അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ

അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ

അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ

അസ്തമയസൂര്യൻ ചക്രവാളത്തെ ഉമ്മ വയ്ക്കുന്ന മൂവന്തികളിലാണ് ലിസ്ബണിലെ തെരുവുകൾക്ക് ജീവൻ വയ്ക്കുന്നത്. സെന്റ് ആന്റണി, സെന്റ് ജോൺ, സെന്റ് പീറ്റർ.. ജൂൺ മാസത്തിലാണ് പോർച്ചുഗൽ ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നത്. ആ ദിനങ്ങളിൽ വഴിയോരങ്ങളിൽ മത്തി വറുത്തുകോരുന്നതിന്റെ വാസന ഉയരുന്നതോടെ തലസ്ഥാന നഗരിയിൽ ആഘോഷാരവം തുടങ്ങുകയായി. ‘ഗ്രിൽഡ് മത്തിയുടെ’ വേവുമണം പോർച്ചുഗലിനെ അവരുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും പോർച്ചുഗലിന്റെ സ്വന്തം പുണ്യാളനിലേക്കും സൗഹൃദം വാസനിക്കുന്ന കൂട്ടായ്മകളിലേക്കും കൂടിയാണ് മടക്കിവിളിക്കുന്നത്. ജൂൺ 12ന് വിശുദ്ധ അന്തോണിയോസ് പുണ്യാളന്റെ ഓർമപ്പെരുന്നാളിന്റെ തലേ ദിവസം ആഘോഷത്തിനു കൊടിയേറുകയായി. ജൂൺ 24, 29 തീയതികളിലായി വി. യോഹന്നാന്റെയും വി. പത്രോസിന്റെയും പെരുന്നാളുകൾ. പള്ളിയുമായി കാര്യമായ അടുപ്പമില്ലാത്ത വിശ്വാസികൾക്കുപോലും ഈ പുണ്യാളന്മാരുടെ പെരുന്നാൾ കൊണ്ടാടാതിരിക്കാൻ കഴിയില്ല. കാരണം ഇത് വിശ്വാസത്തിനപ്പുറം പോർച്ചുഗലിന്റെ സ്വന്തം ആഘോഷം കൂടിയാണ്.

വെയിൽ മായുന്നതോടെ തെരുവിന്റെ ആഘോഷം തുടങ്ങുന്നു. തെരുവിന്റെ മാത്രമല്ല, അത് പോർച്ചുഗല്‍ എന്ന രാജ്യത്തിന്റെ കൂടി ആഘോഷമാണ്. അപരിചിതർപോലും കൈകോർക്കുന്ന അവസരം. ലിസ്ബണിന്റെ സമീപപ്രദേശങ്ങളായ ബൈറോ ആൾതോ (Bairro Alto), ചിയാദോ (Chiado) എന്നിവിടങ്ങളിലേക്കുകൂടി ഈ സൗഹൃദ കൂട്ടായ്മകൾ നീളുന്നു. വർണവിതാനങ്ങൾക്കു താഴെ പാട്ടും നൃത്തവുമായി അവർ അണിചേരുന്നു. ചുണ്ടിൽ ഈണങ്ങളും ചുവടിൽ നൃത്തവുമായി അവർ ഉല്ലസിക്കുന്നു. ആഘോഷത്തിനു വീര്യം ഇരട്ടിയാക്കി വീഞ്ഞും സൗഹൃദവും ഇഴചേരുന്ന സായാഹ്നനേരങ്ങൾ.. ഉച്ചത്തിലുള്ള വർത്തമാനങ്ങൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മത്തുപിടിപ്പിച്ച് വറുത്ത മത്തിയുടെ മണം വായുവിൽ കലരും..അന്നേ ദിവസം ഒരു ഗ്ലാസ് ചിൽഡ് ബിയറുമായി ലിസ്ബണിന്റെ ആഘോഷതെരുവുകളിലൂടെയുള്ള സർക്കീട്ട് മാസ്മരിക അനുഭവമായി മാറുന്നത് ഇതുകൊണ്ടൊക്കെയാണ്...

ആഘോഷത്തിനൊപ്പം മത്തി വേവുന്ന തെരുവ്
ADVERTISEMENT

പുണ്യാളൻ കഥ പറയുന്നു

ലിസ്ബണിന്റെ കാവൽചൈതന്യം കൂടിയായ സാന്തോ അന്തോണിയോ (Santo António de Lisboa അഥവാ Santo António de Pádua) പുണ്യാളന്റെ ചരിത്രം തുടങ്ങുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ലിസ്ബണിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സാക്ഷ്യം കൂടിയാണ്. അദ്ദേഹത്തിന്റെ ഓർമപ്പെരുന്നാളിന് മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമപ്പുറം ജനകീയമുഖം കൈവന്നിരിക്കുന്നു. വർണങ്ങളും വെളിച്ചവിതാനവും നൃത്തവും സംഗീതവുമായി ലിസ്ബൺ ഉണരുന്ന ദിനങ്ങളാണവ.

