‘അമ്പലമല്ലേ മാമാ... ഇവിടെ മൂത്രമൊഴിച്ചതു ശരിയാണോ?’ കുഞ്ഞു ജീവനെടുത്ത ക്രൂരതയ്ക്ക് ജീവപര്യന്തം
Justice for adisekhar
ആദിശേഖർ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചതു ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും ഐ.ബി.ഷീബയുടെയും
ആദിശേഖർ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചതു ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും ഐ.ബി.ഷീബയുടെയും
ആദിശേഖർ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചതു ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും ഐ.ബി.ഷീബയുടെയും
ആദിശേഖർ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ
ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചതു ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും ഐ.ബി.ഷീബയുടെയും മകൻ ആദിശേഖറിനെ (15) കൊലപ്പെടുത്തിയ കേസിലാണ് ബന്ധു കൂടിയായ പുളിങ്കോട് ഭൂമികയിൽ പ്രിയരഞ്ജന് (44) തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി (6) ജഡ്ജി കെ.വിഷ്ണു ശിക്ഷ വിധിച്ചത്. അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമാണെന്നു ഉറപ്പിക്കാൻ നിർണായക തെളിവായത് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ്. തുറന്ന കോടതിയിൽ ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു. 2023 ഓഗസ്റ്റ് 30 ന് വൈകിട്ട് 5.25 ന് പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലെ റോഡിലായിരുന്നു സംഭവം.
ക്ഷേത്ര മൈതാനത്തെ ഫുട്ബോൾ കളി കഴിഞ്ഞ് സുഹൃത്തിനൊപ്പം ആദിശേഖർ സൈക്കിളിൽ കയറാനൊരുങ്ങുമ്പോൾ, അര മണിക്കൂറോളം കാത്തുകിടന്ന പ്രതി കാർ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയും ചെയ്തു. ആദിശേഖറിനൊപ്പമുണ്ടായിരുന്ന 11 വയസ്സുകാരൻ ക്ഷേത്രമതിലിനുള്ളിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾക്കു പുറമെ, ഈ കുട്ടി ഉൾപ്പെടെയുള്ളവരുടെ സാക്ഷിമൊഴിയും കേസിൽ നിർണായകമായി. 2023 ഏപ്രിലിൽ ക്ഷേത്രമതിലിൽ പ്രതി മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിനു കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി.ഷിബു കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ, അഡ്വ.ടോണി ജെ.സാം എന്നിവർ ഹാജരായി.
ഓണനാളിലെ ദുഃഖം
ഓണനാളിൽ, 15 വയസ്സുകാരന്റെ അപകട മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. പിന്നാലെ കൊലപാതകമെന്ന് തെളിഞ്ഞതോടെ നാടാകെ ഇളകി. കൊലപാതകത്തിനു മാസങ്ങൾക്ക് മുൻപ്, ക്ഷേത്ര മതിൽകെട്ടിൽ പ്രതി പ്രിയരഞ്ജൻ മൂത്രമൊഴിച്ചതു കണ്ട്, ‘മാമാ ഇത് അമ്പലമല്ലേ? ഇവിടെ മൂത്രമൊഴിച്ചതു ശരിയാണോ?’ എന്ന് ആദിശേഖർ ചോദിച്ചതാണ് അവന്റെ ജീവനെടുക്കുന്നതിൽ കലാശിച്ചതെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. 2023 ഏപ്രിൽ 19 ന് ആണ് ഈ സംഭവമുണ്ടായതെന്ന് ആദിശേഖറിന്റെ അച്ഛൻ എ.അരുൺ കുമാർ ഓർമിക്കാൻ കാരണമുണ്ട്. അന്ന് ആദിശേഖറിന്റെ അമ്മ ഷീബയുടെ പിറന്നാൾ ആയിരുന്നു. ഷീബയും അരുണും കൂടി വൈകിട്ട് ക്ഷേത്രത്തിൽ പോകാൻ തയാറെടുക്കുമ്പോഴാണ് ആദിശേഖർ വീട്ടിൽ വന്ന് സംഭവം പറഞ്ഞത്.
