‘യത്തീമാക്കിയത് ആ വിധി... പാലു വിറ്റു കിട്ടുന്ന വരുമാനമായിരുന്നു അന്നത്തെ ജീവിതമാർഗം’: ഷെരീഫ്... ആത്താസിലെ പാട്ടുകാരൻ
കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ ‘ഖത്തീബ് ഇക്കാന്റവിട’ എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്. വല്യുപ്പാന്റെ കാലശേഷം
കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ ‘ഖത്തീബ് ഇക്കാന്റവിട’ എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്. വല്യുപ്പാന്റെ കാലശേഷം
കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ ‘ഖത്തീബ് ഇക്കാന്റവിട’ എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്. വല്യുപ്പാന്റെ കാലശേഷം
കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ ‘ഖത്തീബ് ഇക്കാന്റവിട’ എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്.
വല്യുപ്പാന്റെ കാലശേഷം ഞങ്ങളുടെ കുടുംബം സാമ്പത്തികമായി ക്ഷയിച്ചു പോയി. ഒരുപാട് അംഗങ്ങളുള്ള പഴയ കൂട്ടുകുടുംബം. പുറത്തുനിന്നു നോക്കുമ്പോൾ മണിമാളിക പോലെയുള്ള വീട്. മൂന്നാലു അടുക്കളയുണ്ട്. പക്ഷേ, മിക്ക അടുക്കളകളിലും തീ പുകയുന്നുണ്ടാകില്ല.
അതൊന്നും പുറത്ത് അറിയില്ല. ആരും അറിയിക്കാറില്ല. ആ വീട്ടിൽ ഉള്ളവ ർ പോലും അതൊന്നും പരസ്പരം പറയാറില്ല.
എന്റെ ബാപ്പ മൂസക്കുട്ടി സിംഗപ്പൂർ പൗരത്വമുള്ള ആളായിരുന്നു. ലീവിനു നാട്ടിൽ വന്ന സമയത്താണു ഹൃദ്‌രോഗം മൂലം മരി ക്കുന്നത്. അന്നു 35 വയസ്സായിരുന്നു ബാപ്പയുടെ പ്രായം.
ബാപ്പയ്ക്കു പാട്ട് വലിയ ഇഷ്ടമായിരുന്നു. അവധിക്ക് നാട്ടിൽ വരുമ്പോൾ ധാരാളം പാട്ടു കസറ്റുകൾ കൊ ണ്ടുവരുമായിരുന്നു.
മൂത്ത ജ്യേഷ്ഠനു മുഹമ്മദ് റഫി എ ന്നു പേരിടുമ്പോൾ ആ പാട്ടിഷ്ടമാണു പുറത്തു വന്നത്. ജ്യേഷ്ഠൻ നന്നായി പാടും. അദ്ദേഹം പാടുന്നതു കേട്ടാണു ഞാനും പാടാൻ തുടങ്ങിയത്. പക്ഷേ, പാട്ടുകാരനായി അറിയപ്പെട്ടതു ഞാനാണെന്നു മാത്രം.
ഉമ്മയും ബാപ്പയും
ബാപ്പയെ നഷ്ടപ്പെട്ട കുട്ടികൾ എന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിപ്പിക്കാത്ത നിലയിലായിരുന്നു ഉമ്മ ഞങ്ങളെ വളർത്തിയത്. ഉമ്മ വളരെ നിഷ്കളങ്കയായ സ്ത്രീയായിരുന്നു. വീട്ടിൽ ആരു വന്നാലും ഭക്ഷണമുണ്ടെങ്കിൽ കൊടുത്തിരിക്കും. അത്രയ്ക്കും അനുകമ്പയുണ്ടായിരുന്നു ഉമ്മയ്ക്ക്. വിശപ്പ് എന്താണെന്നു നന്നായി അറിയാമായിരുന്നു.