ADVERTISEMENT

നഗരം ചുറ്റിയുള്ള ഘോഷയാത്രയാണ് ആഘോഷത്തിൽ ഏറ്റവും പ്രധാനം. പുണ്യാളന്റെ രൂപങ്ങളും നക്ഷത്രവിളക്കുകളും വർണപ്പട്ടങ്ങളും മെഴുകുതിരി നാളങ്ങളും പാട്ടും ചുവടുമായി ആളുകൾ തടിച്ചുകൂടുന്ന ഘോഷയാത്രയിൽ നഗരം ഉന്മാദത്തിന്റെയും ഉല്ലാസത്തിന്റെയും ഒറ്റവരിപ്പുഴയായി ചേർന്നൊഴുകുന്നു. നഗരത്തിലെ ഏറ്റവും വലിയ ആഘോഷമായി ഇത് മാറിക്കഴിഞ്ഞു. പ്രാർഥനയുടെയും വിശ്വാസത്തിന്റെയും നിശ്ശബ്ദതയിലേക്ക് ആഘോഷാരവങ്ങളും രുചിമേളവും കൂടി ഇഴചേരുന്ന അപൂർവത അങ്ങനെ ലിസ്ബണിന് സ്വന്തമാകുന്നു. .

പെരുന്നാൾ ആഘോഷത്തിനു ഒരുങ്ങിയ തെരുവുകൾ

മത്തി മണക്കുന്ന മൂവന്തികൾ

ADVERTISEMENT

ജൂൺ 12, 13 എന്നിവ ലിസ്ബണിലെ തെരുവുകളിൽ മത്തി മണക്കുന്ന ദിനങ്ങൾ കൂടിയാണ്. ഇവിടെ അന്തോണീസ് പുണ്യാളന്റെ പെരുന്നാളിന്റെ വിശിഷ്ട വിഭവം മത്തി തന്നെ. നല്ല പെടപെടയ്ക്കണ മത്തി സുലഭമായി ലഭിക്കുന്ന സമയമാണ് ഇവിടെ ജൂൺമാസം. പോർച്ചുഗലിന്റെ മത്തിച്ചാകരക്കാലം.

അന്തോണീസ് പുണ്യാളന്റെ ഓർമദിവസത്തിനു തലേന്ന് തന്നെ ആഘോഷം തുടങ്ങും. പിറ്റേന്നുവരെ പിന്നെ പോർച്ചുഗലിന്റെ മനസ്സ് മത്തിമയം. ലിസ്ബണിലെ ഏറ്റവും പ്രധാന ഭക്ഷ്യവിഭവങ്ങളിലൊന്നാണ് മത്തി. അന്തോണീസ് പുണ്യാളന്റെ മത്തിപ്രിയം സൂചിപ്പിക്കുന്ന പഴങ്കഥകളും ഈ നാട്ടിൽ പ്രചാരത്തിലുണ്ട്.

സാന്തോ അന്തോണിയോ‌ ദേവാലയം

പ്രണയികളുടെ മധ്യസ്ഥൻ എന്ന വിശേഷണവും വി. അന്തോണീസ് പുണ്യാളനുണ്ട്. അതുകൊണ്ടാണ് പ്രണയം തേടുന്നവർ പ്രാർഥനയും നേർച്ചകാഴ്ചകളുമായി പുണ്യാളനെ സമീപിക്കുന്നത്. പോർച്ചുഗലിൽ പ്രണയത്തിന്റെ സൂചകമായി കരുതുന്ന ബേസിൽ ചെടികളിൽ വസന്തം മൊട്ടിടുന്ന കാലംകൂടിയാണിത്. മനംമയക്കുന്ന വാസനയുള്ള ഈ പുഷ്പമാണ് ഇവിടെ പ്രണയികൾ പരസ്പരം സമ്മാനിക്കുന്നത്. പരസ്പരം ഹൃദയം കൈമാറുന്ന ആ സുന്ദരനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ചെറിയ മൺകുടത്തിൽ നട്ടുവളർത്തിയ ബേസിൽചെടിയും ഒരു കടലാസുപൂവും പ്രണയം കൊണ്ടെഴുതിയ കവിതയും.. ആഹാ! ലിസ്ബൺ പ്രണയിക്കുന്നത് എത്ര ഹൃദ്യമായാണ്.

ഇവിടെ സമൂഹവിവാഹത്തിന്റെകൂടി സുദിനമാണ് ജൂൺ 12. പുണ്യാളന്റെ വധുവെന്നാണ് ഈ ദിനം വിവാഹിതരാകുന്ന പെൺകുട്ടികളെ വിശേഷിപ്പിക്കുക. ലിസ്ബണിലെ ഏറ്റവും പുരാതനമായൊരു കത്തീഡ്രലിലെ പള്ളിമേടയിൽ യുവദമ്പതികൾ അന്നേദിവസം ഒരുമിച്ചുള്ളൊരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു, പുണ്യാളന്റെ അനുഗ്രഹാശ്ശിസ്സുകളോടെ...