മേയിൽ, ആദിശേഖറിനെ ഒരിടത്തു വച്ചു കണ്ടപ്പോൾ പ്രിയരഞ്ജൻ അവന്റെ കൈപിടിച്ചു തിരിച്ചു. അരുൺ കുമാറിന്റെ മാതൃസഹോദരി ലതകുമാരി ഇതു കണ്ട് പ്രിയരഞ്ജനോട് ക്ഷോഭിച്ചു. സംഭവം വീട്ടിൽ പറഞ്ഞു പ്രശ്നമുണ്ടാക്കരുതെന്ന് ആദിശേഖർ ലതകുമാരിയോട് പറഞ്ഞിരുന്നു. മാസങ്ങൾക്കു ശേഷം പ്രിയരഞ്ജന്റെ കാർ ഇടിച്ചാണ് ആദിശേഖർ മരിച്ചതെന്നു തെളിഞ്ഞതോടെയാണ് യാദൃശ്ചികമെന്നു കരുതിയ ആ സംഭവം ലതാകുമാരി പുറത്തുപറഞ്ഞത്. പ്രതിക്കു കുട്ടിയോടു മുൻവൈരാഗ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവായി അത്.
മിടുക്കനായ കുട്ടി
കാട്ടാക്കട ചിന്മയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ആദിശേഖർ. പഠനത്തിലും കലാ, കായിക ഇനങ്ങളിലും മിടുക്കൻ. സ്കൂൾ ഫുട്ബോൾ ടീം അംഗം. ഇന്ത്യ ജി–20 ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചപ്പോൾ അതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിന്റെ പ്രതിനിധിയായി ആദിശേഖർ പങ്കെടുത്തിട്ടുണ്ട്. ചില ടിവി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അധ്യാപകനായ എ.അരുൺകുമാറിന്റെയും റവന്യു വകുപ്പിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ ഐ.ബി.ഷീബയുടെയും ഇളയ കുട്ടിയായിരുന്നു ആദിശേഖർ. സഹോദരി അഭിലക്ഷ്മി ഇപ്പോൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ആദിശേഖർ മരിച്ചതിനു ശേഷം ചില ദിവസങ്ങളിലൊഴികെ ഷീബ ജോലിക്കു പോയിട്ടില്ല. അതിനിടയിൽ രോഗാവസ്ഥ കാരണം ചികിത്സയിലുമായിരുന്നു. ഇന്നലെ കേസിൽ വിധി വന്നപ്പോൾ അതു കേൾക്കാൻ അച്ഛനാണ് കോടതിയിലെത്തിയത്.
തെളിവായത് ക്യാമറ ദൃശ്യം
‘അപാകമായും ഉദാസീനമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധം അമിതവേഗത്തിൽ ഓടിച്ചു വന്ന കാർ’ ആണ് പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു സമീപം ആദിശേഖറിന്റെ (15) മരണത്തിനിടയാക്കിയത്. 2023 ഓഗസ്റ്റ് 30ന് രാത്രി 8.46 ന് കാട്ടാക്കട പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ വിശ്വസിച്ചു. സത്യം മൂന്നാം നാൾ സിസിടിവി ദൃശ്യത്തിന്റെ രൂപത്തിൽ ഉയിർത്തെഴുന്നേറ്റപ്പോൾ നാടുനടുങ്ങി. വാഹനാപകടം കൊലപാതകമായി. ക്ഷേത്രത്തിൽ, റോഡ് കാണുന്ന വിധം സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ ചുരുക്കം ഇങ്ങനെ: 2023 ഓഗസ്റ്റ് 30 ന് വൈകിട്ട് 5 മണി മുതലുള്ള ദൃശ്യങ്ങളിൽ ഏകദേശം 27 മിനിറ്റ് ക്ഷേത്ര മതിലിനു സമീപം അകാരണമായി നിർത്തിയിട്ട കാർ കാണാം. 5.24 കഴിഞ്ഞപ്പോൾ 11 വയസ്സുകാരനായ കുട്ടി മഞ്ഞ ജഴ്സി അണിഞ്ഞ് സൈക്കിളിൽ ഇരിക്കുന്നതു കാണാം. അൽപസമയത്തിനുള്ളിൽ മൈതാനത്തു നിന്ന് ആദിശേഖർ ചുവന്ന ജഴ്സിയും ഷോർട്സും ധരിച്ചു പുറത്തു വന്ന്, സൈക്കിളെടുത്തു.