അഫ്സത്ത് എന്നായിരുന്നു ഉമ്മയുടെ പേര്. പക്ഷേ, എല്ലാവരും ആത്താ എന്നാണു വിളിച്ചിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ ഉമ്മയെ വിളിച്ചു. ഞങ്ങൾ മൂന്നു മക്കളാണ്. ബാപ്പ മരിക്കുമ്പോൾ ഉമ്മയ്ക്ക് പ്രായം 29. മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് റഫി ഒൻപതാം ക്ലാസ്സിൽ . ഞാൻ നാലാം ക്ലാസ്സിൽ. എനിക്കൊരു സഹോദരിയുണ്ട്. സഹീറ ബാനു. അവളെ അന്നു സ്കൂളിൽ േചർത്തിട്ടില്ല.
ബാപ്പയുടെ വിയോഗത്തോടെ ഞങ്ങൾ സാമ്പത്തികമായി യത്തീമുകളായി. ആട് വളർത്തി അതിന്റെ പാലു വിറ്റു കിട്ടുന്ന വരുമാനമായിരുന്നു ഞങ്ങളുടെ ജീവിതമാർഗം. ആർഭാടങ്ങളൊന്നും ഇല്ലാത്ത കുട്ടിക്കാലമായിരുന്നു. എങ്കിലും അധികം വിശപ്പറിയിക്കാതെ ഉമ്മ ഞങ്ങളെ വളർത്തി. പക്ഷേ, പല ദിവസവും ഉമ്മ പട്ടിണിയായിരുന്നു എന്നു ഞങ്ങൾ അറിഞ്ഞുമില്ല.
കൂട്ടുകുടുംബമാണെന്നു പറഞ്ഞല്ലോ. പണത്തിനേ ദാരിദ്ര്യം ഉണ്ടായിരുന്നുള്ളൂ. പാട്ടിനു യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. ഹിന്ദി പാട്ടുകളുടെ ലോകമായിരുന്നു ഞങ്ങളുടെ തറവാടായ പുത്തലോൻ ഹൗസ്. റഫി സാഹിബ്, കിഷോർകുമാർ, മന്നാഡെ, ഗുലാം അലി എന്നിവരുടെ കസറ്റുകൾ. പിന്നെ, ബാബുക്കയുടെ പാട്ടുകൾ. അങ്ങനെ ഹിന്ദുസ്ഥാനി മയമായിരുന്നു വീട്. വലിയ കാരണവന്മാരൊക്കെ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരായിരുന്നു. തബലിസ്റ്റ് നാസർ, ഹാർമോണിസ്റ്റ് ഹമീദ് ഇവരൊക്കെ എന്റെ കാരണവന്മാരാണ്. ഇവരുടെയൊക്കെ സാന്നിധ്യം എന്റെ സംഗീതജീവിതത്തിനു കൂടുതൽ ശാസ്ത്രീയതയും ആഴവും നൽകി.
മകൻ നല്ല പാട്ടുകാരനായി അറിയപ്പെടണം എന്ന് ഉമ്മ ആഗ്രഹിച്ചില്ല. കുട്ടിക്കാലത്ത് ഉമ്മയോടു ചോദിക്കും; ‘ഞാ ൻ ആരായി കാണാനാണ് ഉമ്മ ആഗ്രഹിക്കുന്നത്? ഉമ്മ പറയും; ‘ആരുമായില്ലെങ്കിലും നീ നല്ല മനുഷ്യനാകണം.’
തറവാട്ടിൽ നിന്നു പിരിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒന്നുമുണ്ടായിരുന്നില്ല. പിന്നീടു വാടകവീട്ടിലാണു താമസിച്ചത്. അവിെട താമസിക്കുമ്പോഴുള്ള അരക്ഷിതാവസ്ഥ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
ചുറ്റും കാണുന്നതൊന്നും നമ്മുടേതല്ല എന്ന തോന്നൽ. മുറ്റത്ത് ഒരു പൂവ് വിരിഞ്ഞാൽ പോലും അതു മറ്റാരുടേതോ ആണെന്ന ചിന്ത. ആ സമയത്ത് എങ്ങനെയെങ്കിലും കുറച്ചു സ്ഥലം വാങ്ങുക ഉമ്മയ്ക്കു വേണ്ടി ഒരു ചെറിയ വീട് വയ്ക്കുക എന്നതായിരുന്നു ആഗ്രഹം. അതിനുവേണ്ടി കഠിനമായി അധ്വാനിച്ചു. കോളജിൽ പഠിക്കുമ്പോൾ തന്നെ മ്യൂസിക് ട്രൂപ്പ് ഉണ്ടാക്കി പുറത്തു പാടാൻ പോയി.
