പത്തുവർഷം കാലാവധിയുള്ള യുഎസ് വീസ, അഞ്ചുവർഷം കാലാവധിയുള്ള ബ്രസീൽ വീസ, ഓസ്ട്രേലിയൻ വീസ, യുകെ വീസ, ഗോൾഡൻ വീസ തുടങ്ങിയവ സ്വന്തമാക്കാൻ കഴിഞ്ഞു എന്നതാണ്’.
ഇഗാസുവിനുമേൽ മഴവില്ല്
മനസ്സു കീഴടക്കിയ കാഴ്ചകളെ കുറിച്ചും ഗോപിക വാചാലയായി. ‘ അന്റാർട്ടിക്കയിൽ നിന്ന് ഞങ്ങൾ പോയത് ഫോക്‌ലൻഡ് ദ്വീപിലേക്കാണ്. അധികം സഞ്ചാരികൾ എത്തിപ്പെടാത്തയിടമാണ് ഫോക്‌ലൻഡ്. നോർവീജിയൻ സ്റ്റാർ കപ്പൽ ഫോക്‌ലൻഡ് ദ്വീപുവരെ പോകില്ല. കപ്പലിൽ നിന്ന് ഇറങ്ങി ചെറിയ ബോട്ടുകളിലാണ് ദ്വീപിലേക്കുള്ള യാത്ര. കപ്പലിൽ കരുതിയ ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ദ്വീപിലെത്തിയാൽ പല സ്വഭാവമുള്ള ടൂറിസം ആസ്വദിക്കാൻ അവസരമുണ്ട്. നമുക്ക് സമയാനുസൃതമായി ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം.
ഈ ദ്വീപിൽ ഏകദേശം 3500 ആളുകളേ താമസിക്കുന്നുള്ളൂ. ഞങ്ങളുടെ ഗൈഡ് കം ഡ്രൈവർ ഫ്രാങ്ക് പോകുന്നതിനിടെ ബൂട്ട് ഹിൽ എന്നൊരു സ്ഥലത്ത് വണ്ടി നിർത്തി. ഇവിടെ സന്ദർശിക്കുന്നവർ തങ്ങൾ ഇനിയും വരും എന്ന ആഗ്രഹം ഉറപ്പിക്കാൻ തങ്ങളുടെ ഷൂസുകളിൽ ഒരെണ്ണം അവിടെ ഉപേക്ഷിക്കാറുണ്ടതേ്ര. അങ്ങനെ പലരും ഉപേക്ഷിച്ച ഷൂസുകളുടെ കൂട്ടമാണത്. വലിയ പെൻഗ്വിൻ കോളനിയാണ് ഇവിടത്തെ ഏറ്റവും ആകർഷകമായ ഘടകം.
മറ്റൊന്ന് ബ്രസീലിലെ ഇഗ്വാസു വെള്ളച്ചാട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി അദ്ഭുതങ്ങളിലൊന്നാണ് ഇത്. ഇഗ്വാസു നദി രണ്ടരകിലോമീറ്ററോളം നീളത്തിൽ പിളർന്നിറങ്ങുന്ന 275 വെള്ളച്ചാട്ടങ്ങൾ ചേർന്ന് രൂപംകൊണ്ട വിസ്മയം. ഇതിനുമുകളിൽ സൂര്യപ്രകാശം തട്ടുമ്പോൾ മഴവില്ല് തെളിയും. പലനിറങ്ങൾ ചേർത്ത് ആരോ വരച്ചിട്ട പോലെ. അത്ര സുന്ദരമായൊരു മഴവില്ല് ഞാൻ മുൻപ് കണ്ടിട്ടില്ല. ഇവിടെ 82 മീറ്ററോണം ആഴമുള്ള ഇംഗ്ലിഷ് ലെറ്റർ യു ആകൃതിയിലുള്ള ഒരു ഗർത്തമുണ്ട്. പിശാചിന്റെ വായ എന്നാണ് അവിടം അറിയപ്പെടുന്നത്. ശക്തിയിൽ താഴോട്ട് പതിക്കുന്ന ജലപാതത്തിന്റെ ശബ്ദം ആദ്യം ഭയം ജനിപ്പിക്കുമെങ്കിലും ആരെയും അതിശയിപ്പിക്കും, ഭൂമി ശ്വാസമെടുക്കുന്ന പോലെ...
ഇനിയുള്ള മുന്നോട്ടുള്ള സഞ്ചാരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ രണ്ടുപേരും പരസ്പരം നോക്കി. ചുണ്ടിന്റെ കോണിൽ പ്രണയാതുരമായൊരു പുഞ്ചിരി നിറച്ച് ജി പി പറഞ്ഞു, ഞങ്ങൾ യാത്രകൾ തുടങ്ങിയതല്ലേയുള്ളൂ. മുൻകൂട്ടി യാതൊരു പ്ലാനുമില്ലാതെ അതിങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ആ വാക്കുകളെ അംഗീകരിച്ച പോലെ ഗോപിക കണ്ണിറുക്കി.