അപ്പോൾ, അവിടെ നിർത്തിയിരുന്ന ഇലക്ട്രിക് വാഹനത്തിലേക്കു സംശയത്തോടെ നോക്കുകയും ചെയ്തു. ആദിശേഖർ സൈക്കിൾ തിരിച്ച്, അതിലേക്കു കയറി. കാർ സാവധാനം മുന്നോട്ടു ചലിച്ചു തുടങ്ങി. ആദിശേഖർ സൈക്കിളിൽ കയറിയ ശേഷവും തിരിഞ്ഞു കാറിലേക്കു നോക്കി. സുഹൃത്തായ കുട്ടി സൈക്കിളിനു പിന്നിൽ കയറാനുള്ള ഒരുക്കം. ഉടൻ കാർ മുന്നോട്ടു വേഗം കൂട്ടി. ഇടിക്കുമെന്നായപ്പോൾ സൈക്കിളിനു പിന്നിൽ കയറാനൊരുങ്ങിയ കുട്ടി ക്ഷേത്ര മതിൽക്കെട്ടിനുള്ളിലേക്കു ചാടിക്കയറി. ആദിശേഖറിനെ ഇടിച്ചു വീഴ്ത്തി, അവന്റെ ശരീരത്തിലൂടെ കയറിയിറങ്ങി കാർ 20 മീറ്ററോളം മുന്നിലേക്കു പോയി നിന്നു. എല്ലാം 20 സെക്കൻഡിൽ താഴെ സമയം കൊണ്ട് അവസാനിച്ചു. സാക്ഷികളുണ്ടായിരുന്നെങ്കിലും ആദ്യം അപകടം മാത്രമെന്നു കരുതിയ കൊലപാതകത്തെ വെളിച്ചത്തേക്കു കൊണ്ടു വന്നത് ഈ ദൃശ്യമായിരുന്നു.
കാറിനു സാങ്കേതിക തകരാറെന്നു പ്രതി, എല്ലാ വാദങ്ങളും പൊളിഞ്ഞു
സാങ്കേതിക തകരാർ മൂലം കാർ തനിയെ നീങ്ങി, ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതി ബോധപൂർവമാണ് ഈ കൃത്യം ചെയ്തതെന്നും വാഹനത്തിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും കൃത്യത്തിനു ശേഷവും പ്രതി വാഹനം ഓടിച്ചതിനു തെളിവുണ്ടെന്നും സ്പെഷൽ പ്രോസിക്യൂഷൻ വാദിച്ചു. രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പിറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്നു ദൃക്സാക്ഷികളിലൊരാൾ സംഭവം വിശദീകരിച്ച് മൊഴി നൽകി. ആദിശേഖർ അന്നേദിവസം ഉപയോഗിച്ച സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രിക് കാറും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. പ്രതി കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചപ്പോൾ പ്രതി പ്രിയരഞ്ജൻ നിശബ്ദനായിരുന്നു. കോടതിക്കു പുറത്തെ ഹാളിൽ വിധി കാത്തിരിക്കുമ്പോൾ പ്രതി കരയുന്നുണ്ടായിരുന്നു.