പിന്നെ, ഗാനമേളകളിൽ പാടാൻ പോകും. രാവിലെ ക ല്യാണവീടുകളിൽ പോയി പാടും. രാത്രി അമ്പലങ്ങളിൽ പോയി പാടും. മലയാളസിനിമാഗാനങ്ങളായിരുന്നു കൂടു തലായി പാടിയിരുന്നത്. പിന്നീടാണ് മാപ്പിളപ്പാട്ടിലേക്കു വ രുന്നത്. പാടിക്കിട്ടിയ പൈസ കൊണ്ടു പയ്യാമ്പലത്ത് ഒരു തുണ്ടു ഭൂമി വാങ്ങി, ചെറിയ വീടു വച്ചു. ആത്താ എന്നാണല്ലോ ഉമ്മയുടെ വിളിപ്പേര്. അങ്ങനെ ഉമ്മയ്ക്കുള്ള വീട് എന്ന അർഥത്തിൽ ‘ആത്താസ്’ എന്നു പേരിട്ടു. എന്റെ സ ഹോദരിയും കുടുംബവുമാണ് ഇപ്പോൾ അവിടെ താമസം.
കരുണാ സാഗരമേ...കരീമേ
എന്റെ പാട്ടുജീവിതം തുടങ്ങുന്നത് മദ്രസയിൽ നിന്നാണെന്നു പറയാം. ഞങ്ങളുടെ ഉസ്താദ് അസീസ് പുതിയങ്ങാടി. അന്ന് അറിയപ്പെടുന്ന ഗായകനും ഗാനരചയിതാവുമാണ്. അദ്ദേഹമാണ് ആദ്യമായി ഒരു പാട്ടു പഠിപ്പിക്കുന്നത്;
‘കരുണാസാഗരമേ... കരീമേ... കനിയേണമേ...’ എന്ന അദ്ദേഹം എഴുതിയ ചിട്ടപ്പെടുത്തിയ പാട്ടാണു പഠിപ്പിച്ചത്. അതു പിന്നെ, പലയിടത്തും പാടി ഞാൻ കുറേ സമ്മാനങ്ങൾ നേടി. സംഗീതാധ്യാപികയായ വിശാലാക്ഷി ടീച്ചറെ കണ്ടെത്തിയതാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിലെത്തിയ ടീച്ചർ ചോദിച്ചു. ‘ഈ ക്ലാസ്സിൽ ഏറ്റവും നന്നായി പാടുന്ന കുട്ടി’ ആരാണെന്ന്. ‘ഷെരീഫ് പാടും’ എന്ന് എല്ലാവരും പറഞ്ഞു. എനിക്കാണെങ്കിൽ നാണം കൊണ്ടു പാടാനും പറ്റുന്നില്ല. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി പാടി. അതു കഴിഞ്ഞതും ടീച്ചർ വന്നെന്നെ കെട്ടിപ്പിടിച്ചു. അതൊരു ഏറ്റെടുക്കലായിരുന്നെന്ന് അന്നു ഞാനറിഞ്ഞില്ല പിന്നീട് എനിക്കു മനസ്സിലായി ടീച്ചർ എനിക്ക് ഒരു ജീവിതവഴി തെളിച്ചുതരുകയായിരുന്നു എന്ന്.
ഒരുദിവസം വിശാലാക്ഷി ടീച്ചർ വീട്ടിൽ വന്ന് ഉമ്മയോടു പറഞ്ഞു; ‘ഷെരീഫ് നല്ല സംഗീതജ്ഞാനമുള്ള കുട്ടിയാണ്. അവനെ സംഗീതം പഠിപ്പിക്കണം.’ ഉമ്മയ്ക്കു സമ്മതമായിരുന്നു. ‘അതിനെന്താ അവന് ഇഷ്ടമാണെങ്കിൽ അവൻ പഠിക്കട്ടെ. ടീച്ചർ അവന്റെ നല്ലതിനുവേണ്ടിയല്ലേ പറയൂ...’ ഉമ്മയുടെ വാക്കുകൾ. അങ്ങനെ പ്രീഡിഗ്രി വരെ ടീച്ചറുടെയടുത്തു സംഗീതം പഠിച്ചു.