സമൂഹ വിവാഹത്തിലെ വധൂവരൻമാർ

മതിമറക്കുന്ന ഉന്മാദരാത്രി

വൈകുന്നേരമാകുമ്പോഴേക്കും ലിസ്ബണിലെ ആഘോഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും. പുണ്യാളന്റെ രാത്രിയാണന്ന്. സർവം മറന്ന് പോർച്ചുഗീസുകാർ ആഘോഷിക്കുന്ന രാത്രി. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തോളോടു തോൾ ചേർന്ന് മതിമറക്കുന്ന രാത്രി. വിനോദസഞ്ചാരികളായെത്തുന്നവർക്കും ഈ ആഘോഷത്തിൽ പങ്കുചേരാം. പരമ്പരാഗത നഗരമായ അൽഫാമ മുതൽ ഏറ്റവും യുവത്വമാർന്ന നഗരമായ ബൈറോ ആൾതോ വരെ ഒരേ വൈബ് പടരുന്ന രാത്രിയാണത്. നഗരത്തെ പൊതിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ച കണ്ടാൽ നക്ഷത്രങ്ങൾ ഭൂമിയിലേക്കു വന്നെന്നുപോലും തോന്നിപ്പോകും.

പ്രാർഥനാ നിർഭരമായ പ്രദക്ഷിണങ്ങൾ, മഹത്തായൊരു കാർണിവലിനെ ഓർമിപ്പിക്കുന്ന ഘോഷയാത്രകൾ, പ്രണയാർദ്രമായ സമൂഹവിവാഹങ്ങൾ, സൗഹൃദക്കൂട്ടായ്മകൾ, കൊതിപ്പിക്കുന്ന രുചിവിഭവങ്ങൾ നിറയുന്ന തീൻമേശകൾ, ആൾക്കൂട്ടം ഇരമ്പിയാർക്കുന്ന ഇടവഴികൾ, മത്തിക്കടകൾക്കു മുന്നിലെ നീണ്ട വരികൾ, ലഹരിയുടെ മധുചഷകങ്ങളൊഴിയാത്ത ഉന്മാദനേരങ്ങൾ, നൃത്തമേളങ്ങൾ, സംഗീതാലാപനങ്ങൾ ഫെസ്റ്റാസ് ഡി സാന്തോ അന്തോണിയോ ദിവസം ലിസ്ബണിന്റെ നെഞ്ചിടിപ്പുയരാൻ ഇതിൽപരം മറ്റെന്തുവേണം..പുണ്യാളന്റെ പെരുന്നാൾദിനം സെന്റ് ആന്റണി പള്ളികൾ സ്ഥിതി ചെയ്യുന്ന അൽഫാമ, ക്യാസ്തെലോ എന്നിവിടങ്ങളിലൂടെയുള്ള നടത്തം ഏതൊരു സഞ്ചാരിയുടെയും മനസ്സിനുള്ളിൽ മറ്റൊരു പെരുന്നാളിന്റെ പെരുമ്പറ മുഴക്കും.

പുതുമയിലേക്കൊരു സ്വയംസ്നാനം

അന്തോണീസ് പുണ്യാളന്റെ തിരുസ്വരൂപം സുഗന്ധ തൈലങ്ങളാൽ അഭിഷേകം ചെയ്യുന്ന ചടങ്ങോടുകൂടിയാണ് ആഘോഷത്തിന്റെ ഭക്തിസാന്ദ്രമായ സമാപനം. പുതിയൊരു ജീവിതത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള നഗരത്തിന്റെ സ്നാനപ്പെടൽകൂടിയാണ് ഈ ചടങ്ങ്. ഓരോ ലിസ്ബൺകാരനും പുതിയ പ്രതീക്ഷയിലേക്കും വെണ്മയിലേക്കും സ്വയം പുതുക്കുന്ന നിമിഷമായാണ് ഈ ചടങ്ങിനെ ഉൾക്കൊള്ളുന്നത്. ആഘോഷവും ആചാരവും സമന്വയിക്കുന്ന ഇത്തരം അപൂർവതയാണ് ലിസ്ബണിലെ പെരുന്നാളിനെ മറ്റു പ്രദേശങ്ങളിലെ ആഘോഷങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ജീവിതത്തെ അതിന്റെ മുഴുവൻ ഊർജത്തോടെയും സ്വീകരിക്കുകയെന്ന സന്ദേശംകൂടി ഈ ആഘോഷം വിളംബരം ചെയ്യുന്നുണ്ട്. കലണ്ടറിലല്ല, ഓരോ ലിസ്ബൺകാരന്റെയും നെഞ്ചിലാണ് അന്തോണീസ് പുണ്യാളന്റെ പെരുന്നാളിന് കൊടികയറുന്നത്. ആഘോഷരാവ് താളമേളങ്ങളൊഴിഞ്ഞ്, വാദ്യവൃന്ദങ്ങൾ പാടിത്തീർന്ന്, ലഹരിയുടെ വീര്യമൊഴിഞ്ഞ് പുതിയൊരു പുലരിയിലേക്ക് കൺതുറക്കുമ്പോൾ ലിസ്ബൺ അടുത്ത പെരുന്നാൾക്കാലത്തേക്കുള്ള കാത്തിരിപ്പു വീണ്ടും തുടങ്ങുകയായി..

ADVERTISEMENT