ടീച്ചർ എന്നോടു രണ്ടുകാര്യങ്ങളേ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടിട്ടുള്ളൂ; ഒന്നു സംഗീതം ദൈവത്തിന്റെ വരദാനമാണെന്നു കരുതി സ്വീകരിക്കുക. രണ്ടാമതായി സംഗീതത്തെ തെറ്റായ ഒരു കാര്യത്തിനുവേണ്ടിയും ഉപയോഗിക്കാതിരിക്കുക. അതു ഞാൻ ഇന്നും പാലിക്കുന്നു. അതുതന്നെയാണ് എന്റെ ഗുരുദക്ഷിണ.
പ്രീഡിഗ്രികാലം മുതലേ ഞാൻ പ്രഫഷനൽ ഗായകനാണ്. അതുകൊണ്ട് ഏതു പാട്ടു പാടാൻ പറഞ്ഞാലും വിഷമമില്ല. കാരണം ഒരുപാടു തവണ പാടിപ്പഠിച്ച പാട്ടുകളാണ് മിക്കതും. ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ ആൾക്കാർ വിളിച്ചു പറയും; ‘ഇന്ന പാട്ട് പാടണം.’ ഞാൻ അവരോടു പറയും. ‘ഓർമയിൽ നിന്നാണു പാടുന്നത്. ചിലപ്പോൾ തെറ്റിപ്പോകും ക്ഷമിക്കണം. മനുഷ്യനല്ലേ തെറ്റിപ്പോകാം.’ അവർക്ക് അതുമതി. പിന്നെ, പാട്ടു തെറ്റിയാലൊന്നും പ്രശ്നമില്ല. ദൈവം സഹായിച്ചു വലിയ െതറ്റുകളൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.
സംഗീതയാത്രയിൽ കടപ്പെട്ടിരിക്കുന്ന മറ്റൊരാൾ എം. എൻ. രാജീവ് മാഷാണ്. കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന സമയത്താണ് അദ്ദേഹത്തെ കാണുന്നത്. പിന്നെ, അദ്ദേഹത്തിന്റെ കീഴിൽ സംഗീത പഠനം തുടർന്നു.
എന്റെ സംഗീതജീവിതത്തിനു നാലു തൂണുകൾ ഉണ്ട്. മദ്രസയിൽ വച്ച് ആദ്യമായി പാട്ടു പഠിപ്പിച്ചു തന്ന അസീസ് പുതിയങ്ങാടി. പിന്നെ, പാട്ടു പഠിപ്പിച്ച വിശാലാക്ഷി ടീച്ചർ. ശാസ്ത്രീയസംഗീതം പഠിപ്പിച്ച എം.എൻ. രാജീവ് മാഷ്. പിന്നെ, ചാനലുകളിൽ റിയാലിറ്റി ഷോയിലേക്ക് എന്നെ ക്ഷണിക്കുകയും കൂടുതൽ അവസരങ്ങൾ തരുകയും െചയ്ത സർഗോ വിജയരാജ്. കഴിഞ്ഞ പത്തുവർഷത്തിലേറെയായി അദ്ദേഹത്തിന്റെ കരുതൽ എനിക്കു മേലുണ്ട്.
സംഗീതയാത്രയിൽ എനിക്കു കൂട്ടായി ഫാസിലയുണ്ട്. രണ്ടുമക്കളാണു ഞങ്ങൾക്ക്. മൂത്തമകൾ ഷിഫ മംഗലാപുരത്ത് ഓഡിയോളജി സ്പീച്ച് തെറപ്പി പഠിക്കുന്നു. ഇളയ മകൻ ഷിബിൽ. പത്താംക്ലാസ് വിദ്യാർഥിയാണ്.
ഈദ് ഗാഹിന്റെ ഈണങ്ങൾ
പെരുന്നാൾ ദിവസം ഉച്ചഭക്ഷണം കഴിയുമ്പോൾ മുതൽ സംഗീത സദസ്സിനുള്ള ഒരുക്കം തുടങ്ങും. തറവാട്ടിലെ പാട്ടുകാരും കൊട്ടുകാരും എല്ലാം ഒത്തുകൂടും. പ്രധാന പാട്ടുകാരിൽ ഒരാൾ ഞാനാണ്. ആ പാട്ടുസംഗമം രാത്രിയോളം നീളും. മുതിർന്നപ്പോൾ പെരുന്നാൾ കഥ പിന്നെയും മാറി. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മൂന്നോ നാലോ പെരുന്നാളേ കുടുംബത്തോടൊപ്പം ആഘോഷിച്ചിട്ടുള്ളൂ. ബാക്കി പെരുന്നാളുകളൊക്കെ ഗൾഫിലെ പ്രവാസി സഹോദരങ്ങളോടൊപ്പമായിരുന്നു.
ഒരുപക്ഷേ, ഗൾഫിൽ ഏറ്റവും കൂടുതൽ സംഗീതപരിപാടി അവതരിപ്പിച്ചതു ഞാനാകാം. പഴയ മാപ്പിളപ്പാട്ടുകൾ പാടിയാണു ഞാൻ റിക്കോർഡിങ്ങിൽ വരുന്നത്. മൂസ എരഞ്ഞോളി പാടിയ ‘മിസ്റിയിലെ രാജൻ’ എന്ന മാപ്പിളപ്പാട്ട് ഞാൻ വീണ്ടും കസറ്റിനുവേണ്ടി പാടി. കണ്ണൂർ നൗഷാദ് ആണ് ആ പാട്ടു പാടാനുള്ള അവസരം തരുന്നത്. തനിമ എന്ന കസറ്റായിരുന്നു അത്. പിന്നീടാണ് ‘ദറജപ്പൂ മോളല്ലേ...’ എന്ന പാട്ടു പാടാനുള്ള അവസരം കിട്ടുന്നത്. ഈ മാപ്പിളപ്പാട്ടും ഹിറ്റായി. അതോടെ തിരക്കായി.
എണ്ണായിരത്തോളം പാട്ടുകൾ ഇതുവരെയായി ഞാൻ പാടി. സിനിമയ്ക്കുവേണ്ടി ആദ്യം പാടിയത് ഒരു അയ്യപ്പഭക്തിഗാനമാണ്. ‘ഗോഡ് ഫോർ സെയിൽ’ എന്ന സിനിമയിൽ – ‘നീലക്കാടിനു മുകളിലായ്...’ എന്നു തുടങ്ങുന്ന ഗാനം. ജയവിജയന്മാരിലെ ജയൻ മാഷിനൊപ്പമാണ് ആ പാട്ട് പാടിയത്.
കരിയറിൽ ഇടയ്ക്ക് ചില വിമർശനങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ഉമ്മയുടെ വാക്കുകൾ ഓർക്കും. ‘ഈ ലോകത്ത് എല്ലാവരെയും എല്ലാവർക്കും ഇഷ്ടമല്ല. നമ്മളെ ഇഷ്ടപ്പെടാത്ത ഒരുപാടുേപരുണ്ടാകും. നമുക്ക് ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. രണ്ടുകൂട്ടരെയും ഒഴിവാക്കി മുന്നോട്ടു പോകണം.’ അത് ജീവിതത്തിൽ അതേ പോലെ പ്രാവർത്തികമാക്കി. കിട്ടിയതിലൊക്കെ ഞാൻ അതീവ സന്തോഷവാനാണ്.
ഇപ്പോൾ എവിടെ ചെന്നാലും ആൾക്കാർ തിരിച്ചറിയുന്നു; രണ്ടുവരി പാടാമോ എന്നു ചോദിക്കുന്നു. പരമകാരുണികനായ ദൈവമേ, പാട്ടുകാരന്റെ ജന്മം തന്നതിന് അങ്ങേയ്ക്കു നന്ദി.
വി. ആർ. ജ്യോതിഷ്
ഫോട്ടോ: സമീർ എ. ഹമീദ്